2009 മേയ് 21, വ്യാഴാഴ്‌ച

റൺ ഔട്ട്?(വിശ്രമം.-2)

കാലമെനിക്ക് നേരെയെറിഞ്ഞ പരീക്ഷണത്തിന്റെ പന്തുകൾ
ചിലതു, തട്ടിതടുത്തിട്ട് കുറ്റി തെറിക്കാതെ കാത്തും
പലതും അടിച്ചു പറത്തി അതിരു കടത്തി
നേട്ടങളുടെ സ്കോർ കൂട്ടിയും..
ഒടുവിലൊന്നിൽ നിന്ന് അതിസമർഥമായ് ഒഴിഞ്ഞ്
നെടുതാമൊരു നിശ്വാസമുതിർത്തും..,
കളികളത്തിൽ കളി മുറുകുമ്പോൾ
ശത്രുനിരയിൽ നിന്ന് ആരോ തൊടുത്ത പന്ത്..
(ശത്രു പക്ഷത്തെത്ര പേർ !! ക്രീസിൽ ഞാൻ തനിയെ....)
ജീവൽ പ്രതിഷ്ഠയാം ത്രിമൂർത്തികളിൽ
ഒന്നു തൊട്ടുവോ ? സംശയം..!
അന്നേരമെന്റെ പാദങൾ അതിർത്തി വരക്ക്
അപ്പുറമൊ ഇപ്പുറമൊ ? അതും സംശയം..!
നീയാം വിധികർത്താവ് കൈ മലർത്തുമ്പോൾ
തീരുമാനം തേർഡ് അമ്പയർക്ക്......
നിശ്ശ്ബ്ദരായ കാണികൾ നിരന്നിരിക്കുന്ന-
മഹാന്ധകാരം ചൂഴുന്ന പവലിയനിലേക്ക് മടങണൊ?
കൂടുതൽ കരുത്തോടെ ഈ നിറഞ്ഞ ഫ്ലഡ് ലൈറ്റിൽ
കളി തുടരണൊ?
പറയേണ്ടത് തേഡ് അമ്പയർ..
ഹ്രസ്വമെങ്കിലുമീ വിശ്രമവേളയെത്രവിഹ്വലം..!!
കാത്തിരിക്കുകയാണ് ഞാൻ
കത്തുന്നത് ചുവപ്പോ പച്ചയോ??

2009 മേയ് 20, ബുധനാഴ്‌ച

വിശ്രമം(കവിത)

ഉണരുമ്പോൾ ഉണർവ്വിന്
മധുരം തീണ്ടാത്ത തേയില തീർത്ഥം..
ഊണിന്റെ ഉച്ചകച്ചേരിക്ക്
ഉപ്പില്ലാത്ത രാഗങൾ...
അത്താഴത്തിൽ നിന്ന് അടിച്ച് പുറത്താക്കിയ
അരിയന്നത്തിന്റെ സൌഹൃദം..
ആദ്യം സ്വാദിന്റെ വാതിലുകളാണ്
എനിക്കെതിരെ കൊട്ടിയടക്കപെട്ടത്ത്
പിന്നെ,കാഴ്ച്ചയുടെ ജാലകത്തിൽ
തിമിരത്തിന്റെ തിരശ്ശീല..
ശ്രവണപഥത്തിൽ
നിശ്ശബ്ദതതയുടെ മഞ്ഞുവീഴ്ച്ച.
മരവിക്കുന്ന ഹൃദയസ്പന്ദങൾ....
ഒടുവിൽ ഒരു ജന്മത്തിന്റെ
വാതിലടച്ച് തഴുതിട്ട്
കളിക്കളത്തിൽ നിന്ന് പുറത്താക്ക പെട്ട്
കാണികളിലൊരു വനായി
ചുമരിന്റെ വെൺ ശൂന്യതയിൽ
ചന്ദനമാ‍ലചാർത്തിയ ഛായാചിത്രമായി..
വെറുതെയിരിക്കുമ്പോൾ ..സുഖം...സ്വസ്ഥം...

2009 മേയ് 19, ചൊവ്വാഴ്ച

പഴങ്കഥകൾ-2 ഒരു കടംകഥയുടെ (ലജ്ഞിപ്പിക്കുന്ന) ഉത്തരം..

