2009, മേയ് 19, ചൊവ്വാഴ്ച

പഴങ്കഥകൾ-2 ഒരു കടംകഥയുടെ (ലജ്ഞിപ്പിക്കുന്ന) ഉത്തരം..

വീടിനു മുന്നിലൂടെ, നടക്കുമ്പോൾ മുട്ടു വരെ പൂഴിപുതയുന്ന ഒരു
‘വെട്ട്വോഴി’ പോകുന്നുണ്ട്.ഇടത്തിരുത്തി ചന്തയിൽ( പണ്ട് പുഴയിൽ നിന്ന് കിട്ടിയ വിഗ്രഹത്തിന്റെ ഇടത്ത് പിന്നീട് കുളം കുഴിച്ചപ്പോൾ
കിട്ടിയ വിഗ്രഹം പ്രതിഷ്ഠിച്ചതിനാൽ ഇവിടം ഇടത്തിരുത്തിയായി, ഇന്ന് അത് “എടത്തിരുത്തി”)
നിന്ന് വ്യാപാരമാടി
ചെറുമരും ചോമാരും കുട്ടയിലും വട്ടിയിലും സാമാനങളുമായി അതിലൂടെ കടന്നു പോയ്കൊണ്ടിരുന്നു.
ഇന്ന് ചങ്കരാന്തി ചന്ത ആയതിനാൽ കിഴക്കൻ പ്രദേശങളിൽ നിന്നുള്ള കാച്ചിലും കാവത്തുമൊക്കെ
അവിടെ കുന്നു കൂടി കിടക്കുന്നുണ്ടായിരിക്കും..കല്ലുവാഴയും കസ്തൂരിമഞ്ഞളുമായി മലയിൽ
നിന്നുള്ള കാടരും എത്തിയിട്ടുണ്ടാ‍കും. ഇതിനിടയിൽ കുട്ടയും മുറവുമൊക്കെ നെയ്യുന്ന പറയികളേയും കാണാം..
വഴിയോരത്ത് ,ഒരു പച്ചതിരിയുടെകടക്കൽ കൊച്ചു വയലറ്റു പൂക്കൾ കൂട്ടമായി നിൽക്കുന്ന ഒടിച്ചുകുത്തിയും
ചുവന്നനിറമുള്ള കദളി കുടങളും പലനിറത്തിലുള്ള അരിപൂക്കളും ശവനാറിപൂക്കളും സമൃദ്ധമായി വളർന്നു നിൽക്കുന്നുണ്ട്(ഇവയെ
യഥാക്രമം jamaican spike,melastoma, lantana camera,periwinkle എന്നൊക്കെ ഇന്ന് നിങൾക്ക് തിരിച്ചറിയാം.ഇതിൽ
ലന്റാന കാമറയും പെരിവിംഗിളും(നിത്യകല്ല്യാണി) മോഡേൺ ഗാർഡനിലെ കുടുംബാംഗങളായി കഴിഞ്ഞു..). വർഷങൾക്ക് ശേഷം ചിലർ
ഇതിലെയാണ് “ഞങളും ഞങളും മനിശരല്ലേ ഞങക്കും വേണം പഞ്ചകതാ‍ര” എന്നു ഉച്ചത്തിൽ ജാഥവിളിച്ചു
കൊണ്ട് കടന്നു പോയത്. സർദാർ ഗോപാല കൃഷണനെ പിന്തുടർന്ന്, കാക്കി പട്ടാളം എടത്തിരുത്തിയിലേക്ക്
ഈവഴി ചവിട്ടി മെതിച്ചു കൊണ്ടാണ് കടന്നു പോയത്.!!(ഈ ബോട്ടണിയും ചരിത്രവുമൊക്കെ കഥയുടെ ആസന്നമായ ഒരു
നിലവാരതകർച്ച കോമ്പൻസേറ്റ് ചെയ്യുവാനുള്ള ഗിമ്മിക്കുകളാണെന്ന് ,നീ സംശയിച്ചു തുടങി അല്ലേ വായനക്കാരാ,..മിടുക്കൻ)
വർഷങളുടെ ചുംബനമേറ്റ് ചുവക്കുകയും പിന്നെ കറുക്കുകയും
ചെയ്ത അതേവഴി...കറുത്തുകഴിഞ്ഞപ്പോൾ ഇതിലെ കാറുകളും കൂൾഡ്രിംഗ്സ് നിറച്ച പെട്ടിവണ്ടികളും പായാൻ തുടങി..
ഒരു സന്ധ്യക്ക് ഇതു വഴിയെ നമുക്ക് വെറുതേയൊന്ന് നടക്കാനിറങാം...അതിനിയൊരിക്കലാകട്ടെ. ഇപ്പോൾ നമുക്ക്
ഉച്ചയൂണും കഴിഞ്ഞ് മുറ്റത്തെ ആമ്രപർണിയുടെ തണലിൽ വിരിച്ചിട്ട തഴപ്പായിൽ നീലാകാശവും നോക്കി ബോറടിച്ച്
കിടക്കുന്ന കുട്ടനാശാരിയുടെ അടുത്തേക്ക് തിരിച്ച് വരാം..എങനെ ബോറടിക്കാതിരിക്കും? മാനത്ത് കീറതുണി പോലെ
