2009, ജൂൺ 18, വ്യാഴാഴ്‌ച

സയനോര

(മുൻ കുറിപ്പ്: ഈ പോസ്റ്റിന്റെ ടൈറ്റിൽ വായിച്ച് ഇതൊരു സുന്ദരി പെൺകുട്ടിയുടെ കഥയായിരിക്കും
എന്ന മുൻ ധാരണയോടെ യാണ് നിങൾ വന്നെതെങ്കിൽ തുടർന്ന് വായിക്കണമെന്നില്ല
-നിരാശയായിരിക്കും ഫലം . )
ഞാൻ ബ്ലോഗ് തുടങിയതിന്റെ വാർഷികാഘോഷത്തിന് ഇനിയും മാസങൾ ശേഷിക്കുന്നു.പക്ഷെ
ഒരു തിരിഞ്ഞു നോട്ടത്തിനും പുനർ വിചിന്തനത്തിനും സമയമായി എന്നു തോന്നി തുടങിയിരിക്കുന്നു.
ഈ ബ്ലോഗ് തുടങുമ്പോൾ ഐ.ടി . മേഖലയിൽ ഞാനൊരു നവസാക്ഷരനായിരുന്നു.കമ്പ്യൂട്ടറുമായി ബന്ധപെട്ട
ലളിതമായ സാങ്കേതിക പദങൾ പോലും പരിചയപെട്ടുതുടങുന്നതേയുള്ളൂ. എന്നിട്ടും കമ്പ്യൂട്ടർ കയ്യിൽ
കിട്ടിയപ്പോൾ ഞാൻ നേരെ ചാടിയത് ബ്ലോഗിങിലേക്കാണ്.അതിന്റെ ആദ്യപടിയായി
.എങനെയൊക്കയോ ‘വരമൊഴി‘ ഡൌൺലോഡ് ചെയ്തു.അതോടെ മലയാളത്തിലുള്ള എഴുത്താരംഭിച്ചു.എഴുതിയ
തൊക്കെയും നോട്ട് പാഡിലെ ഫയ്ലിൽ സംഭരിച്ചു വച്ചു. പിന്നെയും കുറച്ച് നാൾ കഴിഞ്ഞാണ് ബ്ലോഗിംഗ് തുടങാനുള്ള ശ്രമം
ആരംഭിച്ചത്.ആഴ്ചകളോളം
നീണ്ടു നിന്ന ട്രൈൽ ഏൻഡ് എറർ(Trial and error ) മെത്തേഡിലൂടെ അവസാനം സ്വന്തമായൊരു ബ്ലോഗ് എന്ന സങ്കല്പം സാക്ഷാത്കൃതമായി.
എഴുത്തുകാർക്ക് മാത്രമല്ല ,ചിത്രം വരക്കുന്നവനും , ചിത്രം എടുക്കുന്നവനും,മോശമല്ലാത്ത ബാത്ത് റൂംസിങർക്കുമൊക്കെ
തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും തിരസ്കരിക്കപെടുമെന്ന ഭയമില്ലാതെ പരീക്ഷണങൾക്ക് മുതിരാനും ഉള്ള ഒരു നല്ല
വേദിയായാണ് ഞാൻ ബ്ലോഗിങിനെ കണ്ടത്.ഇവിടെ നിങൾ എഴുത്തുകാരൻ മാത്രമല്ല,എഡിറ്ററും പബ്ലിഷറുമൊക്കെയാണ്.
ശരിക്കും ഒരു വണ്മാൻ ഷോ.അതുകൊണ്ട് തന്നെ പരിമിതികളില്ലാത്ത സ്വാതന്ത്ര്യവും ഒരാൾക്കുണ്ട്. പക്ഷേ ,ആസ്വാതന്ത്ര്യം
നൽകുന്ന ഉത്തരവാദിത്വത്തെകുറിച്ചും അയ്യാൾ ബോധവാനായിരിക്കണം.
ബ്ലോഗിന്റെ ആകാശത്ത് നിങളുടെ സൃഷ്ടി ഒരു പട്ടം പോലെയാണ്.ഭംഗിയും മികവുമുള്ളതാണെങ്കിൽ അത് ഉയരങളിൽ
പറന്ന് മറ്റുള്ളവരുടെ കാഴ്ചയെ കവരുക തന്നെ ചെയ്യും.പക്ഷെ പ്രേക്ഷകൻ അജ്ഞാതനായിരിക്കും
ഇതിന്റെ നൂല് ആരുടെ കയ്യിലാണെന്ന്.അവിടെക്കു നോക്കുമ്പോൾ മിക്കാവാറും ഒരു വിചിത്രമായ പേരോ
ഒരു പട്ടികുട്ടിയുടെ പടമോ ഒക്കെയായിരിക്കും കാണുന്നത്.എങ്കിലും പ്രശസ്തിയോട് അലർജിയില്ലാത്തവർ
സ്വന്തം പേരും ഫോട്ടൊയുമൊക്കെ ബ്ലോഗിലിടാറുണ്ട്.പക്ഷെ അതുകൊണ്ടൊന്നും വലിയവിശേഷമില്ല.
ബ്ലോഗിങിലൂടെ മാത്രം പ്രശസ്തരാവുന്നവർ വിരലിലെണ്ണവുന്നവർ മാത്രം..അതുകൊണ്ട് ഇവിടെക്ക്
കടന്നുവരുന്നഭൂരിഭാഗം പേരുടെയും ലക്ഷ്യം ആത്മാവിഷകാ‍രം മാത്രമാണ് .പലർക്കും ഇത് വെറുമൊരു ഹോബിയും.

കാല്പനികം എന്നൊരു കവിതസമാനമായസൃഷ്ടിയാണ് ഞാൻ ബ്ലോഗിൽ ആദ്യം പബ്ലിഷ് ചെയ്തത്.
എന്നിട്ട് ആരെങ്കിലും കമന്റിടുന്നതും കാത്ത് കുറച്ചു നാളുകൾകാത്തിരുന്നു. പക്ഷെ ആർക്കും ഇതുവഴിവരുവാനുള്ള
ഉദ്ദേശ്യമുണ്ടേന്ന് തോന്നിയില്ല്ല.അപ്പോഴാണ് എഴുതിയാൽ പോര അതിന് പബ്ലിസിറ്റി കൊടുക്കേണ്ട ചുമതലയും
എഴുത്തുകാ‍രനുണ്ടെന്ന മനസ്സിലായത്.അങിനെ അധികം വൈകാതെ ചിന്തയിൽ ബ്ലോഗ് രെജിസ്റ്റർ ചെയ്തു.
അപ്പോഴേക്കും ചിലകാര്യങൾ കൂടി എനിക്കു മനസ്സിലായിതുടങിയിരുന്നു.
ബ്ലൊഗിൽ എഴുത്തുകാരും വായനക്കാരും ഒന്നു തന്നെ ...കാണികളും കളിക്കാരും ഒന്നു തന്നെ ...
വായിക്കുന്നതിനേക്കാൾ വായിക്കപെടുവാനായിരിക്കും പലരും ആഗ്രഹിക്കുന്നത്..
എങ്കിലും ,“നല്ലത്” എന്ന് ഇങോട്ടൊരു കമന്റ് കിട്ടിയാൽ ,
“വളരെ നല്ലത് “എന്ന് അങോട്ടൊരു കമന്റ് കൊടുക്കാനും നമ്മൾ ശ്രമിക്കും.തോളിൽ തട്ടിയുള്ള അഭിനന്ദനം
ചിലപ്പോൾ പരസ്പരം വായിച്ചുനോക്കാതെയും ആകാം...ആത്മാർഥത കൈവിട്ടാലും നമ്മൾ മര്യാദ
കൈവിടുകയില്ല...!!