വീടിനു മുന്നിലൂടെ, നടക്കുമ്പോൾ മുട്ടു വരെ പൂഴിപുതയുന്ന ഒരു
‘വെട്ട്വോഴി’ പോകുന്നുണ്ട്.ഇടത്തിരുത്തി ചന്തയിൽ( പണ്ട് പുഴയിൽ നിന്ന് കിട്ടിയ വിഗ്രഹത്തിന്റെ ഇടത്ത് പിന്നീട് കുളം കുഴിച്ചപ്പോൾ
കിട്ടിയ വിഗ്രഹം പ്രതിഷ്ഠിച്ചതിനാൽ ഇവിടം ഇടത്തിരുത്തിയായി, ഇന്ന് അത് “എടത്തിരുത്തി”)
നിന്ന് വ്യാപാരമാടി
ചെറുമരും ചോമാരും കുട്ടയിലും വട്ടിയിലും സാമാനങളുമായി അതിലൂടെ കടന്നു പോയ്കൊണ്ടിരുന്നു.
ഇന്ന് ചങ്കരാന്തി ചന്ത ആയതിനാൽ കിഴക്കൻ പ്രദേശങളിൽ നിന്നുള്ള കാച്ചിലും കാവത്തുമൊക്കെ
അവിടെ കുന്നു കൂടി കിടക്കുന്നുണ്ടായിരിക്കും..കല്ലുവാഴയും കസ്തൂരിമഞ്ഞളുമായി മലയിൽ
നിന്നുള്ള കാടരും എത്തിയിട്ടുണ്ടാ‍കും. ഇതിനിടയിൽ കുട്ടയും മുറവുമൊക്കെ നെയ്യുന്ന പറയികളേയും കാണാം..
വഴിയോരത്ത് ,ഒരു പച്ചതിരിയുടെകടക്കൽ കൊച്ചു വയലറ്റു പൂക്കൾ കൂട്ടമായി നിൽക്കുന്ന ഒടിച്ചുകുത്തിയും
ചുവന്നനിറമുള്ള കദളി കുടങളും പലനിറത്തിലുള്ള അരിപൂക്കളും ശവനാറിപൂക്കളും സമൃദ്ധമായി വളർന്നു നിൽക്കുന്നുണ്ട്(ഇവയെ
യഥാക്രമം jamaican spike,melastoma, lantana camera,periwinkle എന്നൊക്കെ ഇന്ന് നിങൾക്ക് തിരിച്ചറിയാം.ഇതിൽ
ലന്റാന കാമറയും പെരിവിംഗിളും(നിത്യകല്ല്യാണി) മോഡേൺ ഗാർഡനിലെ കുടുംബാംഗങളായി കഴിഞ്ഞു..). വർഷങൾക്ക് ശേഷം ചിലർ
ഇതിലെയാണ് “ഞങളും ഞങളും മനിശരല്ലേ ഞങക്കും വേണം പഞ്ചകതാ‍ര” എന്നു ഉച്ചത്തിൽ ജാഥവിളിച്ചു
കൊണ്ട് കടന്നു പോയത്. സർദാർ ഗോപാല കൃഷണനെ പിന്തുടർന്ന്, കാക്കി പട്ടാളം എടത്തിരുത്തിയിലേക്ക്
ഈവഴി ചവിട്ടി മെതിച്ചു കൊണ്ടാണ് കടന്നു പോയത്.!!(ഈ ബോട്ടണിയും ചരിത്രവുമൊക്കെ കഥയുടെ ആസന്നമായ ഒരു
നിലവാരതകർച്ച കോമ്പൻസേറ്റ് ചെയ്യുവാനുള്ള ഗിമ്മിക്കുകളാണെന്ന് ,നീ സംശയിച്ചു തുടങി അല്ലേ വായനക്കാരാ,..മിടുക്കൻ)
വർഷങളുടെ ചുംബനമേറ്റ് ചുവക്കുകയും പിന്നെ കറുക്കുകയും
ചെയ്ത അതേവഴി...കറുത്തുകഴിഞ്ഞപ്പോൾ ഇതിലെ കാറുകളും കൂൾഡ്രിംഗ്സ് നിറച്ച പെട്ടിവണ്ടികളും പായാൻ തുടങി..
ഒരു സന്ധ്യക്ക് ഇതു വഴിയെ നമുക്ക് വെറുതേയൊന്ന് നടക്കാനിറങാം...അതിനിയൊരിക്കലാകട്ടെ. ഇപ്പോൾ നമുക്ക്
ഉച്ചയൂണും കഴിഞ്ഞ് മുറ്റത്തെ ആമ്രപർണിയുടെ തണലിൽ വിരിച്ചിട്ട തഴപ്പായിൽ നീലാകാശവും നോക്കി ബോറടിച്ച്
കിടക്കുന്ന കുട്ടനാശാരിയുടെ അടുത്തേക്ക് തിരിച്ച് വരാം..എങനെ ബോറടിക്കാതിരിക്കും? മാനത്ത് കീറതുണി പോലെ
ഒരു മേഘശകലമോ ,സ്ലോ മോഷനിൽ നീന്തി പറക്കുന്ന ഒരു കൂഴ കിളിയോ ഇല്ല..ആശാരി ഒരു കടംകഥയുടെ കാണാ
ചരടുകൊണ്ട് ഒരു കുട്ടി കുരങനെയെന്ന പോലെ എന്നെ കെട്ടിയിട്ടിരിക്കുകയാണ്.ഞാൻ മെല്ലെ അടുത്തുകൂടി.
“ആശാരിക്ക് മുറുക്കണോ ?“കുട്ടനാശാരിയെ ഒരു പ്രലോഭനത്തിൽ കുടുക്കാനുള്ള ഉദ്ദേശത്തോടെ ഞാൻ ചോദിച്ചു“.അമ്മാമയുടെ
വെത്തില പെട്ടിയിൽ വാസനപൊകലയുണ്ട്....പക്ഷെ അത് കൊണ്ട് വന്നാൽ എനിക്ക് കടംകഥയുടെ ഉത്തരം പറഞ്ഞ് തരണം..”
പുകയില തന്നെ അപൂർവ്വവസ്തുവായിരുന്നകാലത്ത് വാസനപുകയില ഒരു ആർഭാടം തന്നെയായിരുന്നു. ആശാരി പ്രസന്നവദനനായി
ബീഡികറപുരണ്ട ഒരു പുഞ്ചിരിയാൽ ആ ഉടമ്പടിയിൽ ഒപ്പുവച്ചു..
വീട്ടിലെ വിലകൂടിയവസ്തുക്കളിൽ ഒന്നായിരുന്നു അമ്മാമയുടെ ആ ഓട്ടുചെല്ലം .
മറ്റൊന്ന് “ആംഫോറ“ എന്ന് വിളിക്കുന്ന മൂന്നു കാലുള്ള ഒരു പാത്രമാണ് .യൂറോപ്യർ വീഞ്ഞും ഒലീവെണ്ണയും സൂക്ഷിച്ചിരുന്ന ആപാത്രത്തിൽ
വീട്ടിൽ പാത്യമ്പുറത്തിട്ടുണക്കിയ കുടമ്പുളിയാണ് ഇട്ട് വച്ചിരുന്നത്. വെറ്റിലചെല്ലത്തിന് നിരവധി അറകളുണ്ടായിരുന്നു..അതിൽ മുറുക്കുവാനുള്ള
സാമഗ്രികൾക്ക് പുറമെ ,പുളിങ്കുരു,നയാപൈസകൾ അരയിൽ കെട്ടുന്നതൊരട് എന്നിവയൊക്കെ അമ്മാമ സൂക്ഷിച്ച് വച്ചു. അതിൽ പിൽകാലത്ത്
ഞാൻ “കാമിയോ ബ്ലാക്ക്“ എന്ന് തിരിച്ചറിഞ്ഞ ഒരു കറുത്ത കല്ലും ഉണ്ടാ‍യിരുന്നു..!! ഇതെല്ലാം അപ്പാപ്പൻ കൊളമ്പിൽ നിന്ന്
കൊണ്ട് വന്നതാണ്..അന്യഥാ ദാരിദ്ര്യം ഉദ്ഘോഷിക്കുന്ന വീടിന്റെ അന്തരീക്ഷത്തിൽ ഈ വിലപിടിച്ച വസ്തുക്കൾ
കരിപിടിച്ച നാട്ടിൻ പുറത്തെ ഒരു തട്ടുകടയിൽ മെർലിൻ മൻ റോയുടെ പോസ്റ്ററെന്ന പോലെ വൈരുദ്ധ്യാത്മകമായി ഭവിച്ചു.
അല്പസമയത്തിന് ശേഷം മുറുക്കുവാനുള്ള“ നാലുകൂട്ട“വുമായി തിരിച്ചെയെത്തിയ എന്റെ കയ്യിൽ നിന്ന് ആശാരി അതെല്ലാം ആർത്തിയോടെ
തട്ടിപറച്ചു. പിന്നെ മുറുക്കുവാനുള്ളവട്ടംകൂട്ടി. ഒരനുഷ്ടാ‍നം പോലെയുള്ള മുറുക്കൽ കലയുടെ തയ്യാറെടുപ്പുകൾ ഞാൻ നോക്കിനിന്നു.
ആശാരി ആദ്യം വെറ്റിലയുടെ ഞെട്ട് നുള്ളി ദൂരെയെറിഞ്ഞതിനു ശേഷം അതിന്റെ വാലുപൊട്ടിച്ച് വലത്തെ ചെന്നിയിൽ പതിച്ച് വച്ചു..
പിന്നെ അതിന്റെ നടുഞരമ്പ് നഖം കൊണ്ട് നുള്ളി കീറിയെടുത്തു.
“അതെന്തിനാ ...” എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ ആശാരി തന്റെ പ്രവൃത്തിയെ വിശദീകരിക്കാൻ തുടങി.
അതൊരു കഥയാണ്... വെറ്റില പാമ്പിന്റെ കഥ...

