2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

അവലംബകഥകൾ-3 (യാത്രയയപ്പ്)സമ്മാനം

പ്രഗൽഭനായ നേത്രരോഗവിദഗ്ദൻ ഡോക്റ്റർ കുരുവിള സുദീർഘസേവനത്തിന്
ശേഷം സർവീസിൽ നിന്ന് വിരമിക്കുന്നു..യാത്രയയപ്പ് സമ്മേളനത്തിൽ
പങ്കെടുക്കാൻ പ്രമുഖരെല്ലാം വേദിയിലും അത്രയൊന്നും പ്രാമുഖ്യമില്ലാത്തവർ സദസ്സിലും
സന്നിഹിതരായി കഴിഞ്ഞു. വേദിയിലിരിക്കുന്നവരിൽ ഡോക്ടർ കുരുവിളയെ കൂടാതെ
ആശുപത്രി സൂപ്രണ്ട് ഡോ: അബ്ദുള്ള ,വിവിധ ഡിപ്പാർട്മെന്റ് തലവൻമാർ ,നഴ്സിംഗ് സൂപ്രണ്ട്
മറിയാമ്മ ,സ്ഥലത്തെ ഒരു രാഷ്ട്രീയമുഖ്യൻ എന്നിവരെല്ലാം ഉൾപ്പെടും.സദസ്സിലിരിക്കുന്നത്
മറ്റുഹോസ്പിറ്റൽ സ്റ്റാഫ് ,നഴ്സിംഗ് വിദ്യാർഥികൾ,രോഗികൾ ,അവർക്കു കൂട്ടിരിക്കാൻ വന്നവർ
എന്നിവരൊക്കെയാണ്.. ഒരു നിശ്ശബ്ദപ്രാർഥനക്ക് ശേഷം ,അധ്യക്ഷപ്ര സംഗത്തോട് കൂടെ
സമ്മേളനം ആരംഭിച്ചു.. തന്റെ സഹപ്രവർത്തകന്റെ അപദാനങളെ വാഴ്ത്തികൊണ്ട് ഡോക്റ്റർ
അബ്ദുള്ള പ്രസംഗം തുടങി വച്ചു.കാഴ്ചയില്ലാത്ത ആയിരകണക്കിന് കണ്ണുകൾ ക്ക് കാഴ്ച
നൽകിയ അദ്ദേഹത്തിന്റെ കൈപുണ്യത്തെ അദ്ദേഹം പ്രകീർത്തിച്ചു(കയ്യബദ്ധം കൊണ്ട്
ആരുടെയെങ്കിലും കാഴ്ച പോയിട്ടുണ്ടെങ്കിൽ തന്നെ അതോർക്കാൻ പറ്റിയ സന്ദർഭമല്ല ഇത്.
ഒരാളുടെ അബദ്ധങൾ മറക്കുകയും അപദാനങൾ സ്മരിക്കപ്പെടുകയും ചെയ്യുന്ന അവസരമാണ്
വിരമിക്കൽ.ജോലിയിൽ നിന്നായാലും ജീവിതത്തിൽ നിന്നായാലും...). ഡോക്ടർ കുരുവിളയുടെ സഹജമായ നർമ്മബോധത്തെ
കുറിച്ച് രണ്ട് വാക്ക് പറയാനും സൂപ്രണ്ട് മറന്നില്ല. പത്ത് മിനിറ്റ് നീണ്ട് നിന്ന
പ്രസംഗം അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് ആശംസകൾ അർപ്പിച്ച് കൊണ്ട് അധ്യക്ഷൻ
അവസാനിപ്പിച്ചു.“ മുൻപേ ഗമീച്ചിടിന ഗോവുതന്റെ ...“ എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിച്ചു തുടർന്ന് വന്നവരുടെ
പ്രസംഗങൾ..പുണ്യാത്മാവ് മുതൽ അന്ധർക്ക് കാഴ്ചനൽകിയവൻ എന്ന അർഥത്തിൽ ജ്യോതിസ്വരൂപൻ
എന്നു വരെയുള്ള വാക്കുകളൊക്കെ തലങുംവിലങും പ്രയോഗിക്കപെട്ടു..
ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ട്ടപെടാറായ തന്റെ കണ്ണുകൾ രക്ഷിച്ചതിന് പ്രത്യുപകാരമായി ആവേദിയിൽ
വച്ച് തന്നെ തന്റെ കണ്ണുകൾ ഡോക്റ്റർ കുരുവിളയുടെ ഡീപ്പാർട്ട് മെന്റിന് ഡെഡിക്കേറ്റ് ചെയ്ത് കൊണ്ട് രാഷ്ട്രീയ
പ്രമുഖൻ എല്ലാവരുടെയും കയ്യടി നേടി..
സമ്മാന ദാനത്തിന്റെ സമയമായി..സാധാരണയായി ഇത്തരം അവസരങളിൽ ഒരു പൊൻ പറയോ നിലവിളക്കോ
ഒക്കെയാണ്സമ്മാനമാ‍യി കൊടുക്കുക.. പക്ഷെ ആശുപത്രി സൂപ്രണ്ട് ഒരു കുസൃതി ചിരി യോടെ അദ്ദേഹത്തിന്
നൽകിയത് അധികം വലിപ്പമില്ലാത്ത ഒരു സമ്മാന പൊതിയാണ് .പ്രശസ്തനായ ഒഫ്താൽമിക് സർജന് അദ്ദേഹത്തിന്റെ
സഹപ്രവർത്തകർ നൽകിയ സമ്മാനം എന്തെന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നു.അതുമനസ്സിലാക്കി നന്ദി
പ്രസംഗത്തിന് മുൻപ് തന്നെ ഡോക്റ്റർ കുരുവിള ആ സമ്മാനപൊതി എല്ലാവരെയും സാക്ഷി നിർത്തി അഴിച്ചു. അതിനുള്ളിൽ
മനോഹരമായ ഒരു നേത്രഗോളത്തിന്റെ മോഡലാ‍യിരുന്നു.കുന്നികുരുവിന്റെ കടംങ്കഥയുടെ പാഠഭേദം പോലെ
കാൽ കറുപ്പും മുക്കാൽ വെളുപ്പുമായി,ഒരു സ്റ്റീൽ ഫ്രെയിമിനുള്ളിൽ യഥേഷ്ടം തിരീയുന്ന ഒരുവലിയ ഒറ്റകണ്ണ്.
അതിൽ നിന്ന് നീളുന്ന ഒരു കേബിൾ ,പ്ലഗ് സോക്കറ്റിൽ കുത്തി ,അത് വെറുമൊരു മോഡൽ മാത്രമല്ലെന്നും
അദ്ദേഹത്തിന്റെ രാത്രിവായനക്ക് ഉപകരിക്കുന്ന ഒരു ടേബിൾ ലാമ്പ് കൂടിയാണെന്നുള്ളസത്യം ഡോക്ടർ അബ്ദുള്ള
അവിടെ കൂടിയിരിക്കുന്നവർക്കെല്ലാം വെളിപ്പെടുത്തി കൊടുത്തു..ഒരു കണ്ണ് ഡോക്ടർക്ക് യോജിച്ച സമ്മാനം തന്നെ.!!
ഡോക്റ്റർ കുരുവിളയുടെ മറുപടി പ്രസംഗത്തിന്റെ സമയമായി.ആദ്യമായി തനിക്ക് ഗംഭീരമായ യാത്രയപ്പ് നൽകാൻ മുൻ കൈ
എടുത്ത ഓരോരുത്തരോടും പ്രത്യേകം നന്ദി പറഞ്ഞു. പിന്നെ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച് തന്റെ
സർവീസ് അനുഭവങൾ എല്ലാവരുമായി പങ്കുവച്ചു..അതിന് ശേഷം തനിക്കു കിട്ടിയ സമ്മാനത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊ
ണ്ട് അദ്ദേഹം സംസാരിച്ചു തുടങി...
“”സത്യത്തിൽ ഒരുവ്യക്തിയുടെ താല്പര്യം മനസ്സിലാക്കി ഔചിത്യത്തോടെ സമ്മാനം കൊടുക്കുകയെന്നത് ഒരു കലതന്നെയാണ്..
സമ്മാനത്തിന്റെ വിലയല്ല അതിന്റെ മൂല്യം നിശ്ചയിക്കുന്നത്..ഉദ്ദാഹരണത്തിന് എനിക്ക് ആദ്യമായി ഒരു സമ്മാനം കിട്ടുന്നത്
സ്കൂളിൽ പഠിക്കുന്ന കാലത്താണ്.സയൻസ് ടാലന്റ് സെർച്ച് ടെസ്റ്റിൽ ഒന്നാമതായി പാസായ എനിക്ക് സ്കൂളിലെ സയൻസ്
ക്ലബ് സമ്മാനമായി തന്നത് യാക്കോവ് പെരൽ മാന്റെ “ഭൌതികകൌതുകം എന്ന പുസ്തകമാണ്” അന്ന് കേവലം അമ്പതോ
അറുപതോ രൂപയാണ് അതിന്റെ വില.അന്നെനിക്ക് അനുഭവപെട്ടസന്തോഷം പറഞ്ഞറിയിക്കാനാവത്തതാണ്.അക്കാഡമിക്
ജീവിതത്തിലും അല്ലാതെയും പിന്നെയും സ്വർണ്ണമെഡലുകളുൾപ്പെടെ ഒരു പാട് വിലപിടിച്ച സമ്മാനങൾ കിട്ടിയിട്ടുണ്ട്. പക്ഷെ
അന്നുകിട്ടിയ സമ്മാനത്തിന്റെ മൂല്യം എനിക്ക് ഒന്നിനും അനുഭവപെട്ടിട്ടില്ല .. ഇന്നീ സമ്മാനം കിട്ടുന്നതുവരെ...ഒരു ഒഫ്താൽമിക്
സർജനു നൽകാവുന്ന
ഏറ്റവും ഉചിതമായസമ്മാനം തന്നേയാണ് നിങൾ എനിക്ക് നൽകിയിരിക്കുന്നത്..ഭാവിയിൽ എന്റെ പ്രൈവറ്റ് കൺസൾട്ടേഷൻ റൂമിലെ
മേശപുറത്ത് ഇതൊരലങ്കാരമായിരിക്കും..രാത്രിയിൽ എനിക്ക് വെളിച്ചവും..പിന്നെ അതുമാത്രമല്ല ഈയവസരത്തിൽ എന്റെ
സന്തോഷത്തിന് നിദാനം ..” ആ വാചകം ഡോക്ടർ കുരുവിള പൂർത്തിയാക്കിയത് അടുത്തിരിക്കുന്ന ഗൈനക്കോളജിസ്റ്റ്
ഡോക്ടർ പൈലിയെ നോക്കികൊണ്ടാണ്.. അതുകേട്ട് ആദ്യം ചിരിച്ചതും ഡോക്റ്റർ പൈലി തന്നെ .അല്പസമയം കഴിഞ്ഞപ്പോൾ
നഴ്സിംഗ് സൂപ്രണ്ട് മറിയാമ്മസിസ്റ്റർ ആചിരി ഏറ്റെടുത്തു ..പതുക്കെ പതുക്കെ ആചിരിയുടെ അലയൊലികൾ വേദിയിലാകെ
പടർന്നു....സുഹൃത്തുക്കളെ ...അദ്ദേഹം പറഞ്ഞത് വലിയതമാശയൊന്നുമല്ല.. നിഷ്കളങ്കത ഭാവിച്ചുകൊണ്ട് നിരുപദ്രവമായ
ഏതാനും വാക്കുകൾ..
” ഒരു ഗൈനക്കോളജിസ്റ്റ് ആവാഞ്ഞത് എന്റെ ഭാഗ്യം.”

