2009, ജനുവരി 29, വ്യാഴാഴ്‌ച

ഇനിയും വരാമിപ്പോൾവിട..

ഇനിയും വരാമിവിടെ യാകാശനീലിമയിൽ
നീന്തുമൊരു നീർമുകിലായ് പിന്നെ-
വേനലിൻ ദാഹമാറ്റുന്ന വർഷമായ്
പെയ്തു വീഴാം..

തളിരിലകൺ തുറക്കാം-വെറുതെയൊരു
കുഞ്ഞുചെടിയായ് മുളച്ചു പൊന്താം..
മണ്ണിന്റെ യാർദ്രമാം അന്നമുണ്ടായിരം
ഇലകൾ നിവർത്തിയതിൽ വിണ്ണിൻ
പ്രസാദങളേറ്റുവാങാം..
വിങുന്ന ഹൃദയമൊരു പൂവായ് വിടർത്തിഞാൻ
വീണ്ടുമീവഴിയരുകിൽ കാത്തിരിക്കാം..
ചിറകാർന്നു പക്ഷിയായ് പാറിയെത്താം
ജാലകചില്ലയിൽ കൂടു കൂട്ടാം.
രാവുറങാതെ ഞാൻ പാട്ട് പാടാം
നീയുറങും വരെ കൂട്ടിരിക്കാം...
ഇനിയും വരാമിവിടെ യീഭൂമിതൻ
ഗന്ധങളേറ്റു വാങാൻ
ഇനിയുംവരാമിവിടെ യീകാറ്റിന്റെ
ഈണങളേറ്റുമൂളാൻ
ഇനിയും വരാമിവിടെയിപ്പൊഴീസന്ധ്യതൻ
ഇരുളും പഥങളിൽ യാത്രയാകാം..

2009, ജനുവരി 23, വെള്ളിയാഴ്‌ച

ഇരുളിൽ...

തിങ്കൾ തിരുമുറിവിലൂറും..
നിലാവിൻ നീലിച്ച നിണം വാർന്നൊലിച്ചും.
മകരം മെനഞ്ഞുനീർത്തും
കുളിരിൻ പുതപ്പിനുള്ളിൽ കുടഞ്ഞു തുള്ളിയും
ഉടലാകെ താരകളുണൽ പൊന്തിതിണർത്തും.
ജ്വരപീ‍ഢിതയാമീ രാവിൻ ഞരക്കങൾ
കാതോർത്തിരിക്കയാം
നിർനിദ്രമീതിരിവെട്ടത്തിലെന്തോ കുത്തികുറിച്ചും
കൊണ്ടെന്റെ രോഗശയ്യയിലിന്നുഞാൻ..
ഏതോവിഹ്വലതകളെന്റെയുള്ളിലും
ചിറകടിക്കയാണൊരു രാപ്പാടിയായതിൻ
പാട്ടുഞാൻ കേൾക്കുന്നു.:“
“പുലരുമോരാവ് പുലരാതെ തുടരുമോ
വിരിയുമോകനവ് വിടരാതെ കൊഴിയുമോ?”

2009, ജനുവരി 22, വ്യാഴാഴ്‌ച

നിഷ്കാസിതൻ(poem)

നിന്റെ സ്വപ്നത്തിൻ ജലരാശിയിൽ
പ്രണയത്തിൻ ജ്വാലാബിംബങൾ
വീണുചിതറുമ്പോൾ
വെറുമൊരു നീല നീർപൂവായി
ഞാൻ നിന്നിൽ മുഖം നോക്കിനിൽക്കുകയായിരുന്നു...
ഏതോ തപ്തനിശ്വാസത്തിൽ നിൻ വനിയിലെ
വെൺ പനീർ പൂവുകൾ ആകെ ചുവന്നു തുടുക്കവെ..
ഇതൾ തുമ്പിൽ ഒരുമഞ്ഞ് തുള്ളിയായ്
ഞാൻ പുകയുകയായിരുന്നു
.ഇപ്പോൾ,
അഭിനിവേശത്തിന്റെ ആഴിതിരമാലകൾ പുണരുന്ന
ആർദ്ര തീരമായി നീ ശാന്തമലസം ശയിക്കുമ്പോൾ
ഒരു കടലിന്റെ ഗദ്ഗദമൊതുക്കിയ വെൺശംഖായി
ഞാനിതാ ഇവിടെ വന്നടിയുന്നു...

2009, ജനുവരി 16, വെള്ളിയാഴ്‌ച

അപ്രതീക്ഷിതമായ ചില ഇടപെടലുകൾ...

