2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

മുഖാ മുഖം(ക്രയോൺസ്)

ആതമായനത്തിനുവേണ്ടി വരച്ച എന്റെ ഒരു ക്രയോൺ സൃഷ്ടി

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

വരാന്തയോളം വന്നുമടങിയ കടൽ..

പറഞ്ഞാൽ വിശ്വസിക്കുമോ?
പത്തുനാഴികയപ്പുറമുള്ള പടിഞ്ഞാറെ കടൽ
ഇന്നലെ സന്ധ്യക്ക് എന്റെ വീട്ടുമുറ്റത്തെത്തി.
വരാന്തയോളം വന്ന കടൽ ഇന്ന്
പുലർച്ചയോടെ പിൻ വാങി.
തിരയൊതുങിയ നേരത്ത് ഇവിടുത്തെ ഉണ്ണികൾ
കടലിൽ കല്ലുകൾ എണ്ണിയെറിഞ്ഞും
കടലാസു വഞ്ചികളിറക്കിയും കളിച്ചിരുന്നു.
രാത്രിയിൽ കടലിരമ്പം ഞങൾക്ക് താരാട്ടായി.
പാതിരാവിൽ പിൻ നിലാവുദിച്ചപ്പോൾ
മുറ്റത്തെ കടൽ പാലാഴിയാവുന്നതും
പാൽ തിരകൾ നീന്തിയെത്തിയ
സൌവർണ്ണകന്യകൾ തീരത്തിരുന്നടക്കം പറയുന്നതും
ഞാനെന്റെ മുറിയിലിരുന്നു കണ്ടെന്നെ!
കണ്ടെതെല്ലാം ഒരുകിനാവാണെന്നു ഞാൻ വിശ്വസിച്ചേനെ
പക്ഷെയിന്നു പുലർക്കാലത്ത് കടലുപേക്ഷിച്ച കക്കകൾ
പെറുക്കുവാൻമണലടിഞ്ഞമുറ്റത്ത് അയലത്തെ കുട്ടികളുമെത്തി.
തോട്ടത്തിലെ ചട്ടികളിൽ പലനിറത്തിലുള്ള കടൽ പൂവുകൾ
പൂത്തുനിന്നു; അവക്കിടയിൽ ഉദ്യാന ശില്പങളെ പോലെ
പവിഴ പുറ്റുകളും...
മതിലോരത്തു നിന്നാർക്കോ കടൽ വെള്ളരിക്ക കിട്ടിയെന്ന്
കുട്ടികൾക്കിടയിൽ നിന്ന് ആരവമുയർന്നു..
ഉമ്മറ പടിയിൽ അടിഞ്ഞു കിടന്നിരുന്ന ഒരുവലിയ മുത്തു
ചിപ്പിയെനിക്കും കിട്ടി..
നിലത്തു പടർന്ന ബ്ലീഡിംഗ് ഹാർട്ടിന്റെപൂങ്കുലകളിലും
മഴമരത്തിന്റെ താണ കൊമ്പിലും വർണ്ണവൈവിധ്യമാർന്ന
നക്ഷത്രമത്സ്യങൾ തൂങികിടന്നിരുന്നു; ഒരു ക്രിസ്മസ് കാലത്തെ
ഓർമ്മിപ്പിച്ചുകൊണ്ട്..