പണ്ട് തക്ഷകനുമായി വഴക്കിട്ട് ഒരു പാമ്പ് ഓടി വന്നൊളിച്ചത് വെറ്റില കൊടിയുടെ ഇലയിലാണ്.ഇന്നും
ആ തക്ഷകബന്ധു വെറ്റിലയുടെ നടുഞരമ്പിൽ ഒളിച്ചിരിക്കുകയാണ്
.സമയവും സന്ദർഭവും ഒത്ത് വന്നാൽ അത് മുറുക്കുന്നവനെ കടിക്കുകതന്നെ ചെയ്യും.
വെറുതെ മുറ്റത്ത് മുറുക്കിതുപ്പി കാനൂലും പറഞ്ഞ് ഇരിക്കുകയായിരുന്ന കുഞ്ഞാഞ്ഞ ഉരുണ്ട്പെരണ്ട് വീണ് മരിച്ചെന്നൊക്കെ ചില
ചോത്തി പെണ്ണുങൾ പറയുന്നത്..ഈ വെറ്റിലപാമ്പ് കടിച്ചുള്ള മരണങളെയാണ്..’ കഥകഴിയുമ്പോഴേക്കും വായിൽ കിടന്ന്
ഒരു പാകമായ താംബൂല മിശ്രിതം ആശാരി മുറ്റത്ത് നീട്ടി തുപ്പി.
അദ്ദെഹത്തിന്റെ മുഖത്ത് ഒരു അജ്ഞാതനൊമ്പരത്തിന്റെ ചുളിവുകൾ പ്രത്യക്ഷപെടുന്നത് ഞാൻ കണ്ടു.
വിവർണ്ണമായമുഖത്ത് വിയർപ്പും പൊടിയുന്നുണ്ട്.....”അടിയൻ ഉച്ചയൂണ് കഴിഞ്ഞാൽ പൊകല കൂട്ടി മുറുക്കുക പതിവില്ല”
“മുറുക്ക്യാ പിന്നെ...” പറഞ്ഞ് വന്നത് മുഴുവനാക്കാതെ വയറും ഉഴിഞ്ഞ് കൊണ്ട് ആശേരി എണീറ്റു.
ഒന്നും മിണ്ടാതെ പടിഞ്ഞാറെ വെളിമ്പറപ്പിലെക്ക് വച്ച് പിടിക്കുന്ന ആശേരിയെ ഞാൻ വാശിയോടെ അനുഗമിച്ചു.
ഇത്തവണയും കടം കഥയുടെ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറാനുള്ള സൂത്രമാണെന്ന് ഞാൻസംശയിച്ചു..
“ മുറുക്ക്യാ പിന്നെ.?.” ആശാരി പറഞ്ഞവന്നത് മുഴുവൻ കേൾക്കുവാനുള്ള ആകാംക്ഷയാൽ ഈർഷ്യ അടക്കി
കൊണ്ട് ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു .ആശാരി അപ്പോഴേക്കും പടിഞ്ഞാറെ പറമ്പിലെ പുല്ലാനി പൊന്തക്കുള്ളിൽ
മറഞ്ഞു കഴിഞ്ഞിരുന്നു..
“ മുറുക്ക്യാ പിന്നെ ...??” ഞാൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
“മുറുക്ക്യാ പിന്നെ അട്യേന് തമ്പ്രാനെ എഴുന്നള്ളിക്കണം...”
- @ ### $$$ ****** ??? !!!! .....
(കഥ ഇവിടെ സഡൻസ്റ്റോപ്പിട്ട് നിർത്തുവാൻ കഥകളെ കുറിച്ചുള്ള എന്റെ സൌന്ദര്യസങ്കല്പം എന്നെ ഉപദേശിക്കുന്നു.
പക്ഷെ കത്തിപ്രിയനായ എനിക്ക് കുറച്ചുകൂടെ പറയാനുള്ളതുകൊണ്ട് തുടരുകയാണ്...‌)
രണ്ടടി കൂടി മുന്നൊട്ട് വച്ച ഞാൻ നടവഴിയിൽ
അമേദ്യം കണ്ട അമ്പലവാസിയെ പോലെ അറച്ചു നിന്നു.ആ പറഞ്ഞത് എന്റെ രണ്ട്
ചോദ്യങൾക്കുള്ള ഒരു ഉത്തരമെന്നറിഞ്ഞു,, പെട്ടെന്നുണ്ടായ “ജ്ഞാനോദയ“ത്തിന്റെ
ലജ്ജ എന്റെ മുഖത്ത് പടരുന്നത് ആരെങ്കിലും കാ‍ണുന്നുണ്ടോയെന്ന് ഒളി കണ്ണിട്ടു നോക്കി. പിന്നെ
ധൃതിയിൽ തിരിഞ്ഞ് നടക്കുമ്പോൾ കടംകഥയുടെ ഉത്തരത്തിന്റെ സാധൂകരണം പോലെ
ചില അപശബ്ദങൾ പൊന്തക്കുള്ളിൽ നിന്ന് ഉയർന്നു കേട്ടു.. അന്ന് കാലത്ത് ഉയർന്നജാതി ക്കാ‍രനെതിരെയുള്ള
പാവപെട്ടവന്റെ പ്രതിഷേധം ഇങനെയൊക്കെ ആയിരുന്നു..കടംകഥകളിലും പഴം ചൊല്ലിലുമൊക്കെ അവർ
ഉന്നതകുലത്തിനെ അപമാനിച്ചു..ഒരു തരം പെർവെർട്ടഡ് പ്രതികാ‍രം..
പറമ്പിലൂടെ ഏറുകൊണ്ട കോഴിയെ പോലെ അലഞ്ഞു നടക്കുന്ന എനിക്കുനേരെ വടക്കിനിയിൽ നിന്ന്
അമ്മയുടെ ശകാരമുയർന്നു” ഒള്ളവെയിലും കൊണ്ട് കാടും പടലും കെളച്ച് നീനടന്നോ..എന്നിട്ട് നേരം വയ്യുമ്പോ
ചെവിട് കുത്ത്ണ് ന്ന് പറഞ്ഞ് തൊള്ള പൊളിച്ചാ.. ഇവിടടുത്തൊന്നും എണ്ണയിലിട്ട് ചൂടാക്കി ഒഴിക്കാൻ
ഒരു അണ്ണാർകണ്ണൻ വാഴപോലും കിട്ടാനില്ല്യല്ലോ. എന്റെ ഉള്ളാട്ടിൽ ഭഗോതീ..”
ഞാനുൾപെടേയുള്ള ആ കഥാപാത്രങളൊക്കെ ഇന്ന് മൺ യവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു...
കാലത്തിനൊപ്പം ഓടികിതച്ചും ജന്മങളുടെ കടമ്പകൾ ചാടികടന്നും ഇന്ന് ഈ ബ്ലോഗിംഗ് യുഗത്തിലെത്തി നിൽക്കുമ്പോൾ
അതേ ശകാരം ഞാൻ അടുത്ത് വീട്ടിൽനിന്നു കേൾക്കുകയാണ് . ടെന്നിസ് കളിയും കഴിഞ്ഞ് സ്വിമ്മിംഗ് പൂളിൽ നീന്തി കുളിച്ച്
തല ശരിക്ക് തോർത്താതെ വീട്ടിലേക്ക് കയറി വന്ന മകനെ അമ്മ ശകാരിക്കുന്നു..“നീ കളിയും കുളിയുമായിട്ട് നടന്നോ.
രാത്രി വല്ല ത്രോട്ട് പെയിനോ ഇയർ എയ്ക്കോ വന്നാൽ ഇവിടെ അടുത്തൊന്നും ഒരു ഇ.എൻ.ടി സ്പെഷിലിസ്റ്റ് പോലുമില്ലല്ലോ
ദൈവമെ..” വാക്കുകൾ വ്യത്യസ്തം പക്ഷെ വേവലാതി അതുതന്നെ..!!
കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ പലതും അവ്യക്തമാണ് . പക്ഷെ ഒരു കാര്യം ഉറപ്പ്.“ ചെഹരാ ബദൽതാ ഹെ പർ കഹാനീ നഹീ..
മുഖങൾ മാറുന്നു പക്ഷെ കഥകൾ പഴയതു തന്നെ.....
(ഇനി തുടരണൊ വേണ്ടയോ എന്ന് നല്ലവണ്ണം ഒന്നാലോചിച്ചിട്ട്..)