(ആത്മായനം6)
പുരാതനമായ എഴുത്തുപുരയുടെ വരാന്തയിൽ വലിച്ചിട്ട ചാരു കസേരയിലിരുന്ന്
ആത്മായനത്തിലെ “ഒരു സ്വപ്നത്തിന്റെ ബാക്കി “എന്ന അധ്യായം എഴുതികൊണ്ടി
രിക്കുമ്പോൾ ‘ സ്വപ്നാടന‘ത്തിന്റെ പടിപ്പുരതുറന്ന് ഒരാൾ കടന്നു വന്നു.ബ്ലോഗിൽ സന്ദ
ർശകർ അപൂർവ്വമായതിനാൽ വന്നു കയറിയ അതിഥിയെ ഊഷമളതയോടെ തന്നെ
യാണ് ഞാൻ സ്വീകരിച്ചിരുത്തിയത്.മെല്ലിച്ച്,കിളിരം കൂടി...നീണ്ടജുബയും സമൃദ് ധമായ
താടിയുമുൾപ്പെടെഅയ്യാൾക്ക് ഒരു ബുദ് ധിജീവിയുടെ സകല ബാഹ്യമോടികളുമുണ്ടെന്നത്
എന്നെ അഹ്ലാദിപ്പിച്ചു. ഡോക്ടർ സലിം അലി ,ഒരു സുപ്രഭാതത്തിൽ തന്റെ വീട്ടുമുറ്റത്തെങാൻ
ഒരു’ഡോഡോ’ പക്ഷിയെ കണ്ടിരുന്നെങ്കിൽ ഇത്രയും സന്തോഷംതോന്നുമായിരുന്നോ?!
!നാച്വറൽ ഹാബിറ്റാറ്റ് ആയ കോളെജ് കാമ്പസ്,ഫിലിംസൊസൈറ്റി.. എന്നിവിടങളിൽ
നിന്ന് കുറ്റിയറ്റു കഴിഞ്ഞ ഒരു വംശത്തിന്റെ പ്രതിനിധിയാണ്
എന്റെ മുന്നിൽ ഇരിക്കുന്നത്.”ഞാൻ ബ്ലോഗ്സൂപ്പർവൈസർ.ബ്ലോഗുകളായ
ബ്ലോഗുകൾ സന്ദർശിച്ച് കണക്കെടുപ്പാണ് എന്റെ ജോലി..കൂട്ടത്തിൽ ബ്ലോഗേഴ്സിന് എന്നാൽ
കഴിയുന്ന ഉപദേശങളും നൽകുന്നു..തുണിസഞ്ചിയിൽ നിന്ന് ചോദ്യാവലികൾ അച്ചടിച്ച കടലാസ്
എടുത്തു കൊണ്ട് അയ്യാൾ പറഞ്ഞു.പിന്നെ ഹൈറോഗ്ലിഫിക്സ് ആലേഖനം ചെയ്ത ഒരുചിത്രപേ
ന പോക്കറ്റിൽ നിന്ന് വലിച്ചൂരി നേരെ അഭിമുഖത്തിലേക്ക് കടന്നു.
“താങ്കളുടെ പേര് .?” ‘കെ.കെ .എസ്.‘
“അതു മനസ്സിലായി..എക്സപാൻഷൻ ആണ് ഉദ്ദേശിച്ചത്..”
‘സോറി..എക്സപാൻഡ് ചെയ്യാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്‘
“ഐഡൻ റ്റിറ്റി വെളിപെടുത്തുവാൻ ആഗ്രഹിക്കുന്നില്ലെന്നർഥം” - ‘ ഒരു പരിധിവരെ.‘
“എങ്കിൽ വ്യത്യസ്തമായ ഒരു ബ്ലോഗ് നാമം ആയിരുന്നു നല്ലത്..കാപ്പിലാൻ,തത്പുരുഷൻ,
വിശാലമനസ്കൻ എന്നൊക്കെ പറയുന്ന പോലെ..അത്തരം പേരുകൾ ആരേയും ആകർഷിക്കും” -
പക്ഷെ പൂ‍ർണ്ണമായി മറഞിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
“ഇങനെയൊരു നിലപാടെടുക്കാൻ കാരണം?”
-ഈ ബ്ലോഗിന് ഭാവിയിൽ ഒരു വിശേഷപെട്ട
അവാർഡെങാൻ ലഭിക്കുകയാണെങ്കിൽ..ഒരു അവകാശതർക്കം ഞാൻ ആഗ്രഹിക്കുന്നില്ല.
“ദീർഘ ദർശി തന്നെ താങ്കൾ..” വിജനമായ എന്റെ ബ്ലോഗ് പരിസരം വീക്ഷിച്ചുകൊണ്ട്
അയ്യാൾ പറഞ്ഞു.അപ്പോൾ അടക്കിപിടിച്ച ഒരു ചിരിയുടെ തിളക്കംആ കണ്ണുകളിൽ മിന്നി മറഞ്ഞതു
പോലെ തോന്നി.
'-ഒരുബ്ലോഗിനെ സന്ദർശകരുടെ എണ്ണം നോക്കിവിലയിരുത്തരുത്.'.ആചിരിതിളക്കത്തിനു മറുപടി
യെന്നപോലെ ഞാൻ പറഞ്ഞു.
“ശരിയാണ്..എണ്ണത്തിലല്ല കാര്യം.ഗുണത്തിലാണ്...പക്ഷെ വായനക്കാർ ഏറ്റുവാങാനില്ലെങ്കിൽ
സൃഷ്ടി പരാജയം തന്നെയാണ്.വെളിച്ചം കാണാത്ത ആർട് പടങൾ പോലെ....”
ആ പ്രസ്താവന എന്റെ ബ്ലോഗിന് ബാധകമല്ലെന്ന മട്ടിൽ നിശ്ശ്ബ്ദനായിരുന്നപ്പോൾ
അയ്യാൾ തുടർന്നു.”താങ്കൾക്ക് മെഡിക്കൽ ഫീൽഡുമായി എന്തെങ്കിലും ബന്ധമുണ്ടോ”?
‘-ആഫീൽഡുമായി എന്തെങ്കിലും ബന്ധം ഇല്ലാത്തവർ അപൂർവ്വമായിരിക്കും.മറ്റൊരുവിധത്തിൽ പറഞ്ഞാൽ
ഒരുരോഗിക്കുള്ളതിനെക്കാൾ ബന്ധമൊന്നും ആ ഫീൽഡുമായി എനിക്കില്ല.‘
എന്റെ കഥകൾവായിക്കപെട്ടിരിക്കുന്നു എന്ന ആഹ്ലാദം മറച്ചുവച്ചുകൊണ്ട് ഞാൻ പറഞ്ഞു
“അതുമുഴുവനായി ഞാൻ വിശ്വസിക്കുന്നില്ല..അല്ലെങ്കിൽ കഥയുടെ പാശ്ചാത്തലം അങനെ വിശ്വസിക്കാൻ
അനുവദിക്കുന്നില്ല..”
-'അനാട്ടമിയും മെഡിസിനും മാത്രമല്ല.ആസ്ട്രോണമിയും ബോട്ടണിയുമൊക്കെ നിങൾ
