2009, മേയ് 23, ശനിയാഴ്‌ച

ഹരിതപഥങളിൽ ഒരു ക്ഷാമകിളി (പഴങ്കഥ.-3)

പർജ്ജനാനന്തരവിശ്രാന്തിയില് ആമ്രപർണിയുടെ തണലിൽ മെല്ലെ മെല്ലെ
സുഖസുക്ഷുപ്തിയുടെ പടവുകളിറങുകയായിരുന്ന കുട്ടനാശ്ശേരിയെ
കഴിഞ്ഞ കള്ളകർക്കിടകത്തില് മരിച്ചു പോയ അടുത്തവീട്ടിലെ
ഇട്ട്യാതിയുടെ ഭാര്യ ചിരുത വന്ന് പിൻ വിളിവിളിച്ചു.
അവരുടെ ഒരു കയ്യിൽ കൽ‌പ്പകവംശജാതയായ ചിരട്ടയും മറുകയ്യിൽ ഒരു മുഴം നീളമുള്ള
തൃണവംശജനായ മുളംങ്കോലും.!ഒരു ഉന്നതകുലജാതയും..!.ഒരു അധ:കൃതനും.!! സ്വന്തം ഇഷ്ടപ്രകാരം കുലവും കുടിയും ഉപേക്ഷിച്ച്
ചിറ്റികളിയുമായി(സംസ്കൃതഭാഷയിൽ പറഞ്ഞാൽ പ്രണയ ബദ്ധരായി) ഇറങിതിരിച്ച അവരുടെ
‘മംഗലം’ ആയിരുന്നു ചിരുതയുടെ ആവശ്യം.
‘ ഒരു നല്ല കയിൽ കണ ഒണ്ടാക്കിതാ.‘ മുണ്ടിന്റെകോന്തലകെട്ടില് പൊതിഞ്ഞുവച്ചിരുന്ന
കാലണതുട്ടിന്റെ പ്രലോഭനം അഴിച്ചെടുത്തുകൊണ്ട് ചിരുതപറഞ്ഞു.
കുട്ടനാശ്ശാരി വീണ്ടുംകർമ്മോത്സുകനായി .അഥവാ വിശെഷപെട്ട ആ മാംഗല്യത്തിന്റെ കാർമ്മികത്വംവഹിക്കാന് തയ്യാറായി..
കർമ്മിയുടെ കരവിരുതിനാല് ഉളികൊണ്ടുഴിയപെട്ട് ചിരട്ടപെണ്ണും ചിന്തേരിട്ട മുളംകോല്ചെക്കനും സുന്ദരീസുന്ദരന്മാരായി...
അവസാനം ചിരട്ടപെണ്ണിന്റെ മേനിയിലെ ദ്വാരങളിലേക്ക്(ഫൊർഗിവ് ദ എക്സ്പ്രഷൻ) മുളം കോലിറക്കി കയിൽകണ നിരമ്മാണത്തിന്റെ
അവസാന ചടങും പൂർത്തിയാക്കി ആശേരി ചിരുതക്കുനൽകി.
ആ ഇന്റർ കാസ്റ്റ് മേര്യജിന്
കാർമ്മികത്വം വഹിച്ച ആശേരിയുടെ കാല്ക്കൽ ഒരു കാലണതുട്ടും കർമ്മസാക്ഷിയായ എനിക്ക്
വെറ്റില കറപുരണ്ട തവിട്ടു നിറമുള്ള ഒരു പുഞ്ചിരിയുംസമർപ്പിച്ച് അവർ അമ്മാമയുമായി പരദൂഷണത്തിന്
നിൽക്കാതെ വേഗം തന്നെ രംഗത്ത് നിന്ന് വിടവാങി..ഒരു ജന്മത്തിനിപ്പുറത്തിരിന്നും
ഒരു ബ്യൂട്ടി കോൺ ടസ്റ്റില് ലഭിച്ച ട്രോഫിയാണെന്ന മട്ടില്,ആ കയില്കണയെ അരുമയോടെ ചേർത്ത് പിടിച്ച്
ഇടവഴിയിലൂടെ കാറ്റ് വാക്ക് നടത്തുന്ന അവരുടെ രൂപം ഞാന് കാണുന്നു..
ഈ പഞ്ഞകാലകഥാ രഥ്യയില്ഹരിതാഭ മായ ഒരു കൈ വഴിയാണ് ചിരുത..ഒരു ക്ഷാമകിളി..
ഇതുവഴി അല്പമൊന്നിറങി നടന്നാലൊ?
ബേസിക് നീഡ് ആയ ഭക്ഷ്യമേഖലയിൽ ഒറ്റക്കും കൂട്ടായും പരീക്ഷണങള് നടക്കുന്ന ഒരു
കാലഘട്ടമായിരുന്നു അതെന്ന് മുൻ കഥയില് പറയുകയുണ്ടായി.വിഖ്യാതരായ ക്യൂറിദമ്പതികളെ
പോലെ വ്യത്യസ്തമായ ഒരു മേഖലയിലാണെങ്കിലും ആത്മസമർപ്പണം നടത്തിയ വന്ദ്യവയോധികരായ
