2009, മേയ് 26, ചൊവ്വാഴ്ച

ഒരു രക്ഷസ്സിന്റെ നക്ഷത്രകണ്ണുകൾ.....

പഴങ്കഥ-4
ഉച്ചവെയിൽ ചാഞ്ഞതോടെ പുരപുറത്ത് അളന്നു മുറിച്ച മരപട്ടികകളുമായി
കയറിയ കുട്ടനാശ്ശേരി മുകളിലിരുന്നു കൊട്ടി തുടങി.ജോലിയുടെ മുഷിപ്പുകൊണ്ടോ
ഉയരങളിൽ എത്തുമ്പോ‍ൾ ആർക്കും അനുഭവപെടുന്ന ഏകാന്തത കൊണ്ടോ
എന്തോ,കൂടെ നല്ല ഈണത്തിൽ ഉറക്കെയുള്ള പാട്ടുമുണ്ട്...
“കൈതവളപ്പിലെ തണ്ടാത്തി നിന
ക്കെങുന്നു കിട്ടിയീ പൊന്നുവള..”**
പഴയൊരോണക്കളി പാട്ടാണ് .ആശാരി അവിടെയിരുന്നു കൊട്ടിപാടട്ടേ..
നമുക്ക്,നാട്ടിലെ അന്നത്തെ പച്ചയായ ജീവിതത്തിന് സമാന്തരമായി നിലകൊണ്ടിരുന്ന
അദൃശ്യ ലോകത്തിന്റെ ദേശവിശേഷങളിലേക്ക് കടക്കാം.ഇവിടത്തെ സ്വൈരവിഹാരികളെ
പരിചയപെടാതെ ഈ പഴങ്കഥക്കു പൂർണ്ണത ലഭിക്കുകയില്ല.കാരണം ഇവരാണ് ഞങളുടെ
അന്നത്തെ അന്യഥാ ഏകതാനമായ ജീവിതത്തിന് ഭയം കലർന്ന കാല്പനികതയുടെ സ്വരജതികളിണക്കിയത്..
ഈ കഥാ പാത്രങളുടെ പ്രൊഫൈലുകളിലൂടെ ഒന്ന് കടന്നു പോകാം...
1.കുഞ്ചാത്തൻ.പൊരുളിനും പൊഴിക്കു മിടയിൽ എവിടെ യോ ആണ് ഇവന്റെ സ്ഥാനം. ഹിമാലയത്തിലെ
“യതിയെ“ പോലെ മനുഷ്യവർഗ്ഗത്തിന്റെ നിഗൂഢതകൾ പേറുന്ന വിചിത്രമായ ഒരു സ്പീഷ്യസ് ആണൊ
കുഞ്ചാത്തനെന്നു ഞാന് സംശയിക്കുന്നു.രാത്രിസഞ്ചാരം ധാരാളം വേണ്ടിവന്നിരുന്ന ആ കാലത്ത് ,
ഉള്ളാട്ടിൽ ഉണ്ണീരി ,പഴുമ്പറമ്പിൽ പാച്ചൻ, മാഞ്ചാക്ക മാക്കുണ്ണി,പിന്നെ നമ്മുടെ
ഇട്ട്യാതി തുടങി ഒരു പാട് പേര് ഇവനെ നേരിട്ടു കണ്ടിട്ടുള്ളവരായി
ഉണ്ടായിരുന്നു. കണ്ടവരെല്ലാവരും അവന്റെ morphology (രൂപഭംഗി!) ഒരു പോലെയാണ് ഡിസ്ക്രൈബ്
ചെയ്തിട്ടുള്ളത്.
കുഞ്ചാത്തന് ഒന്നൊന്നരയടി ഉയരമേ കാണൂ. വിശാലമായ വയലുകൾ ,ആളൊഴിഞ്ഞ പറമ്പിലെ ഇടവഴികൾ
..ഇവിടെയൊക്കെ നിലാവുള്ളരാത്രികളിൽ ആണ് ഇവൻ പ്രത്യക്ഷപെടുക.പാതിര നേരത്ത്.മുത്തിയമ്പലത്തിലെ തോറ്റം കഴിഞ്ഞോ
ദൂര ദേശത്തെ പണികഴിഞ്ഞ് ,കനോലികടവത്ത് വഞ്ചിയിറങിയോ വിജനസ്ഥലികളിലൂടെ ഭയം ഉള്ളിലൊതുക്കി കൊണ്ട് കുടിയിലേക്ക്
നടക്കുമ്പോഴായിരിക്കും പുറകിൽ സംഗീതാത്മകമായ ഒരു ചൂളം വിളികേൾക്കുക.!. തീറ്റ തേടിയിറങിയ ഏതോരാപ്പുള്ള് ആണെന്ന്