2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

അവലംബ കഥകൾ-2(ഒരു കിഡ്നി )മോഷണം

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കട്ടിളപടിവാതിലിൽ ഏതാനും നാളുകൾ
അങോട്ടോ ഇങോട്ടോ എന്ന് സംശയിച്ച് നിന്നതിന് ശേഷമാണ് ശ്രീ തോമസ് ഇഹ
ത്തിലേക്ക് വലതു കാ‍ൽ വച്ചിറങിയത്. ഭൂജാതനായ ഉടനെ മൂക്കിലും വായിലും ട്യൂബും
നേർത്ത ഒരു ശ്വാസവുമായി‘ഐസ്’മുറിയിൽ മൂന്ന് നാൾ മരണത്തോട് മല്ലടിച്ച് കിടന്ന
സീമന്തപുത്രന്റെ കാര്യമോർക്കുമ്പോൾ മേരിചേട്ടത്തിക്ക് ഇപ്പോഴും കണ്ണുകൾ നിറയും..
മണ്ണിലേക്ക് വന്ന ഉടനെ തിരിച്ച് പറക്കാൻ തുടങിയ ആകുഞ്ഞ് മാ‍ലാഖയെ സാക്ഷാൽ
ഔസേപ്പ് പുണ്ണ്യാളൻ സ്വർഗ്ഗത്തിലിരുന്ന് താഴോട്ട് തള്ളുകയും ,ഭൂമിയിൽ നിന്ന് ന്യൂട്ടൺ
ഡോക്ടർ ഒപ്പം തന്നെ താഴോട്ട് വലിക്കുകയും...... ,
അങനെ രണ്ട് പേരുടെയും കൂട്ടായ ശ്രമഫലമായാണ്
കുഞ്ഞ് തോമാ വളർന്ന് ഇന്ന് ഇവിടെയീ മണ്ണിൽ ഒത്ത ഒരു മനുഷ്യനായിരിക്കുന്നത്.
ജീവിക്കണൊ വേണ്ടയോ എന്ന് ജനന സമയത്ത് തന്നെയുണ്ടാ‍യ
സംശയം കൊണ്ടോ എന്തോ തോമസ് എനിക്ക് ഓർമ്മവച്ചകാലം മുതൽ
തന്നെ ഒരു ടിപ്പിക്കൽ സംശയരോഗിയാണ്.ആവശ്യമുള്ളതിനും ഇല്ലാത്തതിനും സദാ ആശങ്കപെട്ടുകൊണ്ടിരി
ക്കുന്ന ഒരു പ്രകൃതം.. കുട്ടിക്കാലത്ത് മാനം നോക്കിവിഷാദിച്ചിരിക്കുന്ന എന്റെ ബാല്യകാലസുഹൃത്തിനെ ഞാൻ
ഓർക്കുന്നു..തൂണും താങുമില്ലാതെ നീലനിറമുള്ള കട്ടിച്ചില്ല് കൊണ്ട് നിർമ്മിച്ചിരിക്കുന്ന മാനത്തിന്റെ മേൽക്കൂര
മാലോകരെല്ലാമുറങുന്നസമയത്ത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമോഎന്നതായിരുന്നു അവന്റെ ദു:ഖനിദാനം...
....ആ തോമാസു കുട്ടിയാണ് ഇപ്പോൾ അപ്പെൻഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞ് ടൌണിലെ
ഹോസ്പിറ്റലിൽ കിടക്കുന്നത്..ഒരു പക്ഷെ മരുന്നുകൊണ്ട് മാറുമായിരുന്ന അസുഖം ഒരു ഓപ്പറേഷനിലേക്ക്
എത്തിച്ചതും തോമസുകുട്ടിയുടെ സംശയപ്രകൃതം തന്നെ.
വയറിനു താഴെ വലത്ത് വശത്ത് വയറുവേദനയുമായിട്ടാണ് തോമാസ് ജനറൽ പ്രാക്ടീഷണറായ
ഡോക്ടർ ഭാസ്കരനെ കാണാൻ പോയത്.വിശദമായ പരിശോധനക്ക് ശേഷം അപ്പെൻഡിസൈറ്റിസ്
രോഗനിർണ്ണയം നടത്തിയ അദ്ദേഹം വേണ്ട മരുന്നുകളും എഴുതി. പക്ഷെ ഡോക്ടറെ കണ്ട് പുറത്തിറങിയപ്പോൾ
സന്തതസഹചാരിയായ സംശയം പുറകെ കൂടി...ചെറിയ ഒരു വേദനക്ക് എന്തിനാണിത്രമരുന്നുകൾ?! ...സംശയം തീർക്കാൻ ചെന്നതോ
മരുന്നുഷോപ്പിൽ മെഡിസിൻ എടുത്തു കൊടുക്കാൻ നിൽക്കുന്ന സൈമണിന്റെ അടുത്ത്..
കട്ടികണ്ണടയിലൂടെ പ്രിസ്ക്രിപ്ഷൻ അവലോകനം ചെയ്തതിനു ശേഷം സൈമൺ
പറഞ്ഞു..”ഇതൊക്കെ ഡോസ് കൂടിയ മരുന്നുകളാണു ചങാതി...ആ ഡോക്ടർ അല്ലെങ്കിലും
അങിനയാ...ഉറുമ്പ് പൊടി ഇടേണ്ടിടത്ത് ആറ്റം ബോംബ് കൊണ്ടിടും..” മതി...അത്രമതി..തോമസ് കുട്ടി ക്ലീൻ ബൌൾഡ്!!
അവസാനം സൈമൺ ഷെൽഫിൽ നിന്നും എടുത്ത് കൊടുത്ത ,എക്സ്പൈറി ഡേറ്റ് കഴിയാറായ ഏതോ വേദനസംഹാ‍രിയു
മായി മടങിയ തോമസ് അന്നു രാത്രി വയറുവേദന കൂടി ടൌണിലെ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു..
അങനെ പിറ്റെ ദിവസം തന്നെ ഡോക്റ്റർ ഭാസ്കരൻ ഒരു സൂചി കൊണ്ട് എടുക്കുമായിരുന്നത് പ്രശസ്തസർജൻ
ഡോക്ടർ ഷേണായി ഒരു തൂമ്പാ കൊണ്ടെടുക്കാൻ തയ്യാറായി...

തിയ്യറ്ററിലേക്ക് കയറുന്നതിന് മുമ്പ് തോമസ് തിയ്യറ്ററിലെ സിസ്റ്റർമാരോട് ,ഡോക്ടർ ഷേണായിയെങാൻ
തന്റെ വയറ്റിൽ ഓപ്പറേഷനു ശേഷം കത്തി-കത്രികകൾ മറന്നിടുന്നുണ്ടോയെന്ന് സൂക്ഷിക്കണമെന്ന് ശട്ടം
കെട്ടുന്നത് ഞാൻ കേട്ടു..തോമസിനെ പോലൊരാൾക്ക് അങനെ ആശങ്കപ്പെടാൻ എത്രകാര്യങൾ കിടക്കുന്നു.!!
സർജറിക്ക് ശേഷം സുഖമായി ഉറങികിടക്കുന്നസുഹൃത്തിനെ കണ്ടതുശേഷമാണ് ഞാൻ ഇന്നലെ മടങിയത്.
ഇന്നലെ ദിവസം മുഴുവൻ കക്ഷി നല്ല ഉറക്കമായിരുന്നു.. ഇന്ന് രാവിലെ ഉറക്കമുണർന്നതും
പ്രശ്നങൾ ആരംഭിച്ചു..ഞാൻ അവിടെ ചെല്ലുമ്പോൾ വലിയ ഒരു പുകിലു നടക്കുകയാണ്..

ഓപ്പറേഷന്റെ സമയത്ത്
തന്റെ കിഡ്നി അടിച്ചു മാറ്റിയെന്നാണ് തോമാസിന്റെ ബലമായ
സംശയം.അതും പറഞ്ഞ് കക്ഷി വലിയ ബഹളം വക്കുകയാണ്.
അവസാനം തിയ്യറ്ററിലുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരികൂടിയായ
സിസ്റ്ററെ ഞാൻ വിളിച്ചുകൊണ്ടുവന്നു.“ഓപ്പറേഷന്റെ സമയത്ത്
കിഡ്നി വേഗം എടുത്തു മാറ്റാൻപറഞ്ഞ് സിസ്റ്ററെ ഡോക്ടർചീത്ത
പറഞ്ഞത് താൻ കേട്ടന്ന്സുഹൃത്ത് പറഞ്ഞു.സിസ്റ്റർ ഒരുനിമിഷം പകച്ചു.പിന്നെ
ചിരിച്ചു :
.”ശരി യാണ് . പക്ഷെ ഡോക്റ്റർ പറഞ്ഞത് രക്തം തുടച്ച
തുണിയെല്ലാം വച്ചിരുന്ന“ കിഡ്നി ട്രേ”എടുത്തുമാറ്റാനാണ്.കിഡ്നിയല്ല.അതും പറഞ്ഞ്
സിസ്റ്റർ അവിടെ സ്റ്റൂളിൽ വച്ചിരുന്ന വലിയ പയർമണിയുടെ ഷേപ്പുള്ള ഒരു ട്രേ എടുത്തു
കാണിച്ചുതന്നു. “ഇതാണ് കിഡ്നി ട്രേ(kidney tray ) ,തിയ്യറ്ററിലും വാർഡിലുമൊക്കെ ഇതുപയോഗിക്കുന്നു..”
(അവലംബം: A real incident)

2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച

അവലംബ കഥകൾ-1( വിചിത്രമായ) ഒരു പരീക്ഷണം

ഇതൊരു കഥയല്ല....
അല്പം മുൻപ് വഴിയെ പോരുമ്പോൾ വിജനമായ
ഒരു പറമ്പിൽ,പുല്പടർപ്പുകൾക്കിടയിൽ ഒരാൾ തുമ്പിയെ പിടിക്കാനെന്ന
തു പോലെ പതുങി നീങുന്നു.കയ്യിൽ ചായയരിപ്പപോല ത്തെ ഒരു നെറ്റ് ഉണ്ട്.
അതുംവീശിയാണ് നടപ്പ്. എന്തോ നെറ്റിൽ തടഞ്ഞെന്നു തോന്നുന്നു.അതും കൊണ്ട് അയ്യാൾ
അടുത്ത് കാണുന്ന ആ‍ മഞ്ഞകെട്ടിടത്തിലേക്ക് ഇപ്പോൾ തന്നെ കയറി പോയിട്ടെയുള്ളൂ.
സ്വാഭാവികമായും എന്റെ ജിജ്ഞാസ ഉണർന്നു കഴിഞ്ഞു.
ഞാൻ നേരത്തെ പറഞ്ഞല്ലൊ ഇതൊരു കഥയല്ല. ഒരു ലൈവ് റണ്ണിംഗ് കമന്ററി എന്നു
വേണമെങ്കിൽ പറയാം .. ഞാൻ എന്തായാലും അയ്യാളെ ഫോളോ ചെയ്യുവാൻ പോകുകയാണ്.