ക്കെന്റെ കഥകളിൽ പ്രതീക്ഷിക്കാം...എന്നുവച്ച് ഈവിഷയങളിലെ എക്സ്പർട്ട് ഒന്നുമല്ല ഞാൻ..'
“അതിരിക്കട്ടെ , ഈ രചനകളിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഇൻഫ്ലുൻസ്
കാണുന്നു..എന്നു ഞാൻ പറഞ്ഞാൽ താങ്കൾ അതു നിഷേധിക്കുമോ..ഐ മീൻ ഒരു മാറ്റൊലി..”
‘ആരും വെള്ളം ചോരാത്ത അറകളിലല്ല ജീവിക്കുന്നത്..ഇത് ഞാൻ പറഞ്ഞതല്ല . മോഷണം
കയ്യോടെ പിടിക്കപെട്ടപ്പോൾ പ്രശസ്തനായ സാഹിത്യകാരൻ പറഞ്ഞതാണ്.
' -കടം കൊണ്ടതാണെന്റെ ശൈലികൾ,ശീലുകൾ..
പാഴായതാണെന്റെ വാക്കും വഴക്കവും...’ ഒരിക്കൽ ഞാൻ തന്നെ എഴുതി,അതിൽ ആത്മനിന്ദയുടെ ആധി
ക്യമുണ്ടെന്നു തോന്നുകയാൽ ചവറ്റു കുട്ടയിൽ വലിച്ചെറിഞ്ഞ കവിതയുടെ വരികൾശ്രീമധുസൂദനൻ നായരുടെ
ശബ്ദം അനുകരിച്ച് നീട്ടി പാടി.
ആ സമയം അയ്യാൾ എന്റെ എഴുത്തുപുരയുടെ മാറാല കെട്ടിയ മുഖപ്പുകളും.പത്മദളങൾ കൊത്തിയ തൂണുകളും
ദ്രവിച്ചുതുടങിയ ത് ലായകളും ഒക്കെ നോക്കി കണ്ടു.ഒരു മഹാവനത്തിന്റെ മിനിയേച്വർ പോലെ മുറ്റത്ത് വളർന്നു
നിൽക്കുന്ന പന്നൽ കാടുകളിൽ നിന്ന് ഉയരുന്ന സീൽക്കാരങൾക്ക് കാതോർത്തു.എല്ലാം നിശ്ശബ്ദമായപ്പോൾ
അയ്യാൾ തുടർന്നു..
“ പുതുമ.വ്യത്യസ്തത.ചടുലത..ഇതൊക്കെയാണ് ഒരു ബ്ലോഗിനെ ജനപ്രിയമാക്കുന്ന ഘടകങൾ .“
അതെനിക്കുള്ള ഉപദേശമെന്ന് കണ്ട്.എന്റെ സംശയം ഞാൻ അയ്യാളോടുണർത്തിച്ചു.
-‘ബ്ലോഗറുടെ ടെക്നിക്കൽ ക്നോളജും..പ്രധാനമല്ലെ‘? ഉദ്ദാഹരണത്തിന് എന്റെ ബ്ലോഗിനെ ആകർഷകമാക്കാനുള്ള
വഴികളൊ അതിന്റെ വിസിബിലിറ്റി കൂട്ടാനുള്ള വിദ്യകളൊ എനിക്കറിയില്ല..പിന്മൊഴിയിലും മറുമൊഴിയിലുമൊന്നും അതിലെ
കമന്റുകൾ വരാറില്ല..’
"ഇത്തരം ഗിമ്മിക്കുകളൊന്നുമില്ലാതെയാണ് പലബ്ലോഗുകളും പ്രശസ്തമായിട്ടുള്ളത്.എങ്കിലും സംശയം ന്യായമാണ്.
അടുത്ത തവണ ഈ ബ്ലോഗ് വിസിറ്റുചെയ്യുമ്പോഴേക്കുംഇതിനൊരു ത്തരം ഞാൻ കണ്ടെത്താൻ ശ്രമിക്കാം..പക്ഷെ അതുവരെ
താങ്കളുടെ സർഗ്ഗവൈഭവം പ്രതികൂട്ടിലായിരിക്കും.”
പിന്നീട് അല്പസമയത്തെ മൌനത്തിനു ശേഷം അയ്യാളുടെ മുഖത്ത് ഒരു ചുവപ്പുരാശിമിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു.ടീപോയിലിരിക്കുന്ന
ഒരു‘സ്വപ്നത്തിന്റെ ബാക്കി‘യിൽ അയ്യാളുടെ കണ്ണുകൾചുറ്റി പറക്കുകയാണ്..ഒരു രഹസ്യം ഒളിഞ്ഞു നോക്കുന്നതിന്റെ പരുങൽ അവിടെകണ്ടു.
വായനക്കൊടുവിൽ ഇത്രയും നിങളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നമട്ടിൽ എന്നെ നോക്കി..
“ഈ അധ്യായത്തിൽ താങ്കളുടെ എഴുത്തിന്റെ കടിഞ്ഞാൺ പൊട്ടിയതായി തോന്നുന്നു.സ്ട്രിക്ട് സെൻസറിംഗിനു ശേഷം മാത്രമെ
ഈ പോസ്റ്റ് പബ്ലിഷ്ചെയ്യാവൂ...”ഒരുതാക്കീതെന്ന പോലെ അയ്യാൾ പറഞ്ഞു. ശ്ലീലമല്ലാത്ത പദങളൊ പ്രയോഗങളൊ അതിലില്ല
എന്നിട്ടും ഇത്തരമൊരഭിപ്രായം അയ്യാളിൽ നിന്ന് കേട്ടനിലക്ക് തത്കാലം അത് പ്രസിദ്ധീകരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു..
ടീപോയ്ക്ക് മുകളിൽ കത്തിക്കാനെടുത്തു വച്ചിരിക്കുന്ന രചനകളുടെ കൂട്ടത്തിലേക്ക് അതും കൂട്ടി വച്ചു.പിന്നെ ആ കടലാസു കെട്ടുകളെ
ല്ലാം വാരിയെടുത്തു കൊണ്ട് എഴുന്നേറ്റു.. തൂക്കിവിറ്റാൽ ഭേദപെട്ട ഒരു കവിതാ സമാഹാരം വാങു വാനുള്ള പൈസ കിട്ടും..
“ ഇതെല്ലാം എങോട്ട് കൊണ്ട് പോകുന്നു?“ ഞാൻ അകത്തേക്ക് നടക്കുമ്പോൾ അയ്യാൾ വിളിച്ചു ചോദിച്ചു.
-‘താങ്കളിരിക്ക് . ഞാനൊരു ചായ ഇടട്ടെ.കത്തിക്കാൻ ഇവിടെ വേറെ വിറകില്ല...’