വിചാരിച്ച് തിരിഞ്ഞ് നോക്കുമ്പോൾ .കാണാം നിങളെ സാകൂതം പിന്തുടരുകയായിരുന്ന ,രണ്ട് കാലിൽ നടക്കുന്ന
ഒരു കൊച്ചു മനുഷ്യ ജീവിയെ .അവന്റെ വലിപ്പം കഷ്ടി ഒരൊത്തമനുഷ്യന്റെ കൈതണ്ടയോളമെ വരൂ...ഒരു കാട്ട് ജാതി ക്കാരനെ പോലെയിരിക്കുന്ന
അവന്റെ മുഖം നിലാവിൽ വ്യക്തമാണ്!! കറുത്ത് സമൃദ്ധമായ തലമുടി , കൂട്ടു പുരികത്തിന് താഴെ തിളങുന്ന കൊച്ച് കണ്ണുകൾ,തടിച്ച ചുണ്ട്
പതിഞ്ഞ മൂക്ക്..പക്ഷെ.അവന്റ് തലക്ക് ഏകദേശം ഒരു മരോട്ടികായുടെ വലിപ്പം മാത്രം. നിങൾ സൂക്ഷിച്ച് നോക്കിയാൽ അവൻ വെളുത്ത കൊച്ചരി
പല്ലുകൾ കാണിച്ച് ഒന്ന് ഇളിക്കും.അതു വരെ ഭയന്നിട്ടെല്ലെങ്കിൽ ഈചിരി കാണുന്നതോടെ നിങൾ ഭയചകിതനാകും.
അതു കൊണ്ട് ,അന്നത്തെ അനുഭവസ്ഥരുടെ ഉപദേശം ഇതാണ്. രാത്രിയൊറ്റക്ക് നടക്കുമ്പോൾ
ചൂളം വിളി കേട്ടാൽ തിരിഞ്ഞു നോക്കാതിരിക്കുക.അഥവാ
തിരിഞ്ഞ് നോക്കിയാൽ തന്നെ,കുഞ്ചാത്തനാണെന്ന് മനസ്സിലായാൽ സൂക്ഷിച്ച് നോക്കാതിരിക്കുക.
കാരണം ഒരു നിശ്ചിത അകലം വിട്ട് നിങളെ സമീപിക്കുകയോ
ഉപദ്രവിക്കുകയോ ചെയ്യാത്ത ഒരു ‘ സാധു’ വാണ് കുഞ്ചാത്തൻ.അവൻ വെറുതെ ഒന്ന് ചിരിക്കുകയേ ഉള്ളൂ‍.
പക്ഷെ അതുമതി നിങൾ പേടികയറി രണ്ട് ദിവസം പനിച്ച് കിടക്കാൻ. (വിശാലമായ പാടത്ത് ഒറ്റപെട്ട് നിൽക്കുന്ന ,തലമുറകളായി പൂഞ്ഞാലികുറ്റി
എന്നറിയപെടുന്ന ഒരു ചെറിയമരത്തിന്റെ താഴെയുള്ള ഒരു മാളത്തിലാണ് കുഞ്ചാത്തൻ യുഗങളായി താമസിക്കുന്നത്.പാടത്തെ ഞണ്ട് ഞവിണി
കളും മത്സ്യങളു മൊക്കെ യാണ് അവന്റെ ഭക്ഷണം .ഇതിന്റെയൊക്കെ മുള്ളും തൊണ്ടും മാ‍ളത്തിന് പുറത്ത് കിടക്കുന്നത് ആർക്കുംകാണാവുന്ന
താണ്.വർഷങളായി പൂക്കാതെ കായ്ക്കാതെ വേരിൽ നിന്നിണപൊട്ടാതെ വടക്കെ പാ‍ടത്ത് ഒറ്റപെട്ട് നിൽക്കുന്ന വന്ധ്യയായ പൂഞ്ഞാലി കുറ്റിയുടെ
കഥ ഒരധ്യായത്തിനുള്ള വകുപ്പുണ്ടെന്നതിനാൽ ഇപ്പോൾ വിസ്തരിക്കുന്നില്ല.)
ഈ ജന്മത്തിൽ, ലോർഡ് ഓഫ് ദ് റിംഗ്സ് ,ഹാരിപോട്ടർ തുടങിയ
പുസ്തകപരമ്പരകൾ ഒരു ശലഭപുഴുവിനെ പോലെ കരണ്ട് തിന്ന ഞാൻ വിസ്മയപെടുന്നു-അന്നത്തെ
കുഞ്ചാത്തൻ ആരായിരുന്നു.A hobbit? elf?Gimely the dwarf ?or a leperchaun??
2.രക്ഷസ്സ്: കുഞ്ചാത്തൻ ഒരു കുള്ളനാണെങ്കിൽ രക്ഷസ് ഒരു രാക്ഷസരൂപിയാണ്. ചുവന്ന പട്ട് തറ്റുടുത്ത് ചെവിയിൽ ചെത്തി പൂതിരുകി