ബ്ലോഗിലെ എഴുത്തുകാർ പ്രധാനമായും രണ്ട് തരമാണ്.പ്രതിഭയുള്ളവരും. ഇല്ലാത്തവരും.
ആദ്യത്തെ കൂട്ടർ ജന്മനാ കാന്തികത എന്ന പ്രോപ്പർട്ടി ഉള്ളവരാണ്. റിയൽ ബോൺ മാഗ്നറ്റ്സ്.ഇവരുടെ ആശയങൾ
അചുംബിതമായിരിക്കും അതാവിഷ്കരിക്കുന്ന ശൈലി വളരെ വ്യത്യസ്തവും.ഇവരുടെ ഓരോ രചനായിലും
സ്വന്തം കൈയൊപ്പ് പത്ഞ്ഞിട്ടുണ്ടാ‍യിരിക്കും.ഇവരുടെ ശബ്ദം ഒരിക്കലും മാറ്റൊലി ആയിരിക്കുകയില്ല.
ഇവർ ഇരുളിലെ കാന്തവിളക്കുപോലെ സൃഷ്ടികളുടെ പ്രകാശപുഷ്പങൾ വർഷിച്ചുകൊണ്ടിരിക്കും...
അങനെ ഇവർ മറ്റുള്ളവരെ സദാ ആകർഷിച്ച് കൊണ്ടിരിക്കും....
മറ്റൊരു കൂട്ടർ പച്ചിരുമ്പ് പോലെയാണ് .സ്വന്തമായി കാന്തികത എന്നപ്രോപ്പർട്ടി ഇല്ലാത്തവർ.
വായന കൊണ്ടോ എന്തെങ്കിലുമോക്കെ എഴുതിശ്രദ്ധനേടണമെന്നോ ഉള്ള ശക്ത്മായ ആഗ്രഹം
കൊണ്ടോ ,കാന്തവുമായുള്ള ദീർഘസംസർഘത്താൽ ദുർബലമായ കാന്തികശക്തി
ലഭിച്ച പച്ചിരുമ്പിനെ പോലെ അക്ഷര പയറ്റിനു തുനിഞ്ഞിറങുന്നവർ..മറ്റൊരു ശൈലിയിൽ പറഞ്ഞാൽ ഉള്ളതുവച്ച് ഓത്തിനി
റങുന്നവർ.ഇവരുടെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം
അതവാ പ്രതിധ്വനി ഉണ്ടായിരിക്കും..സിയൂസിന്റെ ശാപം കിട്ടിയതുപോലെ..
സ്വന്തം സ്വരത്തിലെ പ്രതിധ്വനി ഇവർ ഒരു പക്ഷെ ആദ്യം തിരിച്ചറിയുന്നുണ്ടാവില്ല.തിരിച്ചറിവുണ്ടാകുമ്പോൾ
തോന്നും .എന്തിനു വെറുതെ സമയംവെയ്സ്റ്റ് ചെയ്യുന്നു.
ആ നേരം കുഴികുത്തി ഒരു ഞാലി പൂവൻ വാഴകുഴിച്ചിട്ടാൽ വൈകാതെ ഒരു കുല പഴമെങ്കിലും കിട്ടും
(പക്ഷെ ഞാൻ വിചാരിക്കുന്നത് ഇതൊന്നുമല്ല.. തത്കാലം അതൊരു സീക്രട്ടായി ഇരിക്കട്ടെ.ദാ ! അവിടെയും ഒരു സസ്പെൻസ്!!)
ഇങനെയോക്കെ യാണെങ്കിലും ഇത്രനാളത്തെ ബ്ലോഗിംഗ് തികച്ചും വെയ്സ്റ്റ് ആയിരുന്നു എന്നു ഞാൻ വിചാരിക്കുന്നില്ല.
അത് ചില “വിർച്വൽ ഫ്രണ്ട്ഷിപ്പ്” ഉണ്ടാ‍ക്കിതന്നു.പക്ഷെ യഥാർഥ സൌഹൃദവും ഈ ബ്ലൊഗ് സൌഹൃദവും തമ്മിൽ
റിയാലിറ്റിയും വിർച്വൽ റിയാലിറ്റിയും(virtual reality )തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് ഞാൻ അറിയുന്നു.എങ്കിലും അത്
ചില സാധ്യതകളും അവശേഷിപ്പിക്കുന്നുണ്ട്.
ഉദ്ദാഹരണത്തിന്, ഭാവിയിൽ ചാലകുടി സുരഭി തിയ്യറ്ററിൽ ഹരിഹരന്റെ “ പഴശ്ശി രാജാ “കാണാൻ ടിക്കറ്റെടുക്കാൻ നിൽക്കുമ്പോഴായിരിക്കും
മുന്നിൽ പരിചയമുള്ള ഒരു മുഖം,നെറ്റിയിൽ ചന്ദനകുറിയുമുണ്ട്..”ശ്രീ യല്ലെ ...ബ്ലോഗിൽ കഥകളൊക്കെ എഴുതുന്ന...” ഞാൻ പരിചയപെടും.
“ താങ്കൾ... ??” അഭിമാനവും സന്തോഷവുംസ് ഫുരിക്കുന്ന മുഖത്തോടെ അദ്ദെഹം ചോദിക്കും.
ഞാനപ്പോൾ എന്റെ പേരു പറയും .പക്ഷെ ആ പേര് ആദ്യമായികേൾക്കുന്നതു കൊണ്ട് കക്ഷിയുടെ മുഖത്ത് പരിചയഭാവമൊന്നും കാണുകയില്ല.
‘ ഞാൻ ഒരു വായനക്കാരൻ .ഇടക്ക് ബ്ലൊഗിലെ കഥകളും കവിതകളുമൊക്കെ വായിക്കാറുണ്ട്..”
അല്ലെങ്കിൽ തിരക്കേറിയ ബോംബെയിലെ ഒരു ഗലിയിലൂടെ നടന്നു പോകുമ്പോഴായിരിക്കും
പരിചയമുള്ള ചിന്താക്ലാന്തമായ മറ്റൊരു മുഖം ..ഒരു കവിയുടെ മുഖം “ഹലോ ഹൻ ലാലാത്ത് ...” ഞാൻ സൌഹൃദപൂർവ്വം കൈ നീട്ടും.
പക്ഷെ തിരക്കിനടയിൽ പരിചയം പുതുക്കാൻ സമയം കിട്ടുമോ?സംശയമാണ്. “പിന്നെ കാണാമെന്ന് ‘ പറഞ്ഞ് നടന്നു നീങുമായിരിക്കും.
ലക്ഷ്മിയെ കാണുന്നത് മിക്കവാറും കുടുംബസമേതമായിരിക്കും.ടൂറിസ്റ്റുകൾ വന്നു പോകുന്ന ഏതെങ്കിലും കാലപഴക്കം ചെന്ന ഒരു കോട്ടയിൽ വച്ച്.
തിരിച്ച് പ്രതീക്ഷിക്കാത്ത ഒരു പുഞ്ചിരി മാത്രമായിരിക്കും കോട്ടൺ കാൻഡിയും നിലക്കടലയും തങളിൽ പങ്ക് വക്കുന്ന അവർക്ക് ഞാൻ നൽകുക.