2009, ജനുവരി 11, ഞായറാഴ്‌ച

കാവ്യാത്മകമായ ഒരു രാത്രി.(ആത്മായനം5)


പരീക്ഷകഴിഞ്ഞുള്ള അവധി ദിവസങൾ ആഘോഷിക്കുവാൻ വിദ്യാർത്ഥികൾ
പലരും പലവഴിക്ക് പൊയ്കഴിഞ്ഞിരുന്നു.. ആളൊഴിഞ്ഞ രാത്രി സത്രം പോലെ
ഹോസ്റ്റൽ അനാഥമായിരിക്കുകയാണ്.തണുത്ത് കിടക്കുന്ന ഇടനാഴികളിലൂടെ
ജീവൻ തനിച്ച് നടന്നു.ചില മുറികളിൽ വെളിച്ചം കാണുന്നുണ്ട്.പതിഞൊരീണത്തിൽ
രാപക്ഷിയെ പോലെ ആരോ പാടുന്നു. ..”ജീതെ രഹ് നെ കി സസാ ദെ ..
സിന്ദഗീ-എ-സിന്ദഗീ..അബ്തൊ മർനെ കീ ദുവാ ദെ സിന്ദഗീ -എ-സിന്ദഗീ.”
സേതുവിന്റെ മുറിയിൽ നിന്നാണ്.പണ്ട്, ബീറ്റിത്സും ബീഥോവനും ബോണിയെമ്മും
പതൊഞ്ഞൊഴുകിയിരുന്ന മുറിയാണ്.ഉത്തരേന്ത്യകാരിയുമായുള്ള പ്രണയബന്ധം
ഉലഞ്ഞതിൽ പിന്നെ വിഷാദാത്മകമായ ഗസലുകളാ ണ് അവിടെന്നിന്ന്
വല്ലപ്പോഴുമൊക്കെ പുറത്തേക്ക് ഒഴുകി വരുന്നത്..സേതുവിനെ യാണെങ്കിൽ പുറത്തെക്ക്
കാണാറില്ല.ജീവൻ വാതിലിൽ മെല്ലെ മുട്ടി.മറുപടിയില്ലെന്നു കണ്ട് വീണ്ടും
മുട്ടി.മുറിയിലെ വെളിച്ചമണഞ്ഞു.പക്ഷെ,പാട്ട് തുടർന്നു കൊണ്ടിരുന്നു..മുറിപുറത്ത് നിന്ന്
പൂട്ടിയിരിക്കുന്ന കാര്യം അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.ഇരുളിൽ വെള്ളിതാഴ് ഒരു വലിയ
കണ്ണീർതുള്ളി പോലെ തിളങുന്നു..മെഡിക്കൽ കോളേജ് ഡോക്ടർമാരെ മാത്രമല്ല
വിഷാദ രോഗികളെയും സൃഷ്ടിക്കുന്നു.പ്രണയ നൈരാശ്യം മുതൽ പരീക്ഷയിലെ
തോൽ വി വരെ ഇതിനുകാരണമാകുന്നു..
നീണ്ട് നീണ്ട് കിടക്കുന്ന ഇടനാഴികളും ഉയർന്നുയർന്ന് പോകുന്ന
കോണിപടവുകളും പിന്നിട്ട് ജീവൻ ടെറസ്സിലേക്ക് നടന്നു.അവിടെ എത്തിയതും പുറത്ത്
പതുങി നിൽക്കുകയായിരുന്ന ജനുവരി കുളിര്അയ്യാളെ വാരി പുണർന്നു.ദൂരെ പൂമലയിൽ
വയനകൾ പൂത്തെന്ന സുരഭില സന്ദേശവുമായി കിഴക്കൻ കാറ്റ് ഓടിയെത്തി.കടപ്പുറം
പോലെ വിശാലമായി കിടക്കുന്ന ടെറസ്സിൽ സിസ്റ്റർ റൊസിന്തയുടെ പനീർ ചെടികളത്രയും
പൂത്തിരിക്കുന്നു.മാനത്ത് നക്ഷത്രങളും.ഹോസ്റ്റ്ലും പരിസരവും അലൌകികമായ ഒരു നീലവെളിച്ചത്തിൽ
മുങിനിൽക്കുകയാണ്!ഭൂമിക്ക് മേൽ രത്നഖചിതമായ വലിയൊരു ചില്ലുപാത്രം കമിഴ്ത്തിവച്ചിരിക്കുന്നതു
പോലെ ആകാശം.!പൂത്ത്നിൽക്കുന്ന കുതിരവാലൻ പുല്ലുകളുടെ പാടം കിഴക്ക് പൂമലയുടെ അടി വാരം
വരെ പരന്നുകിടക്കുന്നു..നിലാവുള്ളരാത്രികളിൽ അതൊരു പാൽക്കടൽതന്നെ ആകും വെൺകൊറ്റിതൂവൽ
പോലെ മൃദുലവും ശുഭ്രവുമാണ് പൂക്കളോരോന്നും..ബംഗാളികളുടെ കാശപൂക്കൾ!.ഈ കാശപൂക്കൾക്കിടയിൽ
അപുവും ദുർഗയും ഓടികളിക്കുന്നത് ജീവൻ പലപ്പോഴും കണ്ടിട്ടുണ്ട്..ചിലപ്പോൾ കറുത്തപുകതുപ്പികൊണ്ട് പാടത്തിനപ്പുറം
ഒരു തീവണ്ടി ഇഴഞ്ഞ് നീങുന്നത്കാണാം..
ഹോസ്റ്റലിനു വടക്കു വശം ഒരു ഇൻഡസ്ട്രിയൽ ഏരിയ ആണ്.അടുത്ത് പണികഴിഞ്ഞ പതിനാലു നിലകളുള്ളഒരു