ശാസ്ത്രദമ്പതികളായിരുന്നു ഇട്ട്യാതിയും ഭാര്യചിരുതയും.വയസ്സാം കാലത്ത് ഈ പരീക്ഷണനിരീക്ഷണങൾക്ക്
അവരെ പ്രേരിപ്പിച്ചതോ,ഒരമ്മപെറ്റമക്കൾ എന്നു തുടങുന്ന കടംകഥപോലെ വീടുംകുടിയും ഉപേക്ഷിച്ച് ദേശ
സഞ്ചാരത്തിന് ഇറങി തിരിച്ച മുടിയാന്മാരായ മൂന്നാണ് മക്കളും..!
മുളംകൂമ്പ് ഒടിച്ച് നുറുക്കി കഷണങളാക്കി മഞ്ഞള്
വെള്ളത്തിൽ പുഴുങി അല്പം ഉപ്പുംവിതറി ഉണ്ടാക്കുന്ന വിശേഷ പെട്ട ഒരു പുലാവ്, ചെങ്കല്ലിന്റെ പശിമയുള്ള
ഒരു ഭാഗം അടർത്തിയെടുത്ത് ഒന്നു രണ്ട് കുരുമുളകുമണിയുംചേർത്തരച്ചുണ്ടാ‍ക്കുന്ന രുചികരമായ സോസ് എന്നിവയൊക്കെ
ചിരുതയുടെ കണ്ട് പിടിത്തമായിരുന്നെങ്കിൽ നോൺ വെജ് വിഭാഗത്തിൽ, ഇടത്തിരുത്തി പാടത്ത് നിന്ന് ഒരു ഈരെഴ
തോർത്ത് കൊണ്ട് ഒറ്റി പിടിക്കുന്ന കൊച്ചു മത്സ്യങളെ ഒരു കല്ല് ചട്ടിയിലൊഴിച്ചവെള്ളത്തില് സൂക്ഷിച്ച് വെച്ച്
ആവശ്യാനുസരണം എടുത്ത് ഓട്ടുകലത്തിലിട്ട് വറുത്തുണ്ടാക്കുന്ന “പൂച്ചുടിഫ്രൈ” ,അതേപാടത്ത് നിന്ന് പിടിച്ചെടുക്കുന്ന
ഞണ്ട് ഞവിണികളും അടുപ്പിലിട്ടുചുട്ട് അമ്മിമേലിട്ട് ചതച്ച് കപ്പല് മുളകും ചേർത്തുണ്ടാക്കുന്ന ചില്ലി വിഭവങൾ ...ഇതൊക്കെ ഇട്ട്യാതിയുടെ
കണ്ട് പിടിത്തമായിരുന്നു..അങനെ ഈ സ്ഥാവരജംഗമങൾക്കു പോലും ക്ഷാമമനുഭവപെട്ട ചരിത്രത്തിലെ പ്രശസ്തമായ ആ തൊണ്ണുറ്റൊമ്പതുകളിലെ
വെള്ളപൊക്ക കാലത്താണ് ഇട്ട്യതി ഏതാനും ഒതളങ കഴിച്ച് ,പരീക്ഷണനിരീക്ഷണങളിൽ ഭാര്യയുമായുള്ള കോളാബെറേഷൻ
ഉപേക്ഷിച്ച് പരലോകത്തിലേക്ക് ഉപരിപഠനാർഥം യാത്രയായത്. അദ്ദേഹം, പുതിയൊരു
പരീക്ഷണത്തിലെ രക്തസാക്ഷിയാവുകയായിരുന്നോ അതൊ വിശപ്പു സഹിക്കാതെ ചെയ്ത ഡെലിബ്രേറ്റ് സെൽഫ് ഹാം(Deleberate self harm-
ആത്മഹത്യയുടെ അഭിനവസംസ്കൃത നാമം! സത്യത്തിൽ ധാരാളം foot notes വേണ്ട ഒരു പോസ്റ്റ് ആണിത്.പക്ഷെ എഴുതികഴിഞ്ഞ്
അടിയിലൊരു വരപോലും വരക്കാനുള്ള സാങ്കേതിക ജ്ഞാനം ഇല്ലാത്തതിനാലണീ കഥയുടെ ഒഴുക്കിന് ഭംഗംവരുത്തുന്ന വിശദീകരണങൾ)
ആണൊ എന്ന് എനിക്ക് ഉറപ്പില്ല .എന്തായാലും ഇട്ട്യാതിയെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല..പക്ഷെ മുജ്ജന്മത്തിലെ
ചിരുതയെ ഞാൻ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു.ചിരുതയെന്ന അന്നത്തെ ക്ഷാമകിളി ഈയിടെയാണ് എന്റെ അയല് വക്കത്ത് അച്ഛനമ്മമാരൊത്ത്
കൂടും കൂട്ടിതാമസമാക്കിയത്-
ചങനാശ്ശേരിക്കാരി സരിതയായി. ആ ക്യാറ്റ് വാക്കും പേരിലുള്ള സാമ്യവും മാത്രമല്ല വലത്തേകവിളത്ത് പറക്കാൻ കൂട്ടാക്കാത്ത കരിവണ്ട്