2009 മേയ് 17, ഞായറാഴ്‌ച

പഴങ്കഥ‌-1(അതും ചക്ക കൊണ്ടാണെങ്കിൽ....)

പഴങ്കഥകൾ കേൾക്കണൊ?
പിള്ളാരെ ,നിങളൊന്നും അന്നു ജനിച്ചിട്ടില്ല.
എന്തിന് നിങളുടെ അപ്പൂപ്പനമ്മാമമാർ വരെ മുട്ടിലിഴഞ്ഞു
കളിക്കുകയായിരിക്കും.കാലം തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം.....
.നാട് സ്വാതന്ത്ര്യം നേടുവാൻ ഇനിയും പത്തെൺപത്
വർഷങൾ കഴിയെണമെന്നോർക്കണം .എങും ദാരിദ്ര്യം .!നിങൾക്കറിയുന്ന
വിഷയ ദാരിദ്ര്യമല്ല. സാക്ഷാൽ ദാരിദ്ര്യം..ഉടുതുണിക്ക്മറുതുണിയില്ലാതെയും
ഒരു നേരം വയറുനിറച്ചുണ്ണാനില്ലാതെയും ജനങൾ വലയുന്ന ആ മോഹനസുന്ദര കാലം.
അതൊക്കെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യമൊക്കെ ഒരു മാന്ദ്യമാണോ കുട്ടികളേ.. ?
നാട്ടിലെ പണക്കാരുടെ കൂട്ടത്തിലാണ് ഞങൾ ..കഷ്ടി രണ്ടു നേരമാണെങ്കിലും
അവിടെ ഉണ്ണാനും ഉടുക്കാനുമൊക്കെയുണ്ട്.മാത്രമല്ല ഞാനന്ന് കുടിപ്പള്ളി കൂടത്തിലും
പോകുന്നുണ്ട്. കുട്ടികുപ്പായമൊക്കെയിട്ട് ടൈയും കെട്ടി ഗമയിൽ തന്നെയാണ് പോക്ക്.
ഉവ്വ്,അന്നും ടൈയ്യൊക്കെയുണ്ട്.പക്ഷെ കെട്ടുന്നത് അരയിലാണെന്നു മാത്രം.അടിവസ്ത്രത്തിനു
പകരം.
പിന്നെ പിതാമഹൻ കൊളമ്പിലായതു കൊണ്ട് വർഷത്തിൽ വല്ലപ്പോഴുമാണെങ്കിലും
വെള്ളി കാശിന്റെരൂപത്തിൽ വിദേശനാണ്യവും വീട്ടിലെത്താറുണ്ട്. ആ ദിവസങളിൽ വീട്ടിൽ
സദ്യയായിരിക്കും..എന്നു വച്ചാൽ സ്ഥിരമായുള്ള മാമ്പൂ‍ ചമ്മന്തിയും,ചീരതോരനും കൂടാതെ
ഊണിന് ഒരു പപ്പടവും വച്ചു കാച്ചുമെന്നർഥം.മൂന്നു പൂങ്കുലകൊണ്ട് മൂന്നാലുപേർക്ക് നല്ല ചമ്മന്തിയുണ്ടാക്കാം
മാമ്പൂവിന്റെ കറപോകാൻ ഒരു ദിവസം പൂ‍ക്കളൊക്കെ നേർപ്പിച്ച ചുണ്ണാമ്പു ലായനിയിൽ ഇട്ടുവെക്കണം.
ഒരിക്കൽ ബന്ധു വീട്ടിൽ വിരുന്നു പോയപ്പോൾ അമ്മപഠിച്ചെടുത്തവിദ്യയാണ്. വിരുന്നു പോക്ക് അന്നത്തെ
പ്രധാന ഹോബി തന്നെയായിരുന്നു..
ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് ആയിടക്കാണ് ആരാണ്ട് പറഞ്ഞത്.അന്നത്തെ മുഖ്യപ്രശ്നം
ദാരിദ്ര്യമായിരുന്നു .ആവശ്യം ഭക്ഷണവും.ലോക്കലി ലഭ്യമായിട്ടുള്ള ഫ്ലോറയും ഫോണയുമൊക്കെ (flora&fauna)
എങിനെ ഭക്ഷ്യയോഗ്യമാക്കാമെന്നായിരുന്നു ചിന്ത..ഈ മേഖലയിൽ കൂട്ടായും ഒറ്റക്കും ധാരാളം പരീക്ഷണങൾ
നടക്കുന്ന സമയമാണ്.മുളയരി കൊണ്ടുള്ള വിഭവങളായ മുളയരികഞ്ഞി,പൂട്ട്,പായസം മുതലായവയൊക്കെ
പ്രചാരത്തിലായികഴിഞ്ഞു.പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന മുളകൾ ക്ഷാമകാലമെത്തിയതിനാൽ
നിയമം തെറ്റിച്ചു നേരത്തെ തന്നെ പൂത്തിരുന്നു..തൃണമാണെങ്കിലും അതിന് മനുഷ്യകുലത്തിനോട് സ്നേഹമുണ്ട്!
ഒരു മുളംകുറ്റിയിൽ ചെറുതേൻ നിറച്ച് അതിൽ മുളയരി ഇട്ട് വച്ച്