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

രഹസ്യ രോഗം

കേണൽ എസ് .മേനോൻ ജീവൻസ് ക്ലിനിക്കിലെ സന്ദർശകനായിട്ട് അധിക
കാലമായിട്ടില്ല.തിരക്കുകുറഞ്ഞ ഒന്നാംതിയ്യതികളിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.
രോഗവിവരങൾ കൂടാതെ അദ്ദേഹത്തിന് ഒരു പാട് കാര്യങൾ പറയാനുണ്ടാകും.അതെല്ലാം
ക്ഷമയോടെ കേൾക്കാൻ കഴിവുള്ള ഒരേയൊരാൾ ഡോക്റ്റർ ജീവൻ മാത്രമാണെന്ന
അദ്ദേഹത്തിന് നല്ല വണ്ണം അറിയാം.
‘ ഐ ആം എ മ്യൂസിയം ഓഫ് ഡിസീസസ്..ഡോക്റ്റർ”.ആദ്യത്തെ കൂടി കാഴചയിൽ
മേനോൻ സ്വയം പരിചയ പെടുത്തിയത് അങനെയാണ്.അതിനു തെളിവെന്നതു പോലെ
ഒരുവലിയ ഫയൽ എടുത്ത് മേശപുറത്ത് വച്ചു.” ഇതു വരെയുള്ള എന്റെ ചികിത്സയുടെ
രേഖകളാണ്”
ജീവൻ അതിലൂടെ യൊന്ന് കണ്ണോടിച്ചു. നിരവധി പ്രിസ്ക്രിപ്ഷനുകൾ..,ലാബ് ടെസ്റ്റുകൾ,
എക്സ് റേ-സകാൻ മുതലായവയുടെ റിപ്പോർട്ടുകൾ...
ഹെഡ് എയ്ക്ക് മുതൽ ഹീൽ പെയ്ൻ വരേയുള്ള അസുഖങൾക്ക് ഒരു ഡോക്ടർ ഷോപ്പിംഗ്
തന്നെ നടത്തിയിരിക്കുന്നു..ഇരുപതു വർഷം മുൻപുള്ള രേഖകൾ വരെ സൂക്ഷിച്ച് വച്ചിട്ടുണ്ട്.
ശരീരത്തിന്റെ പലഭാഗത്തും മാറി മാറി വരുന്ന വേദനകളാണ് മുഖ്യ രോഗലക്ഷണം.പിന്നെ
കൈ കാൽ കഴപ്പ് ,തരിപ്പ്,അസിഡിറ്റി..
സത്യത്തിൽ മേനോന് എന്താണസുഖം?നീണ്ട പരിശോധനൊക്കൊടുവിൽ ജീവൻ ഒരു ചിന്താകുഴപ്പത്തില
കപെട്ടു.അദ്ദേഹത്തിന് സാധാരണയായി ഈ പ്രായത്തിൽ കാണുന്ന രക്തസമ്മർദ്ദം ,പ്രമേഹം,ഉയർന്ന
കൊളൊസ്ട്രോൾ മുതലായ പ്രശനങൾ ഒന്നും തന്നെയില്ല.ഇസിജി ,എക്സ്റേസ്കാനിംഗ റിപ്പോർട്ടുകൾ
എല്ലാംതന്നെ നോർമ്മൽ..
മേനോൻ ദൃഢഗാത്രനായ ഒരു മനുഷ്യനാണ്. കാഴ്ചക്ക് പഴയ ഹിന്ദി നടൻ സഞ്ചീവകുമാറി
ന്റെ ഇരട്ട സഹോദരനാണെന്ന് തോന്നി പോകും.ഉയരകൂടുതലും ഇരുണ്ട നിറവുമാണ് അപവാദങൾ..
അൻപതിനും അറുപതിനും ഇടയിലെവിടെ യോ സംശയിച്ചു നിൽക്കുന്ന പ്രായം .എത്രയോ സുന്ദരിമാരുടെ
സ്വപ്നങളെ തട്ടിയെറിഞ്ഞു കൊണ്ടായിരിക്കാം ഈ പ്രായത്തിലും അദ്ദേഹം അവിവാഹിതനായി തുടരുന്നത്!
അസുഖങളില്ലാതെ സദാ അസ്വസ്ഥരായ ,കാരണമില്ലാതെ വേദനിച്ചുകൊണ്ടിരിക്കുന്ന “ഹൈപോകോൻ
ഡ്രിയാക് “ ആയ ധാരാളം രോഗികളെ കണ്ടിട്ടുണ്ട്.അത്തരമൊരു രോഗി മാത്രമാണൊ കേണൽ മേനോൻ?
ഒരു തീരുമാനത്തിലെത്തുന്നതിന് മുൻപ് കാര്യങൾ കുറെ കൂടി മനസ്സിലാക്കേണ്ടതുണ്ട്.എങ്കിലും ചില ഇടപെടലുകൾ
നടത്താതെ വയ്യ. ഇപ്പോൾ തന്നെ അമിതമായ അളവിൽ രോഗി വേദനസംഹാരികൾ അകത്താക്കി കഴിഞ്ഞു.
വളരെ മൈൽഡ് ആയ ട്രാൻ ക്വിലൈസെഴ്സ് മാത്രമേ ഈ രോഗത്തിനു ആവശ്യമുള്ളൂ ,വേണമെങ്കിൽ അല്പം
കൌൺസിലിംഗും.അതുകൊണ്ട് ജീവൻ പറഞ്ഞു: “ ഞാൻ പറയുന്നതു വരെ നിങൾ ഇനിവേദനക്ക് മരുന്നൊന്നും കഴിക്കരുത്”
“ അപ്പോൾ എന്റെ വേദനകൾ?” കേണൽ നെക്ക് കോളറിൽ തൊട്ടു കൊണ്ട് ചോദിച്ചു.
അതിനു വഴിയുണ്ട് . താങ്കൾ വലത്തു കൈ കൊണ്ട് എന്റെ ഇടത്തു ചെറുവിരലിൽ മുറുകെ പിടിക്കുക. അല്പ
നേരം കണ്ണടച്ചിരിക്കുക. അതെ അങനെ . ഇനി കൺകൾ തുറന്ന് എന്റെ ചെറുവിരലിൽ നോക്കുക.
കേണൽ മേനോൻ അത്ഭുതത്തോടെ യാണ് ആകാഴച കണ്ടത്. ഡോക്റ്ററുടെ ഇടത്തു ചെറുവിരൽ നീലയായിരിക്കുന്നു.
“ അതെ, താങ്കളുടെ വേദനയെല്ലാം ഞാൻ ആവാഹിച്ചെടുത്തിരിക്കുന്നു.”
ആദ്യത്തെ കൂടികാഴച അങനെ അവസാനിച്ചു.പിന്നീടുള്ള ഓരോ സന്ദർശനങളിലും ജീവൻ അദ്ദെഹത്തിന്റെ പ്രശ്നങൾ
പഠിക്കാൻ ശ്രമിച്ചു. വളരെ സംസാരപ്രിയനായിരുന്നു കേണൽ.സ്വന്തം ജീവിതം ഒരു കഥപുസ്തകം പോലെ അദ്ദേഹം
ജീവനു മുന്നിൽ തുറന്നിട്ടു. ജീവിതത്തെ കുറിച്ച് ഒരു പാട് മനസ്സിലാക്കിയ ,വളരെ പക്വതയും ശാസ്ത്രബോധമുള്ള
ഒരാൾ എന്ന ധാരണമാത്രമെ ജീവനു സാമാന്യമായി ലഭിച്ചുള്ളൂ.അത്തരമൊരു ജീവിതത്തിൽ മാനസികപ്രശനങൾപൂവിടുവാനുള്ള
സാധ്യത അപൂർവ്വമാണ്.
വായനമുതൽ വാന നിരീക്ഷണം വരെ വളരെ വൈവിധ്യമുള്ള
ഹോബികളാണ് കേണ്ലിനുള്ളത്.ഗുലാം അലി , ജഗജിത് സിംഗ് തുടങിയവരുടെ ഗസലുകളെ കുറിച്ച് അവർ രാവേറെ സംസാരി
ച്ചിരുന്നു.ഓരോസന്ദർശനങളും അദ്ദേഹത്തിന് ഒരുസൈക്കോതെറാപ്പിയുടെ ഗുണം ചെയ്തിരിക്കണം .ഒരിക്കൽ ഒരു പിടി ഗുളികകൾ
കഴിച്ചിരുന്ന ഇപ്പോൾ വളരെ കുറച്ചുമരുന്നുകളെ കഴിക്കുന്നുള്ളു.ചില സെഡെറ്റീവുകൾ മാത്രം.അതെ,അതില്ലാതെ ഇപ്പോഴും ഉറക്കം
അദ്ദേഹത്തിനു അസാധ്യം തന്നെ. കഥകളുടെ മാളികകെട്ടിലെ
മുറികൾ ഒന്നന്നായി തുറക്കുംപോഴും ഒരുരഹസ്യമുറിയുടെ താക്കോൽ കേണൽ ഇപ്പൊഴും ഭദ്രമായിസൂക്ഷിക്കുകയാണെന്ന് ജീവനു തോന്നിയിരുന്നു.
കഴിഞ്ഞസന്ദർശനത്തിലാണ് അതിന്റെചില സൂചനകൾ ലഭിച്ചത്.
ഡോക്റ്റർ ആഭിചാരത്തിൽ വിശ്വസിക്കുന്നുണ്ടോ? ഐ മീൻ , ഇംഗ്ലീഷിൽ “ എനിമാഗസ്” എന്നു പറയുന്ന ഒരുവിഭാഗം ആളുകൾ
ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ടോ? കേണലിനെ പോലൊരാളിൽ നിന്ന് അത്തരം ഒരു ചോദ്യം അപ്രതീക്ഷിതമായിരുന്നു. അതു
കൊണ്ട് ജീവൻ ഒരു നിമിഷം പകച്ചു പോയി.തികച്ചും അന്ധവിശ്വാസമാണെന്നു ബോധ്യമുണ്ടായിട്ടും അത്തരം കാ‍ര്യങളെ കുറിച്ച്
ആധികാരികമായി പറയാൻ താൻ ആളല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ജീവൻ. പക്ഷെ ആചോദ്യം ഇതു വരെ തുറക്കാത്ത്
ഒരു രഹസ്യത്തിലേക്കുള്ള ചൂണ്ടു പലകയാണെന്ന് ജീവൻ അറിഞ്ഞു.അതു കൊണ്ട് \ ഇന്ന് കേണൽ കൺസൾട്ടെഷൻ റൂമിലേക്ക്
കടന്നു വന്നപ്പോൾ ജീവൻ ആമുറിയുടെ വാതിലിൽ നേരിട്ട് മുട്ടുവാൻ തീരുമാനിച്ചു.
“ ഞാൻ താങ്കളുടെ ഉറക്കഗുളികകൾ നിറുത്താൻ പോകുകയാണ്”.അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉറ്റുനോക്കികൊണ്ട് ജീവൻ
പറഞ്ഞു .
പക്ഷെ എന്റെ ഉറക്കം?
“അതെ,അതണെനിക്കറിയേണ്ടത്..താങ്കളുടെ ഉറക്കം കെടുത്തുന്ന ആരഹസ്യം”
(ആത്മായനം-10) (തുടരും)

