2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മലയിറങി,ഒരു മരതകപൊയ്കയുടെ തീരത്ത്.... (വനസ്ഥലിയിലേക്ക്..5)

മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ തലേദിവസത്തെ ക്യാമ്പ് അംഗങൾ എല്ലാവരും
ഞങളെ കാത്തു നിൽക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസർ ശ്രീ അനിൽ കുമാറും
ഞങളുടെ കൂടെ വരാൻ തയ്യാറായി നില്പുണ്ട്.മഞ്ഞസാരിയിൽ കൂടുതൽ മനോഹരിയായി
ഉത്സാഹത്തോടെ ഗിരിജയുമുണ്ട്. ഗിരിജയെ ഡോക്ടർ ചോദ്യഭാവത്തിൽ നോക്കി(വരണ്ടാന്ന്
പറഞ്ഞിട്ടും വന്നൂല്ലേ?) ക്ഷമാപണത്തോടെയുള്ള ഒരു ചെറിയ പുഞ്ചിരിയായിരുന്നു ഗിരിജ
യുടെ മറുപടി(സർ, ഈ മലമ്പ്രദേശത്ത് ജനിച്ച് വളർന്നവളാണ് ഞാൻ.വളർന്നു കഴിഞ്ഞപ്പോൾ
കാടും മലയും കയറിയിറങുന്നത് തൊഴിലിന്റെ തന്നെ ഭാഗമായി.ചെറിയ ആരോഗ്യ പ്രശ്നങളൊന്നും
സാരമില്ല സാർ).
തേയില കുന്നുകൾക്കിടയിലൂടെ എല്ലാവരുമൊന്നിച്ച് ഒരു ഷോർട്ട് ട്രിപ്പ്.സമയം പതിനൊന്നു
മണി കഴിഞ്ഞെങ്കിലും വെയിലിനു കുളിര്. നേർത്ത മഞ്ഞിൻ പടലത്തിലൂടെ കാണുന്ന സൂര്യന്റെ ചുവപ്പ്
രാശി വിട്ട് മാറിയിട്ടില്ല.മലമുകളിലെ സൂര്യൻ വളരെ സൌമ്യനാണ്
“വിശ്വ മഹാ ക്ഷേത്രസന്നിധിയിൽ ..വിഭാത ചന്ദനതളികയുമായ് നിൽക്കും
വസുന്ധരേ ...വസുന്ധരേ.. “ വിഷ്ണുവിന്റെ സ്റ്റീരിയോവിൽ നിന്ന് ആർദ്രമായ ഒരു ഗാനം.സുന്ദരമായ ചുറ്റു
പാടുകളോട് സംവദിക്കുന്ന ഒരു കാല്പനികഹൃദയമുണ്ടെന്നു തോന്നുന്നു അതിന്..
ആഗാനത്തിന്റെ പല്ലവി തീരും മുൻപെ ഞങൾ നിർദ്ദിഷ്ടസ്ഥലത്തെത്തി.മനോഹരമെങ്കിലും വിജന വിശാലമായ
ആസ്ഥലം എല്ലാവരെയും ഒന്ന് ഭയപ്പെടുത്തുന്നുണ്ട്.ചുറ്റും തേയിലതോട്ടങളുടെ ഹരിതാഭ പുതച്ച കുന്നുകൾ മാത്രം.
ഒരു കപ്പൽ ച്ചേതത്തിൽ പെട്ട് ഒറ്റപെട്ട ഒരു ദ്വീപിലകപെട്ടയാത്രക്കാർ കപ്പിത്താനു ചുറ്റും
കൂടി നിൽക്കുന്നതു പോലെ ഞങൾ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിനു ചുറ്റും നിന്നു.
..”ഇതാണ് കപ്പായം മലനിരകൾ .കേരളാ ബോർഡർ.ആ കാണുന്നത് തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം.
നമ്മൾ ഇപ്പോൾ നിൽക്കുന്നത് സമുദ്രനിരപ്പിൽ നിന്നും ആയിരത്തോളം മീറ്റർ മുകളിലാണ്.
ഈ മലയുടെ താഴവാരമാണ് നമ്മുടെ ലക്ഷ്യസ്ഥാനം .സ്കൈലൈൻ ഡിസ്റ്റൻസ്( )നോക്കുകയാണെങ്കിൽ രണ്ട് കിലോ
മീറ്റർ ദൂരമേ അങോട്ടുള്ളൂ.പക്ഷേ,മലഞ്ചരുവിൽ സിഗ്.സാഗ് ആയികിടക്കുന്ന വഴിയിലൂടെ ചുരുങിയത് നാലു കിലോമീറ്ററെങ്കിലും
സഞ്ചരിച്ചു വേണം നമുക്കവിടെ യെത്താൻ.വെയിൽ ചൂടു പിടിച്ച് വരുന്ന ഈ സമയത്ത് മലയിറക്കം ഒരു ദുസ്സാഹസം തന്നേയാ‍ണ്.
പക്ഷെ ഇപ്പോഴെങ്കിലും പുറപെട്ടില്ലെങ്കിൽ നമുക്കിന്ന് തിരിച്ച് കയറാൻ പറ്റില്ല.ഇപ്പോൾ സമയം പതിനൊന്നര .ഉച്ചക്ക് ഒരു രണ്ട് മണിക്ക്
മുമ്പായി നമ്മൾ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കാം.സോ ലെറ്റ് അസ് മൂവ്....” അനിൽ കുമാറിന്റെ നേതൃത്വത്തിൽ ,തളിർത്തുകിടക്കുന്ന
കുന്നിൻ ചരുവിലൂടെയുള്ള മലയിറക്കം ഞങൾ ആരംഭിച്ചു.

