2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

ജലച്ചായം

അരുണിമാ,കാലദേശങൾക്കപ്പുറത്തുനിന്നും നീ
അയച്ച ചിത്രം ഇന്നലെ ഭദ്രമായി എന്റെ കയ്യിൽ കിട്ടിയിരിക്കുന്നു..
നിറം നേർത്തൊരോർമ്മപോലെ ഊതവർണ്ണം പകർന്നു നീ
സൃഷ്ടിച്ചത് നമ്മുടെ പഴയതറവാട്ട് വീടിന്റെ
മാറാല കെട്ടിയ മുഖപ്പുകളും കമലദളം കൊത്തിയ തൂണുകളുമാണെന്ന്
ഞാൻ എത്രയെളുപ്പം തിരിച്ചറിഞ്ഞു...
തിരുവാതിരമഴയിൽ നനഞ്ഞമണ്ണിൽ കൊഴിഞ്ഞ് കിടക്കുന്ന
മനോരഞ്ജിതത്തിന്റെ പച്ചനിറമുള്ള ദലങളും.
തിരിമുറിയാ കുളിരിൽ പുറംവേലിയിൽ ഞെട്ടിവിടർന്ന
വെളുത്ത ഗന്ധരാജൻ പൂക്കളും
ആമ്രപർണിയുടെ തണലിലിരുന്ന്
ആംഗലേയ കവിതകൾ വായിച്ചിരുന്ന വിഷാദ രോഗിയായ വലിയമ്മാവനും
അദ്ദേഹത്തിന്റെ കാൽക്കൽ കരത്താമരകൾ പോലെ ഉലഞ്ഞ് കിടക്കുന്ന
മൺസൂൺ ലില്ലികളും..
എല്ലാം ...എല്ലാം... അമൂർത്തരൂപങളായി നീ പകർത്തിവച്ചിരിക്കുന്നു.!
ഡിസംബറിൽ നമ്മുടെ തൊടിയിൽ വിരുന്ന് വരാറുള്ള
നീണ്ട വാലുള്ള നാകമോഹൻ പക്ഷിയേയും
പകൽ വെളിച്ചത്തിലും പിരിയാൻ കൂട്ടാക്കാത്ത നിലാവുപോലെ
പൂത്ത് നിൽക്കുന്നകണികൊന്നയേയും
കൂവളതൈകൾ കാവൽ നിൽക്കുന്ന തെക്കേപുറത്തെ അസ്ഥിമാടത്തേയും..
ഒന്നും ....ഒന്നും....നീ വിട്ടുകളഞ്ഞിട്ടില്ല..!
പക്ഷെ വീടിന്റെപുറം പറമ്പിൽ സദാപൂത്ത് നിന്നിരുന്നപുല്ലാനികാടുകൾക്ക് പകരം
അസ്തമയം മുഖം നോക്കുന്ന ഒരു ആഴിപരപ്പാണല്ലോ നീ വരച്ച് വച്ചിരിക്കുന്നത്!
മേഘശാഖിയിൽ ഒരു തുടുവർണ്ണകനിപോലെ തൂങിനിൽക്കുന്നത് ഉദയസൂര്യനുമാകമല്ലോ അല്ലേ?
അല്ലെങ്കിലും ഉദയാസ്തമയങളുടെ ഉണ്മ തേടുന്നതെത്ര വ്യർഥം!
-ജനനമരണങളുടെ പൊരുളു തിരയുന്നതുപോലെ....
അവിടുത്തെ കാഴ്ചകൾ കൌതുകമാർന്നു കാണുന്ന കുട്ടികൾ നമ്മൾതന്നെയല്ലെ?കൂടെയുള്ളതച് ഛനും?
ഇവിടെ സൂര്യനിപ്പൊഴും ശോണകിശോരരൂപൻ, അവിടെയിപ്പോൾ രാവ് കൌമാരം കടന്നിരിക്കും.
അത്താഴം കഴിഞ്ഞമ്മ വടക്കിനിയിൽ നിലാവെളിച്ചത്തിൽ പാത്രങൾ കഴുകയായിരിക്കും.
മട്ടുപ്പാവിൽ മറന്നിട്ട കൊണ്ടാട്ടങൾ വട്ടിയിൽ വാരിനിറക്കുകയായിരിക്കും വലിയമ്മ
കവിതകൾ വായിച്ച് കണ്ണ്കഴച്ചവലിയമ്മാവൻ പഴയമർഫി റേഡിയോവിന്റെ നോബ് തിരിച്ച്
വിവിധ് ഭാരതിയിലെ ഗീത് മാല കാതോർക്കുകയാവും...
അരുണിമാ...
ഏതും...ഏതും......പഴയതുപോലെ ,പക്ഷെ ജീവിതത്തിന്റെ ജലച്ചായചിത്രത്തിൽ
ഇല്ലാത്തതു നീ മാത്രം...
എന്റെ നിറകണ്ണിലീ നിറങളെല്ലാം ഒന്നുചേർന്നലിയുമ്പോൾ
മൃതിയുടെ വെൺശൂന്യത..

5 അഭിപ്രായങ്ങൾ:

സമാന്തരന്‍ പറഞ്ഞു...

നീയില്ലാ ചിത്ര വര്‍ണ്ണങ്ങളിലുടക്കി ,
ഉള്ളെവിടെയോ വലിയുന്നു..

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ

Jayasree Lakshmy Kumar പറഞ്ഞു...

ഇഷ്ടമായി :)

VEERU പറഞ്ഞു...

hei bhai...it is very nice to read !!

It will take sometime for me to read all these since I am a late comer..So I need some time to enjoy and critisise after that only I will post an authentic opinion.
till then I can say only this "never stop...keep on writing ".

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ആശംസകള്‍..