2009, ഫെബ്രുവരി 17, ചൊവ്വാഴ്ച

യാത്ര

വിഷാദ രാവിതിൽ വിരുന്നിനെത്തിയോ
വിടർന്നതാരവും വിലോല ഗീതവും
കരിഞ്ഞ ചില്ലയിൽ കസവു ചാർത്തിയോ
കണിമലരുകൾകിനാവിലെന്നപോൽ
വിജന പാതയിൽ വിദൂര ദീപകം
പഥികനേകിയോ പ്രകാശസുസ്മിതം
അഴിഞ്ഞ പാദുകം വഴിയിലിട്ടു ഞാൻ
അനന്ത യാത്രകൾ തുടർന്നിടാമിനി
കഴിഞ്ഞകാലങൾ ഇരുളിലാണ്ടുപോയ്
വിരിഞ്ഞ സ്വപ്നങൾ കൊഴിഞ്ഞു വീണുപോയ്
എരിഞ്ഞു തീർന്നുവോ മറിഞ്ഞ താളുകൾ
തിരിഞ്ഞു നോക്കുവാൻ തുനിഞ്ഞതില്ല ഞാൻ
നിതാന്ത സങ്കട കടലിതെങ്കിലും
നിലാവിൻ തോണിയിൽ തുഴഞ്ഞു നീങിടാം
വിമൂക വേദന മനസ്സിലെങ്കിലും
വിളർത്ത പുഞ്ചിരി മുഖത്തണിഞ്ഞിടാം

2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ശില്പിയുടെ മുറിവ്.