നിൽക്കുന്ന രക്ഷസ്സിനെ ദർശിക്കുവാൻ ഭാഗ്യം കിട്ടിയിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാളായ എന്റെ ദാദിമാ യുടെ ഒട്ടും അതിശയോക്തിയില്ലാത്ത
വാക്കുകളിൽ ഒരു ചമ്പതെങിന്റെ ഉയരമുണ്ട് മൂപ്പർക്ക്.ദേശത്തെ രക്ഷസ്സിനെ കുടിയിരുത്തിയിരിക്കുന്നത് തൊട്ടടുത്തു തന്നെയുള്ള
അമ്മാമയുടെ തറവാടായ കണ്ണമ്പിള്ളി യിലെ വീട്ടു പറമ്പിന്റെ തെക്കുകിഴക്കെ കോണിലുള്ള ഒരു മുല്ലത്തറയിലാണ്.കല്ത്തറയുടെ ഒരു വശത്ത്
കമാനാകൃതിയിൽ കെട്ടിപൊക്കിയിട്ടുണ്ട്.അതിനു താഴെ പ്രതിക്ഷ്ഠിച്ചിരുന്ന നിയതമായ ഒരു രൂപമില്ലാത്ത
കൃഷണശിലയുടെ ഇരു വശത്തുംരണ്ട് ചെറിയ കൽ വിളക്കുകളുമുണ്ട്
. (എവിടെ രക്ഷസ്സ്? കുട്ടിയായിരുന്നഞാൻ അടുത്തു ചെന്ന് ചാഞ്ഞും ചരിഞ്ഞും നോക്കും.നിസ്സംഗനായി
ഇരിക്കുന്ന ഈ കറുത്തശിലയാണ് ഉഗ്രരൂപിയായ രക്ഷസ്സെന്ന് വിശ്വസിക്കാൻ എനിക്കുകഴിഞ്ഞില്ല.ഞാൻ തൊട്ടും
തോണ്ടിയും മൂപ്പരെ പ്രകോപിപ്പിക്കാൻ നോക്കും... വർഷങൾക്ക് ശേഷം ഹിച്ച് കോക്കിന്റെ
റിയർ വിൻഡോ എന്നസിനിമയിൽ ഇതു പോലെ ഒരു രൂപം കണ്ടു.അപകടം പറ്റി വീട്ടുതടങ്കലിലായ ഒരു പത്രപവർത്തകൻ പുറകിലുള്ള
ജാലകത്തിലൂടെ ചുറ്റും തിമിർക്കുന്ന ജീവിതങളിലേക്ക് ഒരു പീപ്പിംഗ് ടോമിനെ പോലെ എത്തിനോക്കുന്നതാണ് ഇതിവൃത്തം.
പുറകിലെ ഫ്ലാറ്റിൽ താമസിക്കുന്നവരിൽ ഒരാൾ മോഡേൺ ശില്പങളുണ്ടാക്കുന്ന ഒരു ശില്പിനിയാണ്
.ഒരിക്കൽ അവൾ സൃഷ്ടിച്ച പേക്കോലത്തിനെ നോക്കി ഒരു വഴിപോക്കൻ ചോദിക്കുന്നു.
വാട്സ് ദിസ്? എന്റെ മനസ്സ് പറഞ്ഞു.: നമ്മുടെ രക്ഷസല്ലേ ഇത്. പക്ഷെ അവൾ പറഞ്ഞു.”ദിസ് ഇസ് ഹംഗർ”.ഒരു ഹംഗർ!കണ്ടാലും മതി)
ഈ മുല്ലത്തറക്കു ചുറ്റും മൂന്നാലടിവീതിയിൽ വെൺ മണല് വിരിച്ച ചതുരമുറ്റം.നാലതിരുകളിലുമായി വളർന്നു നില്ക്കുന്ന കാട്ടുചെത്തി,
നീല-വെള്ള കനകാംബരങൾ..,പുഷ്കരമൂലം എന്നറിയപെട്ടിരുന്ന മുല്ല,സാത്വികരായ
തൃത്താവുംതുളസിയും പിന്നെ ഭിന്നസ്വരങൾ കൂടികലരന്ന സസ്യജീവിതത്തിന്റെ
ഈ ബഹളങളിൽ നിന്നെല്ലാം മാറിനിന്ന് പ്രത്യകം ഒരു കോളനിയായി വളർന്ന് പ്രൌഢഗംഭീരമായ
പുഷ്പങളെ വിടർത്തുന്നസൂര്യകാന്തികൾ..