അൽ‌പ്പം കഴിഞ്ഞ് കുത്തനെയുള്ള ഒരു ഇറക്കം ഇറങിയപ്പോൾ,പെട്ടെന്ന്
തേയില കുന്നുകളുടെ മനോഹരദൃശ്യം അപ്രത്യക്ഷമായി.അച്ചടക്കവും ശാലീനതയും കൈവിട്ട് പ്രകൃതി വന്യമായ ഒരു പ്രസരിപ്പാർന്നു.
ഒരു കോൺ വെന്റ് സ്കൂളിന്റെ വിക്കറ്റ് ഗേറ്റ് കടന്ന് അടുത്തുള്ള സർക്കാർ പള്ളികൂടത്തിൽ എത്തിയപ്രതീതി.
മലഞ്ചരുവിൽ ആളുയരത്തിൽ കാട്ട് പുല്ലുകളും ആകാശ ചിത്രംവരക്കുന്ന മുളം കൂട്ടങളും. അങിങ് ചിതറികിടക്കുന്ന തരുനിരകൾ.
ഇടക്ക് വലിയശിലാശില്പങൾ പോലെ പാറകെട്ടുകളും. മുന്നോട്ട് നീങുംതോറും പ്രകൃതി ദൃശ്യങൾ ഒരു ഗ്ലോബൽ
തിയ്യറ്ററിലെന്നതു പോലെമാറിമറഞ്ഞ് കൂടുതൽ മനോഹരമാകുന്നു.
വഴിക്ക് വേഴാമ്പൽ പക്ഷികളെ കണ്ടു.ഇണപക്ഷികൾ.അതൊരപൂർവ്വദർശനം തന്നെയായിരുന്നു.ഞങൾ നോക്കിനിൽക്കെ
ആപക്ഷികൾ താഴ്വരയിലേക്ക് പറന്നു മറഞ്ഞു. അനിൽ കുമാർ വീണ്ടുംവാചാ‍ലനായി.കേരളത്തിൽ വംശനാശം സംഭവിച്ച്
കൊണ്ടിരിക്കുന്ന വേഴാമ്പൽ സ്പീഷ്യസുകളെകുറിച്ചും അവയുടെ സവിശേഷമായ പ്രജനന രീതികളെ കുറിച്ചുമൊക്കെ അയ്യാൾ
ഒരു ഓർണിത്തോളജിസ്റ്റിനെ പോലെ ആവേശപൂർവ്വം സംസാരിച്ചു.
വെയിലിന് ചൂടുകൂടിവരുന്നു.വിയർപ്പ് ,ക്ഷീണം ,കിതപ്പ്..ഇടക്ക് വിശ്രമിച്ചും ക്ലേശകരമായ ഇറക്കങൾ നിരങിയിറങിയും
ഞങൾ യാത്രതുടരുകയാണ്.കയ്യിൽ കരുതിയ വെള്ള കുപ്പികൾ തീർന്നു തുടങി. ഞങളുടെ യാത്രാസംഘത്തിൽ
ഇപ്പോൾ ഒരു ചേരിതിരിവ് പ്രകടമായിരുന്നു. അനിൽ കുമാറും ഗിരിജ ഉൾപ്പെടെയുള്ളവനസമിതി അംഗങളും
വളരെ മുന്നിലായാണ് നീങുന്നത്. ഞങൾ തൃശ്ശൂരിൽനിന്നുള്ള നാലഞ്ചസംഘം ഏന്തി വലിഞ്ഞ് പുറകിലും.
ഞങളീൽ തന്നെ ഡോക്റ്റർ ആണ് ഏറ്റവും പുറകിൽ .അദ്ദേഹം പതിവിലും ക്ഷീ‍ണിതനായി കാണപെട്ടു.