ഷെക്സ്പിയർ ഇൻ ലൌവി ലെ നായക നടന്റെ മുഖഛായ..സമൃദ്ധമായ താടി..ഏതൊസങ്കടങളുടെ
നീല നിഴൽ വീണുകിടക്കുന്നകൺ തടങൾ..അതെ ,എന്തെ ങ്കിലും പറയും മുൻപ് തന്നെ
താനൊരുകലാകാരനാണെന്നുള്ളവസ്തുത അയ്യാളുടെരൂപം ഒറ്റുകൊടുത്തു കഴിഞ്ഞിരുന്നു..
“ഞാനൊരു ശില്പിയാണ്..” ഒരു സ്വകാര്യം പോലെ അയ്യാൾ പറഞ്ഞു...നീണ്ടു മെലിഞ്ഞ വിരലുകൾ
നോക്കി ആവസ്തുത ശരിവയ്ക്കും മട്ടിൽ ഡോക്റ്റർ ജീവൻ തലയാട്ടി..
“പറയൂ നിങളുടെ വിഷമങൾ പറയൂ...“
“ഒരുമുറിവാണ് എന്റെ പ്രശനം...“ പക്ഷെ പ്രത്യക്ഷത്തിൽ എവിടെയും ഒരു മുറിവുകാണ്മാനുണ്ടായിരുന്നില്ല.
അതോടെ ജീവന്റെ ജിജ്ഞാസയുണർന്നു..
“മുറിവ് താങ്കളുടെ മനസ്സിനാണൊ..”സജലങളായ അയ്യാളുടെ മിഴികളിൽ ജീവൻ ചോദ്യഭാവത്തിൽ നോക്കി
“ശരീരത്തിലും മനസ്സിലും..”.
താങ്കൾ രോഗ ചരിത്രം തുടർന്നാലും..അതു കഴിയും വരെ ഞാൻ ഒന്നും മിണ്ടുവാൻ പോകുന്നില്ല .ജീവൻ
ചുണ്ടുകൾ ചൂണ്ടുവിരലാൽ അമർത്തികൊണ്ട് പറഞ്ഞു..
വാക്കുകൾ മെല്ലെ മെല്ലെ പെറുക്കിയെടുത്ത് തന്റെ ജീവചരിത്രത്തിന്റെ ഒരു രൂപരേഖ അയ്യാൾ ഡോക്റ്റർക്ക്
മുൻപിൽ വരച്ചിടാൻ തുടങി..
ശില്പനിർമ്മാണം എന്റെ കുലതൊഴിലാണ്..കല്ല്ലിലും മരത്തിലും ഓടിലുമൊക്കെ ഞങൾ പണിയുന്നു.എങ്കിലും
കൃഷ്ണശിലയാണ് എന്റെ ഇഷടമാധ്യമം..സ്ത്രീരൂപങളാണ് എന്റെ മാസ്റ്റർപീസ്..ടൌണിൽ ഈയിടെ പണി
കഴിഞ്ഞ ഒരു ഷോപ്പിംഗ് കോം പ്ലക്സിനു വേണ്ടി മൂന്നു മാസങൾക്കു മുൻപ് ഒരു വർക്ക് ഞാൻ ഏറ്റെടുത്തു.രോഗ
ചരിത്രം അവിടെ തുടങുന്നു..അതിന്റെ ഉടമസ്ഥനും ആർകിടെക്റ്റും ഒരു സന്ധ്യക്കാ‍ണ് എന്നെ സന്ദർശിച്ചത്..
എൻ ട്രൻസ് ഹാളിന്റെ മധ്യത്തിൽ പണികഴിച്ചിട്ടുള്ള കൃത്രിമപൊയ്ക അലങ്കരിക്കാൻ കൽ താമരയിൽ നിൽക്കുന്ന
ഒരു സാലഭഞ്ജികാ ശില്പം ...അതാണവരുടെ ആവശ്യം.“ ഒരു ന്യൂഡ് ശില്പമാണ് ഞങൾ ഉദ്ദേശിക്കുന്നത്..”ആർകിടെക്റ്റ്
പറഞ്ഞു..”പക്ഷെ ഒട്ടും വൾഗർ ആയിതോന്നാൻ പാടില്ല..” കടയുടമസ്ഥൻ പറഞ്ഞു. ചർച്ചകൾക്കൊടുവിൽ ഞങൾ
ഒരു തീരുമാനത്തിലെത്തി..അതനുസരിച്ച്ഞാൻ അവർക്ക് എന്റെ ഭാവനയിലുള്ള രൂപം വരച്ചുകാണിച്ചു.
അളവുകൾ ഒത്തിണങിയ അംഗലാവണ്യമാർന്ന സ്ത്രീരൂപം.നഗ്നത മറക്കാൻ ആടകൾക്കു പകരം ആഭരണങൾ..
പിറ്റെന്നു കനകമലയിൽ നിന്നുള്ളകൃഷണശില വീടിന്റെ മട്ടുപ്പാവിലുള്ള എന്റെ തുറന്ന പണിപ്പുരയിൽ എത്തി.
ബ്രാഹ്മമുഹൂർത്തത്തിൽ പൂജകഴിഞ്ഞ്.ഞാൻ ആശിലക്കുമുൻപിൽധ്യാനത്തിലിരുന്നു..മുനിശാപമേറ്റു കരിങ്കല്ലായി
തീർന്ന അഹല്യാരൂപത്തെ ആശിലയിൽ നിന്നും മോചിപ്പിക്കാൻ എന്റെ കരങളെ സഹായിക്കണെമേയെന്ന്
പതിവുപോലെ പ്രാർഥിച്ചു..മനസ്സിൽ ,പാതിയടഞമിഴികളുള്ള ,കഴുത്തിൽ ചെമ്പകമാലയണിഞ്ഞ,വലംകൈയിൽ
പൂപ്പാലികയേന്തിയ ഒരു രൂ പം തെളിഞ്ഞു തെളിഞ്ഞുവന്നു..അങനെ ഞാൻ ശില്പനിർമ്മാണം ആരംഭിച്ചു
ഏതാനും ആഴചകൾക്കുള്ളിൽ തന്നെ കഠിനമായശിലയിൽ നിന്നും കോമളമായഒരു സ്ത്രീരൂപം ഉടലാർന്നു..
ആസമയം കൊണ്ട് മുൻപെങും അനുഭവപെടാത്ത ഒരു ആത്മബന്ധം എന്റെ സൃഷ്ടിയോട് എനിക്ക് അനുഭവപെടാൻ
തുടങിയിരുന്നു..
പകൽകിടന്നുറങിയും രാത്രിയത്രയും നെയ്പന്തങളുടെ വെളിച്ചത്തിൽ ശില്പനിർമ്മാണത്തിലേർപെട്ടും ദിവസങൾ
കടന്നുപോയി..ഒടുവിൽ ആശില്പം പൂർത്തിയായി.പറഞ്ഞുറപ്പിച്ചതിനെക്കാൾ വളരെ കൂടുതൽ പണവുമായി
അവർ എത്തി.ചുരുക്കിപറഞ്ഞാൽ ഏകനായ ഒരു ശില്പിക്ക് ഒരായുസ്സ് സുഖമായി കഴിയാനുള്ള
പണമുണ്ടായിരുന്നു. ആശില്പം പ്രതീക്ഷിച്ചതിനേക്കാളൊക്കെ വളരെ മനോഹരമായിരിക്കുന്നുവെന്നും അതിന്റെ