വെയ്സ്റ്റ് ചെയ്യുവാൻ ധാരാളം സമയമുള്ളകൂട്ടത്തിലാണെങ്കിൽ... യു കാൻ ഓൾസോ ഫോളൊ മി..
പിന്നെ വെറുതെ സമയം കളഞ്ഞെന്ന് ഒടുവിൽ പാശ്ചാത്തപിക്കാനിടവരരുത്..കാരണം ഈ കമന്ററി
എങനേയാണ് പുരോഗമിക്കുകയെന്ന് നിങളെ പോലെ തന്നെ എനിക്കും യാതൊരു ധാരണയുമില്ല.വേറൊരു
നൈതിക പ്രശ്നമുള്ളത് ഒരാളുടെ ചെയ്തികൾ രഹസ്യമായാണ് നമ്മൾ നിരീക്ഷിക്കാൻ പോകുന്നത്.
അതൊരു മര്യാദയല്ല. പ്രത്യേകിച്ചും നിരീക്ഷിക്കപെടുന്ന ആൾ എന്തെങ്കിലും മര്യാദകേടാണ് കാണിക്കുന്നതെങ്കിൽ..
അതുകൊണ്ട് അത്തരം സൂചന എന്തെങ്കിലും കിട്ടുകയാണെങ്കിൽ ഈ കമന്ററി അപ്പോൾ തന്നെ യാതൊരു
മുന്നറിയിപ്പും കൂടാ‍തെ നിർത്തുന്നതായിരിക്കും.
ഇപ്പോൾ നമ്മൾ മഞ്ഞ കെട്ടിടത്തിന്റെ പുറകു വശത്താണ് നിൽക്കുന്നത് .തുറന്ന് കിടക്കുന്ന ജനലിലൂടെ അകത്തെ
കാഴ്ചകൾ വ്യക്തമായി കാണാം..നേരത്തെ കണ്ട കക്ഷി...അദ്ദേഹത്തിന്റെ പേരറിയില്ല..പേരറിയാത്ത്തിനെയൊക്കെ
പ്രാചീന കാലം മുതൽ “എക്സ് “ എന്നാണല്ലൊ വിളിക്കാറ്. അതു കൊണ്ട് കീഴ് വഴക്കം തെറ്റിക്കേണ്ട...മിസ്റ്റർ ‘എക്സ്’ ഒരു
ടേബിളിനോട് ചേർത്തിട്ട കസാരയിൽ ഇരിക്കുകയാണ്. മിസ്റ്റർ എക്സ് ഒരു വെളുത്ത കോട്ട് ധരിച്ചിട്ടുണ്ട്.ഒരു സോഡാഗ്ലാസ്
കണ്ണടയും മുഖത്തണിഞ്ഞിട്ടുണ്ട്.ആ ൾ ഒരു ശാസ്ത്ര വിദ്യാർഥിയോ ഒരു ശാസ്ത്രജ്ഞൻ തന്നെയോ എന്ന് അനുമാനി
ക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു..എന്തായാലും ഇദ്ദേഹം ഒരു പരീക്ഷണത്തിനുള്ള പുറപ്പാ‍ടാ‍ണ്.മേശപുറത്ത് തുറന്നുവച്ചിരിക്കുന്ന
നോട്ട് പുസ്തകത്തിൽ എഴുതിയിരിക്കുന്നതു നമുക്ക് കാണാം . പരീക്ഷണം. നിരീക്ഷണം . നിഗമനം.
ഇപ്പോൾ അയ്യാൾ കോട്ടിന്റെ പോക്കറ്റിൽ നിന്ന് പച്ചനിറമുള്ള ഒരു ചെറിയ ജീവിയെ പുറത്തെടുത്തിരിക്കുന്നു.
അതെ,അതൊരു പുൽച്ചാടി തന്നെയാണ്.അപ്പോൾ പുല്പടർപ്പിൽ നേരത്തെ മിസ്റ്റർ എക്സ് വേട്ടയാടി നടന്നത് ഇതിന്
വേണ്ടിയായിരുന്നു..!!അയാൾ മേശപുറത്ത് ചോക്ക് കൊണ്ട് ഒരു പോയന്റ് മാർക്ക് ചെയ്ത് പുൽച്ചാടിയെ അതിൽ വെച്ചു
പിന്നെ മേശപുറത്ത് ആഞ്ഞടിച്ചു..“ഠേ”.പുൽച്ചാടി പ്രാണനും കൊണ്ട് ഒരു ചാട്ടം.! അത് വന്ന് വീണ പോയിന്റ് അയാൾ മാർക്ക്
ചെയ്തു.പിന്നെ ഒരു മെഷറിംഗ് ടേപ്പ് കൊണ്ട് പുൽച്ചാടി ചാടിയ ദൂരമളന്നു.അത് നിരീക്ഷണത്തിന്റ് കോളത്തിൽ എഴുതി വച്ചു. ഒരു മീറ്റർ!
വളരെ രസകരമായ പരീക്ഷണം തന്നെ. അല്പം കൂടി അടുത്ത് നിന്ന് കാണാമെന്നു തോന്നു.കക്ഷി നമ്മളെ ശ്രദ്ധിക്കാൻ വഴിയില്ല.
അർജുനന്റെ കാര്യം പറഞ്ഞതു പോലെ ‘മിസ്റ്റർ എക്സ്’ആ പുൽ ച്ചാടിയെ മാത്രമെ കാണുന്നുള്ളൂ.ചുറ്റും നടക്കുന്ന കാര്യങളെകുറിച്ച് ബോധവാനെയല്ല.!
മിസ്റ്റർ എക്സ് ഇപ്പോൾ ഒരു ഡിസക്ഷൻ ബോക്സ് തുറന്ന് ഒരു ഫോർസെപ്സ് പുറത്തെടുത്ത് കഴിഞ്ഞു. ഓ ഗോഡ്! കക്ഷി എന്തിനുള്ള പുറപ്പാടാണ്?
നോക്കുമ്പോൾ,സുഹൃത്തുക്കളെ അയാൾ പുൽച്ചാടിയുടെ കാലുകളിലൊന്ന് വളരെ ശാസ്ത്രീയമായി തന്നെ ആ
കൊടിലുകൊണ്ട് പിഴുതെടുക്കുകയാണ്.ശാസ്ത്രജ്ഞനാണെങ്കിലും എന്തൊരു ക്രൂരത..!!
സോഡാഗ്ലാസിനുപുറകിലുള്ള ക്രൌര്യം നിറഞ്ഞ ആ കണ്ണുകൾ വ്യക്തമായി കാണാം..ആ കട്ടി മീശയും .
ചെയ്യുന്നത് പരീക്ഷണമാണെങ്കിലും ഫിസിക്കൽ അപ്പിയറൻസ് വച്ച്
“മിസ്റ്റർ എക്സ്” ഒരു രാഷ്ട്രീയകാരനാകുവാനുള്ളസാധ്യതയും തള്ളി കളയാൻ കഴിയീല്ലെന്ന് ഈ
അവസരത്തിൽ നമുക്കൊന്ന് മാറിചിന്തിക്കാവുന്നതാണ്..കാരണം ധാരാളം പരീക്ഷണനിരീക്ഷണങൾ നടക്കുന്ന ഒരു മേഖലയാണല്ലൊ
ഇന്ന് രാഷ്ട്രീയം..
എന്തായാലും ഒരു കാൽ നീക്കിയ പുൽച്ചാടിയെ ആദ്യത്തെ പോയന്റിൽ വച്ച് മിസ്റ്റർ എക്സ് പരീക്ഷണം ആവർത്തിക്കുകയാണ്.
ഇപ്പോഴാണ് പുൽച്ചാടിയുടെ ചീരവിത്ത് പോലെയുള്ള കൊച്ച് കണ്ണുകൾ ഞാൻ ശ്രദ്ധിക്കുന്നത്.അതിൽ ഒരു വലിയജനതതിയുടെ മുഴുവൻ
ദൈന്യം ഞാൻ കാണുകയാണ്.
“ ഠേ” ഇത്തവണപുൽച്ചാടി ചാടിയദൂരം എഴുപത്തഞ്ച് സെന്റിമീറ്റർ..! അതും പുസ്തകത്തിൽ രേഖപെടുത്തപെട്ടു കഴിഞ്ഞു.
രണ്ടാമത്തെ കാലിന്റെ ഊഴമായി.പാവം പുൽച്ചാടി! നേർത്ത ഒരു പിടച്ചിൽ മാത്രമാണ് അതിന്റെ പ്രതീഷേധം.!
“ഠോ” ഇത്തവണ ശബ്ദത്തിനൊരു മുഴക്കം കൂടുതലുണ്ട്. ആൾ ആവേശത്തിലാണെന്നു തോന്നുന്നു.പുൽച്ചാടി ചാടിയദൂരം
അൻപത് സെന്റിമീറ്റർ!
അല്പസമയത്തിനുള്ളിൽ പുൽച്ചാടി ഒറ്റക്കാലനായി കഴിഞ്ഞു. പരീക്ഷണം അതിന്റെ അവസാ‍ന ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇതുവരേയുള്ളറീഡിംഗ്സ് എല്ലാംസിസ്റ്റമാറ്റിക്കായി തന്നെ രേഖപെടുത്തിയിരിക്കുന്നു.“ഠോ” അഞ്ചാമത്തെ തവണയും ആ
ശബ്ദമുയർന്നു.ഒറ്റക്കാലും വച്ച് പുൽച്ചാടി നിന്നിടത്ത് നിന്ന് ഒന്ന് നിരങുക മാത്രമെ ചെയ്തുള്ളൂ.ആ ദൂരം മിസ്റ്റർ എക്സ് അളന്നത്
ഒരുസ്കെയിൽ ഉപയോഗിച്ചാണ്. ഒരു സെന്റിമീറ്റർ .അതാ‍യത്, ഒരു മീറ്ററിൽ നിന്ന് ഒരു സെന്റിമീറ്ററായി കുറഞ്ഞിരിക്കുന്നു അതിന്റെകായികശക്തി!!
അങനെ ഒടുക്കത്തെ കാലും നീക്കപെട്ടു .അവസാനമായി ഒരു ഠോ കൂടി. ഇത്തവണ നിന്നനില്പിൽ ചാടിയത്
മിസ്റ്റർ എക്സ് ആണ് .പുൽച്ചാടി ഒന്ന് ചിറകനക്കുക കൂടി ചെയ്തില്ല..ഒരു ചാട്ടം കൊണ്ടുള്ള ആഹ്ലാദ പ്രകടനം മതിയാകാതെ
മിസ്റ്റർ എക്സ് ഇപ്പോൾ വട്ടംചുറ്റുകയാണ് .ഇടക്ക് യുറെക്കാ.. യൂറെക്കാ എന്ന് പുലമ്പുന്നുമുണ്ട്.. അതെ കക്ഷി എന്തൊവലിയ
ഒരു കണ്ട് പിടുത്തം നടത്തിയിരിക്കുന്നു.ഏതാനും നിമിഷങൾ നീണ്ട് നിന്ന ആഹ്ലാദപ്രകടനത്തിനൊടുവിൽ അദ്ദേഹം
നോട്ട് പുസ്തകത്തിൽ വലിയവടിവൊത്ത അക്ഷരങളിൽ തന്റെ നിഗമനം എഴുതുകയാണ്.
“ആറു കാലുകളും നഷ്ടപെട്ടാൽ പിന്നെ പുൽച്ചാടിക്ക് ചെവികേൾക്കുകയില്ല!!“
(അവലംബം: കെമിസ്ട്രി അധ്യാപകൻ ശ്രീ ആന്റണി മാഷ്)

