2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ആകാശം


അന്നൊക്കെ, ആകാശം അറബിക്കഥകളിലെ പറക്കും പരവതാനിയായിരുന്നു.
ചിത്രലിപികൾ തെളിയുകയും മായുകയും ചെയ്യുന്ന മാന്ത്രിക പരവതാനി..
അവിടെ എത്രയോ ഇതി ഹാസകഥകൾ മേഘചുരുളഴിയുന്നത് ഞാൻ കണ്ടു.
യവനരും യാദവരും അവിടെ നടക്കുവാനിറങി.
സന്ധ്യയുടെ കുരുക്ഷേത്ര ഭൂമിയിൽമുറിവേറ്റ അശ്വങളും ഉടഞ്ഞ തേരുകളും ചിതറി.
കടൽ കരയിൽ കൂട്ടു കാരൊത്ത് കാറ്റു കൊണ്ടിരിക്കുമ്പോൾ
ആരോ പറഞ്ഞു , ആകാശം ഒരു തിയ്യറ്ററാണെന്ന്-
ഷേക്സ്പീരിയൻ ഡ്രാമ കളിയ്ക്കുന്ന ഗ്ലോബൽ തിയ്യറ്റർ.
“ കൈ കോർത്തു പിടിച്ച മേഘങൾ, അവർ ഒഥല്ലോയും ഡെസ്ഡിമോണയും...
കറുപ്പു രാശി കലർന്ന് ഒറ്റപെട്ടു നിൽക്കുന്നത്..ഇയാഗൊ.
ഒരിക്കൽ കിളി വാതിൽ തുറന്ന് പുറത്തേക്കു നോക്കി..
നിലാവുള്ള രാത്രി യായിരുന്നു...
അപ്പോൾ ആകാശം നീല ശിലാതലത്തിൽ മിഴിവുറ്റ രതിബിംബങൾ കൊത്തിയ
അമ്പല ചുമരായിരുന്നു.........
മനസ്സു പോലെ പ്രക്ഷുബ്ധമാകുകയും ,ചിലപ്പോൾ പ്രശാന്തമാകുകയും ചെയ്യുന്ന
ആകാശം നോക്കി ഞാൻ ചോദിച്ചു : വാനമേ നമ്മൾ തമ്മിലെന്ത്?
മണി വിത്തിനുള്ളിൽ മഹാവ്റ്ക്ഷ മെന്നതുപോലെ,പിന്നെയത് പൂവായും വേരായും
വേർ പിരിയുന്നതു പോലെ,ആദിമ അണ്ഡത്തിൽ നമ്മൊളൊന്നായിരുന്നു
ഞാനിന്ന് നക്ഷത്ര പൊരുൾ തിരയുന്ന നക്ഷത്ര രേണു..
കാലം ബോധം ഊതിതന്ന്
പ്രപഞ്ച പൊരുൾ തിരയുവാൻ നിയോഗിച്ച പ്രകാശ രേണു...
ആഹ്ലാദകിരണങൾ അസ്തമിച്ച് ശ്യാമദു:ഖത്തിന്റെ ഇരുൾ പരക്കുമീ ദശാസന്ധിയിൽ
നക്ഷത്രക്കവിടി നിരത്തി മഹാജ്യോതിഷി യെ പോൽ ആകാശം ചൊല്ലുന്നൂ..
നല്ലതേ വരൂ....

യാത്ര

വിഷാദ രാവിതിൽ വിരുന്നിനെത്തിയോ
വിടർന്നതാരവും വിലോല ഗീതവും
കരിഞ്ഞ ചില്ലയിൽ കസവു ചാർത്തിയോ
കണിമലരുകൾകിനാവിലെന്നപോൽ
വിജന പാതയിൽ വിദൂര ദീപകം
പഥികനേകിയോ പ്രകാശസുസ്മിതം
അഴിഞ്ഞ പാദുകം വഴിയിലിട്ടു ഞാൻ
അനന്ത യാത്രകൾ തുടർന്നിടാമിനി
കഴിഞ്ഞകാലങൾ ഇരുളിലാണ്ടുപോയ്
വിരിഞ്ഞ സ്വപ്നങൾ കൊഴിഞ്ഞു വീണുപോയ്
എരിഞ്ഞു തീർന്നുവോ മറിഞ്ഞ താളുകൾ
തിരിഞ്ഞു നോക്കുവാൻ തുനിഞ്ഞതില്ല ഞാൻ
നിതാന്ത സങ്കട കടലിതെങ്കിലും
നിലാവിൻ തോണിയിൽ തുഴഞ്ഞു നീങിടാം
വിമൂക വേദന മനസ്സിലെങ്കിലും
വിളർത്ത പുഞ്ചിരി മുഖത്തണിഞ്ഞിടാം

2008, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

കാല്പനികം

മഴക്കാലസന്ധ്യയുടെ മരതക വെളിച്ചം മാഞ്ഞു തുടങിയ മട്ടു പ്പാവിൽ
കൈയിലൊരു തൂവൽ തൂലികയും തൂവെൺ താളു മായ് ഞാനിരുന്നു.
എണ്ണവറ്റാറായ മൺ വിളക്കു പോലെ മാനത്തൊരമ്പിളി നാളം മുനിഞ്ഞു കത്തി.
ഭൂമിയാം ഭൂർജ്ജപത്രതാളിൽ നിലാവിന്റെ സ്വർണ്ണ ലിപികളാൽ
പ്രണയ സന്ദേശം വിരചിക്കുകയാണ് രാത്രി..
അപ്പോൾ........അപ്പോൾ..........
അനന്തമായ ബ്രഹ്മസമുദ്രത്തിന്റെ അതി വിദൂരസ്ഥമായ ഏതോ തീരത്തു നിന്ന്
അവർ ഒഴുകിയെത്തി; അനുഭൂതികൾ ........ആശയങൾ...........
വാക്കിൻ വല വീശിയപ്പോൾ ചിലതു സ്വർണ്ണമത്സ്യങളെപോലെ ഊർന്നു പോയി.
മറ്റു ചിലതു പുകമഞ്ഞ് പോലെ മാഞ്ഞു പോയി..
ശേഷിച്ചതെല്ലാം മൌനത്തിന്റെ നീല ചില്ല്ലു പാത്രത്തിൽ ഞാൻ സൂക്ഷിച്ചു വച്ചു
പിന്നെ ഓരോന്നായി തൂലികതുമ്പാൽ ഒപ്പിയെടുത്ത് , സ്വഛമായൊരീ താളിൽ നിരത്തവെ..
ചിലതു നീരവം സ്പന്ദിയ്ക്കുന്ന നീല നക്ഷത്രങളായി..
മറ്റു ചിലത് കറുത്ത പർദ്ദയണിഞ്ഞ വിഷാദങളായി..
പിന്നെയും ചിലത് സദാരൂപം മാറുന്ന മേഘ രൂപികളായി.
അങനെ എന്റെ ആദ്യത്തെ കാല്പനിക കവിത പിറന്നു.