ഒരു മേഘശകലമോ ,സ്ലോ മോഷനിൽ നീന്തി പറക്കുന്ന ഒരു കൂഴ കിളിയോ ഇല്ല..ആശാരി ഒരു കടംകഥയുടെ കാണാ
ചരടുകൊണ്ട് ഒരു കുട്ടി കുരങനെയെന്ന പോലെ എന്നെ കെട്ടിയിട്ടിരിക്കുകയാണ്.ഞാൻ മെല്ലെ അടുത്തുകൂടി.
“ആശാരിക്ക് മുറുക്കണോ ?“കുട്ടനാശാരിയെ ഒരു പ്രലോഭനത്തിൽ കുടുക്കാനുള്ള ഉദ്ദേശത്തോടെ ഞാൻ ചോദിച്ചു“.അമ്മാമയുടെ
വെത്തില പെട്ടിയിൽ വാസനപൊകലയുണ്ട്....പക്ഷെ അത് കൊണ്ട് വന്നാൽ എനിക്ക് കടംകഥയുടെ ഉത്തരം പറഞ്ഞ് തരണം..”
പുകയില തന്നെ അപൂർവ്വവസ്തുവായിരുന്നകാലത്ത് വാസനപുകയില ഒരു ആർഭാടം തന്നെയായിരുന്നു. ആശാരി പ്രസന്നവദനനായി
ബീഡികറപുരണ്ട ഒരു പുഞ്ചിരിയാൽ ആ ഉടമ്പടിയിൽ ഒപ്പുവച്ചു..
വീട്ടിലെ വിലകൂടിയവസ്തുക്കളിൽ ഒന്നായിരുന്നു അമ്മാമയുടെ ആ ഓട്ടുചെല്ലം .
മറ്റൊന്ന് “ആംഫോറ“ എന്ന് വിളിക്കുന്ന മൂന്നു കാലുള്ള ഒരു പാത്രമാണ് .യൂറോപ്യർ വീഞ്ഞും ഒലീവെണ്ണയും സൂക്ഷിച്ചിരുന്ന ആപാത്രത്തിൽ
വീട്ടിൽ പാത്യമ്പുറത്തിട്ടുണക്കിയ കുടമ്പുളിയാണ് ഇട്ട് വച്ചിരുന്നത്. വെറ്റിലചെല്ലത്തിന് നിരവധി അറകളുണ്ടായിരുന്നു..അതിൽ മുറുക്കുവാനുള്ള
സാമഗ്രികൾക്ക് പുറമെ ,പുളിങ്കുരു,നയാപൈസകൾ അരയിൽ കെട്ടുന്നതൊരട് എന്നിവയൊക്കെ അമ്മാമ സൂക്ഷിച്ച് വച്ചു. അതിൽ പിൽകാലത്ത്
ഞാൻ “കാമിയോ ബ്ലാക്ക്“ എന്ന് തിരിച്ചറിഞ്ഞ ഒരു കറുത്ത കല്ലും ഉണ്ടാ‍യിരുന്നു..!! ഇതെല്ലാം അപ്പാപ്പൻ കൊളമ്പിൽ നിന്ന്
കൊണ്ട് വന്നതാണ്..അന്യഥാ ദാരിദ്ര്യം ഉദ്ഘോഷിക്കുന്ന വീടിന്റെ അന്തരീക്ഷത്തിൽ ഈ വിലപിടിച്ച വസ്തുക്കൾ
കരിപിടിച്ച നാട്ടിൻ പുറത്തെ ഒരു തട്ടുകടയിൽ മെർലിൻ മൻ റോയുടെ പോസ്റ്ററെന്ന പോലെ വൈരുദ്ധ്യാത്മകമായി ഭവിച്ചു.
അല്പസമയത്തിന് ശേഷം മുറുക്കുവാനുള്ള“ നാലുകൂട്ട“വുമായി തിരിച്ചെയെത്തിയ എന്റെ കയ്യിൽ നിന്ന് ആശാരി അതെല്ലാം ആർത്തിയോടെ
തട്ടിപറച്ചു. പിന്നെ മുറുക്കുവാനുള്ളവട്ടംകൂട്ടി. ഒരനുഷ്ടാ‍നം പോലെയുള്ള മുറുക്കൽ കലയുടെ തയ്യാറെടുപ്പുകൾ ഞാൻ നോക്കിനിന്നു.
ആശാരി ആദ്യം വെറ്റിലയുടെ ഞെട്ട് നുള്ളി ദൂരെയെറിഞ്ഞതിനു ശേഷം അതിന്റെ വാലുപൊട്ടിച്ച് വലത്തെ ചെന്നിയിൽ പതിച്ച് വച്ചു..
പിന്നെ അതിന്റെ നടുഞരമ്പ് നഖം കൊണ്ട് നുള്ളി കീറിയെടുത്തു.
“അതെന്തിനാ ...” എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ ആശാരി തന്റെ പ്രവൃത്തിയെ വിശദീകരിക്കാൻ തുടങി.
അതൊരു കഥയാണ്... വെറ്റില പാമ്പിന്റെ കഥ...