അകലെ വൃക്ഷങൾ തിങിനിറഞതാഴ്വരയിൽ പച്ചകല്ലിന്റെ വലിയ ഒരു പതക്കം വീണു കിടക്കുന്നതു പോലെ
മനോഹരമായ ഒരു പൊയ്ക കാണുന്നു. ഒരു മരതകപൊയ്ക.!! എ റിയൽ എമെറാൾഡ് ലേക്ക്..
“ആ കാണുന്നത് ഇടമലയാർ ക്യാച്മെന്റ് ഏരിയ .ആ പൊയ്കയുടെ തീരമാണ്
നമ്മുടെ ലക്ഷ്യം.“ അനിൽ കുമാർ വിളിച്ച് പറഞ്ഞു.അതിനു ശേഷം വലിയ ഒരു പാറക്കല്ലിൽ
കയറിനിന്ന് അയ്യാൾ നീട്ടികൂവി..”“ ഹോയ്.....”“.സിയൂസിന്റെ ശാപത്താൽ യുഗങളായി മലനിരകൾക്കുള്ളിൽ
ഒളിച്ച് പാർക്കുകകയായിരുന്ന ‘എക്കോ‘ ദേവി പ്രതിവചിച്ചു.: “” ഹോയ്....ഹോ..യ്........ഹോ.......യ്....”“
ആവിളിയുടെ മാറ്റൊലികൾ താഴ്വരയിൽ അലിഞ്ഞില്ലാതാവുകയാണ്.താഴ്വരയിലെ താമസക്കാരെ സന്ദർശിക്കാൻ
അതിഥികളെത്തുന്നുവെന്നുള്ളസിഗനലാണാ കൂവൽ.
വനയാത്രികരെ വിരുന്നൂട്ടാ‍നെന്നതു പോലെ വഴിയരുകിൽ ഒരു പേരമരം .വളർന്ന് പന്തലിച്ച അതിന്റെ
ചില്ലകളിൽ കടച്ചക്കയുടെ വലിപ്പമുള്ള പേരക്കകളാണ് തൂങി കിടക്കുന്നത്. മരത്തണലിൽ കുറച്ച് നേരം
വിശ്രമിക്കാനിരുന്നു.പേനാകത്തികൊണ്ട് തുടുത്ത പേരക്കകൾ കഷ്ണങളാക്കി ഞങൾ അല്പം ഉപ്പുംകൂട്ടി തിന്നു.
ഡോക്ടർ കയ്യിലെ സഞ്ചിയിൽ കരുതിയിരുന്ന കാസ്സറോളിൽ നിന്ന് ചൂടാറാത്ത കട് ലേറ്റ് കാട്ട് കൂവയുടെ ഇലയിൽ
എല്ലാവർക്കും വിളമ്പി.(ശബരി മലയിൽ പ്രസാദം നൽകുന്ന അതേ കാട്ടു കൂവയിലകൾ).അമൃത ബാഗിൽ നിന്നും മുന്തിരി
സത്തും ചെറുതേനും ചേർത്ത് തയ്യാറാക്കിയ ഗ്രേപ്പ് സിറപ്പിന്റെ കുപ്പി പുറത്തെടുത്തു. അതിൽ തണുത്തവെള്ളം ചേർത്ത്
.അപ്പോൾ പിഴിഞ്ഞെടുത്ത മുന്തിരി നീരുപോലെയുള്ള ആ പർപ്പിൾ പാനീയം എല്ലാവരും കുടിച്ചു..അന്തരീക്ഷം
പെട്ടെന്ന് തണുത്തു. മാനത്ത് മഴക്കാരുണ്ട്.സമൃദ്ധമായ വനഭോജനത്തിനു ശേഷം ഞങൾ യാത്ര തുടർന്നു.