തോട്ടത്തിന്റെ ഒരു കോണിൽ സ്വർണ്ണനിറമുള്ള കൊച്ചുകാരക്കപഴങളും നിറയെമുള്ളുകളുമായി,
, കൂറുണ്ടെങ്കിലും കുത്ത് വാക്കുകൾ പറയുന്ന കുറുമ്പി പെണ്ണിനെ പോലെ
ഒരു ചെറിയകാരമരം നിലകൊണ്ടിരുന്നു.
ഇതൊന്നുംകൂടാതെ മുൻ വശത്തായി , മീനം മേടമെത്തുമ്പോൾ പവിഴപുറ്റു പൂങ്കുലകൾ വിടർത്തി
ഒരു പൂക്കാവടിയായി മാറുന്ന അശോകചെത്തിയുമുണ്ട്!..ഇത്രയുമായാൽ ഈ കൊച്ചു കാവിന്റെ സസ്യപ്രകൃതി പൂർണ്ണമായി...
പ്രകൃതി നിരീക്ഷണത്തിന്റെ ബാലപാഠങള് ഞങള് പഠിച്ചത് ഇവിടെ നിന്നാണ്. മഞ്ഞനിറമുള്ള കാരക്കാപഴങളും ,ചെറിപോലെ യുള്ള
കാട്ട് ചെത്തിപഴങളും,അശോകചെത്തിയുടെ കരിനീല പഴങളുമൊക്കെ ഞങളുടെ നാവില് സ്വാദിന്റെ രാഗമാലിക തീർത്തു.
വിരുന്നുണ്ണാൻ വരുന്നസൂചിമുഖികൾ പൂക്കാലം കഴിയുന്നതു വരെ നാരുകൊണ്ട് വേനൽക്കാല വസതികളുണ്ടാക്കി ഇവിടെ താമസമാക്കി.
ഈകൊച്ച് പക്ഷികളേക്കാൾ ഇരട്ടി വലുപ്പമുള്ള ശലഭങൾ ,തുറയിൽ ചാകരവന്നെത്തിയ മുക്കുവന്മാരെ പോലെ പൂക്കൾതോറും വിറളി പിടിച്ച് നടന്നു.
തൃസന്ധ്യക്ക് ,തറവാട്ടിലുള്ള സ്ത്രീ ജനങളാരെങ്കിലും ഈ കല്ലമ്പല മുറ്റം കുറ്റിചൂലുകൊണ്ടടിച്ച് കരടുംകരിയിലയും നീക്കി,
വെള്ളം തളിച്ച് രണ്ട് ചിരാതുകളിൽ എള്ളെണ്ണയൊഴിച്ച്തിരിതെളിച്ചിരുന്നു..
രാവ് വൈകുവോളം ഈ തിരികൾ കത്തികൊണ്ടിരിക്കും-മഴ പെയ്താലും കാറ്റു വീശിയാലും കെടാതെ...
വൃശ്ചികകാറ്റിന്റെ സേനകൾ തൊടിയിലെ കവുങു തോട്ടത്തിൽ പടയോട്ടം നടത്തിയ ഒരു രാത്രിയില് ,എപ്പോഴോ ഉറക്കം ഞെട്ടിയുണർന്ന
ഞാൻ കണ്ണം പിള്ളി യിലെ ,മുല്ലത്തറയിൽ തെളിഞ്ഞ് കത്തുന്ന ഈ വിളക്കുകൾ കണ്ടു.അത് രക്ഷസ്സിന്റെ തിളങുന്ന കണ്ണുകളാണെന്ന്
എനിക്ക് മനസ്സിലായി..എല്ലാവരു മുറങുമ്പോൾ ഉറങാത്ത ആ കണ്ണുകൾ ദേശത്തിനു കാവലിരിക്കുന്നു.
ഒരിക്കൽ കൊളമ്പിൽ നിന്ന് വന്ന കാലത്ത് എന്തിനോ പാതിരാത്രി പുറത്തിറങിയ അപ്പാപ്പൻ തന്നാൻ കെട്ടി(തന്നാൻ കെട്ട്-അന്നത്തെ
ചിലകുട്ടിചെകുത്താന്മാരുടെ വികൃതികൾ..) വീട്ടിലേക്ക് തിരിച്ചുള്ളവഴിയറിയാതെ വഴികളായവഴികളും പറമ്പുകളും അലഞ്ഞപ്പോൾ
ഒടുവിൽ ഒരു ദീപസ്തംഭം പോലെ ശരിയായവഴിതിരിച്ച് വിട്ടതും ഈ കണ്ണുകളായിരുന്നു.ഒരു രക്ഷസ്സിന്റെ നക്ഷത്രകണ്ണുകൾ..