പണ്ട് തക്ഷകനുമായി വഴക്കിട്ട് ഒരു പാമ്പ് ഓടി വന്നൊളിച്ചത് വെറ്റില കൊടിയുടെ ഇലയിലാണ്.ഇന്നും
ആ തക്ഷകബന്ധു വെറ്റിലയുടെ നടുഞരമ്പിൽ ഒളിച്ചിരിക്കുകയാണ്
.സമയവും സന്ദർഭവും ഒത്ത് വന്നാൽ അത് മുറുക്കുന്നവനെ കടിക്കുകതന്നെ ചെയ്യും.
വെറുതെ മുറ്റത്ത് മുറുക്കിതുപ്പി കാനൂലും പറഞ്ഞ് ഇരിക്കുകയായിരുന്ന കുഞ്ഞാഞ്ഞ ഉരുണ്ട്പെരണ്ട് വീണ് മരിച്ചെന്നൊക്കെ ചില
ചോത്തി പെണ്ണുങൾ പറയുന്നത്..ഈ വെറ്റിലപാമ്പ് കടിച്ചുള്ള മരണങളെയാണ്..’ കഥകഴിയുമ്പോഴേക്കും വായിൽ കിടന്ന്
ഒരു പാകമായ താംബൂല മിശ്രിതം ആശാരി മുറ്റത്ത് നീട്ടി തുപ്പി.
അദ്ദെഹത്തിന്റെ മുഖത്ത് ഒരു അജ്ഞാതനൊമ്പരത്തിന്റെ ചുളിവുകൾ പ്രത്യക്ഷപെടുന്നത് ഞാൻ കണ്ടു.
വിവർണ്ണമായമുഖത്ത് വിയർപ്പും പൊടിയുന്നുണ്ട്.....”അടിയൻ ഉച്ചയൂണ് കഴിഞ്ഞാൽ പൊകല കൂട്ടി മുറുക്കുക പതിവില്ല”
“മുറുക്ക്യാ പിന്നെ...” പറഞ്ഞ് വന്നത് മുഴുവനാക്കാതെ വയറും ഉഴിഞ്ഞ് കൊണ്ട് ആശേരി എണീറ്റു.
ഒന്നും മിണ്ടാതെ പടിഞ്ഞാറെ വെളിമ്പറപ്പിലെക്ക് വച്ച് പിടിക്കുന്ന ആശേരിയെ ഞാൻ വാശിയോടെ അനുഗമിച്ചു.
ഇത്തവണയും കടം കഥയുടെ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറാനുള്ള സൂത്രമാണെന്ന് ഞാൻസംശയിച്ചു..
“ മുറുക്ക്യാ പിന്നെ.?.” ആശാരി പറഞ്ഞവന്നത് മുഴുവൻ കേൾക്കുവാനുള്ള ആകാംക്ഷയാൽ ഈർഷ്യ അടക്കി
കൊണ്ട് ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു .ആശാരി അപ്പോഴേക്കും പടിഞ്ഞാറെ പറമ്പിലെ പുല്ലാനി പൊന്തക്കുള്ളിൽ
മറഞ്ഞു കഴിഞ്ഞിരുന്നു..
“ മുറുക്ക്യാ പിന്നെ ...??” ഞാൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
“മുറുക്ക്യാ പിന്നെ അട്യേന് തമ്പ്രാനെ എഴുന്നള്ളിക്കണം...”
- @ ### $$$ ****** ??? !!!! .....
(കഥ ഇവിടെ സഡൻസ്റ്റോപ്പിട്ട് നിർത്തുവാൻ കഥകളെ കുറിച്ചുള്ള എന്റെ സൌന്ദര്യസങ്കല്പം എന്നെ ഉപദേശിക്കുന്നു.
പക്ഷെ കത്തിപ്രിയനായ എനിക്ക് കുറച്ചുകൂടെ പറയാനുള്ളതുകൊണ്ട് തുടരുകയാണ്...‌)
രണ്ടടി കൂടി മുന്നൊട്ട് വച്ച ഞാൻ നടവഴിയിൽ
അമേദ്യം കണ്ട അമ്പലവാസിയെ പോലെ അറച്ചു നിന്നു.ആ പറഞ്ഞത് എന്റെ രണ്ട്