പോലെയുള്ള ചിരുതയുടെ മറുക് പോലുമുണ്ട് സരിതക്ക്.. പൂ‍ർവ്വജന്മത്തിൽ ഭക്ഷ്യയോഗ്യമായ വിഭവങളെ കുറിച്ച് നിരന്തരപരീക്ഷണത്തിലായിരുന്ന
അവരിന്ന് ടൌണിലെ പ്രശസ്തമായ ഡയബറ്റിക് റിസർച്ച് സെന്റ്രിലെ ഡയറ്റീഷ്യനാണ് .
കനത്തശംബളം പറ്റുന്ന കൺസൾട്ടന്റ്.(പൂർവ്വജന്മസുകൃതം!!)
അമിതമായ പോഷണപ്രശ്നങളെ നേരിടുന്ന പുതിയ തലമുറയെ പ്രമേഹം ,ബ്ലഡ് പ്രഷർ,കൊളസ്ട്രോൾ മുതലായ മാരകമായ
ആരോഗ്യ പ്രശ്നങളില്നിന്ന് രക്ഷിക്കുക എന്നതാണ് ഈ ജന്മത്തിൽ അവരുടെ ദൌത്യം..സ്വന്തം തൊഴിലിന്റെ വിരോധാഭാസം പോലെ
അവർ സ്വയമൊരു തടിച്ചിയായിരുന്നു.പ്രമേഹത്തിനേയും പ്രഷറിനേയും സ്ഥിരതാമസത്തിനു ക്ഷണിക്കുന്ന വലിയൊരു
വീടുപോലെ...പാശ്ചാത്യവിഭവങളുടെ ഒരു പരീക്ഷണശാ‍ലയായിരുന്നു അവളുടെ മോഡുലാർ കിച്ചൺ(modular kitchen) എന്നത്
തന്നെ അതിനു കാരണം..ഒരിക്കൽ തക്കത്തിനു കിട്ടിയപ്പോള് എന്നിക്കു ഫ്രീയായി ഡയറ്റിംഗിനെ സംബന്ധിച്ച
കുറേ ഭക്ഷ്യോപദേശങൾ തരുകയുണ്ടായി ശ്രീമതി സരിത.
ഞാൻ നടക്കാൻ തുടങിയപ്പോൾ ഓടാൻ തുടങിയവയറിനോട് നില്ലെട വയറേ എന്ന് ആക്രോശിച്ചുകൊണ്ട് മോണിംഗ് വാക്കിനിറങിപുറപെട്ട
ഒരു വെളുപ്പാൻ കാലത്തായിരുന്നു അത്.
കുഞ്ചു എത്രയും പെട്ടെന്ന് വയറു കുറക്കണം..കണ്ടതൊക്കെ വാരിവലിച്ചു തിന്ന് ഇങനെ കൊച്ചു വെളുപ്പിനേ കുത്തിമറിഞ്ഞാലൊന്നും
വയറും തടിയും കുറയുകയില്ല. ഞാൻ കുറച്ച് ഡയറ്റ് നിർദ്ദേശിച്ചു തരാം..’
കാലത്ത് വെറുംവയറ്റിൽ ഒരു കട്ട് ഗ്ലാസ്സ് നിറയെ പാവക്കാജുസ്,ഒരു വാരല് കോൺ ഫ്ലേക്സ്..
പത്തു മണിക്ക് രണ്ട് ലെറ്റ്യൂസ് ലീവ്സ്. ഒരുനുള്ളുപ്പും രണ്ട് നുള്ള് പഞ്ചസാരയും ചേർത്ത കാൽ കപ്പ് തൈരും .
ഉച്ചക്ക് വീണ്ടും പാവക്ക ജ്യൂസും രണ്ട് ഇഡ്ഡലി, പിന്നെ മുത്തളില ചട്ണി...(ഇത്തരം ഉപദേശങൾ ഹൊസ്പിറ്റലിലെ ശീതികരിച്ച
മുറിയിലെ revolving chair ല് ഇരുന്ന് കസ്റ്റമേഴ്സിന് നൽകുമ്പോ‍ള് പ്രതിഫലം രണ്ട് ഡോളറ്)
കാര്യങൾ അത്രക്കുമെത്തിയപ്പോൾ എന്റെ ഓർമ്മകൾ പഴയ ജന്മത്തിലേക്ക് വീണ്ടും വഴുതി...
“ചേച്ചി, നിന്റെ മുത്തളില പ്രേമം ഇനിയുംതീർന്നില്ലേ?ഞാൻ ഒരു സോമ്നാബുലിസ്റ്റിനെ(somnabulist-സ്വപ്നാടകൻ) പോലെ ചോദിച്ചു.
അതെ ,,മുത്തളില...അവസാനകാലത്ത് ചിരുതയുടെ ഭക്ഷണം മുത്തളില മാത്രമായിരുന്നു.ഓലകൊണ്ടുണ്ടാക്കിയ ഒരു വല്ലവുമായി