ബ്രഡ് ഫാക്ടറി ഫെയറിടെയ്ല്സിലെ കൊട്ടാരം പോലെ ആകാശത്ത് ഉയർന്നു നിൽക്കുന്നു.അതിന്റെ മുകളിലത്തെ നിലകൾ
മേഘങൾക്കുള്ളിലാണ്.അവിടെ ജിന്നുകളാണ് താമസം.ഉറക്കം വരാത്തരാത്രികളിൽ മട്ടുപാവിലുലാത്തുമ്പോൾ വലിയ
വെള്ളിചിറകുകളും വീശി അവരിൽ ചിലർ മാനത്ത് പറന്ന് നടക്കുന്നതും ജീവൻ കണ്ടിട്ടുണ്ട്.
ഇവിടെ നിന്നാൽപടിഞ്ഞാറ്, മൈലുകൾക്കപ്പുറമുള്ള നെഞ്ച് രോഗാശുപത്രികാണാം.ദീപ്തമായ അസംഖ്യം ജാലകങൾ
ആശുപത്രിക്ക് ആഴക്കടലിൽ നങ്കൂരമിട്ടകിടക്കുന്ന ഒരു കപ്പലിന്റെ ഭാവം നൽകുന്നു.തെക്ക്,അങിങ് നൊച്ചിൽ കാടുകൾ
ചിതറി കിടക്കുന്ന മൈതാനം മാത്രമെ കാണുവാനുള്ളൂ.പിന്നെ ചക്രവാളത്തിൽ തെക്കൻ കുരിശും.
ഒരു ട്രൈപോഡും തോളിലേന്തി ജ്യോതിഷ് പ്രത്യക്ഷ പെട്ടു.തന്നെക്കാൾ
രണ്ട് വർഷം സീനിയറാണ് ജ്യോതിഷ്.പക്ഷെ സമാനമായ ചില താത്പര്യങൾ അവരെ അടുപ്പിച്ചു.അതിലൊന്ന്
നക്ഷത്രനിരീക്ഷണമാണ്.ട്രൈപോഡിന്റെ മുകളിൽ നീണ്ട ടെലിസ്കോപ് ഉറപ്പിക്കാൻ ജീവനും കൂടി.
നോക്കൂ...അതാണ് ഓറിയോൺ അഥവാ ശബരൻ.’ മലനിരകൾക്ക്മുകളിൽ ഉദിച്ച് പൊന്തിയ താരാകദംബം
ചൂണ്ടി കൊണ്ട് ജ്യോതിഷ് പറഞ്ഞു.ആസ്ട്രോണമിയിൽ ജീ‍വന്റെ ഗുരു തന്നെയാണയാൾ.സൂര്യരഥ്യയിലെ
പന്ത്രണ്ട് രാശികളും ജീവനിപ്പോൾ ആകാശത്ത് തിരിച്ചറിയാൻ കഴിയും.അതിലെ ഓരോ നക്ഷത്രങളേയും.
“മാനത്തെ വേട്ടക്കാരൻ...” അയ്യാൾ തുടർന്നു.വെള്ളികുമിഴുകൾ പോലെ യുള്ള മൂന്ന്നക്ഷത്രങളാണ് അവന്റെഅരപ്പട്ട.
തീക്കനൽ പോലെതിളങുന്ന തിരുവാതിര നക്ഷത്രം അവന്റെ വലത്ത് ചുമൽ .ഇടം കൈയിൽ ഖഡ്ഗം.
മൂക്കുത്തി പോലെ ജ്വലിക്കുന്ന‘റീഗൽ’ അവന്റെ ഇടത്ത് പാദം. അരപട്ടയിൽ തൂങുന്ന വാൾ...അവിടെയാണ്
നമ്മൾ ഫോകസ് ചെയ്യാൻ പോകുന്നത്...” ടെലിസ്കോപ്പിന്റെ ഡൈറക്ഷൻ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് ജ്യോതിഷ്
പറഞ്ഞു.ആ മൂന്ന് നക്ഷത്രങളിൽ ഒന്ന് ഒരുഗ്യാലക്സിയാണ്...”വെളിച്ചത്തിന്റെ വലിയ തേനീച്ച കൂടുപോലെ യുള്ള
m42എന്നഗാലക്സിയുടെ വിസ്മയകരമായ കാഴ്ച ജീവൻ ദൂരദർശിനിയിലൂടെ നോക്കി കണ്ടു.വണ്ടർ ഫുൾ!
വേട്ടകാരന്റെ ക്ലാസ്സിക് രൂപമാണ്നമ്മൾ കണ്ടത്...ഞാൻ തനിക്ക് അവന്റെ ഒരു
മോഡേൺ രൂപം കാണിച്ചു തരാം.“ നോക്കൂ.. ഇവിടെ അവന്റെ ചുമൽ നക്ഷത്രങൾ രണ്ട് പാദങളാകുന്നു.റീഗൽ
അവന്റെ ശിരസ്സ്.മുകളിലും താഴെയുമുള്ള രണ്ട് നക്ഷത്രങളും ചേർത്ത് നോക്കുമ്പോൾ തോക്കും ചൂണ്ടിനിൽക്കുന്ന
രൂപം പൂർണ്ണമാകുന്നു..ജീവൻ നോക്കിനിൽക്കെആകാശതാരകളെല്ലാം പളുങ്കുകൾ പോലെ അങുമിങുമുരുളാൻ
തുടങി.തലങുംവിലങും നക്ഷത്രങൾ പായുകയാണ്.ഓടിയോടി അവയെല്ലാം ചക്രവാളത്തിനപ്പുറം മറഞ്ഞു..ആകാശം
ശൂന്യമായി.ജ്യോതിഷും അവന്റെ ദൂരദർശിനിയും അപ്രത്യക്ഷമായി...