ചോദ്യങൾക്കുള്ള ഒരു ഉത്തരമെന്നറിഞ്ഞു,, പെട്ടെന്നുണ്ടായ “ജ്ഞാനോദയ“ത്തിന്റെ
ലജ്ജ എന്റെ മുഖത്ത് പടരുന്നത് ആരെങ്കിലും കാ‍ണുന്നുണ്ടോയെന്ന് ഒളി കണ്ണിട്ടു നോക്കി. പിന്നെ
ധൃതിയിൽ തിരിഞ്ഞ് നടക്കുമ്പോൾ കടംകഥയുടെ ഉത്തരത്തിന്റെ സാധൂകരണം പോലെ
ചില അപശബ്ദങൾ പൊന്തക്കുള്ളിൽ നിന്ന് ഉയർന്നു കേട്ടു.. അന്ന് കാലത്ത് ഉയർന്നജാതി ക്കാ‍രനെതിരെയുള്ള
പാവപെട്ടവന്റെ പ്രതിഷേധം ഇങനെയൊക്കെ ആയിരുന്നു..കടംകഥകളിലും പഴം ചൊല്ലിലുമൊക്കെ അവർ
ഉന്നതകുലത്തിനെ അപമാനിച്ചു..ഒരു തരം പെർവെർട്ടഡ് പ്രതികാ‍രം..
പറമ്പിലൂടെ ഏറുകൊണ്ട കോഴിയെ പോലെ അലഞ്ഞു നടക്കുന്ന എനിക്കുനേരെ വടക്കിനിയിൽ നിന്ന്
അമ്മയുടെ ശകാരമുയർന്നു” ഒള്ളവെയിലും കൊണ്ട് കാടും പടലും കെളച്ച് നീനടന്നോ..എന്നിട്ട് നേരം വയ്യുമ്പോ
ചെവിട് കുത്ത്ണ് ന്ന് പറഞ്ഞ് തൊള്ള പൊളിച്ചാ.. ഇവിടടുത്തൊന്നും എണ്ണയിലിട്ട് ചൂടാക്കി ഒഴിക്കാൻ
ഒരു അണ്ണാർകണ്ണൻ വാഴപോലും കിട്ടാനില്ല്യല്ലോ. എന്റെ ഉള്ളാട്ടിൽ ഭഗോതീ..”
ഞാനുൾപെടേയുള്ള ആ കഥാപാത്രങളൊക്കെ ഇന്ന് മൺ യവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു...
കാലത്തിനൊപ്പം ഓടികിതച്ചും ജന്മങളുടെ കടമ്പകൾ ചാടികടന്നും ഇന്ന് ഈ ബ്ലോഗിംഗ് യുഗത്തിലെത്തി നിൽക്കുമ്പോൾ
അതേ ശകാരം ഞാൻ അടുത്ത് വീട്ടിൽനിന്നു കേൾക്കുകയാണ് . ടെന്നിസ് കളിയും കഴിഞ്ഞ് സ്വിമ്മിംഗ് പൂളിൽ നീന്തി കുളിച്ച്
തല ശരിക്ക് തോർത്താതെ വീട്ടിലേക്ക് കയറി വന്ന മകനെ അമ്മ ശകാരിക്കുന്നു..“നീ കളിയും കുളിയുമായിട്ട് നടന്നോ.
രാത്രി വല്ല ത്രോട്ട് പെയിനോ ഇയർ എയ്ക്കോ വന്നാൽ ഇവിടെ അടുത്തൊന്നും ഒരു ഇ.എൻ.ടി സ്പെഷിലിസ്റ്റ് പോലുമില്ലല്ലോ
ദൈവമെ..” വാക്കുകൾ വ്യത്യസ്തം പക്ഷെ വേവലാതി അതുതന്നെ..!!
കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ പലതും അവ്യക്തമാണ് . പക്ഷെ ഒരു കാര്യം ഉറപ്പ്.“ ചെഹരാ ബദൽതാ ഹെ പർ കഹാനീ നഹീ..
മുഖങൾ മാറുന്നു പക്ഷെ കഥകൾ പഴയതു തന്നെ.....
(ഇനി തുടരണൊ വേണ്ടയോ എന്ന് നല്ലവണ്ണം ഒന്നാലോചിച്ചിട്ട്..)