കായം കുളംവഴി ട്രെയിനിൽ പോകുമ്പോൾ സ്റ്റെഷനിൽ ഇപ്പോൾ തമാശപൊട്ടിക്കും എന്ന മുഖഭാവത്തോടെ നിൽക്കുന്ന ഒരു മുഖം
ഞാൻ തിരയും.കാണുകയാണെങ്കിൽ കൈ വീശും “ഹായ് ...അരുൺ” പക്ഷെ അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിടാൻ തുടങിയിട്ടുണ്ടാ‍യിരിക്കും
ഇത്രയുമൊക്കെ എഴുതിയതുകൊണ്ട് നാടുനീളെ സൌഹൃദം കൊതിക്കുന്ന ഒരു സഹൃദയനാണ് ഞാനെന്നു നിങൾ വിചാരിച്ചെങ്കിൽ തെറ്റി.
എന്റെ വീട്ടിലേക്കെങാൻ നിങൾ വിരുന്നു വരികയാണെങ്കിൽ “ആരാ ? എന്താ? എന്നൊക്കെ ചോദിച്ച് വരാന്തയിൽ തന്നെ നിർത്തി
നിങളെ പറഞ്ഞയക്കാനുമുള്ള മെരുക്കമില്ലായ്മയും എന്റെ കൈവശമുണ്ട്...ഒക്കെ ഒരു മൂഡനുസരിച്ചാണ്.....നിത്യജീവിതത്തിൽ
ഒരു മുങയെ പോലെ കണ്ണും വട്ടം പിടിച്ച് ഒന്നും മിണ്ടാതെ വെറുതെയിരിക്കാനാണ് എനിക്കിഷ്ടം.ആകാശത്ത് തെളിഞ്ഞ് മായുന്ന
മേഘചിത്രങൾ നോക്കി എത്ര നേരം വേണമെങ്കിലും എനിക്ക് വെറുതെ ഇരിക്കാൻ കഴിയും. ഒരു വാക്കുപോലും മിണ്ടാൻ
ഇഷ്ടമില്ലാത്ത എനിക്ക് പക്ഷെ എന്റെ തൊഴിലിൽ ഒരായിരം പേരോട് മിണ്ടി കൊണ്ടിരിക്കുവാനാണ് നിയോഗം.സ്വയം
ആശ്വസിപ്പിക്കാൻ കഴിവില്ലാത്ത ഞാൻ മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ശ്രമിക്കാറുണ്ട്...
പിന്നെ പരിചയം പുതുക്കേണ്ട
ആവശ്യമില്ലാത്ത ഒരു ബ്ലോഗറെയും ഞാൻ ഈ കാലത്തിനിടയിൽ കണ്ടു. ശ്രീ വീരു.!
എടുത്തു പറയാനുള്ള ബൂലോകത്തെ മറ്റൊരു അനുഭവം യാദൃശ്ചികമായി എന്റെ സഹപ്രവർത്തകൻ എന്നു തന്നെ പറയാവുന്ന
ഒരു ബ്ലോഗറെ കണ്ട് മുട്ടിയതാണ്. കക്ഷി സ്വന്തം ഫോട്ടോയും പേരുമൊക്കെയായി ബ്ലോഗിൽ അങിനെ തികച്ചും സത്യസന്ധനായി
പകൽ വെളിച്ചത്തിലെന്നപോലെ നിൽക്കുകയാണ്.ബ്ലോഗിനും നല്ല ഐശ്വര്യമുള്ള പേര്! നേരത്തെ പറഞ്ഞ കാന്തികപ്രഭാവം
അഥവാ അക്ഷരപ്രസാദം കക്ഷിക്കുണ്ടെന്ന് ആബ്ലോഗ് സന്ദർശിച്ചപ്പോൾ എനിക്കുമനസ്സിലായി.നേരിട്ടു കണ്ടപ്പോഴൊന്നും ഞാ‍ൻ
സംശയിച്ചിട്ടില്ലാത്ത ഒരു രോഗമായിരുന്നു കക്ഷിക്ക്-.കവിതയെഴുത്ത്!! ഒരു ആശംസയും പാസാക്കി നേരെ
അവിടെ നിന്ന് മണ്ടി. കക്ഷി എന്റെ ബ്ലോഗിൽ പ്രതിസന്ദർശനം നടത്തിയിരുന്നെങ്കിൽ തന്നെ എന്നെ തിരിച്ചറിയാൻ വഴിയില്ല.
കാരണം ഇനിഷ്യലുകൾ മാത്രം സീറോവാട്ട് ബൾബുകൾപോലെ തെളിയിച്ചിട്ട് ബാക്കിയെല്ലാം ഇരുട്ടിൽ മുങി കിടക്കുന്ന ഒരു സത്രമാണ്
എന്റെ പ്രൊഫൈൽ.ഇരുട്ടിൽ നിന്ന്,ആളെ അറിയിക്കാതെ കൂടുതൽ സംവദിക്കുന്നത് ഒരു പറ്റിക്കലായിരിക്കുമെന്ന്കരുതി ഞാൻ
കൂടുതലൊന്നും കമന്റാനും പോയിട്ടില്ല.
അനു നിമിഷം പുതിയപുതിയ ബ്ലൊഗുകളുടെ ഇലകൾ വിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വന്മരം പോലെയാണ് ബൂലോകം.
തുടക്കത്തിൽ അതൊരു ശതപർണിയായിരുന്നെങ്കിൽ അധികം
വൈകാതെ അതു സഹസ്ര പർണിയായി.പിന്നെ ശതസഹസ്രപർണിയായി .
ഭാവിയിൽ അതിന്റെ ഇലകൾ ശതകോടിയാകും. ഇതിനിടയിൽ പല ഇലകളും കൊഴിഞ്ഞു കൊണ്ടിരിക്കും.
ഏതൊരിലയും പൊഴിഞ്ഞു വീഴുന്നത് ഒരു മർമ്മരത്തോടെയാണ്..ശ്രദ്ധിച്ചാൽ കേൾക്കാം...”സയോനാരാ...”
സുഹൃത്തുക്കളെ കാര്യങൾ ഇങനെ പറഞ്ഞുതുടങിയാൽ ഞാൻ ഈ പോസ്റ്റിൽ പറയാൻ ഉദ്ദേശിച്ച പ്രധാനകാര്യം പറയാതെ
നിർത്തേണ്ടി വരും .അതുകൊണ്ട് നേരെ കാര്യത്തിലേക്ക് കടക്കാം..
ചില വ്യക്തിപരമാ‍യ കാരണങളാൽ ഞാൻ തത്കാ‍ലം“ സ്വപനാടനം“ എന്ന ബ്ലോഗ് അടച്ചു പൂട്ടുകയാണ്.
പക്ഷെ ഇത് ശാശ്വതമായ ഒരു വിട പറച്ചിൽ ആയി എടുക്കരുത്..കാരണം ഭൂമിയിൽ നിന്നു പോലും നമുക്ക്
ശാശ്വതമായി വിട പറയുവാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
അതുകൊണ്ട് ...തത്കാലം ...തത്കാലത്തേക്കു മാത്രം ......
സയനോരാ........