2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

ജലച്ചായം

അരുണിമാ,കാലദേശങൾക്കപ്പുറത്തുനിന്നും നീ
അയച്ച ചിത്രം ഇന്നലെ ഭദ്രമായി എന്റെ കയ്യിൽ കിട്ടിയിരിക്കുന്നു..
നിറം നേർത്തൊരോർമ്മപോലെ ഊതവർണ്ണം പകർന്നു നീ
സൃഷ്ടിച്ചത് നമ്മുടെ പഴയതറവാട്ട് വീടിന്റെ
മാറാല കെട്ടിയ മുഖപ്പുകളും കമലദളം കൊത്തിയ തൂണുകളുമാണെന്ന്
ഞാൻ എത്രയെളുപ്പം തിരിച്ചറിഞ്ഞു...
തിരുവാതിരമഴയിൽ നനഞ്ഞമണ്ണിൽ കൊഴിഞ്ഞ് കിടക്കുന്ന
മനോരഞ്ജിതത്തിന്റെ പച്ചനിറമുള്ള ദലങളും.
തിരിമുറിയാ കുളിരിൽ പുറംവേലിയിൽ ഞെട്ടിവിടർന്ന
വെളുത്ത ഗന്ധരാജൻ പൂക്കളും
ആമ്രപർണിയുടെ തണലിലിരുന്ന്
ആംഗലേയ കവിതകൾ വായിച്ചിരുന്ന വിഷാദ രോഗിയായ വലിയമ്മാവനും
അദ്ദേഹത്തിന്റെ കാൽക്കൽ കരത്താമരകൾ പോലെ ഉലഞ്ഞ് കിടക്കുന്ന
മൺസൂൺ ലില്ലികളും..
എല്ലാം ...എല്ലാം... അമൂർത്തരൂപങളായി നീ പകർത്തിവച്ചിരിക്കുന്നു.!
ഡിസംബറിൽ നമ്മുടെ തൊടിയിൽ വിരുന്ന് വരാറുള്ള
നീണ്ട വാലുള്ള നാകമോഹൻ പക്ഷിയേയും
പകൽ വെളിച്ചത്തിലും പിരിയാൻ കൂട്ടാക്കാത്ത നിലാവുപോലെ
പൂത്ത് നിൽക്കുന്നകണികൊന്നയേയും
കൂവളതൈകൾ കാവൽ നിൽക്കുന്ന തെക്കേപുറത്തെ അസ്ഥിമാടത്തേയും..
ഒന്നും ....ഒന്നും....നീ വിട്ടുകളഞ്ഞിട്ടില്ല..!
പക്ഷെ വീടിന്റെപുറം പറമ്പിൽ സദാപൂത്ത് നിന്നിരുന്നപുല്ലാനികാടുകൾക്ക് പകരം
അസ്തമയം മുഖം നോക്കുന്ന ഒരു ആഴിപരപ്പാണല്ലോ നീ വരച്ച് വച്ചിരിക്കുന്നത്!
മേഘശാഖിയിൽ ഒരു തുടുവർണ്ണകനിപോലെ തൂങിനിൽക്കുന്നത് ഉദയസൂര്യനുമാകമല്ലോ അല്ലേ?
അല്ലെങ്കിലും ഉദയാസ്തമയങളുടെ ഉണ്മ തേടുന്നതെത്ര വ്യർഥം!
-ജനനമരണങളുടെ പൊരുളു തിരയുന്നതുപോലെ....
അവിടുത്തെ കാഴ്ചകൾ കൌതുകമാർന്നു കാണുന്ന കുട്ടികൾ നമ്മൾതന്നെയല്ലെ?കൂടെയുള്ളതച് ഛനും?
ഇവിടെ സൂര്യനിപ്പൊഴും ശോണകിശോരരൂപൻ, അവിടെയിപ്പോൾ രാവ് കൌമാരം കടന്നിരിക്കും.
അത്താഴം കഴിഞ്ഞമ്മ വടക്കിനിയിൽ നിലാവെളിച്ചത്തിൽ പാത്രങൾ കഴുകയായിരിക്കും.
മട്ടുപ്പാവിൽ മറന്നിട്ട കൊണ്ടാട്ടങൾ വട്ടിയിൽ വാരിനിറക്കുകയായിരിക്കും വലിയമ്മ
കവിതകൾ വായിച്ച് കണ്ണ്കഴച്ചവലിയമ്മാവൻ പഴയമർഫി റേഡിയോവിന്റെ നോബ് തിരിച്ച്
വിവിധ് ഭാരതിയിലെ ഗീത് മാല കാതോർക്കുകയാവും...
അരുണിമാ...
ഏതും...ഏതും......പഴയതുപോലെ ,പക്ഷെ ജീവിതത്തിന്റെ ജലച്ചായചിത്രത്തിൽ
ഇല്ലാത്തതു നീ മാത്രം...
എന്റെ നിറകണ്ണിലീ നിറങളെല്ലാം ഒന്നുചേർന്നലിയുമ്പോൾ
മൃതിയുടെ വെൺശൂന്യത..

2009, ഏപ്രിൽ 16, വ്യാഴാഴ്‌ച

മടക്കയാത്ര.

ഒരു ആദിവാസിഗൃഹം(ആറേകാപ്പ്)
കാട്ടു മരത്തണലിലെ മെഡിക്കൽ ക്യാമ്പിൽ നിന്ന്...
മലമുകളിലെ മഴയൊരുക്കം...
“വനത്തിൽ ഒരു ഹിമസായാഹ്നം”
(I have promise to keep
And miles to go before I sleep
And miles to go before I sleep)
സാന്ധ്യവെളിച്ചത്തിൽ കാനനസൌന്ദര്യം കൂടുതൽ മിഴിവുറ്റതാകുന്നു...
പിന്നെയത് ഇരുണ്ട് മഹാന്ധകാരത്തിന്റെ ഭാഗമാകുന്നു..
സ്റ്റീരിയോവിൽ നിന്ന് കാലത്ത് കേട്ട് ഗാനത്തിന്റെ ബാക്കി
“ പ്രകാശലാളിതതുഷാരബിന്ദുവിൽ ..പ്രപഞ്ചം പ്രതിഫലിച്ചൂ...
എന്നിലുറങുന്ന ഞാനെന്നപൊരുളിനെ പുറമെതിരയുന്നു ഞാൻ..
വെറുതെ, പുറമെ തിരയുന്നു ഞാൻ...”
ശുഭം
THE END

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മലയിറങി,ഒരു മരതകപൊയ്കയുടെ തീരത്ത്.... (വനസ്ഥലിയിലേക്ക്..5)

മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ തലേദിവസത്തെ ക്യാമ്പ് അംഗങൾ എല്ലാവരും
ഞങളെ കാത്തു നിൽക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസർ ശ്രീ അനിൽ കുമാറും
ഞങളുടെ കൂടെ വരാൻ തയ്യാറായി നില്പുണ്ട്.മഞ്ഞസാരിയിൽ കൂടുതൽ മനോഹരിയായി
ഉത്സാഹത്തോടെ ഗിരിജയുമുണ്ട്. ഗിരിജയെ ഡോക്ടർ ചോദ്യഭാവത്തിൽ നോക്കി(വരണ്ടാന്ന്
പറഞ്ഞിട്ടും വന്നൂല്ലേ?) ക്ഷമാപണത്തോടെയുള്ള ഒരു ചെറിയ പുഞ്ചിരിയായിരുന്നു ഗിരിജ
യുടെ മറുപടി(സർ, ഈ മലമ്പ്രദേശത്ത് ജനിച്ച് വളർന്നവളാണ് ഞാൻ.വളർന്നു കഴിഞ്ഞപ്പോൾ
കാടും മലയും കയറിയിറങുന്നത് തൊഴിലിന്റെ തന്നെ ഭാഗമായി.ചെറിയ ആരോഗ്യ പ്രശ്നങളൊന്നും
സാരമില്ല സാർ).
തേയില കുന്നുകൾക്കിടയിലൂടെ എല്ലാവരുമൊന്നിച്ച് ഒരു ഷോർട്ട് ട്രിപ്പ്.സമയം പതിനൊന്നു
മണി കഴിഞ്ഞെങ്കിലും വെയിലിനു കുളിര്. നേർത്ത മഞ്ഞിൻ പടലത്തിലൂടെ കാണുന്ന സൂര്യന്റെ ചുവപ്പ്
രാശി വിട്ട് മാറിയിട്ടില്ല.മലമുകളിലെ സൂര്യൻ വളരെ സൌമ്യനാണ്
“വിശ്വ മഹാ ക്ഷേത്രസന്നിധിയിൽ ..വിഭാത ചന്ദനതളികയുമായ് നിൽക്കും
വസുന്ധരേ ...വസുന്ധരേ.. “ വിഷ്ണുവിന്റെ സ്റ്റീരിയോവിൽ നിന്ന് ആർദ്രമായ ഒരു ഗാനം.സുന്ദരമായ ചുറ്റു
പാടുകളോട് സംവദിക്കുന്ന ഒരു കാല്പനികഹൃദയമുണ്ടെന്നു തോന്നുന്നു അതിന്..
ആഗാനത്തിന്റെ പല്ലവി തീരും മുൻപെ ഞങൾ നിർദ്ദിഷ്ടസ്ഥലത്തെത്തി.മനോഹരമെങ്കിലും വിജന വിശാലമായ
ആസ്ഥലം എല്ലാവരെയും ഒന്ന് ഭയപ്പെടുത്തുന്നുണ്ട്.ചുറ്റും തേയിലതോട്ടങളുടെ ഹരിതാഭ പുതച്ച കുന്നുകൾ മാത്രം.
ഒരു കപ്പൽ ച്ചേതത്തിൽ പെട്ട് ഒറ്റപെട്ട ഒരു ദ്വീപിലകപെട്ടയാത്രക്കാർ കപ്പിത്താനു ചുറ്റും
കൂടി നിൽക്കുന്നതു പോലെ ഞങൾ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിനു ചുറ്റും നിന്നു.
..”ഇതാണ് കപ്പായം മലനിരകൾ .കേരളാ ബോർഡർ.ആ കാണുന്നത് തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം.
നമ്മൾ ഇപ്പോൾ നിൽക്കുന്നത് സമുദ്രനിരപ്പിൽ നിന്നും ആയിരത്തോളം മീറ്റർ മുകളിലാണ്.
ഈ മലയുടെ താഴവാരമാണ് നമ്മുടെ ലക്ഷ്യസ്ഥാനം .സ്കൈലൈൻ ഡിസ്റ്റൻസ്( )നോക്കുകയാണെങ്കിൽ രണ്ട് കിലോ
മീറ്റർ ദൂരമേ അങോട്ടുള്ളൂ.പക്ഷേ,മലഞ്ചരുവിൽ സിഗ്.സാഗ് ആയികിടക്കുന്ന വഴിയിലൂടെ ചുരുങിയത് നാലു കിലോമീറ്ററെങ്കിലും
സഞ്ചരിച്ചു വേണം നമുക്കവിടെ യെത്താൻ.വെയിൽ ചൂടു പിടിച്ച് വരുന്ന ഈ സമയത്ത് മലയിറക്കം ഒരു ദുസ്സാഹസം തന്നേയാ‍ണ്.
പക്ഷെ ഇപ്പോഴെങ്കിലും പുറപെട്ടില്ലെങ്കിൽ നമുക്കിന്ന് തിരിച്ച് കയറാൻ പറ്റില്ല.ഇപ്പോൾ സമയം പതിനൊന്നര .ഉച്ചക്ക് ഒരു രണ്ട് മണിക്ക്
മുമ്പായി നമ്മൾ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കാം.സോ ലെറ്റ് അസ് മൂവ്....” അനിൽ കുമാറിന്റെ നേതൃത്വത്തിൽ ,തളിർത്തുകിടക്കുന്ന
കുന്നിൻ ചരുവിലൂടെയുള്ള മലയിറക്കം ഞങൾ ആരംഭിച്ചു.