അവർ മുത്തിളിലയയും തിരഞ്ഞ് പാടവും പറമ്പും അലഞ്ഞു. ആദ്യം ഇതെല്ലാം ചൂടുവെള്ളത്തിലിട്ട് പുഴുങിയാണ് അവർ ഭക്ഷിച്ചിരുന്നത്
അടുപ്പുപൂട്ടാന് വിറകും കലത്തിൽ വെള്ളമെടുത്തുവക്കാൻ ആരോഗ്യവുമില്ലാത്ത കാലത്ത് അവരത് പച്ചക്ക് തിന്നാൻ പഠിച്ചു..പിന്നെ
ഒഴിവുസമയങളിൽ ഒരു തള്ളാടിനെ പോലെ ഒറ്റക്കിരുന്ന് തേട്ടിയരക്കാനും....
അതൊക്കെ ഓർത്തപ്പോഴാവാം നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ സരിതയുടെ മുന്നിൽ വികരാധീനനായി.
ഞാൻ പറഞ്ഞു. “ സരിതാ തന്നെ എനിക്ക് എത്രയോ വർഷങൾ മുമ്പേ അറിയാം..അന്നു താൻ ചിരുതയായിരുന്നു.”
സരിതയുടെ മുഖത്ത് ഒരു അങ്കലാപ്പ് . വട്ടകണ്ണുകളിൽ സംശയംകലർന്ന അമ്പരപ്പ്.....അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..
“എന്നോട് പറഞ്ഞതിരിക്കട്ടെ ...ആനത്തടികാരണം പത്തു മുപ്പത് വയസ്സ് കഴിഞ്ഞിട്ടും കല്ല്യാണം കഴിയാതെ നിൽക്കുന്ന
കുഞ്ചു ഇങനെയോക്കെ സംസാരിക്കാൻ തുടങിയാല് ഈ ജന്മത്ത് മാംഗല്യ ഭാഗ്യമുണ്ടാകുന്ന കാര്യം സംശയമാണ്..”
അങനെയാണ്,അവരുടെ ഹൌസ് വാ‍മിംഗിന് ഒരു നോക്കു കാണാനിടയായ
എംബി എ വിദ്യാർഥിനിയും മൈക്കണ്ണിയുമായ സരിതയുടെ സുന്ദരിയായ അനു ജത്തി യെ കുറിച്ചുള്ള
എന്റെ നിഷകളങ്കമായ പ്രതീക്ഷകൾ തെങിൻ കടക്കല് നിന്ന് മുത്തളിലയെന്ന പോലെ നുള്ളി മാറ്റേണ്ടി വന്നത്..
അതെത്ര നന്നായി...!!
(N B ഈ പോസ്റ്റ് വായിക്കാനിടയായ ചങനാശ്ശേരിക്കാരി എന്റെ “കോശ ഭാഷിണി“യിലേക്ക് ( കേട്ടിട്ടില്ല?? എങ്കിൽ
ഈ വാക്കിന്റെ patent ഞാൻ എടുത്തിരിക്കുന്നു)വിളിച്ചിരുന്നു “ മോനെ മിസ്റ്റർ കമ്പിളി കണ്ടത്തിൽ കുഞ്ചു കെ സമ്പത്ത്!!
നിന്റെ പോസ്റ്റ് കണ്ടു. കണങ്കയിലിലും കടുത്ത ദാരിദ്ര്യത്തിലും കവിത കണ്ടെത്തുന്ന നീ ഒരു (ദുഷ്ടനായ) മഹാൻ തന്നെ !!
പിന്നെ ,അവസാനം പറഞ്ഞ കാര്യം ,രണ്ട് വർഷങൾക്ക് മുമ്പായിരുന്നെങ്കിൽ നമുക്ക് ആലോചിക്കാ മായിരുന്നു.പക്ഷെ, അവളിപ്പോൾ
സിം ലയിൽ പട്ടാളക്കാരനായ ഭർത്താവിന്റെ കൂടെയാണ് താമസം .not only that,she is coming inthe family way..."
“പക്ഷെ ചർമ്മം കണ്ടാൽ ...” പറയാനുദ്ദേശിച്ചത് പറയാനാകാതെ ഞാൻ വിക്കി.. ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ
കെട്ടിച്ച് വിടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? പൊണ്ണതടി തന്നെ ഇവിടെ യും പ്രശ്നം.പക്ഷെതൊലികട്ടിക്കു കുറവുമില്ല.!! എന്നെ
ഉപദെശിച്ച കാര്യം ഞാൻ പറഞ്ഞതാണല്ലൊ!)