2009, ജൂൺ 13, ശനിയാഴ്‌ച

ഡിഡിഡിറ്റ് .....(തുടർച്ച)

കവിതയും ഭ്രാന്തും കുമ്മിയടിച്ച്കളിക്കുന്ന കാമുകഹൃദയത്തിന്റെ വിഹ്വലതകൾ
ദിനസരിയുടെ വെൺ താളുകളിൽ നോൺസെൻസ് വരികളായി വാർന്നു വീഴുന്ന
“അനുരാഗത്തിന്റെ ദിനങൾ“ കടന്ന് പൊയ്കൊണ്ടിരുന്നു..
ജിജി അസാമാന്യബുദ്ധിമതിയാണെന്ന് അധികം വൈകാതെ ഞാൻ മനസ്സിലാക്കി.
അവൾക്ക് താത്പര്യമില്ലാത്തവിഷയങൾ ഈ ലോകത്ത് അധികമൊന്നുമില്ലായിരുന്നു.
വായന അവൾക്ക് ഒരു പാഷൻ തന്നെയായിരുന്നു.പ്രത്യേകിച്ചും ഇംഗ്ലീഷ് പുസ്ത്കങൾ.
സ്പർശമണികൊണ്ടുള്ള ഒരു സ്പർശം പോലെ അവളുമായുള്ളസംസർഗ്ഗം എന്നെയും
ഒരു അക്ഷരപ്രേമിയാക്കി.
ടൌണിലെ റസ്റ്റോറന്റിൽ നുണയപെടാതെ ഉരുകിയൊലിക്കുന്ന ബട്ടർ സ്കോച്ചിനുമുന്നിൽ ഞങളുടെ സാഹിത്യ
ചർച്ചകൾ ജെയിൻ ഓസ്റ്റൻ മുതൽ ജുംബാലാഹിരി വരെ നീണ്ടു.. സന്ധ്യയോടെ യാത്രപറഞ്ഞ് പിരിഞ്ഞാലും
എസ് എം എസിലൂടെ ഞങൾ സംവദിച്ചുകൊണ്ടിരുന്നു.. ഡിഡിഡിറ്റ് ഡാഡാ. എന്നത് കാതിനിമ്പമുള്ള
ഒരു പ്രണയസംഗീതം തന്നെയായിരുന്നു ..കാരണം ജിജിയല്ലാതെ മറ്റൊരാളും എനിക്ക് ആനാളുകളിൽ
sms കൾ അയച്ചിരുന്നില്ല. പിന്നെ മറ്റു sms കളും വരാൻ തുടങിയപ്പോൾ .“.ഡിഡിഡിറ്റ്..“ എന്നത് ജിജിക്കുമാത്രം വേണ്ടിയുള്ള
മെസ്സേജ് ടോൺ ആക്കി സെറ്റ് ചെയ്തു വച്ചു..
ഷെയർ മാർക്കറ്റിന്റെ ബാലപാഠങൾ എന്നിൽ നിന്ന് പഠിച്ചെടുത്ത ജിജി ആയിടെയായി ഷെയറുകൾ വിൽക്കൽ
വാങലുകളിൽ എന്നെ ഉപദേശിക്കാനും തുടങിയിരുന്നു..പലപ്പോഴും അവളുടെ ഇന്റ്യൂഷൻ (intuition ) ഊഹകച്ചവടത്തിൽ
എനിക്ക് വലിയ ലാഭങൾ സമ്പാദിച്ചു തന്നു..അതൊരു അവസരമായെടുത്ത് ഞാൻ പ്രത്യുപകാരമായി അവൾക്ക് വിലപിടിച്ച
പ്രണയസമ്മാനങൾ നൽകി.കാഷ് ആയും അല്ലാതെയും.
ഒടുവിൽ, കൊല്ലുന്നരാജാവിന് തിന്നുന്ന മന്ത്രി യെപോലെ താനെനിക്ക് നല്ലൊരുകൂട്ടായിരിക്കുമെന്ന് പറഞ്ഞ് ജീയോജിത്തിന്റെ
മുറ്റത്ത് നിൽക്കുന്ന വാകമരത്തിനു ചുവട്ടിൽ വച്ച് ഞാൻ ജിജിയുടെ മോതിരവിരലിൽ ഡയമണ്ട് പതിച്ച ഒരു വെഡ്ഡിംഗ് റിംഗ്
അണിയിക്കുന്നത് വരെയെത്തി കാര്യങൾ.(സത്യക്രിസ്ത്യാനിയാണ്. നല്ലകുട്ടിയാണ്. പൂത്തപണക്കാരാണ്
.വീട്ടിൽ ഞാൻ ഒരു സൂചനകൊടുത്തിരുന്നു.) അവൾ വലത്ത് കൈനീട്ടിയപ്പോൾ കഴുത്തിൽ നിന്നും മഞ്ഞപട്ട് ഷാൾ
പെട്ടെന്ന് താഴേക്ക് ഒഴുകി വീണു..അപ്പോൾ വലത്തെ ചുമലിൽ ഞാൻ വളരെ വ്യക്തമായി കണ്ടു.ഒരു ശംഖചക്രത്തിനു താഴെ
പച്ചകുത്തിയിരിക്കുന്ന “ഓം’ എന്ന അക്ഷരം.ജെയിൻ ഓസ്റ്റന്റെ പ്രണയ നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്
ഒരു അപസർപ്പക കഥയുടെ ഏട് മറിഞ്ഞുവന്നതു പോലെ ഞാൻ പെട്ടെന്നു പകച്ചു.എന്റെ മനസ്സ് വായിച്ച അവൾ പറഞ്ഞു
കോളേജിൽ പഠിക്കുമ്പോഴത്തെ ഒരു കുസൃതി...ടാറ്റൂയിങ് ആയിടെ ഹൈസൊസൈറ്റിയിൽ ഫാഷനായി വരികയാണെന്നും
അവൾ എന്നെ ബോധ്യപെടുത്തി(.എന്നെ സംബന്ധിച്ചിടത്തോളം പച്ചകുത്ത് ഒരു നാടോടിത്തത്തിന്റെ സിംബൾ ആയിരുന്നു
പണ്ട് വീട്ടിൽ വന്നിരുന്ന കുറത്തിയേയാണ് ഞാൻ ഓർത്തത്). സത്യത്തിൽ അതൊരു കല്ലുകടിയായിരുന്നു.
കല്ലു കണ്ടാൽ കൈകോട്ട് വക്കണമെന്ന്
പഴമക്കാർ പറയും. പക്ഷെ അന്ധമായ പ്രണയം അതിന്ന് സമ്മതിക്കുമോ?കല്ലല്ല,കാരിരുമ്പിനു മുന്നിലും വായ്തല
മടക്കുന്ന ഒന്നല്ല അത്..
ഞങൾ ഒരു മിച്ചിരുന്ന് ഭാവിയെ കുറിച്ചുള്ള ചില പ്ലാനുകൾ ഉണ്ടാക്കി.
പിറ്റെന്നു തന്നെ ജിയോജിത്തിന്റെ ഓഫീസ് കൌണ്ടറിൽ നിന്ന് അതു വരേയുള്ള സമ്പാദ്യമെല്ലാം
പിൻ വലിക്കാനുള്ള തീരുമാനമായി.ഒഫീഷ്യൽ എൻ ഗേജ് മെന്റിനു മുന്ന് ഒരു കാർ അത്യാവശ്യമാണെന്ന് അവൾ എന്നോട്