2009, ജനുവരി 7, ബുധനാഴ്‌ച

പരീക്ഷകൾ(ആത്മായനം-4)

ഇന്റേണൽ അസ്സസ്മെന്റിലെ അവസാന പരീക്ഷയും കഴിഞ്ഞു.വലിയൊരു
ഭാരമൊഴിഞ്ഞമനസ്സോടെ ജീവൻ ഹോസ്റ്റൽ റൂമിൽ വിരിച്ചിട്ട ചൌക്കാളത്തിൽ
വെറുതെ അല്പസമയം കിടന്നു.ഏതാനും ആഴ്ചകളായി ഇടവിട്ടുള്ള പരീക്ഷകൾ
കാരണം മനസ്സിന്റെ സ്വസ്ഥത നഷ്ടപെട്ടിരിക്കുകയായിരുന്നു.ഇത്രയും കാലം
ഒരു പാട്ടു കേൾക്കുകയൊ സിനിമകാണുകയൊ എന്തിന് ജാലകം തുറന്നു പുറ
ത്തെയ്ക്കൊന്ന് നോക്കുകയോ ഉണ്ടായില്ല.പരീക്ഷയുടെ ടെൻഷൻ അത്ര
ക്കുണ്ടായിരുന്നു.പ്രത്യേകിച്ച് അനാട്ടമി എന്നസബ്ജക്ട്,മെഡിക്കൽ കോളെജിൽ
കയറിയകാലം മുതലെ ജീവനുൾപെടെയുള്ളവിദ്യാർത്ഥികളുടെ പേടിസ്വപ്നമായിരുന്നു.
വിഷയത്തിന്റെ സങ്കീർണ്ണതയും വൈവിധ്യമാർന്നപരീക്ഷാരീതികളുംസർവോപരി
വിചിത്രസ്വഭാവക്കാരായ അധ്യാപകരും ഏതൊരാളുടെയും ഉറക്കം കെടുത്തും...
ഇതു കൂടാതെ ഒരുപ്രേതഗൃഹം പോലെ ജഡിലമായതും പുരാതനവുമായ അനാട്ടമി ഹാളും.
ഈകെട്ടിടത്തിന് ഒരു നൂറ്റാണ്ട് പഴക്കമെങ്കിലും കാണും.തുടക്കത്തിൽ ഇതൊരു ടി.ബി.സാനിറ്റോറിയ
മായിരുന്നു.അന്ന് അസംഖ്യം രോഗികൾ മരിക്കാൻ വേണ്ടി മാത്രം ഇവിടെ വന്നു കിടന്നു.
ഇന്നിവിടെ മരിച്ചവർ മാത്രമെ വരുന്നുള്ളൂ.വരുന്നവരത്രയും ഫൊർമലിൻ നിറച്ച കഡാവർ
ടാങ്കിൽ വിശ്രമിക്കുന്നു.അവിടെ നിന്ന് ഊഴമനുസരിച്ച് വൈദ്യവിദ്യാർഥികളുടെ ഡിസക്ഷൻ
ടേബിളിലേക്ക്..ഇപ്പോൾ ഡിപ്പാർട്ടമെന്റ് ഭരിക്കുന്നത് ഡോ:സുവർണ്ണയാണ്.കീഴ് ജീവനക്കാ
രെയും ഒരുകൂട്ടം വിദ്യാർത്ഥികളെയും ഒരൊറ്റ നോ ട്ടം കൊണ്ട് നിലക്കു നിർത്തുന്നവർ..കിരീ
ടം വയക്കാത്ത ക്ലിയൊപാട്ര..
അവരുടെ ദേഹത്തുള്ള ഒരേയൊരു ആ‍ഭരണംഒരുസ്വർണ്ണ
കല്ലു മൂക്കുത്തിയാണ്.പേരിനെ അന്വർഥമാക്കുന്ന ശരീരത്തിലെ ഒരേയൊരു സ്പോട്ട്.
അവർ അപൂർവ്വമായി ചിരിക്കുമ്പോഴൊക്കെ മൂക്കുത്തി വെട്ടിതിളങും.അവർ കോപിക്കുമ്പോൾ
അതു ജ്വലിക്കും.വിദ്യാർത്ഥികളിലാരെങ്കിലും അനു
സരണകേട് കാണിച്ചാൽ , സഹപ്രവർത്തകർ ആരെങ്കിലും മറുത്ത് പറഞ്ഞാൽ, വഴിതെറ്റി
ഒരു പൂച്ചയൊ കാക്കയൊ അതു വഴിവന്നാൽ ..തൊട്ടതിനും പിടിച്ചതിനുമൊക്കെ അവർ
കോപിച്ച് കൊണ്ടിരുന്നു.അതെ അവരുടെമൂക്കുത്തി സദാജ്വലിച്ചു കൊണ്ടിരുന്നു....
കറുത്ത് പൊക്കം കുറഞ്ഞ ഒരുസ്ത്രീ ആയിരുന്നു അവർ.പക്ഷെഅവരുടെ ആജ്ഞാ‍ശക്തി
നിറഞ്ഞവ്യക്തിത്വത്തിനു മുന്നിൽ ഭാവി ഡോക്ടർ മാർ കുഞ്ഞാടുകളെ പോലെ പരുങി.പരീക്ഷകൾ
കൊണ്ടും അസൈന്മെന്റുകൾകൊണ്ടും വിദ്യാർഥികളെ ഇത്രയേറെ ബുദ് ധിമുട്ടിക്കുന്ന മറ്റു ഡിപ്പാർട്ട്
മെന്റുകൾ വേറെയില്ല.നീരസം തോന്നുന്നവരുടെ നേർക്ക് തൊടുക്കുവാൻ അവരുടെ കൈയിൽ അനാട്ടമിയുടെ
ആചാര്യന്മാരെ പോലും കുഴക്കുന്ന ചോദ്യ ശരങൾ സ്റ്റോക്ക് ഉണ്ടായിരുന്നു.തിയറി-പ്രാക്റ്റിക്കൽ-ഓറൽ
തുടങിയകൺ വെൻഷനൽ രീതികൾക്ക്പുറമെ അവർ ചിലപ്പൊൾ സർപ്രൈസ് ടെസ്റ്റുകളും നടത്താറുണ്ട്.
ഇത്തരം സന്ദർഭങളിൽ ഡോ: സുവർണ്ണ തന്നെ നേരിട്ട് അനാട്ടമി ഹാളിലേക്ക് എഴുന്നള്ളും.അവർ നേരെ
ഡിസക്ഷൻ നടന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും ടേബിളിനെ സമീ‍പിക്കും.ഡിസക്റ്റ് ചെയ്ത് വച്ചിരിക്കുന്ന