അൽ‌പ്പം കഴിഞ്ഞ് കുത്തനെയുള്ള ഒരു ഇറക്കം ഇറങിയപ്പോൾ,പെട്ടെന്ന്
തേയില കുന്നുകളുടെ മനോഹരദൃശ്യം അപ്രത്യക്ഷമായി.അച്ചടക്കവും ശാലീനതയും കൈവിട്ട് പ്രകൃതി വന്യമായ ഒരു പ്രസരിപ്പാർന്നു.
ഒരു കോൺ വെന്റ് സ്കൂളിന്റെ വിക്കറ്റ് ഗേറ്റ് കടന്ന് അടുത്തുള്ള സർക്കാർ പള്ളികൂടത്തിൽ എത്തിയപ്രതീതി.
മലഞ്ചരുവിൽ ആളുയരത്തിൽ കാട്ട് പുല്ലുകളും ആകാശ ചിത്രംവരക്കുന്ന മുളം കൂട്ടങളും. അങിങ് ചിതറികിടക്കുന്ന തരുനിരകൾ.
ഇടക്ക് വലിയശിലാശില്പങൾ പോലെ പാറകെട്ടുകളും. മുന്നോട്ട് നീങുംതോറും പ്രകൃതി ദൃശ്യങൾ ഒരു ഗ്ലോബൽ
തിയ്യറ്ററിലെന്നതു പോലെമാറിമറഞ്ഞ് കൂടുതൽ മനോഹരമാകുന്നു.
വഴിക്ക് വേഴാമ്പൽ പക്ഷികളെ കണ്ടു.ഇണപക്ഷികൾ.അതൊരപൂർവ്വദർശനം തന്നെയായിരുന്നു.ഞങൾ നോക്കിനിൽക്കെ
ആപക്ഷികൾ താഴ്വരയിലേക്ക് പറന്നു മറഞ്ഞു. അനിൽ കുമാർ വീണ്ടുംവാചാ‍ലനായി.കേരളത്തിൽ വംശനാശം സംഭവിച്ച്
കൊണ്ടിരിക്കുന്ന വേഴാമ്പൽ സ്പീഷ്യസുകളെകുറിച്ചും അവയുടെ സവിശേഷമായ പ്രജനന രീതികളെ കുറിച്ചുമൊക്കെ അയ്യാൾ
ഒരു ഓർണിത്തോളജിസ്റ്റിനെ പോലെ ആവേശപൂർവ്വം സംസാരിച്ചു.
വെയിലിന് ചൂടുകൂടിവരുന്നു.വിയർപ്പ് ,ക്ഷീണം ,കിതപ്പ്..ഇടക്ക് വിശ്രമിച്ചും ക്ലേശകരമായ ഇറക്കങൾ നിരങിയിറങിയും
ഞങൾ യാത്രതുടരുകയാണ്.കയ്യിൽ കരുതിയ വെള്ള കുപ്പികൾ തീർന്നു തുടങി. ഞങളുടെ യാത്രാസംഘത്തിൽ
ഇപ്പോൾ ഒരു ചേരിതിരിവ് പ്രകടമായിരുന്നു. അനിൽ കുമാറും ഗിരിജ ഉൾപ്പെടെയുള്ളവനസമിതി അംഗങളും
വളരെ മുന്നിലായാണ് നീങുന്നത്. ഞങൾ തൃശ്ശൂരിൽനിന്നുള്ള നാലഞ്ചസംഘം ഏന്തി വലിഞ്ഞ് പുറകിലും.
ഞങളീൽ തന്നെ ഡോക്റ്റർ ആണ് ഏറ്റവും പുറകിൽ .അദ്ദേഹം പതിവിലും ക്ഷീ‍ണിതനായി കാണപെട്ടു.

അകലെ വൃക്ഷങൾ തിങിനിറഞതാഴ്വരയിൽ പച്ചകല്ലിന്റെ വലിയ ഒരു പതക്കം വീണു കിടക്കുന്നതു പോലെ
മനോഹരമായ ഒരു പൊയ്ക കാണുന്നു. ഒരു മരതകപൊയ്ക.!! എ റിയൽ എമെറാൾഡ് ലേക്ക്..
“ആ കാണുന്നത് ഇടമലയാർ ക്യാച്മെന്റ് ഏരിയ .ആ പൊയ്കയുടെ തീരമാണ്
നമ്മുടെ ലക്ഷ്യം.“ അനിൽ കുമാർ വിളിച്ച് പറഞ്ഞു.അതിനു ശേഷം വലിയ ഒരു പാറക്കല്ലിൽ
കയറിനിന്ന് അയ്യാൾ നീട്ടികൂവി..”“ ഹോയ്.....”“.സിയൂസിന്റെ ശാപത്താൽ യുഗങളായി മലനിരകൾക്കുള്ളിൽ
ഒളിച്ച് പാർക്കുകകയായിരുന്ന ‘എക്കോ‘ ദേവി പ്രതിവചിച്ചു.: “” ഹോയ്....ഹോ..യ്........ഹോ.......യ്....”“
ആവിളിയുടെ മാറ്റൊലികൾ താഴ്വരയിൽ അലിഞ്ഞില്ലാതാവുകയാണ്.താഴ്വരയിലെ താമസക്കാരെ സന്ദർശിക്കാൻ
അതിഥികളെത്തുന്നുവെന്നുള്ളസിഗനലാണാ കൂവൽ.
വനയാത്രികരെ വിരുന്നൂട്ടാ‍നെന്നതു പോലെ വഴിയരുകിൽ ഒരു പേരമരം .വളർന്ന് പന്തലിച്ച അതിന്റെ
ചില്ലകളിൽ കടച്ചക്കയുടെ വലിപ്പമുള്ള പേരക്കകളാണ് തൂങി കിടക്കുന്നത്. മരത്തണലിൽ കുറച്ച് നേരം
വിശ്രമിക്കാനിരുന്നു.പേനാകത്തികൊണ്ട് തുടുത്ത പേരക്കകൾ കഷ്ണങളാക്കി ഞങൾ അല്പം ഉപ്പുംകൂട്ടി തിന്നു.
ഡോക്ടർ കയ്യിലെ സഞ്ചിയിൽ കരുതിയിരുന്ന കാസ്സറോളിൽ നിന്ന് ചൂടാറാത്ത കട് ലേറ്റ് കാട്ട് കൂവയുടെ ഇലയിൽ
എല്ലാവർക്കും വിളമ്പി.(ശബരി മലയിൽ പ്രസാദം നൽകുന്ന അതേ കാട്ടു കൂവയിലകൾ).അമൃത ബാഗിൽ നിന്നും മുന്തിരി
സത്തും ചെറുതേനും ചേർത്ത് തയ്യാറാക്കിയ ഗ്രേപ്പ് സിറപ്പിന്റെ കുപ്പി പുറത്തെടുത്തു. അതിൽ തണുത്തവെള്ളം ചേർത്ത്
.അപ്പോൾ പിഴിഞ്ഞെടുത്ത മുന്തിരി നീരുപോലെയുള്ള ആ പർപ്പിൾ പാനീയം എല്ലാവരും കുടിച്ചു..അന്തരീക്ഷം
പെട്ടെന്ന് തണുത്തു. മാനത്ത് മഴക്കാരുണ്ട്.സമൃദ്ധമായ വനഭോജനത്തിനു ശേഷം ഞങൾ യാത്ര തുടർന്നു.

മറ്റൊരാദിവാസി കുടിൽ പോലെ തോന്നിക്കുന്ന ആ അംഗൻ വാടിയുടെ വരാന്തയിലിരുന്ന് ആരും ഇതു വരെ
എഴുതിയിട്ടില്ലാത്ത വിസിറ്റേഴ്സ് ബുക്കിൽ സന്ദർശനകുറിപ്പ് തിയ്യതിയുംസമയവും വച്ച് എഴുതുമ്പോൾ
ഡോക്ടർ പറഞ്ഞു: “ എന്റെ കയ്യിൽ സ്വർണ്ണ മഷിയില്ല .. അല്ലെങ്കിൽ ഗോൾഡൻ ലെറ്റേഴ്സിലാണ് ഈ
സന്ദർശനകുറിപ്പ് എഴുതേണ്ടത്..വരും കാല പഥികർ ഇത് ആവേശത്തോടെ നോക്കിവായിക്കണം..”.പതിമൂന്ന്
ആദിവാസികുട്ടികൾ പഠിക്കുന്ന ആ അംഗൻ വാടിയിൽ ആരും ഇന്ന് ഹാജരില്ല.ടീച്ചർ തുളസി ഞങളേയും പ്രതീക്ഷിച്ച്
ഇരുപ്പായിരുന്നു.വല്ലാത്തചൂട് കാരണം അടുത്തുള്ള മരത്തണലിൽ ക്യാമ്പ് നടത്താൻ തീരുമാനമായി.കസേരയും മേശയും
അവിടെ കൊണ്ട് ചെന്നിട്ടു. മേശപ്പുറത്ത് സന്ധ്യയും ഗിരിജയും ചേർന്ന് മരുന്നുകൾ നിരത്തിവച്ചു.
രോഗികൾ ഒന്നും രണ്ടുമായി വന്നു തുടങി..അടിച്ചിലിതൊട്ടിയിലേതുപോലെ ഇവിടെയുംവിളർച്ച തന്നേയാ‍ണ് വില്ലൻ.
ഡോക്റ്റർ എല്ലാവർക്കും മുന്തിയടോണിക്കുകളും വിരമരുന്നും എഴുതി..
ഇവിടെ ആദിവാസികൾ ഒരു കോളനി ആയല്ല താമസിക്കുന്നത് .വീടുകളെല്ലാം വനത്തിൽ അങിങ് ചിതറികിടക്കുകയാണ്.
ഏറെയും ആദിവാസി തനിമനഷ്ടപെട്ട വീടുകളാണ്. ക്യാമ്പ് ഒരു മണിക്കൂറ് കൊണ്ട് അവസാനിച്ചു. മൂന്നുമണിയോടെ
ഞങൾ തിരിച്ച് മല കയറ്റത്തിനുള്ള തയ്യാറെടുത്തു.പോകാൻ നേരം ഡോക്റ്റർ ചോദിച്ചു .
“എവിടെ നമ്മൾ മുകളിൽ നിന്നു കണ്ട ആ ബ്യൂട്ടിഫുൾ ഗ്രീൻ ലേക്ക്..?! “