വായ വാഴയില കൊണ്ടു കെട്ടി കളിമണ്ണിൽ വർഷങളോളം കുഴിച്ചിട്ട് ഒരു സുപ്രഭാതത്തിൽ കെട്ടുപൊട്ടിച്ച് പിന്നെയും
ചിലസൂത്രപണികളൊക്കെ കാണിച്ച് വാറ്റിയെടുക്കുന്ന ...സോറി ഞാൻ വല്ലാതെ വാചാലനാവുന്നു അല്ലെ ?
മദ്യത്തിന്റെ കാര്യം പറയുമ്പോൾ അന്നുമിന്നും അങിനെ തന്നെ...
(നിയമപരമായ മുന്നറിയിപ്പ്:ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന റെസിപ്പികൾ പരീക്ഷിച്ച് ആരെങ്കിലും
വയറിളക്കം ക്ഷണിച്ച് വരുത്തിയാൽ...എന്റെ കയ്യിൽ കുറ്റമില്ല)
.വീട്ടു പറമ്പിൽ ധാരാളം പ്ലാവുകളുണ്ടായിരുന്നു. പഞ്ഞം മൂക്കുന്ന
കർക്കിടകം എത്തുന്നതിന് വളരെ മുന്നെ അതെല്ലാം കായ്ക്കും.പിന്നെ സർവ്വം ചക്കമയമായിരിക്കും .
അമ്മ സ്വന്തം നിലക്ക് പലചക്കവിഭവങളും കണ്ട് പിടിച്ചിരുന്നു.\ഇടിയൻ ചക്കമുതൽ ...ഇളം ചക്കകൊണ്ടുള്ള
അച്ചാറു വരെ .
.അമ്മയുടെ ചെറുപ്പത്തിൽ ,ചക്ക പഴുത്തു തിന്നാനല്ലാതെ പച്ച ചക്ക ആരും ഉപയോഗിച്ചിരുന്നില്ല പോലും.
ഇപ്പോൾ, ഉച്ചയൂണിന്റെ കച്ചേരിക്ക് ആവർത്തന വിരസമായ ചക്കരാഗത്തിൽനിന്ന് മോചനം കിട്ടണമെങ്കിൽ
കൊളമ്പിലിരിക്കുന്ന പിതാമഹാൻ വിചാരിക്കണം. ഇങനെ പ്ലാവുകൾ നിറയെ കായ്ച്ച് കിടക്കുന്ന കാലത്താണ് കുട്ടപ്പനാശ്ശാരി
ഞങളുടെ വീട്ടിൽ പണിക്ക് വന്നത്. പുരയുടെ വടക്കു പുറത്തുള്ള മോന്തായ ത്തിൽ പട്ടികകൾ ദ്രവിച്ചത് മാറ്റിവച്ച് വർഷകാലത്ത്
അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അയ്യാൾ എത്തിയത്.അന്ന് ആശാരിക്ക് നാലണയും ,നാലഞ്ച് വിഭവങൾ കൂട്ടി
ഒരൂണു മാ‍ണ് കൂലി. വലിയതറവാടുകളിലൊക്കെ ഇതിന്ന് പുറമെ നീലകരിമ്പിന്റെ തുണ്ടും കൽക്കണ്ട തരികളും വിളമ്പും
അത്തരംവിശേഷവസരങളിൽ ഞാൻ പള്ളികൂടത്തിൽ
പോകാറില്ല .ഉളിയും വടിയും കൊട്ടിപാടുന്നതും കേട്ട് അതെന്താ ഇതെന്താ എന്നൊക്കെ ചോദിച്ച് കരിശു മരത്തിന്റെ താഴെ ചുറ്റിപറ്റി
നിന്ന എന്നൊട് നാട്ട് വർത്തമാനങൾക്കിടയിൽ
ആശാരി ഒരു കടംങ്കഥ ചോദിച്ചു..” കൊമ്പ് വിളി, കുഴലു വിളി ,വെള്ളംതളി , , മനക്കലെ തമ്പ്രാന്റെ എഴുന്നള്ളത്ത്..” .തമ്പ്രാൻ ആരെന്നു
പറ അല്ലെങ്കിൽ നൂറുകടം “ കുറച്ചുനേരം ആലോചിച്ച് നിന്നതിന് ശേഷം
മഞ്ചൽക്കാരൻ..അഞ്ചൽ കാരൻ ...അങിനെ പല ഉത്തരങളും ഞാൻ പറഞ്ഞെങ്കിലും ആശാരി അതൊന്നും സമ്മതിച്ചില്ല.
അപ്പോഴേക്കും ഊണിന് സമയമായിരുന്നു .പിന്നെയും കടംങ്കഥയുടെ ഉത്തരം ചോദിച്ച് ആശാരിയുടെ പിന്നാലെ
കൂടിയ എന്നെ അമ്മ ഈർക്കിലി എടുത്ത് തല്ലാനോടിച്ചു.
ആശാരി പടിഞ്ഞാറേ ഇറയത്ത് ഒരു മുട്ടിപലകമേൽ ഊണിനിരുന്നു.കഴുകിവെടുപ്പാക്കി വച്ചിരിക്കുന്ന നാക്കിലയിലേക്ക്
