2009, മാർച്ച് 8, ഞായറാഴ്‌ച

ശരബിന്ദു

ഈയിടെ നാട്ടിൽ പോയപ്പോൾ , പഴയ കാടോടിസംഘത്തിലെപ്രസന്നനെ കണ്ടു മുട്ടി.അന്നത്തെകൂട്ടു കെട്ടിൽ
ഇപ്പോഴും സൌഹൃദം തുടരുന്നത്പ്രസന്നനുമായി മാത്രം;കൂട്ടത്തിൽ അക്ഷരസ്നേഹികളും പഠനത്തിന്റെ വഴിയിലൂടെ
മുന്നേറിയവരായതുകൊണ്ടുമാകാം.ഞങളിൽ പഠിക്കാത്തവരെല്ലാം ബിസിനസ്സു വഴിയും ഗൾഫിൽ ജോലിനാക്കിയും
ഇന്ന് നാട്ടിലെ വലിയ പണക്കാരാണ്. ഞങളാകട്ടെ കണ്ടു മുട്ടുമ്പോഴെല്ലാം പണമുൾ പ്പെടെ യുള്ള വിവിധങളായ
വിഷയങളെ കുറിച്ച് ചർച്ചചെയ്തും ഗൃഹാതുരസ്മരണകൾ അയവിറക്കിയും ,മറയുന്ന ഗ്രാമീണഭംഗികളെ കുറിച്ച്
ആകുലരായും പഴയ പഥങളിൽ വീണ്ടും വീണ്ടും അലയുന്നു...അത്തരമൊരു യാത്രയിലാണ് ഇടവഴിയോരത്തെ
പൊന്ത കാട്ടിൽ പതുങി നിൽക്കുകയായിരുന്ന ആപൂവിനെ വീണ്ടും കണ്ടു മുട്ടിയത്.
ഇരുണ്ട പച്ചിലകൾക്കിടയിൽ ഒരു തീജ്വാല പോലെ ജ്വലിച്ചു നിൽക്കുന്ന പൂവ്.’‘നോക്കൂ....നമ്മുടെ ശരബിന്ദു..”പ്രസന്നൻ പറഞ്ഞു.
എസ് എൻ കോളേജിലെ ബോട്ടണി അധ്യാപകനായപ്രകാശിന്റെജിജ്ഞാസയുണർന്നത് സ്വാഭാവികം.ആ ആവേശവും കൌതുകവും
എന്റെ കൂടിയാണ്..കാരണം വർഷങൾക്കുമുൻപ് ആപൂവിനെ അങനെയൊരു പേരു ചൊല്ലിവിളിച്ചത് ഞാനാണ്.
"ഇതാണ് ‘ഗ്ലോറിയോസ സൂപെർബ’(gloriossa superba).മലയാളത്തിൽ മേന്തോന്നി എന്നു പറയും.പക്ഷെ ഞങളുടെ നാട്ടിൽ
ഇതിന് വേറൊരു പേരുണ്ട്..ശരബിന്ദു.." സുഹൃത്തിന്റെ കണ്ണുകളിൽ കുസൃതി...
പൊട്ടിച്ചെടുത്ത ആപൂവ് കൈയിൽ വച്ചു കൊണ്ട് അവൻ ക്ലാസ്സ് മുറിയിലെ അധ്യാപകനായി.
"yes this flower is glorious as well as superb.." ഞാൻ പറഞ്ഞു....
* * * * * * * *
ശര ബിന്ദു മലർ ദീപനാളം നീട്ടി...
സുരഭില യാമങൾ ശ്രുതിമീട്ടീ...
എൺപതുകളുടെ ആദ്യം ,പ്രധാനമായുംക്യാമ്പസ്സിലെ സ്വപന ജീവികൾനെഞ്ചേറ്റി
നടന്നിരുന്ന ഒരു ഗാനം.. .ചിത്രം: ഉൾക്കടൽ.,കവിത:.ഓയെൻ വി.,സംഗീതം :എം ബി എസ്.
മെലഡിയുടെ മലർക്കാലത്ത് വിടർന്ന ഈ സുരഭില സൂനം നിങളിൽചിലരുടെ ചുണ്ടിലും ഒരിക്കലെങ്കിലും
ഇതൾ വിടർത്തിയിരിക്കും . നിങളിൽ ഒരാളെങ്കിലും ഈ ഗാനം ഏറ്റുമൂളിയത് മുകളിലെഴുതിയതു പോലെ
യായിരിക്കും...( )
ചില പദങളില്ലേ-- പൊരുളറിയില്ലെങ്കിലും നമുക്കു പ്രിയം തോന്നുന്നവ..കവിതയുടെ അർഥബിംബത്തിനെ
നിഗൂഢതയുടെ മുകിൽമറക്കുള്ളിലാക്കുന്നവ..ഈ ഗാനം ആദ്യമായി ആകാശവാണിയിലൂടെ കേട്ടുതുടങിയകാലത്ത്.
ഈ പാട്ടിന്റെ പല്ലവിയിലെ ആദ്യപദമായ ശരബിന്ദുവെന്നത് അത്തരമൊരു വാക്കായിരുന്നു...