മരതകപൊയ്ക

2009, ഏപ്രിൽ 8, ബുധനാഴ്‌ച

മലക്കപ്പാറയിൽ...(വനസ്ഥലിയിലേക്ക്.4)

അങനെ അടിച്ചിലി തൊട്ടിയിലെ ആദി വാസി ക്യാമ്പ് അവസാനിച്ചു.അടുത്ത മെഡിക്കൽ ക്യാമ്പ്
വരുന്ന ദിവസം മലക്കപ്പാറയിലെ ആറെകാപ്പ് എന്നസ്ഥലത്ത് വച്ചാണ്.ഇടയിൽ ഹ്രസ്വമായ
ഒരുവിശ്രമം.കറുത്തവനപാതയിൽ നിന്ന് വഴിപിരിഞ്ഞ് പോകുന്ന,കരിയിലകൾ മൂടിയ ഒരു
ഒറ്റയടിപ്പാതയായിരുന്നു കാൽ നടയാത്രയുടെ തുടക്കം.വനസമിതി അംഗങളും(ഗിരിജ,സരസ്വതി,സന്ധ്യ,ആമിന),വഴികാട്ടിയായി
മരുന്നിൻ പെട്ടി ചുമന്നു കൊണ്ട് രണ്ട് ആദി വാസി യുവാക്കളുമടക്കം പത്തുപേരുടെ യാത്രാസംഘം ഒരു ജാഥപോലെ
അടിച്ചിലി തൊട്ടി ലക്ഷ്യമാക്കി നടന്നു നീങി.ഇടുങിയ വഴിക്കിരുപാടും മരങൾ തിങിയമഹാവനം.അതിനുള്ളിൽ നിന്നും രാത്രി ദൃശ്യത്തിന്റെ
സൌണ്ട് ട്രാക്ക് പോലെ,മണ്ണട്ടകൾ, മായാവികളായ ചീവിടുകൾ തുടങിയവയുടെ
ഖര രവം.ഇടക്ക് മധുരനാദമുള്ള പക്ഷികളുടെ മൃദു സ്വരം.ഇതാണ് കാടിന്റെ തനതു സംഗീതം!!
ഒരു നിമിഷം കണ്ണടച്ച് ,സാക്ഷാൽ റസ്സൂൽ പൂക്കുട്ടിയെ സ്മരിച്ച് കൊണ്ട്
ആ സ്റ്റീരിയൊ ഫോണിക് സിംഫണി ഞാൻ മനസ്സിന്റെ സ്വനമുദ്രികയിൽ(audio CD) റെക്കോർഡ് ചെയ്തു.
ഭാവിയിൽ തനിച്ചാകുന്ന നിമിഷങളിൽ ഞാനിത് റീവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കും.
അപകടകാരികളായ പാറകെട്ടുകളും കുത്തനെയുള്ള ഇറക്കങളും പിന്നിട്ട് വളരെ സാഹസികമായ
ഒരു ഫോറസ്റ്റ് ട്രെക്കിങ് ആയിരുന്നു അത്.പലപ്പോഴും വഴിയുടെ അടയാളങൾ സസ്യസമൃദ്ധിക്കുള്ളിൽ മറഞ്ഞ് പോയി.
മാഞ്ഞ് പോയവഴിയുടെ സൂചനകൾ പിന്നെ വളരെ കഷ്ട്ടപെട്ടാ‍ണ് കണ്ടെത്തിയത്.
എല്ലാവരും കിതച്ച് തുടങിയിരുന്നു.” ഒരു ബോട്ടിൽ വൈറ്റ് റം കരുതണമായിരുന്നു..” വിഷ്ണുവിന്റെ ആത്മഗതം.
“കാട് തന്നെ ഒരു ലഹരിയാണല്ലൊ.പിന്നെ വേറൊരു ലഹരിയുടെ ആവശ്യമെന്ത്?“കാടിന്റെ സൌന്ദര്യത്തിൽ
മയങിയ ഒരു കവയത്രിയെ പോലെ അമൃത മൊഴിഞ്ഞു.
ഒടുവിൽ അകലെ വലിയപക്ഷികൂടുകൾ പോലെ ആദി വാസികുടിലുകൾ പ്രത്യക്ഷപെട്ടപ്പോൾ എല്ലാവരും
ആശ്വാസ നിശ്വാസങളുതിർത്തു.മനോഹരമായ ഒരു താഴ്വാരഭൂമിയിലെത്തിയിരുന്നു ഞങളെല്ലാവരും.ഒരു വലിയ
ഞാവൽ മരം കരിനീലപഴങൾ ഉതിർത്ത്കൊണ്ട് ഞങളെ സ്വാഗതം ചെയ്തു.
ഈ വനമേഘലയിലെ ആദിവാസികൾ പ്രധാനമായും.മുതുവ-മലയ-പണിയ-കാടർ വിഭാഗത്തിൽ പെടുന്നു.അടിച്ചിലി
തൊട്ടിയിലുള്ളത് മുതുവ കോളനിയാണ്.ഇവിടെ അടുത്തടുത്തായി മുപ്പതോളംവീടുകളുണ്ട്.കാഴ്ചയിൽ എല്ലാവീടുകളും
ഒരു പോലെയിരിക്കും. പൊള്ളയായ ഈറ്റ തണ്ടുകൾ കൊണ്ട് തടുക്കുണ്ടാക്കി അതിൽ ചേടിമണ്ണ്തേച്ച് പിടിപ്പിച്ചാണ്.
ഭിത്തിയുണ്ടാക്കിയിരിക്കുന്നത്..ഇഴയടുപ്പത്തിൽ കനം കുറഞ്ഞ ഈറ്റതണ്ട് മെനഞ്ഞ് അതിനു മുകളിൽ
ഉണങിയ ഈറ്റയില വിരിച്ച് മേൽ കൂരയും .ഈ സംവിധാനം മുറിയിലെ ചൂട് ക്രമീകരിക്കാൻ
സഹായിക്കുന്നെണ്ടെന്നാണ്തോന്നുന്നത്.എന്തായാലും പുറത്തെ ഉഷ്ണം അകത്ത് അനുഭവപെടുന്നില്ല .ഒരു തൂക്കണാം കുരുവി
കൂടു പോലെയോ തുന്നാരാൻ പക്ഷിയുടെ കൂട് പോലെയോ വളരെ നൈസർഗ്ഗീകമാണ് ഈ കുടിലുകളുടെ നിർമ്മാണരീതി.
മഹാസൌധങൾ പണിയുന്ന ഒരു മോഡേൺ ആർക്കിടെക്ടിനും ഈ വാസ്തു രീതി അനുകരിക്കുക എളുപ്പമാവില്ല.
ക്യാമ്പിൽ ഇരുപത്തഞ്ചോളം പേരെ പരിശോധിച്ചു.അധികവുംസ്ത്രീകളും കുട്ടികളും.പ്രധാനമായ ആരോഗ്യ പ്രശ്നം
അനീമിയ ആണ്.അപൂർവ്വം ചിലർക്ക് ഗോയിറ്ററുമുണ്ട്. പുരുഷപ്രജകളുടെ അമിതമായ മദ്യപാനമാണ്
കോളനിയിലെ മറ്റൊരു പ്രശ്നം.പലരും വനവിഭവങൾ തേടി ഉൾകാട്ടിലേക്ക് പോയിരിക്കുന്നു.ചിലർ ലഹരി തേടി ടൌണിലും..
ക്യാമ്പിനു ശേഷം അമൃത സ്ത്രീകൾക്ക് വേണ്ടി ഒരു ഹെൽത്ത് എഡ്യുക്കേഷൻ ക്ലാസ്സ് നടത്തി.അവർക്കിടയിൽ ഒരല്പം
ഫെമിനിസം കുത്തിവെക്കാനും അമൃതമറന്നില്ല.അങനെ ,അല്പസമയം കൊണ്ട് അവരുടെ പ്രിയസഖിയും ഗുരുനാഥയുമായി മാറി-അമൃത.
ബ്രെഡും,പഴവും കട്ടൻ ചായയും കഴിച്ച് ഉച്ചക്ക് മൂന്നു മണിയോടു കൂടി ക്യാമ്പ് അംഗങൾ തിരിച്ചുള്ള യാത്ര ആരംഭിച്ചു.
ഇറക്കത്തിനേക്കാൾ ഇരട്ടി പ്രയാസമേറിയതായിരുന്നു തിരിച്ചുള്ള കയറ്റം. മലകയറ്റം പരിചയമില്ലാത്ത ഡോക്ടർ ഉൾപ്പെടെയുള്ള
ഞങൾ കുറച്ചു പേർ അല്പസമയത്തിനുള്ളിൽ വല്ലാതെ കിതക്കാൻ തുടങി.
ക്യാമ്പ്സഹായിയായ ഗിരിജക്ക് ചെറുതായി തലകറക്കം അനുഭവപെട്ടു. ക്യാമ്പിൽ മരുന്നെടുത്തു കൊടുക്കാനും രോഗികൾക്ക് ചീട്ടെഴുതാനും
അങിനെ ഒരു നഴ്സിംഗ് സ്റ്റാഫിന്റെ അഭാവം നികത്തിയത് ഈ പെൺകുട്ടിയായിരുന്നു.തനിക്ക് ചെറിയൊരു ഹാർട്ട് പ്രോബ്ലത്തിന്
മുൻപ് ബലൂൺ ആൻ ജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ടെന്ന് അവർ ഡോക്ടറോട് അപ്പോൾ മാത്രമാണ് പറയുന്നത്.അടുത്തദിവസത്തെ ക്യാമ്പിൽ
ഗിരിജ പങ്കെടുക്കേണ്ടതില്ലെന്ന് ഡോക്ടർ ഉൾപ്പെടെ എല്ലാവരും അഭിപ്രാ‍യപെട്ടു.ഹാർട്ട് ഡിസീസ് ഉള്ളവർഒഴിവാക്കേണ്ടതാണ് മലകയറ്റം
പോലുള്ള കായിക പ്രവൃത്തികൾ

* * ** * *
അടുത്ത ദിവസം മലക്ക പ്പാറയിലേക്ക് കാട്ടിലൂ‍ടെയുള്ള സുദീർഘമായ യാത്ര.വിഷ്ണുവിന്റെ സ്റ്റീരിയൊവിൽനിന്ന് കർണ്ണാമൃതങളായ ഗീതങൾ
നുകർന്നു കൊണ്ട്.. വനഭംഗികൾ കൺകുളിരെ കണ്ട് കൊണ്ട്.....പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ
കാടിന്റെ ഭാവങൾ ഒരു കഥകളിനടന്റെ മുഖത്തെ നവരസങൾ പോലെ മാറി മാറിവരുന്നതായി നമുക്കനുഭവപെടും.സർപ്പസദൃശമായ
വള്ളികളും ആകാശം മുട്ടുന്ന വൃക്ഷങളുമായി ചിലയിടത്ത് അത് ഒരു രൌദ്രഭാവം കൈകൊള്ളുമ്പോൾ മറ്റുചിലയിടത്ത് തളിരും മലരും
ചൂടി തികച്ചും സൌമ്യപ്രകൃതി..
പതിനൊന്നു മണിയോടെ മലക്കപ്പാറയിൽ എത്തി.തളിർത്ത തേയില തോട്ടങൾ മലനിരകളെ ഒരു ഹരിതകഞ്ചുകം പോലെ മൂടുന്ന
മലക്കപ്പാറ.മുകളിൽ ആകാശം കമിഴ്ത്തിവച്ച നീലചില്ലു പാത്രം പോലെ. എങും പച്ചപ്പും നീലിമയും മാത്രം.മഴക്കാടുകളുടെ മഹാസമുദ്രം
നീന്തി വന്നത് മനോഹരമായ ഒരു മരതകദ്വീപിലേക്ക്....
frames of greenery follows..