അമ്മ ആദ്യം പൊടിയരി ചോറ് കോരിയിട്ടു.പിന്നെ വിഭവങൾ ഒന്നിനു പുറകെ ഒന്നായി വിളമ്പാൻ തുടങി.ആദ്യം
ഇടിയൻ ചക്ക ,പിന്നെ, ചക്കയെലിശ്ശേരി,ചക്കകുരുമെഴുക്കുപുരട്ടി.. ഇതെല്ലാം വിളമ്പുമ്പോൾ ആശാരിയുടെ മുഖം ഇരുണ്ട് വന്നു
താൻ വഞ്ചിക്കപെട്ടതായി അദ്ദേഹം മനസ്സിലാക്കി.അവസാനം ഇളം ചക്കകൊണ്ടുള്ള അച്ചാറ് ഇലയിലിടുമ്പോഴേക്കും
അയ്യാളുടെ മുഖം ഗൌരവം കൊണ്ട് കല്ലു പോലെയായിരുന്നു..ആശാരിയുടെ അപ്രസന്നമായ മുഖം കണ്ട് അമ്മ ഒരു ചീന
ഭരണിയുടെ അഗാധതയിൽ ഉറയൊഴിക്കാൻ സൂക്ഷിച്ച് വച്ചിരുന്ന മോര് എടുക്കാൻ തന്നെ ഉറച്ചു.
പാകത്തിന് ഉപ്പ് ചേർത്ത് നാരകത്തിന്റെ കൂമ്പിലയും ഞരടിയിട്ട് സംഭാരം തയ്യാറാക്കിയതിന്ന് ശേഷം
ആശാരിക്കൊരു സർപ്രൈസായിക്കോട്ടെ എന്നുവിചാരിച്ച് ചോദിച്ചു: “ആശാരിക്കല്പം മോരെടുക്കട്ടേ?”
ആശാരി ആദ്യം കേൾക്കാത്തപോലെയിരുന്നു.
“അല്പം മോരെടുക്കെട്ടെ?” അമ്മ ചോദ്യം ആവർത്തിച്ചു.
“അതും ചക്ക കൊണ്ടാണെങ്കിൽ അടിയനു വേണ്ട” ആശാരിയുടെ ഉത്തരം എല്ലാവരെയും ചിരിപ്പിച്ചു.
ആശാരിയും ചിരിയിൽ പങ്ക് ചേർന്നു.അങനെ അയ്യാളുടെ പിണക്കം തീർന്നു.
പക്ഷെ എന്റെ മനസ്സ് ഉത്തരം കിട്ടാത്ത ഒരു കടം കഥയുടെ പുറകെ ആയിരുന്നു..
അപ്പോൾ വീടിന്റെ പുറകിലുള്ള ഇടവഴിയിൽ ഒരു കുഴൽ വിളി കേൾക്കുന്നു.
നോക്കുമ്പോൾ, പാടത്തേക്ക് തീറ്റാൻ എഴുന്നള്ളിച്ച് കൊണ്ട് പോകുന്ന ചേന്ദന്റെ പോത്ത് മുക്രയിടുകയാണ്.
വീടിനടുത്തെത്തിയപ്പോൾ അതൊന്ന് മൂത്രമൊഴിച്ചു.പിന്നെ അത് അതിന്റെ പാട്ടിനു പോകുകയും ചെയ്തു.
കുഴലുവിളി..വെള്ളംതളി.. കണ്ട കാഴ്ചകൾ ഒരു ജിഗ്സോ പസിലിലെന്നതു പോലെ ചേരും പടിചേർന്നപ്പോൾ ഞാൻ
ആശാരിയുടെ മുഖത്ത് നോക്കി ആവേശത്തോടെ ഉറക്കെ വിളിച്ചു.
“ പോത്ത്...പോത്ത്..” അടുത്തനിമിഷം ഈർക്കിലിയല്ല ,ഒരു ഈർക്കിലികെട്ടുതന്നെ (ചൂലെന്നും പറയാം‌)കൈയ്യിലെടുത്ത് ഓടി വരുന്ന
മാതാശ്രീയെയാണ് കണ്ടത്.സ്വതവെ കറമ്പനായ കുട്ടനാശ്ശാരി ആനന്ദതുന്ദിലനായി ആഹാരം ചവച്ചു കൊണ്ടിരിക്കുന്ന
ആ‍ സമയത്ത് ഒരു പോത്തിന്റെ മുഖഛായുണ്ടെന്ന സത്യം എന്റെ സിറ്റ്വേഷൻ കൂടുതൽ പരുങലിലാക്കി.അരുമസന്താനമെങ്കിലും
മുതിർന്ന ഒരാളെ മുഖത്ത് നോക്കി പോത്തെന്ന് വിളിക്കുമ്പോൾ ശിക്ഷിക്കാതിരിക്കാൻ രക്ഷിതാക്കൾക്കാവില്ല...
.കാലത്തിന്റെ സ്ക്രിപ്റ്റിൽ എനിക്കുവേണ്ടി ഓങി വച്ചിരുന്ന രണ്ട്
പ്രഹരങൾഞാൻ വിനീതനായി ഏറ്റ് വാങിയതിനു ശേഷമാണ് കുട്ടപ്പനാശ്ശാരിക്ക് ബോധോദയമുണ്ടായതും തെറ്റിധാരണകളൊക്കെ നീങി
കാര്യങളൊക്കെ കലങി തെളിഞ്ഞതും...പക്ഷെ എന്റെ കണ്ണുകൾ അപ്പൊഴേക്കും കലങി ചുവന്നിരുന്നു.
ഉത്തരം തെറ്റിപോയെന്ന അറിവും എന്റെ കണ്ണീരൊഴുക്കിന്റെ അളവു കൂട്ടി...
(തുടരും)