പറഞ്ഞിരുന്നു.അതിന് അഡ്വാൻസ് കൊടുക്കുവാനാണ് പണം. പിറ്റെന്ന് ഒരു മിച്ച് പണമെണ്ണിതിട്ടപെടുത്തുമ്പോൾ
. അങ്കം ജയിച്ച് വന്ന ചേകവർക്ക് ചേകവത്തി വിജയതിലകം ചാർത്തുന്നതു പോലെ അവൾ എനിക്കൊരു
തിളക്കമുള്ള കടാക്ഷം സമ്മാനിച്ചു. അപ്പോൾ എനിക്കു തോന്നിയ അഭിമാനം...
ഞങൾ നേരെ പോയത് റസ്റ്റോറന്റിലേക്കാണ്.കാർവാങുന്നതിന്റെ ഒരു ചെറിയട്രീറ്റ് .ചിക്കൺപിസ്സയും ഗോബിമഞ്ജൂരിയും
ഓർഡർ ചെയ്ത് ഞങൾ കാത്തിരുന്നു. ഇടക്ക് കയ്യിലെ ബാഗ് അവളെ ഏല്പിച്ച് ഞാൻ ഒന്നു ബാത്തുറൂമിൽ പോയി
തിരിച്ച് വന്നപ്പോൾ ജിജി ഇരുന്നിരുന്നസീറ്റ് ശൂന്യമായിരുന്നു..അപ്പോൾ എന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു
അതിന്റെ വെളിച്ചത്തിൽ അവളുടെ വലത്തു ചുമലിലെ ശംഖചക്രവും ഓം എന്ന അക്ഷരവും ഒരു നിമിഷം വീണ്ടും എന്റെ
മുന്നിൽ ജ്വലിച്ചു. ഞാന് അത്രയേ ഓർക്കുന്നുള്ളൂ. ഞാൻ കുഴഞ്ഞ് വീണെന്നും ചുഴലിദീനക്കാരനെ പോലെ കൈകാലിട്ടടിച്ചെന്നും
പിന്നീട് ഹൊസ്പിറ്റലിൽ വച്ചാണ് അറിഞ്ഞത്.ചിക്കൻ ഗുനിയയും ചിക്കൻപോക്സും ഒരു മിച്ച് വന്നതുപോലെ ഞാൻ
ആശുപത്രി കിടക്കയിൽ തളർന്നുകിടന്നു. പണം പൊയ്പോയതിലായിരുന്നില്ല എന്റെ ദു:ഖം ഒരു പളുങ്കു പാത്രം പോലെ
ഉടഞ്ഞുപോയ എന്റെ പകൽകിനാവിനെ ഓർത്താണ് ഞാൻ വേദനിച്ചത്.മോഷ്ടിച്ചെടുത്ത പണവുമായി തിരക്കേറിയ
ട്രാഫിക്കിലൂടെ തന്റെ കൈനറ്റിക് ഹോണ്ടയിൽ അപകടകരമായ വേഗത്തിൽ ജിജി പാഞ്ഞുകൊണ്ടിരിക്കുന്ന
ദൃശ്യം എന്റെ കണ്മുന്നിൽ ഇടക്കിടക്ക് തെളിഞ്ഞു കൊണ്ടിരുന്നു.അവളുടെ ചുരുൾ മുടിയിഴകൾ കാറ്റിൽ പാറുന്നത് ഞാൻ കണ്ടു.
അപ്പോഴൊക്കെ അവളെ അപകടങളിൽ നിന്ന് കാത്തുകൊള്ളണമെന്ന്
ഞാൻ ദൈവത്തോട് പ്രാർഥിച്ചു..ജീ‍വിതകാലം മുഴുവൻ ഓർത്ത് വെക്കാൻ ഒരു പ്രണയകുറുമ്പ് സമ്മാനിച്ച് എന്റെ ജീവിതത്തിൽ നിന്ന്
ഇറങി ഓടിയ അവളെ പെട്ടൊന്നൊന്നും മറക്കാൻ ആവുമായിരുന്നില്ല.കാരണം എല്ലാവിശേഷഅവസരങളിലും പിന്നെയും
എന്റെ മൊബൈൽ നഷ്ട പ്രണയത്തിന്റെ സ്വരത്തിൽ ശബ്ദിച്ചു:സ്ക്രിനിൽ ആശംസകൾ തെളിഞ്ഞു.
ഹാ‍പ്പി ക്രിസ്മസ്.... മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ.......ബെസ്റ്റ് വിഷസ്...പക്ഷെ തിരിച്ച് വിളിക്കാൻ ശ്രമിച്ചപ്പോഴൊന്നും
പ്രതികരണമുണ്ടായില്ല...
രണ്ട് വർഷത്തോളം ഇത് തുടർന്നു.അവസാനം അവളുടെ മെസ്സേജ് വന്നത് ഒരു ദു:ഖവെള്ളിയാഴ്ചയാണ്.
അത് വാക്കുകളില്ലാത്ത ഒരു ചിത്രമായിരുന്നു.നിറഞ്ഞൊഴുകുന്ന രണ്ട് നീല കണ്ണുകൾ.. അതിൽ പിന്നെ ആ കമ്മ്യൂണിക്കേഷൻ നിലച്ചു. .
വർഷങൾക്ക് ശേഷം
പാലക്കാരി ഡെയ്സിയുമായുള്ള എന്റെ വിവാഹത്തിന് രണ്ട് നാൾ മുൻപ് എനിക്ക് തപാലിൽ ഒരു പാഴ്സൽ വന്നു.
അതിൽ ഒരു കവറും ഒരു ചെറിയ സമ്മാനപെട്ടിയുമായിരുന്നു.പെട്ടിയിൽ ഒരു ഡയമണ്ട് റിംഗ് !!.വർഷങൾക്ക്
മുൻപ് ഞാൻ ജിജിയുടെ വിരലിൽ അണിയിച്ച അതേ മോതിരം.കവർ തുറന്നപ്പോൾ വീണ്ടും ചുഴലിദീനത്തിന്റെ അറ്റാ‍ക്ക്
ഉണ്ടാകുമോയൊന്ന് ഞാൻ സംശയിച്ചു.അതിൽ പത്ത് ലക്ഷത്തിന്റെ ഒരു ഡ്രാഫ്റ്റായിരുന്നു.അന്നു നഷടപെട്ട പണത്തിന്റെ
അഞ്ചിരട്ടി.!! ഫ്രം അഡ്രസ്സ് നോക്കിയപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്:
മാളവിക(ജിജി തോംസൺ)
സെൻ ട്രൽ ജയിൽ
മലേഷ്യ.. പിന്നെ ഒരു കോണിലായി പച്ചനിറമുള്ള മഷികൊണ്ട് വരച്ച് ഒരു ശംഖചക്രവും ഓം എന്ന അക്ഷരവും....!!
(ജയിലിൽ നിന്നെതെങിനെ സാധിച്ചു എന്ന് വായനക്കാരെ പോലെ എനിക്കും സംശയമുണ്ട്. പക്ഷെ അവിശ്വസനീയ മായ
ഒരു സത്യത്തിനെ വിശ്വസനീയമായ നുണയാക്കി മാറ്റേണ്ട കാര്യം എനിക്കില്ല.സത്യം സത്യമായി പറയുവാൻ ഇഷ്ടപെടുന്ന ഒരു
എഴുത്തുകാരൻ ആണ് ഞാൻ )
(തീർന്നു)