ഹരിതവനം -മലക്കപ്പാറയിലെ ടീ എസ്റ്റേറ്റ്
ഇവിടെയെങും രണ്ട് നിറങൾ മാത്രം-മണ്ണിലെ പച്ചപ്പും മാനത്തിന്റെ നീലിമയും

അകലെ സൂചിമുടി
silver oaks- തേയില തോട്ടത്തിലെ കാവൽ വൃക്ഷങൾ.
ഞാൻ അനിൽ കുമാറിനോട് ചോദിച്ചു: ഈ ഓക്ക് മരങൾ ഭംഗിക്കു വേണ്ടിയാണോ?
തേയില തോട്ടാത്തിൽ ഓക്ക് മരങൾ നട്ടു വളർത്തുന്നതിന് പ്രധാനമായും
രണ്ട് ഉദ്ദേശമാണുള്ളത്‌- അനിൽ കുമാർ പറഞ്ഞു:ഒന്ന് .മണ്ണൊലിപ്പ് തടയുക
രണ്ട്:തോട്ടത്തിനെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുക(അതിന്റെ സയൻസ്
എനിക്ക് മനസ്സിലായില്ല സുഹൃത്തേ)

2009, ഏപ്രിൽ 5, ഞായറാഴ്‌ച

വനസ്ഥലിയിലേക്ക്..3 (കുറച്ച് ചിത്രങൾ കൂടി)

താപസനെ പ്പോൽ തനിച്ചൊരു താലവൃക്ഷം
ആരണ്യ തീർത്ഥം ‌-ആർക്കുമൊന്ന് മുങി കുളിക്കാൻ തോന്നും.
വനനിർത്ധരത്തിന്റെ ഗമന ഭംഗി
സസ്യ ശില്പങളുടെ സാമ്രാജ്യ കവാടത്തിൽ ,വനയാത്രികർക്ക് ഒരോർമ്മപെടുത്തൽ പോലെ
റോബർട്ട് ഫ്രോസ്റ്റിന്റെ “A snowy evening in the woods “ എന്ന കവിതയിലെ
വരികൾ......woods are lovely,dark and deep
But I have promise to keep
And miles to go before I sleep
And miles to go before I sleep
അലസഗാമിനി‌-

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

വനസ്ഥലിയിലേക്ക് (ചിത്രങൾ)


.കല്ലോല ലാളിതതീരം.
പാലരുവിക്കരയിൽ
തടശിലതഴുകിയൊഴുകുന്ന വനതരുണി
എണ്ണ പനതോട്ടം

വനസ്ഥലിയിലേക്ക്..1


യാദൃശ്ചികമായാണ് ഒരു വനയാത്രക്കുള്ള അവസരം ഒത്തു വന്നത്.ആറെക്കോട് ,അടിച്ചിലി തൊട്ടി
തുടങിയ സ്ഥലങളിൽ എൻ .ജി.യോസും ആരോഗ്യ വകുപ്പും സംയോജിതമായി നടത്തുന്ന ട്രൈബൽ ക്യാമ്പ്.
എൻ ജിയോ പ്രവർത്തകരായ അമൃതയും സുധീഷും ഡ്രൈവർ വിഷ്ണുവും മാർച്ച്.27 അതിരാവിലെ
ചാലക്കുടിയിൽ എത്തി.പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെയും കൂട്ടി ഏഴുമണിക്ക് തന്നെ
യാത്ര ആരംഭിച്ചു.ചൌക്ക ,വെറ്റില പാറ അതിരപ്പിള്ളി വഴി നിബിഡവനത്തിനുള്ളിലേക്ക് നീണ്ട യാത്ര.
വെറ്റില പാറയിൽ എത്തിയപ്പോൾ കാടിന്റെ സങ്കീർത്തനവും മൂളി വരികയാണ് അലസഗാമിനിയായ അതിരപുള്ളി പുഴ.പുഴയോരം
കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന എണ്ണപനതോട്ടം.അല്പനേരം പനന്തണലിൽ ബ്രെക്ക് ഫാസ്റ്റിന്റെ
പൊതിയഴിച്ച് യാത്രാസംഘം വിശ്രമിക്കാനിരുന്നു.പുഴയിൽ കൈകാൽനനച്ചു.മുഖംകഴുകി.
വീണ്ടും യാത്ര. അതിരപള്ളിയിൽ ജലപാതത്തിന്റെ അതി മനോഹരമായ വിദൂരകാഴ്ച,വെളുത്തവിവാഹ
വസ്ത്രവുമണിഞ്ഞ് ദേവാലയത്തിന്റെ പടികൾ ഇറങി വരുന്ന ക്രിസ്ത്യൻ യുവതിയെ ഓർമ്മിപ്പിച്ചു. പിന്നെയാണ് നീണ്ടു
കിടക്കുന്ന വനരഥ്യയിലൂടെ കാടിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത്. വടം പോലെ വലിയ വള്ളികളും,ആകാശം മറയ്ക്കുന്ന
കാട്ടു വൃക്ഷങളും,ഭീമാകാരമായ പാറകെട്ടുകളുമൊക്കെയായി കാടിന്റെ നിഗൂഢ സൌന്ദര്യം വെളിപെട്ടുതുടങി.ഈറ്റ,മുളം കൂട്ടം,
വീട്ടി,ഉങ്,തേക്ക്,ചൂരൽ,വയന തുടങിയവൃക്ഷങളാണധികവും-പേരറിയാത്ത തരുക്കളും അസംഖ്യം..ചൂരൽ കാടുകൾ കാണുമ്പോൾ തോട്ടത്തിൽ
വളർത്തുന്ന ഓർണ്ണമെന്റൽ അരിക്കനട്ട് കൂട്ടം കൂടിനിൽക്കുകയാണെന്നെ തോന്നു.
പാതയോരം ആദിമസ്മൃതികൾപോലെ വളർന്നു നിൽക്കുന്ന വലിയപന്നലുകൾ
ഇടക്ക് ചിലനാട്ടു വൃക്ഷങളെയും കണ്ടു..അന്യ നാട്ടിൽ
വച്ച് അടുത്തവീട്ട് കാരെ കണ്ട് മുട്ടുന്നതു പോലെ...

അകലെ ഷോളയാർ ഡാം ഒരു പഴയകോട്ട പോലെ തലയുയർത്തിനിൽക്കുന്നു.അരികിൽ നീലാകാശം മുഖം നോക്കുന്ന വനതീർത്ഥം.
ഒരു പക്ഷിയായി പറന്നു ചെന്ന് ആകുളിർ
ജലത്തിലൊന്ന് മുങി നിവരാൻ കൊതിച്ചുപോയി.വഴിക്ക് മറ്റൊരു കാട്ടു കല്ലോലിനി തടശിലകളിൽതട്ടി .ചിരിച്ചു കൊണ്ട് പതഞ്ഞൊഴുകുന്നു.
അതിന്റെ തീരത്തും അല്പനേരം...ശീകരകണങളുടെ തണുപ്പ്പുതച്ച് കൊണ്ട്.