നിർമ്മാണം ആരംഭിച്ചതിൽ പിന്നെ ബിസിനസ്സിൽ തനിക്ക് ചില വൻപിച്ച ലാഭങളുണ്ടായെന്നും കടയുടമസ്ഥൻ
മനസ്സു തുറന്നു..പക്ഷെ എന്റെ മനസ്സ് തകരുന്നതു പോലെ എനിക്കു തോന്നി.പിറ്റേന്നു തന്നെ ആശില്പം ടൌണിലേക്ക്
മാറ്റുവാനാണ് തീരുമാനം.നിർവചിക്കാനാവാത്ത ചിലസങ്കടൾ എന്നെ അലട്ടിതുടങി..ആഷാഢത്തിലെ ആകാ‍ശം പോലെ
എന്റെ ആത്മാവിരുണ്ടു..അത്തരം ദു:ഖങൾക്ക് ഒരുമരുന്നേഞാൻ കണ്ടുള്ളൂ. ശുദ്ധമായ പനം കള്ള് വയറു
നിറയെ കുടിച്ച് സുഖമായൊരുറക്കം..അതല്ലാതെ അന്നുരാത്രി മറ്റൊന്നുംകഴിച്ചതുമില്ല..
പാതിരാത്രി യെപ്പോഴൊ ഉറക്കമുണർന്നു .ഒരു പ്രണയ സന്ദേശം പോലെ മുറിയിൽ ചെമ്പക പൂക്കളുടെ ഗന്ധം.
.എവിടെനിന്നോ കാൽ തളകളുടെ ശിഞ്ജിതം..ആരോ എന്റെ സർഗ്ഗവേദിയിലേക്കെന്നെ ക്ഷണിക്കുന്നു.ഞാൻ മട്ടുപാവിലേ
ക്ക്നടന്നു.
അവിടെ പിൻ നിലാവിന്റെ ചന്ദന തളിരാടചാർത്തി,മാറിൽ അപ്പോൾ വിടർന്ന ചെമ്പകപൂമാലയുമണിഞ്ഞ്
നൃത്തലോലയായൊരു അപ്സരസ്സിനെ പോലെഅവൾ നിൽക്കുകയാണ്
ആ മാറിടങൾ ഉയർന്നു താഴുന്നു.നിഗൂഢതയ്ക്ക് മറയിടുന്ന അരഞ്ഞാൺ മണികൾ
മിന്നി തിളങുന്നു.മിഴികളിൽ നിന്ന് പ്രണയാർദ്രമായൊരു നോട്ടം പറന്നു വന്ന് എന്നെ പുണരുകയാണ്...
നേർത്തൊരാഘാതത്തിൽ എന്റെ അംഗവസ്ത്രങൾ ഊർന്നു ,കാലുകളിടറി..ഞാൻ മട്ടുപാവിൽ മലർന്നുവീണു..
കുറച്ചു നേരെത്തേക്കെങ്കിലും എന്റെ ബോധം മറഞ്ഞിരിക്കണം..ഓർമ്മവരുമ്പോൾ എന്റെ ദൃഷ്ടിപഥത്തിൽ
പൂർവ്വാകാശത്തെ അളന്നു കൊണ്ട് ഒരു ഗോപുരം കാണുമാറായി..അതിന്റെ മാർബിൾ മകുടത്തിൽ ഹിമകണങൾ
തിളങുന്നു.വിസ്മയകരമായ ആകാഴ്ചയെമറച്ചുകൊണ്ട് അവളുടെ ലാവണ്യരൂപം എന്റെ ദേഹത്തേക്ക് ചാഞ്ഞു..
‘നമുക്കു യാത്രപോകാം” അവൾമൊഴിഞ്ഞു.അടുത്ത നിമിഷം ചിറകാർന്ന സവാരി കുതിരയായി ഞാൻ അനന്തതയിലേക്ക്
കുതിച്ചു പൊന്തി..അനുഭൂതികളുടെ നീല നീലമായചക്രവാളങളെ വലം വച്ച്കൊണ്ട് ഞങൾ പറന്നു...
ഉറക്കമുണരുമ്പോൾ മട്ടു പാവു ശൂന്യമാണ്.ശില്പിയെ ഉണർത്താതെ തന്നെ ശില്പം അവർ കൊണ്ടുപോയ്
കഴിഞ്ഞിരുന്നു.കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിച്ചു.
പക്ഷെ എന്റെ ശരീരത്തിലെവിടെയോ ഒരു നീറ്റൽ ഉണർന്നു.അതു ശരീരത്തിൽ നിന്നും ആത്മാവിലേക്ക് കത്തിപടർന്നു..
അപ്പോൾ ഞാൻ ഒരു കാഴചകാണുകയാണ്.!!.വാടിയ പനിനീർ ദളങൾ പോലെ നിലത്തു ചിതറികിടക്കുന്ന...
പറഞ്ഞുവന്നതു മുഴുവനാക്കാതെ അയ്യാൾ അഗാധമായ മൌനത്തിലാണ്ടു.
“ ആദ്യസംഗമത്തിന്റെ ഓർമ്മകുറിപ്പ്..ഒരു ബലിയുടെ കുങ്കുമ പൂക്കൾ .”അയ്യാളുടെ മൌനത്തെ ജീവൻ മനസ്സിൽ പൂരിപ്പിച്ചു.
പിന്നെ സ്ക്രീൻ കൊണ്ട് മറച്ച എക്സാമിനേഷൻ ടേബിളിൽ കിടത്തിഅയ്യാളെ വിശദമായി പരിശോധിച്ചു .
അതിനു ശേഷം,ഗ്ലൌസ് മാറ്റുമ്പോൾ അയ്യാളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു:
“ കാര്യ മായ പ്രശ്നങൾ ഒന്നും തന്നെ യില്ല. ഇതിനുമരുന്നിന്റെ ആവശ്യവുമില്ല. പക്ഷെ മനസ്സിനു ക്ഷതമേറ്റിരിക്കുന്നു.
ചെറിയ ഒരു‘ ഗ്രീഫ് റിയാക്ഷൻ’. അതു ചികിത്സിക്കേണ്ടിയിരിക്കുന്നു. “ ജീവൻ തന്റെ പ്രിസ്ക്രിപ്ഷൻ പാഡിൽ നിന്നും
ഒരുതാളു വലിച്ചു കീറി. അതിൽ അഷ്ടാംഗ ഹൃദയത്തിൽ നിന്നുള്ള രണ്ടു ശ്ലോകങൾ മനോഹരമായ കൈപ്പടയിൽ
കുറിക്കുവാൻ തുടങി.പിന്നെ പറഞ്ഞു: “ ഈ ശ്ലോകങൾ കാലത്തും വൈകീട്ടും രണ്ടുതവണ ഏകാന്തതയിലിരുന്നു ചൊല്ലുക..
അതിന്റെ അർഥം മനനം ചെയ്യുക..”.ഇതിൽ കൂടുതൽ ചികിത്സയൊന്നും ആവശ്യമില്ല...
(ആത്മായനം-8)