മാതള മലർ ,മന്ദാരമലർ, താഴമ്പൂ....മലയാള ഗാനങളിൽ നിന്നുള്ള ബോട്ടാണിക്കൽ വൊക്കാബുലറിയിലെക്ക്
പുതിയൊരു പൂവുകൂടി..ശരബിന്ദു മലർ..ആദ്യമായി കേൾക്കുകയാണെങ്കിലും ഇരുളിലും ഒരു ദീപനാളമായി ജ്വലിച്ചു
നിൽക്കുന്ന ആപൂവിന്റെ വ്യക്തമായ ഒരു രൂപം എന്റെ മനസ്സിൽ വിടർന്നു. അതു കൊണ്ടാണ് കൂട്ടുകാരു മൊത്ത്
കാടോടി നടക്കുമ്പോൾ ഒരു ബോൺ ഫയറിന്റെ ജ്വാലകൾ പോലെ പൂത്ത് നിൽക്കുന്ന മറ്റാർക്കും പേരറിയാത്ത
ആപൂവിനെ ഞാൻ ആധികാരിമായി “ശരബിന്ദു “എന്ന് കൂടെയുള്ളവർക്ക് പരിചയപെടുത്തികൊടുത്തത്
.രാത്രി കാട്ടിലൂടെ നടക്കുന്നവർക്ക് ഈ പൂവൊരു വഴിവിളക്കാണെന്നു വരെ
എന്റെ ഭാവന ചിറകുവിരിച്ചു എന്നാണ് ഓർമ്മ.
പക്ഷെ പിന്നീട് ,മുതിർന്നപ്പോൾ,കുറച്ചുകൂടെ അബ്സ്ട്രാക്റ്റ് ആയി ചിന്തിക്കാൻ തുടങിയപ്പോൾ വീണ്ടും ഈ ഗാനം കേൾക്കെ തികച്ചും
വ്യത്യസ്ഥ മായ ഒരു ഇമേജ് ആണ് മനസ്സിൽ
തെളിഞ്ഞുവന്നത്. ശരബിന്ദുവെന്നത് അഗ്രം ഹിമബിന്ദുപോലെ
ആർദ്രമായ പുലരിയുടെ പ്രഥമകിരണമായി.കിഴക്കൻ ചക്രവാളത്തിൽ നിന്ന് ശരവേഗത്തിൽ പാഞ്ഞു വരുന്ന ഈ കിരണം
തൊടുന്ന മാത്രയിൽ രാവിന്റെ അന്ത്യയാമങളെ സുരഭിലമാക്കികൊണ്ട് ഒരു പൂദീപനാളം പോലെ ഇതളുകൾ വിടർത്തുന്ന ഒരു
മനോഹര ചിത്രമായി പാട്ടിന്റെ പല്ലവി.പക്ഷെ അപ്പോഴും ശരബിന്ദു എന്നവാക്കിന്റെ അർഥംതേടിയത് മനോധർമ്മത്തിന്റെ
നിഘണ്ടുവിലാണെന്നു മാത്രം.ഈ യിടെ യാണ്, ചിത്രഭൂമിയിലൊമറ്റൊ ആണെന്നു തോന്നുന്നു,ആപാട്ടിന്റെ ലിറിക്സ് നേരിട്ടു
കണ്ടത്.: “ശരതിന്ദു മലർ ദീപനാളം നീട്ടി..
സുരഭില യാമങൾ ശ്രുതിമീട്ടി..
കുരവയും പാട്ടുമായ് കൂടെയെത്തും
അഴകാർന്ന സ്വപ്നങൾ നിങളാരോ..
ഓയെൻ വിയുടെ വരികൾഅതിന്റെയഥാർത്ഥരൂപത്തിൽ വായിച്ചപ്പോൾ എന്റെ കണ്ണിൽ നിന്ന് പെട്ടെന്ന് ഒരു മറ നീങിയതുപോലെ
തോന്നി.അവ്യക്തതയുടെ കാർമുകിൽ പടലങൾക്കിടയിൽ നിന്നും കവിതയുടെ പൊരുൾ ശരത്കാല ചന്ദ്രനെ(ശരതിന്ദു) പോലെ വെളിപെട്ട്
നിലാപുഞ്ചിരി പൊഴിക്കാൻ തുടങി..
കവിതയുടെ വരികളിൽ അന്തർലീനമായ പ്രണയഭംഗികളെ മുഴുവൻ വെളിപെടുത്തുന്നു ഇതിന്റെ സംഗീതം.അതി ലളിതമായ
വരികളെ സംഗീതം കൊണ്ട് തലോടി പാട്ടിനെആകാശ നീലിമക്ക് അപ്പുറത്തേക്കുമുയർത്തുന്നു മഹാനായ എം ബി എസ്...
അല്ലെങ്കിൽ നിങൾ ഈ പാട്ടിലെ “ഇതുവഴിനമ്മൾ നടന്നുപോകും.... ഇനിയുംതൃസന്ധ്യ പൂചൂടിനിൽക്കും..”എന്നവരികൾ കേട്ടുനോക്കൂ...
(N.B ഇത് വായിച്ച് ആരുടെയെങ്കിലും തലയിൽ ബൾബ് കത്തിയാൽ ഞാൻ ധന്യനായി...)