2009, ജൂൺ 12, വെള്ളിയാഴ്‌ച

ഡിഡിഡിറ്റ് ഡാഡാ ഡിഡിഡിറ്റ്

ഈ നൂറ്റാണ്ടിന്റെ ആദ്യപാദങളിൽ ഞാൻ യൌവനത്തിലേക്ക് കാലൂന്നുന്ന സമയത്ത്
ഒരു പ്രാരാബ്ധകാരനായിരുന്നു.പ്രാരാബ്ധം കാരണം പ്രണയത്തെ പോലും അകറ്റി
നിർത്തിയിരിക്കുകയായിരുന്നു. പക്ഷെ പഞ്ഞം പണത്തിനു മാത്രമെ ഉണ്ടായിരുന്നുള്ളൂ
സ്വപനങളുടെ കാര്യത്തിൽ ഞാൻ അംബാനിയായിരുന്നു....
ഒരു മൊബൈൽ,ഒരു കമ്പ്യൂട്ടർ,ലക്ഷ്വറികാറ്, ഇരുനിലവീട്..
വീടിനെ കുറിച്ച് കുറച്ച് പറയേണ്ടിയിരിക്കുന്നു. കാരണം സ്വപ്നങളുടെ ഭ്രമണ കേന്ദ്രം എന്നത്
വീട് ആയിരുന്നു. ചുരുങിയത് ഒരു രണ്ടായിരം സ്ക്വയർ ഫീറ്റ് ഉണ്ടായിരിക്കണം
അതുപോലെ അപ്സ്റ്റെയറും നിർബന്ധം. മോഡുലാർ കിച്ചൺ,മോഡേൺ
ബാത് റൂം. നിലത്ത് വിരിക്കാൻ ഇറ്റാലിയൻ മാർബിൾസ്,.അത്യാവശ്യത്തിന് വിട്രിഫൈഡ് ടൈത്സും
.വുഡ് വർക്ക് മുഴുവൻ മഹാഗണി കൊണ്ട്.ഫർണീച്ചറിന്ന് വെൺ തേക്ക് മാത്രം.പറ്റുമെങ്കിൽ ഒരു
കട്ടിലെങ്കിലും ചന്ദനമരം കൊണ്ട്..ഡ്രസ്സിംഗ് ടേബിളിൽ ആനകൊമ്പിന്റെ ബ്രാക്കറ്റിനുള്ളിൽ
ആറന്മുള കണ്ണാടി. മുകളിൽ ചെറിയ ഒരു ലൈബ്രറിയും ഹോം തിയ്യറ്ററും.ലൈബ്രറിയിൽ ലോകക്ലാസിക്കുകളും
ബ്രിട്ടാ‍നിയ എൻസൈക്ലൊപീഡിയായുടെ പുതിയ എഡിഷനുകളും ഉണ്ടായിരിക്കും.അതൊന്നും ഞാൻ
കൈകൊണ്ട് തൊടുകപോലുമില്ല.(വേറെ പണിയില്ല!).എല്ലാം വെറുതെ ഒരു ഭംഗിക്ക്....
ഹോം തിയ്യറ്ററിൽ ചിലപ്പോൾ അല്പ സമയം ചെന്നിരുന്നെന്നു വരും.ജാക്കിചാന്റെ പടങൾ മാത്രമെ
കാണൂ.പാട്ടുകളാണെങ്കിൽ ബീറ്റിത്സ് . ബോണിയെം..വല്ലപോഴു മൊരു ഹിന്ദി ഗസൽ.. തീർന്നു .
മലയാളം പാട്ടുകൾ അടുപ്പിക്കുക പോലുമില്ല..
പഴയൊരു ഗാനം പോലെ ...’ബസ് ഇതനാ സീ ഹ്വാബ് ഥീ...”
പക്ഷെ സ്വപ്ന സാഫല്യത്തിന് വേണ്ടി ദേഹാധ്വാനം ചെയ്യാനൊന്നും ഞാൻ തയ്യാറായിരുന്നില്ല.
വിയർത്ത ശരീരവുമായി പതുപതുത്ത സോഫയിൽ ഇരിക്കുന്നത് എനിക്ക് ആലോചിക്കാൻ
പോലുമാകുമായിരുന്നില്ല..അങനേയാണ് ഷെയർ വ്യാപാരം പൊടിപൊടിക്കുന്ന ജിയോജിത്തിൽ ഞാൻ
എത്തിപെട്ടത്.തലക്കുമുകളിൽ ശുക്രൻ ഉദിച്ച് നിൽക്കുന്ന സമയ മായിരുന്നിരിക്കണം.ഏതാനും നാളുകൾക്കുള്ളിൽ
സ്വപ്നങളുടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് ഓരോന്നായി പ്രയോറിറ്റി അനുസരിച്ച് എന്റെ നിത്യജീവിതത്തിലേക്ക്
കടന്നു വന്നു.റിലൈൻസ് മൊബൈൽ ..സാംസങ് കമ്പ്യൂട്ടർ.. പിന്നെ വെയ്റ്റിംഗ് ലിസ്റ്റ് മറികടന്ന്, നിനച്ചിരിക്കാത്തനേരത്ത്
ജിജി തോംസൺ എന്നുപേരുള്ള ഒരു സുന്ദരിയും..
കാളകളും കരടികളും(bulls and bears )മദിച്ചു നടക്കുന്ന ജീയോജിത്തിന്റെ അന്തപുരത്തിൽ വച്ചാണ് ജിജിയെ ഞാൻ ആദ്യം
കാണുന്നത്..ബോളിവുഡ് നടി കരിഷ്മാകപൂറിന്റെ കസിനാണെന്ന് പറഞ്ഞാൽ പോലും ആരുംവിശ്വസിച്ച് പോകുന്ന മുഖ
ലാവണ്യം.അല്പം നീലനിറമുള്ള പൂച്ചകണ്ണുപോലുമുണ്ട്..അതിൽ നിന്ന് ഒരു നീലരശ്മി പറന്ന് വന്ന് എന്റെ ഹൃദയത്തിൽ
തൊട്ടു. കക്ഷിയെന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ കീശയിൽ നിന്ന് മൊബൈൽ എടുത്ത്
അതിലെ സ്വിച്ചുകളിൽ വെറുതെ ഞെക്കി.(എന്റെ പണ്ടേയുള്ളസ്വഭാവമാണ് അത്. വീട്ടിൽ ആരെങ്കിലും വിരുന്നു വന്നാൽ
ഞാൻ എന്റെ കളിപാട്ടങളും കുട്ടിസൈക്കിളുമൊക്കെ എടുത്ത് പുറത്ത് വലിച്ചിട്ട് പ്രദർശിപ്പിക്കുമായിരുന്നു)
അന്ന് മൊബൈൽ ഫോൺ ഒരു അപൂർവ്വവസ്തു ആയിരുന്നു.
മോബൈലും ഇന്റ ർ നെറ്റുമൊക്കെ ചേർന്ന് കമ്മ്യൂണിക്കേഷൻ രംഗത്ത് പുതിയൊരു യുഗപിറവിക്ക് സംയുക്ത
കാഹളം മുഴക്കുന്ന സമയം..ആൺപെൺ സൌഹൃദത്തിന് എസ് എം എസ് എന്നമൂന്നക്ഷരങൾ പുതിയരംഗഭാഷ്യം എഴുതികൊണ്ടിരിക്കുന്നു.
ഡിഡിഡിറ്റ് ഡാഡാ....എന്നത് അപൂർവ്വസുന്ദരമായ ഒരു ഗാനത്തിന്റെ നോട്ടേഷനുകൾ പോലെ ജനങളുടെചെവിയിൽ
വന്നു പതിക്കാൻ തുടങിയിട്ടെയുള്ളു. ഈസ്വരങൾ സത്യത്തിൽ ടെലികമ്മ്യൂണിക്കേഷനിലെ ക്ലാസിക്ക് യുഗത്തിന്റെ
ഗൃഹാതുരത്വമായിരുന്നു.മോഴ്സുകോഡുകൊണ്ട് അടിയന്തരസന്ദേശങൾ കൈമാറിയിരുന്ന ഒരുകാലഘട്ടത്തിന്റെ
ഓർമ്മപെടുത്തൽ.(di di dit stand for 'S' and da da stand for 'M).'
ആസമയത്ത് എന്റെ മനസ്സിൽ പേരറിയാത്ത ഏതോഒരു സന്തോഷം.ഞാൻ അലക്ഷ്യമായി ഞെക്കിയ അക്ഷരങളെല്ലാം
നീലനിറമുള്ള ചതുരസ്ക്രീനിൽ തെളിഞ്ഞു മിന്നുന്നു.ഐ ലവ് ചെറീസ് ഏൻഡ് ഷെറി നൌ വാട്ട് ഐ നീഡ് ഈസ്....
നേരത്തെ സൂചിപ്പിച്ചതുപോലെ ഞാൻ ജന്മനാ ഒരു അക്ഷരവൈരിയാണ്.പക്ഷെ അമിതമായി സന്തോഷം തോന്നുന്നുമ്പോഴൊക്കെ
എന്റെ മനസ്സ് ഒരു ഒമർ ഖയ്യാമായി മാറും. അത് ചില പ്രണയകവിതകൾ മൂളാൻ തുടങും.ഞാനതൊക്കെ എവിടെയെങ്കിലും പകർത്തി
വക്കുവാനും...
അങനെ സ്വയം മറന്നു നിൽക്കുമ്പോൾ ..ലാ‍വൻഡർ മിസ്റ്റിന്റെ നേർത്തസുഗന്ധം ...തൊട്ടടുത്ത് മൂക്കിനു താഴെ ..
നോക്കുമ്പോൾ കരിഷ്മയുടെ കസിനാണ്..ഷെയർ സംബന്ധിയായ ഏതോ ഒരു സംശയം..
അത് ഒരു വാക്കുകൊണ്ട് തീർക്കാവുന്ന സംശയമായിരുന്നുന്നു എന്നാണെന്റെ ഓർമ്മ..പക്ഷെ ഞാൻ.
.ഷെയർ മാർക്കന്റിന്റെ ബാലപാഠങളിൽനിന്നു തുടങി ഒരു മണിക്കൂറെടുത്തു ആ സംശയം തീർക്കാൻ
അങനെ അവളുമായി ഒരു ജന്മത്തിന്റെ സൌഹൃദം നേടുകയും ചെയ്തു. പക്ഷെ പിരിയുന്നനേരം ഇൻഡ്യൻ കോഫീ
ഹൌസിൽ നിന്ന് ഒരു ചായക്ക് ക്ഷണിച്ചപ്പോൾ അവൾ ക്ഷമാപണപൂ‍ർവ്വം ഒഴിഞ്ഞ്മാറി.”പിന്നെയാവാമെന്ന്..”
അതും എനിക്കിഷ്ടപെട്ടു .പെൺകുട്ടികളായാൽ ഇങിനെ വേണം ...അല്ലാതെ ഒരാളെ പരിചയപെടുമ്പോഴേക്കും..
അന്നു രാത്രി ,നിത്യ സുഗന്ധിയായ മുറ്റത്തെ മനോരഞ്ജിതത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ സ്വപ്നങളുടെ റെജിസ്റ്റ് റിൽ
ഞാൻ ജിജി തോംസൺ എന്ന പേരു കൂടി ഔദ്യോഗിഗമായി എഴുതിചേർത്തു.ഷെയർ മാർക്കറ്റ് ,എന്റെ സ്വപ്നലോകം വിസ്തൃത
മാക്കുവാനുള്ള് ആത്മവിശ്വാസമൊക്കെ തന്നു കഴിഞ്ഞിരുന്നു. സ്വിറ്റ്സർലാൻഡിലെ ഒരു ഹണിമൂൺ കോട്ടേജിൽ രണ്ട് പേർക്ക്
റൂം ബുക്ക് ചെയ്യുവാൻ ഞാൻ വെയ്റ്റ് ചെയ്യുമ്പോൾ എന്റെ മൊബൈലിൽ നിന്നും സംഗീതാത്മാകമായ ആ സ്വരങൾ ഒഴുകിയെത്തി
ഡിഡിഡിറ്റ് ഡാ ഡാ.. നീലസ്ക്രീനിൽ അക്ഷരങൾ തെളിഞ്ഞു. ഗുഡ് നൈറ്റ് ...ജിജി..
മീനത്തിലെ മുടിഞ്ഞ ചൂടാ‍യിരുന്നിട്ടും അപ്പോൾ പെട്ടെന്നൊരു മഞ്ഞു മഴപെയ്തു..മുറ്റത്തെ പനിനീർചെടികളിൽ വലിയമഞ്ഞുതുള്ളികൾ,
പളുങ്ക് പോലെ വീണ് പൊട്ടിചിതറുന്നത് ഞാൻ കേട്ടു.....
(തുടരും)