6 അഭിപ്രായങ്ങൾ:

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...വ്യത്യസ്ഥമായ രചനാ വഴികളിലൂടെയുള്ള സഞ്ചാരം കൊള്ളാം...

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഉം..ഉം.. ആദ്യം ഒന്നും മനസിലായില്ല
പിന്നെ പിന്നെയാ കാര്യങ്ങളുടെ കിടപ്പ് വശം മനസിലായത്.
:)

Sabu Kottotty പറഞ്ഞു...

ഇതു വേറിട്ടൊരു ബ്ളോഗാണല്ലോ..!
രചനാശൈലി വ്യത്യസ്ഥവും.
കായകുളം സൂപ്പര്‍ഫാസ്റ്റിലാണ്‌ ഇവിടെ എത്തിയത്‌. എല്ലാപോസ്റ്റുകളും വായിച്ചു.
നന്നായി ആസ്വദിച്ചു.
വീണ്ടും വരാം...

Jayasree Lakshmy Kumar പറഞ്ഞു...

തമാശയുടെ മേമ്പൊടി ചേർത്ത പോസ്റ്റായിരുന്നിട്ടും ചിരുതയുടേയും ഇട്ട്യാതിയുടേയും ഭാഗം വായിച്ചപ്പോൾ കണ്ണൊന്നു നനഞ്ഞു. അന്നവർ ദാരിദ്ര്യത്താൽ ഗതികേടു കൊണ്ട് കഴിച്ചിരുന്നത്, ഇന്നത്തെ തലമുറയും ‘ഗതികേടു’ കൊണ്ട് കഴിക്കുന്നു. ഇവിടെ ഗതികേട് ദുർമേദസ്സാണെന്നു മാത്രം

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം മാഷ്‌...different ആണ്‌..നന്നായി..

VEERU പറഞ്ഞു...

enikku parayaanullathellam pillers paranju....nothing more than that...ok?