ഭാഗങൾഓരോന്നായി കാണിക്കുവാൻ ആവശ്യ പെടും.തലങും വിലങും ചോദ്യങൾ ചോദിക്കും.ശകാരിക്കും.
കളിയാക്കും.ഒരു ടേബിളിനെ മൊത്തമായി തോല്പിക്കുകയോജയിപ്പിക്കുകയൊ ചെയ്യും.
വർഷാവസനത്തിൽ വിജയം നിശ്ചയിക്കുന്നതിൽ ഓരോ പരീക്ഷകളും പ്രധാനമാണ്.അത്തരം ഒരു പരീക്ഷയാണ്
ഇന്നു കഴിഞ്ഞത്-സ്പോട്ടിംഗ് എക്സാം.അനാട്ടമി ഹാളിന്റെ നാലു ചുവരുകളൊട് ചേർത്തിട്ടിരിക്കുന്ന
പത്തിരുപത്തഞ്ച് ടേബിളുകളിലായി വലിയ ട്രേകളിൽ ഡിസക്ട്ചെയ്ത് നിരത്തിവെച്ചിരിക്കുന്ന ബോഡി പാർട്സ്
ആണ് സ്പോട്ടേഴ്സ്.ഒരു രക്തകുഴലിലോ ,നാഡിഞരമ്പിലോ.ചെറിയൊരുപേശിയിലൊ മൊട്ടുസൂചിയിൽ
ഒരു ഫ്ലാഗ് കുത്തിവച്ചിട്ടുണ്ടായിരിക്കും.ഈഭാഗമാണ് ഐഡന്റിഫൈ ചെയ്യേണ്ടത്.കൂടെ യുള്ളചോദ്യത്തിന്
ഉത്തരം എഴുതുകയും വേണം.എല്ലാത്തിനും കൂടി ഒരുമിനിറ്റ് സമയം മാത്രം.അതുകഴിഞ്ഞാൽ ബെൽ
മുഴങും.അപ്പോൾ അടുത്ത ടേബിളിലെക്ക് നീങണം .അങിനെ എല്ലാ ടേബിളും ഒരുവട്ടം വലം വക്കുമ്പോൾ
കൃത്യം ഇരുപത്തഞ്ച് മിനിറ്റ് കഴിയും.അതോടെ നീണ്ട ബെൽ മുഴങി പരീക്ഷ അവസാനിക്കുന്നു.വളരെ മനസ്സാ
ന്നിധ്യം വേണ്ട ഒരു പരീക്ഷയാണ് ഇത്. പലപ്പോഴുംകാണാപാഠം പഠിക്കുന്നവർ ഇവിടെ തോൽക്കുന്നു.കാണാതെ പഠിക്കു
ന്നതെല്ലാം നേരിട്ട് കാണുമ്പോൾ അവർക്ക് മനസ്സിലാകാതെ പോകുന്നു.
ജീവനു ഇന്ന് ഒന്നാം നമ്പർ ടേബിളിൽ തന്നെ യായിരുന്നു ആദ്യത്തെ ഊഴം .മേശപുറത്തിരിക്കുന്ന ട്രേയിൽ ഇരിക്കുന്നത്
കൈയിലെ ഒരു അസ്ഥി ഖണ്ഡമാണ്.അതിൽ ചാലുപോലെയുള്ള ഒരു ഭാഗം മാർക്കു ചെയ്തിരിക്കുന്നു.തിരിച്ചറി
യേണ്ടത് ഈ ഭാഗമാണ്.ശരീരത്തിൽ അതു വഴി പോകുന്ന നാഡി ഞരമ്പുകൾ ഏതെന്നതാണ് ഉപചോദ്യം.തൃപ്തികരമായ
ഉത്തരം എഴുതുവാൻ പെട്ടെന്ന് സാധിച്ചു.സമാധാനത്തോടെ തലയുയർത്തി ഇടം വലം നിൽക്കുന്നവരെ നോക്കി.ഇടത്ത്
25-ാ‍ നമ്പർ ടേബിളിൽ നിൽക്കുന്നത് റീജയാണ്.നിറഞൊഴുകുന്ന കണ്ണുകൾ തൂവാല കൊണ്ട് തുടക്കുന്നതു കണ്ടു.
ഉത്തരം കിട്ടാത്ത ചോദ്യങൾ റീജയെ എപ്പോഴും കരയിക്കുന്നു.വലത്ത് രണ്ടാം നമ്പർ ടേബിളിൽ സുധീർ ഉത്തരം
എഴുതികഴിഞ്ഞ് ആശ്വാസത്തോടെ നിൽക്കുന്നു.പെട്ടെന്ന് ബെൽ മുഴങി.ജീവൻ രണ്ടാം ടേബിളിലേക്ക് നീങി.ജീവൻ
നിന്നിരുന്നേടത്തേക്ക് റീജയും.രണ്ടാം ടേബിളിൽ നെടുകെ പിളർന്ന ഹൃദയമാണ് വച്ചിരിക്കുന്നത്.ഫ്ലാഗ് കുത്തിവച്ചിരി
ക്കുന്നത് ബൈകസ്പിഡ് വാൽ വിലും.ആചോദ്യത്തിനും എളുപ്പത്തിൽ ഉത്തരമെഴുതി.വലത്ത് വശത്തേക്ക് ഇടം
കണ്ണിട്ടു നോക്കി.മൂന്നാംടേബിളിൽ സുധീർ പരിഭ്രമത്തോടെ മുന്നിലിരിക്കുന്ന സ്പോട്ടറിൽ തിരിഞും മറിഞുംനോക്കുകയാണ്.പെട്ടെന്ന്
ബെൽ മുഴങി. ജീവൻ മൂന്നാം ടേബിളിലേക്ക് ആശങ്കയോടെ നീങി.അവിടെ ട്രേയിലിരിക്കുന്ന ശരീരഭാഗം തിരിച്ചറിയാൻ
പോലും ജീവനു കഴിഞ്ഞില്ല..എല്ലാം കൂടികുഴഞ്ഞ് പഴന്തുണി പോലെ..എങ്കിലും അവസാന ബെൽ മുഴങുമ്പോൾ മനസ്സിൽ
പരീക്ഷനന്നായിചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു. കണ്ണുകൾ ചുവന്നിരുന്നെങ്കിലും റീജയുടെചുണ്ടിലും പുഞ്ചിരി
കണ്ടു.