2009 മേയ് 15, വെള്ളിയാഴ്‌ച

സെൽഫ് പോർട്രൈറ്റ്

അക്ഷരകൂട്ടിന്റെ ഉപ്പുതിന്നേറുന്ന
പൈദാഹമോടെ തുടിച്ചബാല്യം..
ആർത്തിയോടെത്രയോ പുസ്തകതാളുകൾ
അന്നാളിലാണു ഞാൻ തിന്നു തീർത്തൂ..
കഥയും കവിതയും കതിരുകൊറിക്കുന്ന
കാട്ടുമൈനകിളി കുഞ്ഞുപോലെ
ബാല്യകൂതൂഹലവാടിയിലന്നൊക്കെ
കൊതിയുമായേറേയലഞ്ഞിരുന്നു
താരിൻ തളിരിളം കൂമ്പുനുണയുന്ന
ചിത്രവർണ്ണപുഴുവെന്നപോലെ
വരികളും അർഥവും അന്തരാർഥങളും
രാവും പകലും കരണ്ടിരുന്നു..
മോഹതഴപ്പുകൾ പൂവിട്ടതീരത്ത്
സ്വപ്നസമാധിയായ് കൌമാരവും
വാക്കിൻ ചിറകുമായ്തുള്ളുന്നതുമ്പിപോൽ
സ്വപ്നസഞ്ചാരിയെൻ യൌവ്വനവും
ഉള്ളിലെ വിങൽ സഹിയാതെയാണുഞാൻ
തൂലികതുമ്പ് മിനുക്കിവച്ചൂ..
മഷിയല്ല മാനത്തെ പൊൻ നിലാവാണു ഞാൻ
തൂലികക്കുള്ളിൽ നിറച്ചുവച്ചൂ..
കരുതാത്ത നേരത്തു കൌമുദിമാ‍യവെ
കണ്ണീരു പകരം ഒഴിച്ചു വച്ചൂ..
കണ്ണീരുമിറ്റിറ്റു തീരുകയാണിനി
ജീവരക്തം തന്നെ പാർന്നു വക്കാം...

2009 മേയ് 13, ബുധനാഴ്‌ച

പുസ്തകശാലാ...