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

അധമ പദങൾ..


സാഹിത്യനായകർ നയിച്ച
സാംസ്കാരികജാഥയിൽ പങ്കെടുത്ത്
ചേരിയോരം കിടക്കുന്നകുറുക്കുവഴിയിലൂടെ
വീട്ടിലേക്ക് നടക്കുമ്പോഴാണ് ,
ഏതൊവഴിപോക്കന്റെ കുഴഞ്ഞനാവിൽ
നിന്നു വഴുതി വീണ് കുപ്പതൊട്ടിയിൽ
പതുങിയിരിക്കുകയായിരുന്ന അവരെന്റെ മുമ്പിൽ
വന്നത്,മുഷിഞ്ഞും മെലിഞ്ഞും അനാഥരെ
പോലെയിരിക്കുന്ന ആവാക് രൂപികൾ...
‘ആദ്യാക്ഷരം പിശകി അധമരായ
സാത്വികപദങളാണു ഞങൾ..’
ഒരുവിചാരണക്കെന്നപോലെ
എന്റെ വഴിതടഞ്ഞ് കൊണ്ട് അവർപറഞ്ഞു...
“അല്പം അച്ചടി മഷിപുരട്ടിതന്ന്
അയിത്തമകറ്റണമെന്നതാണ്
ഞങളുടെ ആവശ്യം..“
പൂർവ്വാശ്രമത്തിൽ ഞാൻ‘ സ്നേഹ‘മായിരുന്നു.’
അവരിലൊരാൾ തുടർന്നു..
ഞാനോ ‘നന്ദിനിറഞ്ഞൊരുവിധേയത്വ‘വും
മറ്റെയാൾ മൊഴിഞ്ഞു..
"മതിമതി.."തന്റെ ചരിത്രം പറയാൻ തുടങിയ
മൂന്നാമനെ തടഞ്ഞു കൊണ്ട്ഞാൻ പറഞ്ഞു..
സുബോധത്തിന്റെ പടിക്കുപുറത്ത് തന്നെ യാണ്
എന്നും നിങടെസ്ഥാനം...അധമവികാരങളുടെ അഴുക്കുചാലിൽ
പുളച്ചുകൊണ്ടിരിക്കുക എന്നതാണ് നിങളുടെ വിധി...
എങ്കിലും നിങളെ കുറിച്ചെന്തെങ്കിലും
ഞാനെഴുതാം..
പെരുവഴിയിലെ പാഴിരുളിൽ വച്ചു കൊടുത്തവാക്കാണ്
അതുകൊണ്ടമാത്രമാണീ കുറിപ്പ്...