2009, ജനുവരി 4, ഞായറാഴ്‌ച

സ്ഥലനാമ ചരിതം(ആത്മായനം-3)


ആത്മാറാം പറഞ്ഞുതുടങി...
പടിഞ്ഞാറ് മണപുറത്തിനും,കിഴക്ക് പാട ശേഖരങൾക്കുമിടയിൽ
കിടക്കുന്ന ചെന്ത്രാപ്പിന്നിഎന്നഗ്രാമത്തിൽ
നാലര പതിറ്റാണ്ട് മുമ്പാണ് ഞാൻ ജനിച്ചത്.,അപ്പോഴെക്കുംകോട്ടകൊത്തളം പോലെയുള്ള
വലിയതറവാടുംകുട്ടികളുടെവിനോദത്തിനുവേണ്ടി മുറ്റത്തെ മട്ടിമരത്തിൽ കെട്ടിയിട്ട
കുട്ടികൊമ്പനും അഛ്ന്റെകഥകളിലെ ഗൃഹാതുരത്വമായി മാറിയിരുന്നു...
“ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾ ചന്ദ്രന്റെ വൃദ്ധി ക്ഷയങൾ പോലെയാ‍ണ്..എന്നും പൂനിലാവല്ല
എന്നും അമാവാസിയുമല്ല.”നഷ്ടപ്രതാപങളുടെ കഥകൾ ക്കൊടുവിൽ നല്ലൊരു നാളെയുടെ
സ്വപ്നങൾ ഞങൾക്കുനൽകികൊണ്ട് അഛ്ൻ പറയും..
“ചെന്ത്രാപ്പിന്നിഎന്നസ്ഥലപേരിന്റെ ചരിത്രമറിയുമോ ഡോക്ടർക്ക്.?”
ആത്മാറാം പൊടുന്നനെ ചോദിച്ചു.“ബ്രിട്ടീഷ് ആധിപത്യത്തിനെ തിരെ പഴയൊരു ഗ്രാമീണന്റെ നിഷ്
കളങ്കമായ അമർഷത്തിന്റെ സ്മാരകമാണ് ആപേരെന്ന് അറിയുമോ?“
ജീവൻ ഓർക്കുകയായിരുന്നുഒരിക്കൽ തനിക്ക്അനുഭവപെട്ട
ആകാശകാഴ്ച.അന്ന് ടൈഫോയ്ഡ് ബാധിതതനായി വീട്ടിൽ കിടക്കുകയാണ്..സന്ധ്യയോടെ
പനികൂടി.ബോധം മറഞ്ഞു..ഓർമ്മതെളിയുമ്പോൾ ഒരു തൂവലിന്റെ ലാഘവത്തോടെപറന്ന്
പൊന്തുകയാണ്..ആദ്യം കണ്ടത് തന്നെ തന്നെയാണ്..കിടക്കയിൽ അവശതയൊടെ മൂടിപുതച്ചു
കിടക്കുന്നസ്വന്തം രൂപം..പിന്നെ ഓടിട്ടവീടിന്റെ മേൽക്കൂര..പുരപുറത്ത് തകരപാത്തിയിൽ
കിടക്കുന്ന പഴയ ഒരു കളിപാട്ടം..പിന്നെയും മുകളിലേക്ക്..താഴെ കുള ങൾ ,തോടുകൾ , വയ്ലുകൾ
ഒടുവിൽ വയലോരം ചേർന്നൊഴുകുന്ന പുഴക്കും പടിഞഞാറ് മണപുറത്തിനോട് ചേർന്ന് കിടക്കുന്ന
ദേശീയപാതക്കുമിടയിൽ തന്റെ ഗ്രാമം ..അഴിഞ്ഞുകിടക്കുന്നഒരു ചേലപോലെ ....
പക്ഷെ തന്റെ നാടിന്റെ പേരെന്തായിരുന്നു? അവിടെ തനിക്ക് ആരൊക്കെ ഉണ്ടായിരുന്നു?
ഒന്നും ജീവന് ഇപ്പോൾ ഓർമ്മവരുന്നില്ല.. മേധാക്ഷയം ബാധിച്ച ഒരാളെ പോലെഅദ്ദേഹ
ത്തിന്റെ ഉള്ളിൽ ഒരു ശൂന്യത നിറഞ്ഞു..
ആത്മാറാം തുടരുകയാണ് ചെന്ത്രാപ്പിന്നിയുടെ ചരിത്രം.പഴയൊരുമുത്ത്ഛന്റെകഥ.അന്നത്തെ ഒരു ഈഴവ പ്രമാണിയായിരുന്നു
അദ്ദേഹം.സ്വാതന്ത്ര്യസമരം കൊടുമ്പിരി ,കൊണ്ടിരിക്കുന്നകാലമാണ്.മുത്ത്ഛൻ സ്വന്തം വയലിൽ പണിക്കാരെ
കൊണ്ട് പണി എടുപ്പിച്ചും അവരെ സഹായിച്ചും നിൽക്കുന്നു.അപ്പോഴാണ് വിശാലമായ കോൾ പാടങളുടെ
പ്രകൃതിഭംഗി ആസ്വദിച്ചും കൊണ്ട് സായിപ്പിന്റെ വരവ്.വീതിയേറിയവയൽ വരമ്പിൽ ഓലകുടയും ചൂടിനിൽക്കുന്ന
മുത്ത്ഛനോട് സായിപ്പ് എന്തൊ ചോദിച്ചു.ഇംഗ്ലീഷിലോ മുറിമലയാളത്തിലൊ ആയിരിക്കാം.ഭാഷക്ക് ആസമയത്ത്
ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല.കാരണം സായിപ്പിന്റെ ചോദ്യം എന്തു തന്നെ ആയിരുന്നാലും മുത്ത്ഛ്ന്റെ മറുപടി
മറ്റൊന്നാകുമായിരുന്നില്ല.നാട്ടുകാരുടെ പൊതു ശത്രുവിനോട് അമർഷത്തൊടെ അദ്ദേഹം ചോദിച്ചു:“എന്ത് റാ പന്നി..? “
പത്തൻപത് പണിക്കാരെ സാക്ഷിനിർത്തിയാണ് മുത്ത്ഛ്നിത്ചോദിച്ചത്.ചുറ്റ്പാടുകൾ പന്തി
യല്ലെന്നു കണ്ട സാ‍യിപ്പ് താങ്ക്സ് പറഞ്ഞ് സ്ഥലം വിട്ടുവെന്നാണ് പറയപെടുന്നത്.എന്തായാലും മുത്തഛനും
എന്ത് റാ പന്നിഎന്നുള്ള ആചോദ്യവും പ്രശസ്തമായി.അതു പിന്നെ എന്ത്രാപ്പിന്നിയായി.കാലാന്തരത്തിൽ
ചെന്ത്രാപ്പിന്നിയാ‍യി.പക്ഷെ ബ്രിട്ടീഷ്കാരനെ മുഖത്ത്നോക്കി ചീത്തവിളിച്ച അദ്ദേഹത്തിന്റെ നാമം ചരിത്രത്തിന്റെ
താളുകളിലെവിടെയോ നഷ്ടമായി..നാട്ടിൽ പ്രചാരത്തിലുള്ളത് കഥയുടെ മറ്റൊരു വെർഷനാണ്.ഒരു ഓണം
കേറാമൂലയിലൂടെ വഴിതെറ്റി വന്ന സായിപ്പ് അവിടെ ചുള്ളികമ്പുമൊടിച്ച്നിൽക്കുകയായിരുന്ന നാട്ടു കാരനോട്
ചോദിച്ചു.”വിച്ചീസ് ദിസ് പ്ലേസ്?”സായിപ്പ് തന്റെ നേരെ മുറുമുറുക്കുകയാണെന്ന തെറ്റിദ് ധരിച്ച് അയ്യാൾ
സായിപ്പിനോട് തിരിച്ച് ചോദിച്ചു പോലും ഛീ..എന്ത്രാ പ്പന്നി ? ഓ ഐ സീ ..ദിസ് ഈസ് ചെന്ത്രാപ്പന്നി!
എന്നു പറഞ്ഞ്സായിപ്പ് സ്ഥലം വിട്ടുവെന്നും അങിനെ അന്നു മുതൽ ഇവിടം ചെന്ത്രാപ്പിന്നി ആയി എന്നും ഒരു കഥ..
ആതമാ റാം നിശ്ശ്ബ്ദ് നായി . ജീവന്റെ മനസ്സിൽഓർമ്മകളിൽനിന്ന് മാഞ്ഞുപോയ ഒരുകാലഘട്ടം അനുഭൂതികളായി
നിറ യുകയാ‍ണ്.വഴിയോരത്ത് പൂക്കുന്ന ശീമകൊന്നയുടെപിങ്ക് നിറമുള്ള പൂങ്കുലകളാൽ അലങ്കരിക്കപെട്ട .
അവിടുത്തെ ആകാശം.രാമച്ചം വിളവെടുക്കുന്ന തെക്കൻ പ്രദേശങളിൽ
നിന്ന് വീശുന്ന ഔഷധഗന്ധമുള്ളകാറ്റ്. മഴക്കാലത്ത് ചക്രവാളങളിൽ മുഴങുന്ന കടൊലൊരമാനം..
കിഴക്കൻ പാടത്തെ വിളഞ്ഞ വരിനെല്ലിന്റെ മർമ്മരം..തന്റെ ഗ്രാമം !അതെ , അതു ചെന്ത്രാപ്പിന്നി തന്നെ ആണെന്ന്
ജീവനു ബോധോദയമുണ്ടായി...
വാതിലുകളും അഴികളും ഇല്ലാത്ത ജാലകത്തിലൂടെ കാണുന്ന ആകാശ ചതുരത്തിൽ
ശബരനും അവന്റെ വേട്ടനായയും ഉദിച്ചുപൊന്തി.ശബരശിരസ്സിൽ പതിവിലും പ്രകാശത്തോടെ
ജ്വലിക്കുന്നമൂന്ന് നക്ഷത്രങൾ ജീവനു തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.-മകൈര്യം.തന്റെ ജന്മനക്ഷത്രം!
ആകാശം തിരശ്ശീലയിട്ടജാലകത്തിലൂടെ ഓർമ്മപക്ഷികൾ പറന്നു വരികയാണ്...

2009, ജനുവരി 2, വെള്ളിയാഴ്‌ച

ഒരു ക്രയോൺ തൃസന്ധ്യ.കുറുമ്പിന്റെ കുത്തിവരകൾ കുഞ്ഞു മോളുടെ വക