10 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

വാക്കുകൾ വ്യത്യസ്തം പക്ഷെ വേവലാതി അതുതന്നെ...
മുഖങ്ങൾ മാറുന്നു പക്ഷെ കഥകൾ പഴയതു തന്നെ...

വളരെ ശരി, മാഷേ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഹഹഹ കലക്കന്‍.. തുടര്‍ന്നില്ലെങ്കില്‍ കൊന്നു കളയും.. സൂക്ഷിച്ചോ..

VEERU പറഞ്ഞു...

oh....ithrakkum pratheekshichilla...!!!
kadamkathayude utharam... enthaayalum avatharana style karanam vruthikedaayi thonniyilla...utharame...
gambheeram... thudaruka...

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

കഥയാന്നാ ആദ്യം കരുതിയത്‌.. :)
...വായിക്കാന്‍ രസമുണ്ട്..
...അടുത്തത് പോരട്ടെ..

VEERU പറഞ്ഞു...

Hi KKS,
pakshe cheriyoru aashayakkuzhappam ...ee katha vaayikkumbol 99 le vellappokkathil muttilizhanju nadanna oru vrudhan parayunnathaayi viswasikkaan thonnunnilla enthoo...ithu kks parayunnathu pole thonnunnu..

കെ.കെ.എസ് പറഞ്ഞു...

ലല്ലലലാത്തെ ,വാട്ട് യു മീൻ ? കഥ തന്നെയാണെന്നാണ്
ഇതെഴുതിയ ആൾ ഇപ്പോഴും കരുതുന്നത്..
വീരു,ജന്മങളുടെ കടമ്പകടന്ന്പൂർവ്വ ജന്മത്തിലെ കഥ പറ്യുന്നത് ഇപ്പോഴത്തെ കെ.കെ.എസ് തന്നെയാണ്.കഥ ശ്രദ്ധിച്ച് വായിച്ചാ‍ൽ ആശയകുഴപ്പത്തിന്റെ കാര്യമില്ല..മലയാളികളോട്
ഗ്രിക്ക് പുരാണം ലാറ്റിനിൽ പറയേണ്ട് കാര്യമില്ലല്ലോ..അന്നത്തെ
പാലി മലയാളം നിങളുടെ ജനറേഷനു മൻസ്സിലാവുന്നകാര്യം
സംശയമാണ് (ബിസി,20000 എന്ന സിനിമയിലെ കാടർ
ശുദ്ധമായ ഇംഗ്ലീഷ് പറയുനൂ..പിന്നെയല്ലേ)poverty of
genius എന്നു മനസ്സിലാക്കിയാലും തെറ്റില്ല...

പാവപ്പെട്ടവൻ പറഞ്ഞു...

കൊള്ളാം പച്ചകൊടി

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

അപ്പൊ ഓര്‍മ്മകള്‍ അല്ല..?
ക്ഷമി സാര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍...
ഞാനൊരു പാവം... :(

VEERU പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
VEERU പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.