5 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

വാട്സ് ദിസ്? എന്റെ മനസ്സ് പറഞ്ഞു.: നമ്മുടെ രക്ഷസല്ലേ ഇത്. പക്ഷെ അവൾ പറഞ്ഞു.”ദിസ് ഇസ് ഹംഗര്‍”.ഒരു ഹംഗര്‍!കണ്ടാലും മതി)

കൊള്ളാം, ഇതില്‍ ഒരു നര്‍മ്മമുണ്ട്

VEERU പറഞ്ഞു...

wa ...re wa...manoharam athimanoharam...ivideyellaam odikkalichu nadanna pole oru anubhoothi...ithupole pandengo ente appaappaneyum "chaathan" vazhi thetticha katha kettittundu..
Pinne poonjalimarathe patti ezhuthiyathum ishtaayi...But if u r going to make a chapter of it...I am eager to read that...You know , unfortunately, that single tree has become a jungle now? a "poonjaalikkaadu.." hi hi hi

കെ.കെ.എസ് പറഞ്ഞു...

വീരു, അങനെ കാര്യമായിട്ടൊന്നു മില്ല. ഒരിക്കൽ
നട്ടുച്ചക്ക് അതുവഴിപോകുമ്പോൾ ആടുമാടുകളെ തല്ലി
വീഴ്ത്തുന്ന ഒരു “തെണ്ടൻ“ അതിന്റെ ചില്ലയിൽ
വടക്കൻ പാട്ടും പാടി ഊഞ്ഞാലാടി കളിക്കുന്നത കണ്ടത് ,കൊടുങല്ലൂർ ഭരണിക്കാലത്ത് അതിന്റെ താഴെ ആരോ അന്തി തിരിതെളിച്ചിരുന്നത്, പിന്നെ അതിന്റെ മുകളിൽ കയറി ഇരുന്നപ്പോൾ കിഴക്കുള്ള ചിലമലനിരകൾ (സൂചിമുടി,ആനമുടി,അതിനുമപ്പുറത്ത് ഹിമാലയം!!)
തെളിഞ്ഞുകണ്ടത്,അങിനെ ചിലചെറിയകാര്യങൾ
മാത്രം.പിന്നെ അതിന്റെ അനപത്യതാദു:ഖത്തെ
കുറിച്ച് ഒരു കള്ളകഥയുമുണ്ടാക്കിയിരുന്നു.പൂഞ്ഞാലികാടായ നിലക്ക് ഇനി അതിന് പ്രസക്തിയുമില്ല.ഇനി
പ്രതീക്ഷയുള്ളത് ഒരു കാര്യത്തിൽ മാത്രം
അതിനെ സസ്യശാസ്ത്രഞ്ജരാരെങ്കിലും ഭാവിയിൽ മാമ്മോദിസ മുക്കുമ്പോൾ അതിന്റെ പേര് punjalia kekkeyess എന്നാക്കണം.

വശംവദൻ പറഞ്ഞു...

കൊള്ളാല്ലോ മാഷേ, കുഞ്ചാത്തനും രക്ഷസും.

Jayasree Lakshmy Kumar പറഞ്ഞു...

ഈ ശൈലി അതിമനോഹരം കെ.കെ.എസ്. വല്ലാതിഷ്ടപ്പെട്ടു