2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

യൂത്തനേഷ്യ


കണ്ണൻ വീണ്ടും വൃന്ദാവനത്തിൽ എത്തിയിരിക്കുന്നു.തെറ്റിദ്ധരിക്കരുത്!
കണ്ണൻ രോഗിയും,വൃന്ദാവൻ ഹോസ്പിറ്റലുമാകുന്നു.
മുൻപ് അയ്യാൾ ഇവിടെ വന്നത് നെഞ്ചു വേദനയുമായിട്ടായിരുന്നു.
എക്സ് റേ ഉൾപ്പെടെ അടിസ്ഥാന പരിശോധനകളെല്ലാം കഴിഞ്ഞ്,തൊണ്ടിയോടെ
ന്യായാധിപനു മുന്നിൽ ഹാജരാക്കപെട്ട പ്രതിയായി അന്നയാൾ ഡോ:മൂർത്തി
ക്കു മുന്നിലിരുന്നു.ഡോ; ഒരു ഗവേഷണവിദ്യാർത്ഥിയുടെ അവധാനതയോടെ എക്സ് റെ ലോബിയി
ലിരിക്കുന്ന അയ്യാളുടെ നെഞ്ചിന്റെ ഭൂപടം പരിശോധിച്ച്പ്രവാചകനായ ഒരു
കവിയെ പോലെ പറഞ്ഞു തുടങുകയുണ്ടായി:“ രോഗം മൊട്ടിട്ടു കഴിഞ്ഞു. ഇനി അത് ഒരു പൂവായി
വിടരും.പിന്നെ വസന്തമാകും.അതു വരെ കാത്തിരിക്കാം.
അപ്പോൾ ചികിത്സ”? അയ്യാൾ ഇടർച്ചയോടെ ചോദിച്ചു..
മൂന്ന് മാസം കഴിഞ്ഞു വരൂ ... അപ്പോൾ നിശ്ചയിക്കാം.ഡോ: മൂർത്തിയുടെ സ്വരം ഉറ
ച്ചതായിരുന്നു.വ്ര്ന്ദാവൻ ക്ലിനിക്കിലെ പ്രഗൽഭനായ ഡോക്ടറുടേത് അവസാന വാക്കായിരുന്നു.
അങിനെ വേദനയുടെ വസന്തോത്സവം മൂന്നു മാസം ആഘോഷിച്ചതിനു ശേഷം
അയ്യാൾ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു .വീര്യം കൂടിയ വീഞ്ഞു സേവിച്ചതു പോലെ
വേദനയുടെ ലഹരിയിൽ അയ്യാളുടെ കണ്ണുകൾ കൂമ്പിയിരുന്നു.ഡോക്ടർ അയ്യാളെ ഹ്റദയപൂർവ്വം സ്വീകരിച്ചു
ചികിത്സാമുറിയിലേക്ക് കൊണ്ടു പോയി.അയ്യാ‍ളെ അവിടെ എത്തിച്ചഅപരിചിതൻ
വരാന്തയിലെ തിരക്കിലെവിടെയോ അപ്രത്യക്ഷനായിരുന്നു....
ഡോമൂർത്തിയും അയ്യാളും ഒരു കട്ടിലും മാത്രം.ഡോക്ടറുടെ കണ്ണിൽ
പിതൃവാത്സല്ല്യം അയ്യാൾ കണ്ടു.പക്ഷെ അദ്ദേഹത്തിന്റെ കരങൾക്ക് ശിശിരത്തിന്റെ
തണു പ്പായിരുന്നു.ഒരു വലിയ സിറിഞ്ചിൽ മരുന്നു മായി സിസ്റ്റർ എത്തി.ഡോക്ടർ അതേറ്റുവാങികണ്ണന്റെ
കൈതണ്ടയിലെ നീല ഞരമ്പിൽകുത്തിവക്കുവാൻ തുടങി.കണ്ണൻ ഒരു മയക്കത്തിലേക്കു വീണു
കൊണ്ടിരിക്കുകയാണ്...ഡോക്ടറുടെ സ്വരം അപ്പോഴും അയ്യാൾ കേൾക്കുന്നുണ്ട്.
മരുന്നിന്റെ തുള്ളികൾ നിന്റെ വേദനയെ നിർവീര്യമാക്കും.പിന്നെവേദനകൊണ്ടു മുറുകിയ
പേശികളെ ഒന്നന്നായി തളർത്തും..ആദ്യം കൈകാലുകൾ..പിന്നെ ഉടൽ..” ഡോക്ടറുടെ സ്വരം
ചക്രവാള ത്തിനപ്പുറം മറഞ്ഞു കഴിഞ്ഞു.....
ഉറങി എണീക്കുമ്പോൾ വേദനയെല്ലാം പൊയ്പോയിരുന്നു..മുറിയിലാകട്ടെ ആരുമില്ല!
അപ്പോൾ കണ്ണനു എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു തോന്നി.
അങിനെ അയ്യാൾ ആരോടും പറയാതെ അവിടെ നിന്നെഴുന്നേറ്റ് പുറത്തു കടന്നു.തോട്ടത്തിൽ
സ്പൈഡർ ലില്ലികൾ പൂത്തു നിൽക്കുന്നു..വൃന്ദാവനത്തിൽനിന്ന്
രക്ഷപെട്ട കണ്ണൻ അമ്പാടി ലക്ഷ്യമാക്കിനടന്നു.‘അമ്പാടിഅയ്യാളുടെ വീടിന്റെ പേരാണ്.ഒരേയൊരു
മകന്റെ പേരും അതു തന്നെ.
സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ സന്ധ്യയായി.മഴതോർന്ന പാടത്ത് മിന്നാമിനുങുകളുടെ
പാനീസു വിളക്കുകൾ പാറി നടക്കുന്നു.എതിരെ ആരോ വരുന്നുണ്ട്.അടുത്തെത്തിയപ്പോഴാണ്
ആളെ മനസ്സിലായത്.അടുത്ത വീട്ടിലെ ജൊസഫ്.! ജൊസ്ഫ് കണ്ണനോട് അസുഖ വിവരങൾ
ചോദിച്ചു.ക്ഷണനേരത്തെ കുശലാന്വേഷണത്തിനുശേഷം അയ്യാൾ ഇരുളിൽമറഞ്ഞു.തനിച്ചായപ്പൊഴാണു
ഒരു ഞെട്ടലോടെ ഓർത്തത്.ആദ്യമായി നെഞ്ചു വേദന അനുഭവപെട്ടത് ജൊസ്ഫിന്റെ
വീട്ടിൽ വെച്ചായിരുന്നു. അന്നയാളുടെ മരണാനന്തര ചടങുകൾ നടക്കുകകായിരുന്നു.
മൂന്നു മാസം മുമ്പു മരിച്ച് ജൊസഫിനെയാണ് താനിപ്പോൾ കണ്ടത്!
ഒരു പക്ഷെ മരുന്നിന്റെ സെഡേഷൻ വിടുന്നതായിരിക്കാം..അല്ലെങ്കിൽ ഇതൊരു സ്വപ്നാടനമാകാം..
എന്തായാലും വല്ല്ലാത്തഒരു ലാഘവത്വം അനുഭവപെടുന്നുണ്ട്.വീണ്ടും മുന്നോട്ടു നടന്നു..
വർഷങൾ ക്കപ്പുറത്തു നിന്നെന്നപോലെ ഒരു സ്വരം കേൾക്കുന്നു!ചേന്ദന്റെകുടിലിൽനിന്നാ‍ണ്.
വരാന്തയിലിരുന്ന്പാഠ പുസ്തകത്തിലെ കവിത ഉറക്കെ ചൊല്ലുകയാണ് അയ്യാളുടെ മൂത്തമകൾ.
മുപ്പത് വർഷം മുമ്പ് പാമ്പുകടിയേറ്റു മരിച്ചു പോയ സരള.!അവൾ തന്റെ ക്ലാസ്സ്മേറ്റായിരുന്നു.മതിഭ്രമ
ങളിൽ നിന്ന് രക്ഷപെടാനെന്നപോലെ അയ്യാൾ നടത്തത്തിന് വേഗം കൂട്ടി.
വീട്ടിലെത്തിയപ്പോൾ രാധിക വാതിൽ ചാരാതെ തന്നെ കാത്തിരിക്കുകയാണ്.അയ്യാൾവാതിൽക്കൽ
നിറഞ്ഞു നിന്ന് മെല്ലെ ചുമച്ചു.അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം അയ്യാളെയുംകടന്ന്
പടിപ്പുരയിലേക്ക്നീണ്ടു.അപ്പോൾ മാത്രമാണ് താൻ കഥാവശേഷ നായെന്ന് അയ്യാൾക്ക് പൂർണ്ണബോധ്യം
വന്നുള്ളൂ.
`

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

ക്ഷേത്രസന്നിധി

ഇതൊരമ്പലം-ഇരുൾശിലാനിർമ്മിതം.
ഇരു ഗോപുരങളിടംവലം-ചുറ്റും ചിത്രമതിൽ.
വരൂ,കമലദളം കൊത്തിയ കവാടം
കടന്നുള്ളിൽ പ്രവേശിക്കാം...
തിരുനടയിൽ വീണുപ്രണമിച്ച്,
ഇഷ്ടമൂർത്തിക്കുമുൻപിൽ
സ്വപ്നസൂനങളർച്ചിക്കാം.....
കണ്ണീരു കാണിക്കവക്കാം...
പ്രതീക്ഷകളുരുവിട്ട് പ്രദക്ഷിണവഴിചുറ്റി
വിഘ്നങളാവാഹിച്ച നാളികേരം
നടക്കല്ലിലെറിഞ്ഞുടക്കാം...
അവിലുമലരു ശർക്കര
കതിരുകദളികൽക്കണ്ടം
ഒരിലചീന്തിൽ പ്രസാദമായ്‌വാങാം
വീണ്ടുംതൊട്ടുനമിച്ച് പ്രശാന്തിയുടെ
തീരത്തേക്ക് പടികളിറങാം...