ഇടക്ക് മരചില്ലകളിൽ കരിങ്കുരങ്, ചുവന്ന മാറിടമുള്ള ഓലേഞാലി,മരതകപ്രാവ്,കാട്ടു കോഴി തുടങിയ പക്ഷിമൃഗാദികൾ പ്രത്യക്ഷപെട്ടു.മ്ലാവ്,
കാട്ടാന തുടങിയവയെ കാണാനിരിക്കുന്നതേയുള്ളൂ..
വനത്തിലൂടെ
മുപ്പത് കിലോമീറ്ററോളം പിന്നിട്ട് കഴിഞ്ഞിരുന്നു.പിന്നെയും ദീർഘ ദൂരം സഞ്ചരിച്ചാണ് നിർദ്ദിഷ്ട സ്ഥാനത്ത് എത്തിയത്.അടിച്ചിലി
തൊട്ടിയിലേക്കുള്ള കാട്ടു പാതയുടെ മുന്നിൽ ക്വാളിസ് നിന്നു. ഇനിയങോട്ട് നടക്കണം..മലക്കപ്പാറയിൽ നിന്ന് ക്യാമ്പ് സഹായികളായി
വനസംരക്ഷണസമിതി
അംഗങൾ എത്തുന്നത് കാത്ത് ഞങൾ കാടിന്റെ വിജനതയിൽ നിന്നു.ഇടുങിയ വനപാതയിലൂടെ ഏതാനും ആദിവാ‍സികൾ ഇറങിവന്നു
ആദിവാസികളാണെന്ന് പറഞ്ഞറിയിക്കണം .അലക്കിയവസ്ത്രങളുടുത്ത് ഒരു കല്ല്യാണം കൂടാ‍ൻ പോകുന്ന നാട്ട് കാരാണെന്നെ തോന്നൂ.
അവരുടെ കയ്യിൽ കല്ലുവാഴ ,കസ്തൂരി മഞ്ഞൾ ,ചെറുതേൻ തുടങിയ മലഞ്ചരക്കുകൾ.എല്ലാവരും ചാലക്കുടി ടൌണിലേക്കാണ്.അതുവഴി
അപ്പോൾ പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് ബസ്സുണ്ട്.കുടിയിലേക്കുള്ള അരിയും പരിപ്പു മായി മടക്കം മിക്കവാറും മദ്യലഹരിയിലാ
യിരിക്കും.
അവരിൽ ചിലരെ മണി,ചന്ദ്രൻ എന്നൊക്കെ സംബോധനചെയ്ത്
അമൃത സൌഹൃദം പുതുക്കി.അപാരമായ കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള വ്യക്തിയാണ് അമൃത.
അല്പനേരം നിന്നപ്പോൾ കാലിന്റെ വിരലുകൾക്കിടയിൽ ചെറിയവേദന.നോക്കുമ്പോൾ കടിച്ചു തൂങി കിടക്കുന്ന അട്ടകൾ രക്തം കുടിച്ച്
വീർത്തിരിക്കുന്നു.”അല്പംപൊകല പൊടിയിട്ടാൽ മതി..” കൂട്ടത്തിലെ കാരണവർ മടിയിൽ നിന്ന് പുകയിലയെടുത്ത് സഹായവുമായെത്തി.
“ഉപ്പും ചെറു നാരങനീരും ഉപയോഗിച്ച് അട്ടയെ തുരത്താം..“ വിഷ്ണു തന്റെ വനവിജ്ഞാനം വിളമ്പി.’ ശബരിമലയിൽ വച്ച് കഴിഞ്ഞ വർഷം
അട്ട കടി കിട്ടിയ ചെറുവിരലിൽ ഇപ്പോഴും ഇടക്ക് ചൊറിച്ചിലനുഭവ പെടാറുണ്ടെന്നും അയ്യാൾ കൂട്ടിചേർത്തു.
രക്ത് ദാഹിയായ ഒരു കുഞ്ഞു ഡ്രാക്കുള തന്നെയാണ് ഈ മലയട്ട . മനുഷ്യന്റെ മണം കിട്ടിയാൽ മതി കരിയിലകൾക്കുള്ളിൽ
നിന്നും അത് പാഞ്ഞ് വരും. കൈ കൊണ്ട് ചാൺ അളക്കുന്നതു പോലെ യാണ് അതിന്റെ സഞ്ചാരം. ശരീരത്തിലെ വിടെയും കടിച്ച്
തൂങുന്ന അതിനെ കൈ കൊണ്ട് എടുത്ത് കളയാൻ എളുപ്പമല്ല.“ അട്ടയുടെ ഉമിനീരിൽ ഹിറുഡിൻ എന്ന ഒരു രാസവസ്തുവുണ്ട്
ഇതു രക്തം കട്ട പിടിക്കുന്നത് തടയുന്നു.അതുകൊണ്ട് അട്ടകടിയേറ്റ ഭാഗത്ത് നിന്ന് ദീർഘ നേരം രക്തസ്രാവമുണ്ടാകും.ഈ ‘ഹിറുഡിൻ‘ രക്തം
കട്ടപിടിക്കുന്നതിനെതിരെ ഒരു ആന്റി കോയാഗുലന്റ് ഔഷധ മായി ഉപയോഗിക്കുന്നു.”ഡോക്റ്ററും തന്റെ വൈദ്യവിജ്ഞാനം വെളിപെടുത്തി.
(തുടരും)
യാദൃശ്ചികമായാണ് ഒരു വനയാത്രക്കുള്ള അവസരം ഒത്തു വന്നത്.ആറെക്കോട് ,അടിച്ചിലി തൊട്ടി
തുടങിയ സ്ഥലങളിൽ എൻ .ജി.യോസും ആരോഗ്യ വകുപ്പും സംയോജിതമായി നടത്തുന്ന ട്രൈബൽ ക്യാമ്പ്.
എൻ ജിയോ പ്രവർത്തകരായ അമൃതയും സുധീഷും ഡ്രൈവർ വിഷ്ണുവും മാർച്ച്.27 അതിരാവിലെ
ചാലക്കുടിയിൽ എത്തി.പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെയും കൂട്ടി ഏഴുമണിക്ക് തന്നെ
യാത്ര ആരംഭിച്ചു.ചൌക്ക ,വെറ്റില പാറ അതിരപ്പിള്ളി വഴി നിബിഡവനത്തിനുള്ളിലേക്ക് നീണ്ട യാത്ര.
വെറ്റില പാറയിൽ എത്തിയപ്പോൾ കാടിന്റെ സങ്കീർത്തനവും മൂളി വരികയാണ് അലസഗാമിനിയായ അതിരപുള്ളി പുഴ.പുഴയോരം
കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന എണ്ണപനതോട്ടം.അല്പനേരം പനന്തണലിൽ ബ്രെക്ക് ഫാസ്റ്റിന്റെ
പൊതിയഴിച്ച് യാത്രാസംഘം വിശ്രമിക്കാനിരുന്നു.പുഴയിൽ കൈകാൽനനച്ചു.മുഖംകഴുകി.
വീണ്ടും യാത്ര. അതിരപള്ളിയിൽ ജലപാതത്തിന്റെ അതി മനോഹരമായ വിദൂരകാഴ്ച,വെളുത്തവിവാഹ
വസ്ത്രവുമണിഞ്ഞ് ദേവാലയത്തിന്റെ പടികൾ ഇറങി വരുന്ന ക്രിസ്ത്യൻ യുവതിയെ ഓർമ്മിപ്പിച്ചു. പിന്നെയാണ് നീണ്ടു
കിടക്കുന്ന വനരഥ്യയിലൂടെ കാടിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത്. വടം പോലെ വലിയ വള്ളികളും,ആകാശം മറയ്ക്കുന്ന
കാട്ടു വൃക്ഷങളും,ഭീമാകാരമായ പാറകെട്ടുകളുമൊക്കെയായി കാടിന്റെ നിഗൂഢ സൌന്ദര്യം വെളിപെട്ടുതുടങി.ഈറ്റ,മുളം കൂട്ടം,
വീട്ടി,ഉങ്,തേക്ക്,ചൂരൽ,വയന തുടങിയവൃക്ഷങളാണധികവും-പേരറിയാത്ത തരുക്കളും അസംഖ്യം..ചൂരൽ കാടുകൾ കാണുമ്പോൾ തോട്ടത്തിൽ
വളർത്തുന്ന ഓർണ്ണമെന്റൽ അരിക്കനട്ട് കൂട്ടം കൂടിനിൽക്കുകയാണെന്നെ തോന്നു.
പാതയോരം ആദിമസ്മൃതികൾപോലെ വളർന്നു നിൽക്കുന്ന വലിയപന്നലുകൾ
ഇടക്ക് ചിലനാട്ടു വൃക്ഷങളെയും കണ്ടു..അന്യ നാട്ടിൽ
വച്ച് അടുത്തവീട്ട് കാരെ കണ്ട് മുട്ടുന്നതു പോലെ...

അകലെ ഷോളയാർ ഡാം ഒരു പഴയകോട്ട പോലെ തലയുയർത്തിനിൽക്കുന്നു.അരികിൽ നീലാകാശം മുഖം നോക്കുന്ന വനതീർത്ഥം.
ഒരു പക്ഷിയായി പറന്നു ചെന്ന് ആകുളിർ
ജലത്തിലൊന്ന് മുങി നിവരാൻ കൊതിച്ചുപോയി.വഴിക്ക് മറ്റൊരു കാട്ടു കല്ലോലിനി തടശിലകളിൽതട്ടി .ചിരിച്ചു കൊണ്ട് പതഞ്ഞൊഴുകുന്നു.
അതിന്റെ തീരത്തും അല്പനേരം...ശീകരകണങളുടെ തണുപ്പ്പുതച്ച് കൊണ്ട്.

ഇടക്ക് മരചില്ലകളിൽ കരിങ്കുരങ്, ചുവന്ന മാറിടമുള്ള ഓലേഞാലി,മരതകപ്രാവ്,കാട്ടു കോഴി തുടങിയ പക്ഷിമൃഗാദികൾ പ്രത്യക്ഷപെട്ടു.മ്ലാവ്,
കാട്ടാന തുടങിയവയെ കാണാനിരിക്കുന്നതേയുള്ളൂ..
വനത്തിലൂടെ
മുപ്പത് കിലോമീറ്ററോളം പിന്നിട്ട് കഴിഞ്ഞിരുന്നു.പിന്നെയും ദീർഘ ദൂരം സഞ്ചരിച്ചാണ് നിർദ്ദിഷ്ട സ്ഥാനത്ത് എത്തിയത്.അടിച്ചിലി
തൊട്ടിയിലേക്കുള്ള കാട്ടു പാതയുടെ മുന്നിൽ ക്വാളിസ് നിന്നു. ഇനിയങോട്ട് നടക്കണം..മലക്കപ്പാറയിൽ നിന്ന് ക്യാമ്പ് സഹായികളായി
വനസംരക്ഷണസമിതി
അംഗങൾ എത്തുന്നത് കാത്ത് ഞങൾ കാടിന്റെ വിജനതയിൽ നിന്നു.ഇടുങിയ വനപാതയിലൂടെ ഏതാനും ആദിവാ‍സികൾ ഇറങിവന്നു
ആദിവാസികളാണെന്ന് പറഞ്ഞറിയിക്കണം .അലക്കിയവസ്ത്രങളുടുത്ത് ഒരു കല്ല്യാണം കൂടാ‍ൻ പോകുന്ന നാട്ട് കാരാണെന്നെ തോന്നൂ.
അവരുടെ കയ്യിൽ കല്ലുവാഴ ,കസ്തൂരി മഞ്ഞൾ ,ചെറുതേൻ തുടങിയ മലഞ്ചരക്കുകൾ.എല്ലാവരും ചാലക്കുടി ടൌണിലേക്കാണ്.അതുവഴി
അപ്പോൾ പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് ബസ്സുണ്ട്.കുടിയിലേക്കുള്ള അരിയും പരിപ്പു മായി മടക്കം മിക്കവാറും മദ്യലഹരിയിലാ
യിരിക്കും.
അവരിൽ ചിലരെ മണി,ചന്ദ്രൻ എന്നൊക്കെ സംബോധനചെയ്ത്
അമൃത സൌഹൃദം പുതുക്കി.അപാരമായ കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള വ്യക്തിയാണ് അമൃത.
അല്പനേരം നിന്നപ്പോൾ കാലിന്റെ വിരലുകൾക്കിടയിൽ ചെറിയവേദന.നോക്കുമ്പോൾ കടിച്ചു തൂങി കിടക്കുന്ന അട്ടകൾ രക്തം കുടിച്ച്
വീർത്തിരിക്കുന്നു.”അല്പംപൊകല പൊടിയിട്ടാൽ മതി..” കൂട്ടത്തിലെ കാരണവർ മടിയിൽ നിന്ന് പുകയിലയെടുത്ത് സഹായവുമായെത്തി.
“ഉപ്പും ചെറു നാരങനീരും ഉപയോഗിച്ച് അട്ടയെ തുരത്താം..“ വിഷ്ണു തന്റെ വനവിജ്ഞാനം വിളമ്പി.’ ശബരിമലയിൽ വച്ച് കഴിഞ്ഞ വർഷം
അട്ട കടി കിട്ടിയ ചെറുവിരലിൽ ഇപ്പോഴും ഇടക്ക് ചൊറിച്ചിലനുഭവ പെടാറുണ്ടെന്നും അയ്യാൾ കൂട്ടിചേർത്തു.
രക്ത് ദാഹിയായ ഒരു കുഞ്ഞു ഡ്രാക്കുള തന്നെയാണ് ഈ മലയട്ട . മനുഷ്യന്റെ മണം കിട്ടിയാൽ മതി കരിയിലകൾക്കുള്ളിൽ
നിന്നും അത് പാഞ്ഞ് വരും. കൈ കൊണ്ട് ചാൺ അളക്കുന്നതു പോലെ യാണ് അതിന്റെ സഞ്ചാരം. ശരീരത്തിലെ വിടെയും കടിച്ച്
തൂങുന്ന അതിനെ കൈ കൊണ്ട് എടുത്ത് കളയാൻ എളുപ്പമല്ല.“ അട്ടയുടെ ഉമിനീരിൽ ഹിറുഡിൻ എന്ന ഒരു രാസവസ്തുവുണ്ട്
ഇതു രക്തം കട്ട പിടിക്കുന്നത് തടയുന്നു.അതുകൊണ്ട് അട്ടകടിയേറ്റ ഭാഗത്ത് നിന്ന് ദീർഘ നേരം രക്തസ്രാവമുണ്ടാകും.ഈ ‘ഹിറുഡിൻ‘ രക്തം
കട്ടപിടിക്കുന്നതിനെതിരെ ഒരു ആന്റി കോയാഗുലന്റ് ഔഷധ മായി ഉപയോഗിക്കുന്നു.”ഡോക്റ്ററും തന്റെ വൈദ്യവിജ്ഞാനം വെളിപെടുത്തി.
(തുടരും)