2009, ജൂൺ 10, ബുധനാഴ്‌ച

അദ്വൈതകണ്ണട

കുട്ടികാലം എനിക്കൊരു കണ്ണട വച്ചു തന്നു.
സ്വപ്ന നീലിമ ഫ്രെയിമിട്ട
ഒരു ഫാന്റസി കണ്ണട...
അതിലൂടെ നോക്കുമ്പോൾ,
മാനത്ത് മഴവില്ലുകണ്ടു,മഴക്കാരു കണ്ടില്ല..
നിലാവും നക്ഷത്രങളും കണ്ടു.
പുളയുന്ന മിന്നൽ പിണറുകൾ കണ്ടില്ല...
അതിലൂടെ നോക്കുമ്പോൾ,
മുഖങളിൽ പുഞ്ചിരി തെളിഞ്ഞു.
മിഴിനീരെങോ മറഞ്ഞു..
കണ്ണുകളിൽ സ്നേഹം തിളങി.
വിദ്വേഷത്തിന്റെ കനലുകൾ അണഞ്ഞു.
അതിലൂടെ നോക്കുമ്പോൾ,
ചെടികളുടെ പുഷ്പ് സൌന്ദര്യം അറിഞ്ഞു.
മുൾ മൂർച്ചയറിഞ്ഞില്ല..
കാഴ്ചയിൽ പൂന്തേൻ നിറഞ്ഞു
ഇലകളുടെ കയ്പ് അറിഞ്ഞതേയില്ല.
അതിലൂടെ നോക്കുമ്പോൾ,
അയലത്തെ അമ്മിണി ആൻഡേഴസൺ കഥയിലെ രാജകുമാരിയായി....
അന്തോണിച്ചന്റെ എല്ലുന്തിയ ഇരട്ടകുട്ടികൾ ചുക്കും ഗെക്കും
എന്നു പേരുള്ള റഷ്യൻ കുട്ടികളായി...
അപ്പോഴാണ് ചിന്താകലാപവുമായി കൌമാരം കടന്നു വന്നത്..
പ്രത്യയ ശാസ്ത്രത്തിന്റെ കല്ലേറു തട്ടി
എന്റെ കണ്ണട ചില്ലു പൊട്ടി,നെറ്റി മുറിഞ്ഞു..
ഒലിച്ചിറങിയ ചോരകാഴ്ചയെ ചുവപ്പിച്ചു..
ലോകത്തെ ഒരു വിപ്ലവകവിതയുടെ വരികളായി ഞാൻ വായിക്കാൻ തുടങി..
അറിവുകൾ, കള്ള് കരളിനെയെന്ന പോലെ
ആത്മാവിനെ കാർന്നു തിന്നപ്പോൾ
ഞാൻ അസ്വസ്ഥനായി ; ചിലരതിനെ ചിത്ത ഭ്രമമായി തെറ്റി ദ്ധരിച്ചു..
അവരുടെ കല്ലേറിൽ നിന്നോടി തളർന്ന് ഞാൻ കാവി വസ്ത്ര ധാരിയായ
ഗുരുവിന്റെ പാദാരാവിന്ദങളിൽ വീണു.
അദ്ദേഹം എന്റെ ഉടഞ്ഞ കണ്ണട മാറ്റി പകരം മറ്റൊന്നു വച്ചു
അപ്പോൾ ,നിറങളെല്ലാം കലങി നിറമില്ലായ്മയായി..
രൂപങളെല്ലാം ഒന്നു ചേർന്ന് രൂപരാഹിത്യമുണ്ടായി..
വത്സാ, ഇപ്പോഴെന്തു തോന്നുന്നു ? ഗുരു ചോദിച്ചു
“സുഖം ...സ്വസ്ഥത....”
നീയെന്തു കാണുന്നു?
“ഒന്നും കാണുന്നില്ല...”
ഇതാണു കുഞ്ഞേ,നിന്റെ യഥാർഥ കാഴ്ച..

2009, ജൂൺ 8, തിങ്കളാഴ്‌ച

ഷബാഷ്!

ലഹരി(കവിത)
വേദനയുടെ ഒരു പിടി കറുത്ത മുന്തിരികൾ
ഭാവനയുടെ ഇരു തുള്ളികൾ ചേർത്തു വാറ്റി
വെറുപ്പിൻ വീഞ്ഞാക്കി,
വാക്കിൻ വടിവൊത്ത പാനപാത്രങളിൽ
പകർന്നു വക്കുന്നൂ പതിതനാമൊരു കവി.......
മദ ഗന്ധം മണത്ത്,മുഴുക്കുടിയനൊരു
മധു വണ്ടാ‍യി പറന്നെത്തി ,
മിഴിനാവാ‍ലോരോ തുള്ളിയും നക്കിതോർത്തി,
ആ കെ തുടുത്ത് കണ്ണുകൾ പാതി കൂമ്പി
മൂർച് ഛിച്ചു വീഴുന്ന
വായനക്കാരന്റെ
വാക്കുകൾ വഴുക്കുന്നൂ..”ഷബാഷ്.!“