മറ്റൊരാദിവാസി കുടിൽ പോലെ തോന്നിക്കുന്ന ആ അംഗൻ വാടിയുടെ വരാന്തയിലിരുന്ന് ആരും ഇതു വരെ
എഴുതിയിട്ടില്ലാത്ത വിസിറ്റേഴ്സ് ബുക്കിൽ സന്ദർശനകുറിപ്പ് തിയ്യതിയുംസമയവും വച്ച് എഴുതുമ്പോൾ
ഡോക്ടർ പറഞ്ഞു: “ എന്റെ കയ്യിൽ സ്വർണ്ണ മഷിയില്ല .. അല്ലെങ്കിൽ ഗോൾഡൻ ലെറ്റേഴ്സിലാണ് ഈ
സന്ദർശനകുറിപ്പ് എഴുതേണ്ടത്..വരും കാല പഥികർ ഇത് ആവേശത്തോടെ നോക്കിവായിക്കണം..”.പതിമൂന്ന്
ആദിവാസികുട്ടികൾ പഠിക്കുന്ന ആ അംഗൻ വാടിയിൽ ആരും ഇന്ന് ഹാജരില്ല.ടീച്ചർ തുളസി ഞങളേയും പ്രതീക്ഷിച്ച്
ഇരുപ്പായിരുന്നു.വല്ലാത്തചൂട് കാരണം അടുത്തുള്ള മരത്തണലിൽ ക്യാമ്പ് നടത്താൻ തീരുമാനമായി.കസേരയും മേശയും
അവിടെ കൊണ്ട് ചെന്നിട്ടു. മേശപ്പുറത്ത് സന്ധ്യയും ഗിരിജയും ചേർന്ന് മരുന്നുകൾ നിരത്തിവച്ചു.
രോഗികൾ ഒന്നും രണ്ടുമായി വന്നു തുടങി..അടിച്ചിലിതൊട്ടിയിലേതുപോലെ ഇവിടെയുംവിളർച്ച തന്നേയാ‍ണ് വില്ലൻ.
ഡോക്റ്റർ എല്ലാവർക്കും മുന്തിയടോണിക്കുകളും വിരമരുന്നും എഴുതി..
ഇവിടെ ആദിവാസികൾ ഒരു കോളനി ആയല്ല താമസിക്കുന്നത് .വീടുകളെല്ലാം വനത്തിൽ അങിങ് ചിതറികിടക്കുകയാണ്.
ഏറെയും ആദിവാസി തനിമനഷ്ടപെട്ട വീടുകളാണ്. ക്യാമ്പ് ഒരു മണിക്കൂറ് കൊണ്ട് അവസാനിച്ചു. മൂന്നുമണിയോടെ
ഞങൾ തിരിച്ച് മല കയറ്റത്തിനുള്ള തയ്യാറെടുത്തു.പോകാൻ നേരം ഡോക്റ്റർ ചോദിച്ചു .
“എവിടെ നമ്മൾ മുകളിൽ നിന്നു കണ്ട ആ ബ്യൂട്ടിഫുൾ ഗ്രീൻ ലേക്ക്..?! “

മരതകപൊയ്ക

3 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

വളരെ ഹൃദ്യമായ വിവരണം . മനോഹരം , നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഒരു താഴ്വാരം ഇറങ്ങി കയറിയ പ്രതീതി

വീകെ പറഞ്ഞു...

അതെ,
ആ മെഡിക്കൽ ക്യാമ്പിൽ ഞങ്ങളും പങ്കെടുത്തതുപോലെ ഒരു തോന്നൽ...
ഫോട്ടകളും കൊള്ളാം..

അഭിനന്ദനങ്ങൾ.