കവിതയുടെ കോലം കെട്ടിയചിന്തകളെ
അക്ഷരവടിവിലാവാഹിച്ച് അണിനിരത്തിയ
ഒരു പുസ്തകത്തിന്റെ വെൺ താളുകൾ
വെറുതെ മറിച്ചു നോക്കിയും .
വിഘടിച്ചു നിൽനിക്കുന്ന വിശ്വാസപ്രമാണങളെ
ഒരു ഉടമ്പടിയിൽ ഉരുക്കിചേർത്തതെന്ന് കണ്ട്
വിഖ്യാതമായൊരു പുസ്തകം തിരിച്ചു വച്ചും..
ഇനിയുമൊരെണ്ണം മനുഷ്യവികാരങളുടെ
മഹാപ്രപഞ്ചം തന്നെയെന്ന് വിസ്മയിച്ചു തലോടിയും.
ഷെൽഫിലെ വിലകൂടിയപുസ്തകങളെ
ചില്ലു ഭരണിയിൽ പലനിറം പാർന്നു മിന്നുന്ന
മധുരമിഠായികളിൽ കൊതിയാർന്നു നിൽക്കുമൊരു
ദരിദ്രബാലനെ പോലെ
അക്ഷരതീറ്റയാലേറിയ അന്തർ ദാഹത്താലും.
സ്വപ്നങൾ തിങി തിളങുന്ന കൺ കളാലു മുഴിഞ്ഞും.
പഴയ തെങ്കിലും ജുബയിലെ കീറാത്ത കീശയിൽ
മുഷിഞ്ഞ മൂന്നു നോട്ടുകൾ ഇഷ്ടപെട്ടൊരു പുസ്തകത്തിന്റെ
വിലയുടെ മൂന്നിലൊന്ന് മാത്രമെന്ന് വിഷാദിച്ചും..
എത്രനേരമായ് സഹൃദയനാമൊരാളീ പുസ്തകശാലയിലലയുന്നു.
ഒടുവിലൊരു കോണിലെ വാതിലിൽ കാവലൊഴിഞ്ഞ നേരത്ത്
വിലയൊടുക്കാതെയൊരു പുസ്തകം കവർന്ന്
പമ്മിപതുങി പുറത്തിറങവെ ,എന്തത്ഭുതം...
നട്ടുച്ച തൃസന്ധ്യയായിരിക്കുന്നു..
രാജരഥ്യ ചൂഴുന്ന മൈതാനം അമ്പലമുറ്റവും....,അവിടെ
കെട്ടും കെടാതെയും എണ്ണമറ്റ ചിരാതുകൾക്കിടയിൽ
എണ്ണ പാർന്നും തിരി തെളിച്ചും നിൽക്കയാണ്
പൂണൂൽ ധാരിയാം പുരോഹിത നൊരാൾ..
ചിരാതുകളിൽ മിന്നി നിൽക്കുന്നതത്രയും മനുഷ്യ ജന്മങളെന്നറിഞ്ഞ്
കട്ടെടുത്ത പുസ്തകം പിന്നിൽ മറച്ച്
എവിടെയെന്റെ മൺചിരാതെന്നു കൂതുഹലമാർന്നു സഹൃദയൻ...
തിരിമങിയ ചിരാതു ചൂണ്ടി ഇതുതന്നെയെന്നായി പുരോഹിതൻ..
ഇത്ര നേരവും തെളിഞ്ഞുകത്തിയ നാളം പെട്ടെന്നു മങുവാനെന്തുകാര്യമെന്നോർക്കെ
ചിരാതിൽ വെളിച്ചമണഞ്ഞു ,ടൌണിലെ പുസ്തകശാലയുടെ
ഏഴാം നിലയുടെ വരാന്തയിൽ അഴികൾപോലുംകാവലില്ലാ
ചില്ലുവാതിലിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ചൊരാൾ
ഒരു വിഫല ജന്മമായ് താഴെ വീ‍ണു ചിതറി..
അപ്പോഴും നെഞ്ചോടടുക്കിപിടിച്ച പുസ്തകത്തിന്റെ
പേര് നിങൾക്ക് വായിക്കാം”ജൂതന്മാരുടെ ശ്മ്ശാനം”
(ജൂതന്മാരുടെ ശ്മശാനം.വിഖ്യാതമായൊരു ചെറുകഥാസമാഹാരം.
അതിലെ ഒരു കഥാപാത്രത്തിന്റെ ഗതി തന്നെയാണിവിടെ യും)

2009 മേയ് 11, തിങ്കളാഴ്‌ച

പറയാം ഒരു പ്രണയകഥ.

സ്വപ്നങളുടെ ഛന്ദസ്സിൽ.
സ്വരമെഴാത്തൊരീണത്തിൽ
മൌനത്താൽ വിരചിച്ച മഹാകാവ്യം-
- പകർത്തിയെഴുതാനില്ലതിൽനിന്നൊരു
വാക്കു പോലും..
ആഷാഢവാനിലകലെയൊരു കോണിൽ
ആർദ്രമാം മുകിൽ പടർപ്പിലാർത്തു പൂവിട്ടൊരിന്ദ്ര
ധനുസ്സിൻ വർണ്ണ വല്ലി-
തൊട്ടെടുക്കാനില്ലതിൽ നിറങളേതും.
മഴവിൽ പാദം മണ്ണിൽ തൊടുന്നദിക്കിൽ
മാണിക്യകല്ലുതിരഞ്ഞുപോയ മനസ്സിൻ
പാതിയോ മടങി വന്നിട്ടില്ലിന്നേവരെ..!
മരുഭൂവിലെരിവെയിലിൽ ഇളകുമാ
മൃഗതൃഷ്ണതൻ ജലവീചികൾ-
മോഹിക്കുവാനില്ലതിൽ നിന്നൊരിറ്റുജലം
നെഞ്ചിൻ ദാഹമാറ്റുവാൻ...
കുളിരാർന്നൊരാമറുതീരം തേടി പോയ
മനസ്സിൻ മറുപാതിയും മടങിയിട്ടില്ലിതുവരെ..
ക്ഷണികായുസ്സാം പുഷ്പഭംഗികൾ
നാളത്തെ കനിയുടെ
കനികിളിർത്തു തളിരിലകൺ വിടർത്തുമൊരു
പുതുചെടിയുടെ വാഗ്ദാനം മാത്രം.
(വാഗ്ദാനങളെപ്പൊഴും നിറവേറ്റപെടുകയില്ലെന്നതും
ഓർമ്മയിരിക്കട്ടെ...!)
അതോർക്കാതെയീ സൌരഭങളിൽ
അതിരുവിട്ടഭിരമിക്കുന്നവർ വിഢ്ഢികൾ..