9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഓർമ്മകളെ വാക്കുകളിൽ കൊരുത്തെടുത്ത ഈ രീതി ഇഷ്ടമായി.....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ചില ഗാനങ്ങള്‍ ചില കവിതകള്‍.... എത്ര കേട്ടാലും മതിവരാത്തവ...

കാദംബരി പറഞ്ഞു...

മൂളിപ്പാട്ടുമായി ഞാന്‍ വായന നിര്‍ത്തി
“അറിയാത്തൊരിടയന്റെ വേണുഗാനം
അകലെ...........”
ശരബിന്ദുമലര്‍..Gloriossa superba
സെല്‍മ ജോര്‍ജിനൊപ്പം ആര് പാടുന്നു?
super post

പൊറാടത്ത് പറഞ്ഞു...

“ശരബിന്ദു” എന്ന് തന്നെയാണ് ഈ അടുത്തകാലം വരെ ഞാനും ധരിച്ച് വെച്ചിരുന്നത്. മലയാളം പാട്ടുകളുടെ വരികളിലൂടെ ഒരു ചെറു യാത്ര തുടങ്ങിയ അടുത്ത കാലത്താണ് അബദ്ധം മനസ്സിലായത്.

പാവപ്പെട്ടവൻ പറഞ്ഞു...

സുഖമോ ദേവി
സുഖമോ ദേവി .....സുഖമോ ....സുഖമോ
എന്നാ ഗാനം പിന്നെ
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി
അവിടെത്തെ അരികില്‍ ഞാന്‍
ഇപ്പോള്‍ വന്നങ്കില്‍ ...
ഈ ഗാനങ്ങള്‍ ഒക്കെ എന്ത്ര കേട്ടാലും മതിവരില്ല .
മനോഹരമായിരിക്കുന്നു
ആശംസകള്‍

അരുണ്‍ കരിമുട്ടം പറഞ്ഞു...

നന്ദി,ഇങ്ങനൊരു ഓര്‍മ്മപ്പെടുത്തലിനു

കെ.കെ.എസ് പറഞ്ഞു...

thanks...thanks for all...For sharing the passion and love for the song..

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ബള്‍ബൊന്നും കത്തീല്ല കേട്ടോ... :)

നല്ല അവതരണം..
ആശംസകള്‍..

Suresh ♫ സുരേഷ് പറഞ്ഞു...

നന്നായി പ്രെസന്റ് ചെയ്തിരിക്കുന്നു . അഭിനന്ദനങ്ങള്‍ :-)

ഇപ്പോഴും പലരും എഴുതുകയും പാടുകയും പറയുകയും ചെയ്യുന്നത് “ശരബിന്ദു” എന്നു തന്നെയാണ് . ശരതിന്ദു എന്നു തന്നെ കേട്ടിരുന്നെകിലും , കുറച്ചു വൈകിയാണ് അതിന്റെ അര്‍ത്ഥം ചിന്തിച്ചതും മന‍സ്സിലാക്കാന്‍ ശ്രമിച്ചതും.ലോജിക്കലി “ശരതിന്ദു” എന്നതാണ് ശരിയെന്നു തോന്നുന്നതെങ്കിലും “ശരദിന്ദു” എന്നും പലയിടത്തും കണ്ടിട്ടുണ്ട് , കേട്ടിട്ടുണ്ട് .. ആ ഒരു കണ്‍ഫ്യൂഷന്‍ ഇപ്പോഴും മാറിയിട്ടില്ല ..