2009, ജൂൺ 5, വെള്ളിയാഴ്‌ച

ചരുമുറിയിലെ സിനിമ

ശ്രീവീരുവിന്റെ ഡേ ലൈറ്റ് റോബറി എന്ന പോസ്റ്റിന് അനുബന്ധമാണീകുറിപ്പ്.
പ്രസ്തുത പോസ്റ്റിൽ ടിയാന് ചില വ്യക്തിപരമായ അനുഭവങളാണ് അയവിറക്കുന്നതെങ്കിലും
കാശുപെട്ടിയിൽ തരം കിട്ടുമ്പോൾ കയ്യിട്ട് വാരുന്നകുട്ടികാലത്തെ കള്ളത്തരങൾ,കുരുത്തം കെട്ട ടീനേജ്
പ്രാ‍യത്തില് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൂട്ടരുമൊത്തുള്ള കള്ളുകുടി തുടങിയവിഷയങൾ
സാർവ്വലൌകികതയുള്ളതാണെന്നു തോന്നി .പിന്നെഈ പോസ്റ്റ് വായിച്ചപ്പോൾ , കഥ നടക്കുന്ന കാലത്ത് കണ്ടാൽ കൃഷണൻ കുട്ടി
നായരെ പോലിരിക്കുമെങ്കിലും ,കഥാഗതിയിലൊരിടത്ത് റാവുത്തരെ പോലെ കരുത്താർജിക്കുന്ന ഒരു
കഥാ പാത്രത്തിന്റെ ചില ഓർമ്മകളാണ് ഈ കുറിപ്പിലെ കഥാതന്തു. ഡേ ലൈറ്റ് റോബറിയില് പഴങളും കാശ്പെട്ടിയും
ന്യൂട്രിൻ മിഠായികളു മുള്ള ഒരു സഞ്ചിയെ കുറിച്ച് പറയുന്നുണ്ട്. ഓർമ്മകൾ അവിടെ നിന്നു തുടരുന്നു...
ജയനും നസീറും കൈവച്ചനുഗ്രഹിച്ച് ചില്ലറകനം തൂങുന്ന
സിഗരറ്റ് പെട്ടിയും പഴുത്താലും പച്ച പ്പുവിടാത്ത പച്ചചിങനും
പുറമെ..ഥൈലീ മെ കഭീ കഭീ ഓർ കുഛ് ഭീ ഹോതീ ഥീ..
പൊട്ടിയഫിലിം റീലുകളില് നിന്ന് മുറിച്ചെടുത്ത ചില സ്വപ്നചുരുളുകള്
ചിലത് അഞ്ചെട്ടടി നീളത്തിൽ ...പ്രത്യക്ഷത്തിൽ അതിലെ ഫ്രെയിമുകളെല്ലാം
ഒരേ പോലെയിരുന്നു..പക്ഷേ ,ശ്രദ്ധിച്ചാൽ കാണാം..ഒരാൾ കൈ പൊക്കുന്നു ,
മറ്റൊരാൾ കോണി പടവുകളിറങുന്നു..ഹ്രസ്വമായ ഈ ചലനങൾക്കുപോലും ഏതാനും
അടി ഫിലിമുകൾ വേണം.അപ്പോൾ സുദീർഘ ചലന പരമ്പരയായ ഒരു ചലചിത്രത്തിന്റെ
ചുരുൾ തഴകൾ നിവർത്തിയാൽ എത്രനീളം കാണും? ഞാൻ മനസ്സിൽ ഫിലിംസ്പൂൾ അ
ഴിക്കാൻ തുടങും ...വീട്ടിൽ നിന്നും ഉരുട്ടിവിട്ടാൽ ,ബാലമാമന്റെ പീടികയുടെ മുറ്റത്തുകൂടെ സിവിസെന്ററും
കടന്ന് വലപ്പാടുവഴി തൃപ്രയാർ തൃപ്പടിയിൽ ചെന്നേ അതിന്റെ അഴിയൽ അവസാനിക്കൂ...(അന്ന് തൃപ്രയാറപ്പുറം
ഭൂമീല്ല്യ.) .
അതിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത് പൂരപറമ്പിൽ നിന്ന് രണ്ട് രൂപക്ക് വാങുന്ന കാമറ
എന്നറിയപെട്ടിരുന്ന ചിത്രദർശിനിയില് വെച്ച് കൂടുതൽ മിഴിവോടെ നോക്കി കണ്ടു. ഇങനെ സൂക്ഷിച്ചുവച്ചിരുന്ന
ഫിലിം കഷണങളും മനോജ് ടാക്കീസിൽ ഇടക്ക് കാണുന്ന ചിലചലചിത്രകാവ്യങളുമായിരുന്നു ,അധികം
വൈകാതെ സ്വന്തം നിലക്ക് ഒരു തിയ്യറ്റർ തുടങാനുള്ള ഞങളുടെ പ്രചോദനം .ഇതു മാത്ര മായിരുന്നു കൈവശമുള്ള മൂലധനവും.
വള്ളി നിക്കറുമിട്ട് മാഞ്ചോട് തെണ്ടുന്ന പ്രായമാണെന്നോർക്കണം. സിനിമാകളിക്കുവേണ്ട
അടിസ്ഥാന വസ്തുക്കളായ വിലകൂടിയ പ്രോജക്റ്റർ വാങുവാനോ വൈദ്യുതി സംഘടിപ്പിക്കുവാനോ ഉള്ള സാമ്പത്തികമില്ല...
പക്ഷെ ആർക്കുവേണമിതൊക്കെ? യാതൊരു മുതൽ മുടക്കില്ലാതെ പ്രോജക്ടർ നിർമ്മിക്കുവാനുള്ളവിദ്യകൾ
അന്നത്തെ സയൻസ് വിദ്യാർഥികൾ കണ്ടുപിടിച്ചിട്ടുണ്ടാ‍യിരുന്നു. ഫിലമെന്റ് നീക്കി,വെള്ളം നിറച്ച ഒരു ബൾബ്
ആയിരുന്നു ഈപ്രോജക്ടറിന്റെ പ്രധാനഭാഗമായ ഉത്തലലെൻസ്. ഇതിലേക്ക് വെളിച്ചം പ്രതിഫലിപ്പിക്കാൻ
ഒരു പൊട്ടിയ കണ്ണാടി കഷണവും വേണം .മതി ലക്ഷങൾ വിലമതിക്കുന്ന പ്രോജക്റ്റർ റെഡി.സിനിമാകളിക്ക്
വേണ്ട വെളിച്ചം പ്രദാനംചെയ്യുന്നത് ലോകത്തിലെ എല്ലാകളികളുടെയും കർമ്മസാക്ഷിയായ
സാക്ഷാൽ സൂര്യഭഗവാൻ. മഴക്കാറ് ചതിച്ചില്ലെങ്കിൽ പവർ ഫെയലറിന്റെ പ്രശ്നവുമില്ല.
വീട്ടിൽ അപ്പാപ്പൻ കിടക്കുന്ന ചരുമുറിയായിരുന്നു ഞങൾ തിയ്യെറ്ററായി ഉപയോഗിച്ചത്.ഇവിടെയാകുമ്പോൾ
ഇരുട്ടിനു ഇരുട്ടും തണുപ്പിന്ന് തണുപ്പുമുണ്ട്. പുറം ഭിത്തിയി.ലെ ട്രയാംഗിൾ ഷേപ്പുള്ള എയർ ഹോളിലാണ്
ലെന്സിന്റെ ധർമ്മം നിർവ്വഹിക്കുന്ന,ചതുരജാലകമുള്ള കടലാസുപെട്ടിയിൽ ഇറക്കിവെച്ച ബൾബ് ഫിറ്റ് ചെയ്യുക .കണ്ണാടികൊണ്ട് ഇതിലേക്ക് വെയിൽ വെളിച്ചം പ്രതിഫലിപ്പിക്കും.
ഉടനെ എതിരെയുള്ള മുഷിഞ്ഞ ചുമരിൽ ചതുരവെളിച്ചം തെളിയുകയായി.
കമ്പിളി കണ്ടത്തിൽ സിനിമാകളിതുടങിയെന്നറിഞ്ഞ് അയൽ വക്കത്തുനിന്ന് താമിമകൻ മണികണ്ഠരും പരിവാരവും എത്തും.
ഞങളുടെ അമെച്വർ സിനിമക്ക് പ്രതീക്ഷിക്കാത്ത കാണികളുടെ തിരക്ക് അനുഭവപെട്ടപ്പോൾ ഞങളുടെ കച്ചവട കണ്ണുണർന്നു.
ഉടനെ തന്നെ ടിക്കറ്റൊന്നിന് രണ്ട് കശുവനണ്ടി പിരിക്കാനുള്ള നടപടിയായി.വളരെ വേഗത്തിൽ പഴയ ബ്രിട്ടാനിയ ബിസ്കറ്റ്
ടിൻ നിറഞ്ഞു കവിഞ്ഞു.ടിക്കറ്റ് ക്ലോസ്ഡ്..
അങനെ സിനിമ ആരംഭിക്കുന്നു. പ്രോജ്ക്ട് ഓപ്പറേറ്റർ കം ഫിലിം ഡയറക്റ്റർ കം തിയ്യറ്റർ ഉടമ കം ..വാട്ട് നോട്ട്!! കൂടിയായ
സകലകലാവല്ലഭൻ കുഞ്ചു പുറത്തെ വരാന്തയിൽ നിലയുറപ്പിച്ചു.വെളിയിൽ വച്ചിരിക്കുന്ന കണ്ണാടിചില്ലിനും ബൾബെന്ന ഉത്തല
ലെൻസിനുമിടയിൽ,വെയിലിന്റെ പാതയിൽ കറക്ടായ ഫോക്കസ് ദൂരം കണ്ടെത്തുകയാണ് ആദ്യ പടി.പിന്നെ കാര്യങളെല്ലാം എളുപ്പമാണ്
ആദ്യമായി കരിപിടിപ്പിച്ച ചില്ലെഴുത്താണ്. അക്ഷരങൾ ഇടത്തോട്ടെഴുതിയ ചില്ല് ഈ ഫോക്കസിൽ കാണിക്കുമ്പോൾ ചരു മുറിയിലെ സ്ക്രീനിൽ
എഴുത്തുകൾ തെളിയും.. ‘’ ഉടൻ വരുന്നു “ചാകര” അഭിനേതാക്കൾ..ജയൻ ,സീമ..ചരു മുറിയിലെ ഇരുളിൽ പ്രേക്ഷകരുടെ കയ്യടിയുയരും.
പേരെഴുതികാണിച്ചതിനു ശേഷം നേരത്തെ പറഞ്ഞ ഏതാനും ഫിലിമുകൾ കാണിക്കും .വീട്ടിലെചുമരിൽ പ്രേം നസീറും ജയഭാരതിയുമൊക്കെ
തെളിയുമ്പോൾ മണികണ്ഠൻ വിളിച്ചു പറയും..“ഇത് പിക്നിക്...ഇതും പിക്നിക്.“മണികണ്ഠൻ ജീവിതത്തിൽ കണ്ട ഒരേയൊരു
സിനിമയായിരുന്നു “പിക്നിക്“
പിന്നെ ഏതാനും മിഠായി കടലാസുഫോയിലുകൾ(ന്യൂട്രിൻ,ഡെക്കാൻ) കൂടികാണിക്കും.അപ്പോൾസ്ക്രീനിൽ തെളിയുന്ന വർണ്ണ പ്രപഞ്ചം
കാണികളുടെ കണ്ണഞ്ചിപ്പിക്കും. അതിനു ശേഷമാണ്
സിനിമ ചലനാത്മകമാവുക .അതൊടെ ഇതൊരു ഇരുണ്ട നിഴൽ നാടകമാവുകയായി.. ഈർക്കിലി,ഉറുമ്പ് പോലുള്ള ചിലപ്രാണികൾ,മണ്ണിര,ആട്ടിൻ കാട്ടങൾ..ഇതൊക്കെ ഭാവനാസമ്പന്ന
നായ പ്രോജക്ട് ഓപ്പറെറ്ററുടെ കയ്യിൽ ഒരു ലൈവ് സിനിമയുടെ അസംസ്കൃതവസ്തുക്കളായി. സ്ക്രീനിൽ വലിയൊരു മരത്തിൽ
രാക്ഷസരൂപിയാ ജീവികൾ ഓടി കയറുന്നതു കണ്ടും, ആട്ടിൻ കാട്ടത്തിന്റെ തലയുള്ള ഈർക്കിലി പോരാളികൾ തല്ലു കൂടുന്നതുകണ്ടും കാണികൾ
ആവേശത്തോടെ കൂക്കിവിളിച്ചു ..

.. അന്നൊന്നും അറിഞ്ഞിരുന്നില്ല ,സിനിമാമന്ദിരങളിലെ വിശാലമായ
സ്ക്രീനിൽ നിന്നും അതിന്റെ കൌതുകങളെല്ലാം പടിപടിയായി നഷപെടുത്തി അവസാ‍നം ഉള്ളം
കയ്യിൽ വരെ വന്നു ചേക്കേറും,ഈ സിനിമയെന്നവിസ്മയമെന്ന്...
(എല്ലാമോർമ്മകൾ..എല്ലാമോർമ്മകൾ എന്നേകുഴിയിൽ മൂടിഞാൻ,...എന്നാലും എല്ലാംചിരംജീവികൾ..)
സത്യത്തിൽ വീരുവിന്റെ “ ഭൂതം’ എന്നബ്ലൊഗിലെ ഒരു പോസ്റ്റിന് വേണ്ടി തയ്യാറാ‍ക്കിയ കമന്റായിരുന്നു ഇത്. പക്ഷെ
ചിലസാങ്കേതിക കാരണങളാൽ കമന്റിടാൻ കഴിഞ്ഞില്ല..അങനെ ഇതൊരു പോസ്റ്റായി..