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

(പഴയൊരുതാളിൽനിന്നും;പണ്ടെന്നോകുറിച്ചത്..)

പുഴയെന്ത് പറയുന്നു തീരമോടെന്നല്ലെ
മിഴികൾ വിടർത്തിയീ കുഞ്ഞു പൂക്കൾ
കാടിൻ കടങ്കഥയായിരിക്കാമെന്നു
കാണാമറയത്ത് കുയിലു പാടി
കടലെന്തു ചൊല്ലുന്നു വാനമോടെന്നൊരീ
കാറ്റുകലമ്പീ കടൽ ക്കരയിൽ..
കരളിലെ സ്വപ്നങളായിരിക്കാമെന്നു
തിരകൾ ചിരിക്കുന്നൂ ലജ്ജയോടെ.
മഴയെന്തു മൊഴിയുന്നു മണ്ണിനോടെന്നു ഞാൻ
കാതോർത്തിരുന്നൂ. ജനല്പടിയിൽ...
വിണ്ണിൻ വിഷാദങളായിരിക്കാമെന്നു
ജാലകപക്ഷി തൻ പാട്ടുയർന്നു..

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

താനെ ഇളകുന്നതാഴ്

ഈ ജനുവരി 18-. തിയ്യതി രാത്രി ഉണ്ടായ ഒരു സംഭവമാണ് ഇത്.വിശദാംശങളിലേക്ക് കടക്കുന്നതിനു മുമ്പ്
സൂപ്പർ നാച്വറൽ പ്രതിഭാസങളിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന കാര്യം ആദ്യമേവ്യക്തമാക്കികൊള്ളട്ടെ. .
ഈ ഭൂമിയിലെ ഓരോചലനവും സംഭവിക്കുന്നത് ചലനനിയമങൾക്കനുസൃതമായാണ്.നിർവചിക്കാവുന്ന ഒരു
ബാഹ്യ ശക്തി ഇല്ലാതെ ഒരു( അചേതന) വസ്തുവിനും സ്വമേധയാ ചലനം അസാധ്യമാണെന്ന് ന്യൂട്ടൻ പറയുന്നു..
ശാസ്ത്രത്തിന്റെ അഥവാ ലോജിക്കിന്റെ വഴികളാണ് ജീവിതത്തിൽ പിന്തുടരേണ്ടത് എന്നാണ് എന്റെ ബുദധി
എന്നും എന്നെ ഉപദേശിച്ചിട്ടുള്ളത്.പക്ഷെ എന്റെ മനസ്സിന്റെ ചപലമായ മറുപാതി അതുൾകൊള്ളുന്നുണ്ടോ?സംശയമാണ്.
ഭൂതപ്രേതാദികളിൽ വിശ്വാ‍സമില്ലാതിരുന്നി ട്ടും ഇരുളും ഏകാന്തതയും എന്നെ അസ്വസ്ഥനാക്കുന്നു.‘ഇല്ല‘ എന്ന് ഉറച്ചു
വിശ്വസിക്കുകയും ഇല്ലാത്തതിനെഞാൻ ഭയപെടുകയും ചെയ്യുന്നു .ഒരു തരം ഡബിൾ ഓറിയന്റേഷൻ..ഇത്രയും
ആമുഖമായി പറഞ്ഞുകൊണ്ട് പ്രസ്തുത രാത്രിയിലേക്കു തിരിച്ചു വരാം.കാര്യങൾ വസ്തുനിഷ്ഠ്മായും അതിശയോക്തി
അല്പം പോലും കലർത്താതെയും അവതരിപ്പിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.എന്നുപറഞ്ഞാൽ ,ഈ രാത്രിയിൽ
പാലമരത്തിൽ കാലൻ കോഴി
കൂവുകയോ കനകമലയിലെ പൊന്തകാട്ടിൽ കുറുനരികൾ എന്തൊ കണ്ട് ഭയപെട്ട് ഓരിയിടുകയോ ഉണ്ടായില്ലെന്നു സാരം.
എവിടെ യോ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണതിനാൽ ക്വാർട്ടേഴ്സിലും ചുറ്റുവട്ടത്തും കറന്റില്ലഎന്നതുമാത്രമാണ് ഒരു
വിശേഷം.കറന്റില്ലാത്തതിനാൽ മുറിയിൽ കാറ്റുമില്ല.
ഉഷ്ണത്താൽ ഉറക്കം വരാതെ നേരമേറെവൈകിയിട്ടും ഞാൻ ഉണർന്നിരിക്കുകയാണ്.ഡൈനിംഗ് ഹാളിൽ നിലത്ത്
ഒരു പുതപ്പ് വിരിച്ച് അതിലാണ് ഞാൻ കിടക്കുന്നത്.പിറ്റേന്ന് ഒരു വിശേഷം നടക്കാൻ പോകുന്നതിനാൽ അടുത്ത
ബന്ധുക്കളും എത്തിയിട്ടുണ്ട്.അവരെല്ലാം രണ്ട് ബെഡ് റൂമിലായി ഒതുങികൂടിയിരിക്കുന്നു.(ഇല്ല.. ഒരു ഇഫക്റ്റിനു വേണ്ടി
ക്വാർട്ടേഴ്സിൽ ഞാൻ തനിച്ചായിരുന്നു എന്നസത്യവിരുധ്ധമായ പ്രസ്താവനക്ക് മുതിരുന്നില്ല.‌)
പലശ്രുതിയിലുള്ള കൂർക്കംവലി കേൾക്കുന്നുണ്ട്.ഈ പതിഞ്ഞ കോലാഹലത്തിനിടയിൽ വ്യക്തമായും ഞാനിപ്പോൾ
മറ്റൊരുശബ്ദം കേൾക്കുകയാണ്..ശബ്ദം വരുന്നത് തളത്തിൽ നിന്നാണ്.എന്തോ മെല്ലെ ഇളകുന്ന ശബ്ദം.വൈബ്രേറ്റ് ചെയ്യുന്നതുപോലെ..
..തൃശ്ശൂർപൂരത്തിനും പോട്ട പെരുന്നാളിനു മൊക്കെ അമിട്ടുപൊട്ടുമ്പോൾ ജനലഴികളും വാതി
ലുകളും ഇതു പോലെ വൈബ്രേറ്റ് ചെയ്യാറുണ്ട്.ചിലപ്പോൾദൂരെയെവിടെയോഅമിട്ടുപൊട്ടിയെന്നുമനസ്സിലാക്കുന്നതുതന്നെ
ഏതാനും നിമിഷങൾമാത്രം നീണ്ടുനിൽക്കുന്നഈ അനുനാദം കേട്ടിട്ടാണ്. ഇപ്പോൾകേൾക്കുന്ന ശബ്ദമാകട്ടെ കുറച്ചുസമയമായി
തുടർന്നുകൊണ്ടിരിക്കുകയാണ്.
അപ്പോഴും ഭയം എത്തിനോക്കിയിട്ടില്ലാത്ത മനസ്സുകൊണ്ട് ഞാൻകിടന്നകിടപ്പിൽ കിടന്ന് ചിലലോജിക്കൽ
അനുമാനങളിൽ എത്തിയിരുന്നു..1.ഏതോഷഡ്പദത്തിന്റെവിഹ്വലമായ ചിറകടി...2. ട്യൂബ് ലൈറ്റിന്റെ ചുമരിനോട്
ചേർന്നലോഹപട്ടക്കുള്ളിൽ പല്ലികളുടെ പ്രണയപരാക്രമം.(ഈ രണ്ട് അനുമാനങളും മുൻ അനുഭവങളുടെ വെളിച്ചത്തിൽ)
3.ശക്തികുറഞ്ഞ ഒരു ഭൂചലനം.. .
ഇതിൽ അവസാനത്തെ അനുമാനം എന്നെ പരിഭ്രാന്തനാക്കുകതന്നെ ചെയ്തു.വർഷങൾക്ക് മുൻപുള്ള ഒരു റിപ്പ്ബ്ലിക്
ദിനത്തിൽ ടിവിയിൽ ആവർത്തിച്ചു കാണിച്ചിരുന്ന ദൃശ്യങൾ മനസ്സിന്റെ മിനിസ്ക്രീനിൽ വീണ്ടും തെളിഞ്ഞു.
വെളിച്ചത്തിന്റെ ഒരു സോഴ്സിനു വേണ്ടി തിരഞ്ഞ എന്റെ കൈയിൽ തടഞ്ഞത് മൊബൈൽ ഫോണാണ്.
അതിന്റെ നീലവെളിച്ചം പ്രസരിപ്പിക്കുന്ന സ്ക്രീൻ ലൈറ്റ്ഓൺ ചെയ്തു കൊണ്ട് ഞാൻ തളത്തിലേക്ക് നടന്നു. ചെവിയോർത്ത്
നിൽക്കുമ്പോൾ ശബ്ദം നിലച്ചു. പിന്നെ വീണ്ടും തുടർന്നു. ഇപ്പോൾ എനിക്കത് ലൊക്കേറ്റ് ചെയ്യുവാൻ സാധിക്കുന്നുണ്ട്.
പുറത്തേക്കുള്ളവാ‍തിലിന്റെ താഴ് വിറച്ചുകൊണ്ടിരിക്കുന്നത് ഞാൻ ബാക്ക് ലൈറ്റിന്റെനീല വെളിച്ചത്തിൽ കാണുകയാണ്..
ഈ വൈബ്രേഷൻ മറ്റെവിടെയും ഉള്ളതായി തോന്നുന്നുമില്ല.ജിജ്ഞാസ ഒരുവല്ലാത്ത ഭയത്തിനു വഴിമാറി.ആ താഴിനെ ഒന്നു
സ്പർശിക്കാൻ നീട്ടിയ വിരൽതുമ്പിലൂടെ ഒരു തണുപ്പ് അരിച്ച് കയറുന്നു.താഴിനെ തൊട്ടു നോക്കാതെ തന്നെ ഞാൻ കൈപിൻ വലിച്ചു.
(അത്തരമൊരു പ്രവൃത്തിയെ ഇപ്പോഴും എന്റെ ഉള്ളിലെ യുക്തിവാദി അപലപിച്ചുകൊണ്ടിരിക്കുകയാണ്...).“പാനിക് അറ്റാക്ക്”എന്ന്
പണ്ടേതൊ പുസ്തകത്തിൽ വായിച്ചത് എന്താണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കി..ശക്തമായ നെഞ്ചിടിപ്പ്.. ശ്വസനതടസ്സം..
ചിൽ സ് ഡൌൺ ദി സ്പൈൻ...ബട്ടർ ഫ്ലൈസ് ഇൻ ദ് സ്റ്റൊമക്...ഞാൻ ഒരു പ്രേതഗൃഹത്തിൽ അകപെട്ട ഗോത്തിക്(gothic)
കഥയിലെ കഥാപാത്രമായി....അടഞ്ഞുകിടക്കുന്നവാതിലിനുമപ്പുറംവരാ‍ന്തയിൽ ഒരു നിഴൽ രൂപി പതുങി നിൽക്കുന്നുണ്ടെന്ന്
വെറുതെയൊരു തോന്നൽ..ഭാരം തൂങുന്ന കാലുകൾ വലിച്ചുവച്ച് ഞാൻ രംഗത്ത് നിന്ന് നിഷ്ക്രമിച്ചു..
“ അവിടെ വല്ലാത്ത കൊതുകു ശല്ല്യം ..” എന്നൊരു ക്ഷമാപണം ഉരുവിട്ട്കൊണ്ട് മുതിർന്നവർ കിടക്കുന്ന ബെഡ് റൂമിലെ ഒരു
ഒഴിഞ്ഞ കോണിൽ ചുരുണ്ട് കൂടികിടക്കുമ്പോൾ പ്രാർഥിച്ചു.മണ്ണിൽ ഞങൾ കെട്ടിപൊക്കിയ കളി വീടുകൾ ഒരൊറ്റ രാത്രി
കൊണ്ട് തച്ചുടക്കരുതേ..( കാമക്രോധ) ഭയങളുടെ കടലാക്രമണം ചെറുക്കുവാൻ ഒരു വിശ്വാസത്തിന്റെ കടൽ ഭിത്തി നല്ലതാണ്.-
ഏതൊരു യുക്തിവാദിക്കും)ഒരു പക്ഷെ അടുത്തദിവസങളിൽ റ്റിവിയിലൊ പത്രത്തിലൊ തൃശ്ശുർ ജില്ലായിൽ രാത്രി യിലുണ്ടായ
നേരിയഭൂചലനത്തെ കുറിച്ചുള്ള വാർത്തകൾ പ്രതീക്ഷിച്ചു കൊണ്ട് ഞാൻ ഉറങിപോയി
പക്ഷെ ഇത്രദിവസങൾ കഴിഞ്ഞിട്ടും സമാനമായ ഒരു അനുഭവം ആരും പറയുകയൊ ഭൂചലനത്തെ കുറിച്ച് ഒരു ന്യുസ്
കേൾക്കുകയോ ഉണ്ടായില്ല..എങ്കിലും ആസംഭ വത്തിൽ എന്തെ ങ്കിലും ദൂരൂഹതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഒരു താഴിളക്കാൻ ശക്തിയുള്ള നേർത്തഭൂചലനങൾ സീസ്മോഗ്രാഫിൽ റെക്കോർഡ് ചെയ്യപെടാതെ പോകുമോ എന്നെ എനിക്കറിയാനുള്ളു...