2008, ഡിസംബർ 28, ഞായറാഴ്‌ച

പ്രണയാതുരം....

നിൻ ദർശനങളാ മിഴികൾ തൻ കോവിലിൽ
നിറ ദീപനാളം തെളിക്കുന്നു വെങ്കിലാ
തിരിവെളിച്ചം നിന്റെ ഉള്ളിന്റെ ഉള്ളിലും
അഴകിന്റെപൂക്കൾ വിടർത്തുന്നുവെങ്കിലാ
സുഖദമാം നൊമ്പരം പ്രാണന്റെ തന്ത്രിയിൽ
ഹർഷ രാഗങളായ് ഉണരുന്നുവെങ്കിലാ
രാഗങളത്രയും പാടാത്ത ഗീതമായ്
ഹൃദയത്തിലെങൊ ഉറയുന്നുവെങ്കിലാ
വിങുന്നവേദന സഹിയാതെ നീ നിന്റെ
തൂവലിൻ തൂലിക തിരയുന്നുവെങ്കിലാ
തൂലികതുമ്പിൽ പിറക്കുന്നവാക്കുകൾ
ആർദ്രമാം കവിതയായ് തീരുന്നുവെങ്കിലാ-
ത്മാവിലറിയുകീ അനുഭൂതിയൊക്കെയും
പ്രണയമാംവ്യാധി തൻ ലക്ഷണങൾ....

2008, ഡിസംബർ 26, വെള്ളിയാഴ്‌ച

2008, ഡിസംബർ 24, ബുധനാഴ്‌ച

ആത്മായനം-2(ദീപം സാക്ഷി...)

“കരോട്ടിനീ‍മിയ..”
ഒരു ഇഞ്ചക്ഷൻ ആം പ്യൂൾവീണുടയുന്ന സ്വരത്തിൽ ഡോക്ടർ ഹരിഹരൻ പറഞ്ഞു.
അതെ, അമിതമായി കാരറ്റു ഭക്ഷിക്കുന്നത് കൊണ്ട് രക്തത്തിൽ കരോട്ടീൻ എന്ന വർണ്ണ
വസ്തുവിന്റെ അളവുകൂടി സംജാതമാകുന്ന ഒരു അവസ്ഥ. ഇതൊരു രോഗമല്ല . അതുകൊണ്ടു
തന്നെ ചികിത്സയും ആവശ്യമില്ല.സാധാരണമഞ്ഞപിത്തത്തിൽനിന്ന്
വ്യത്യസ്തമായി ഇവിടെ കണ്ണുകളിൽ മഞ്ഞനിറം കാണാറില്ല.ഈ കുട്ടിയുടെകണ്ണുകളിൽ
കാണുന്ന നിറവ്യത്യാസം ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ പ്രതിഫലനം മാത്രമാണ്.അദ്ദേഹം
വെളുത്തമേശവിരിയെടുത്ത്മടക്കി കുട്ടിയുടെ മഞ്ഞനിറമുള്ള പാവാടക്കു മേൽ വിരിച്ചു.കണ്ണിലെ
മഞ്ഞനിറം അതോടെ അപ്രത്യക്ഷമായി.കണ്ണ് പരിശോധിക്കുമ്പോൾ നിങൾ എപ്പോഴും
ഓർത്തിരിക്കേണ്ട ഒരുകാര്യമാണിത്.
ഏതാനും നാ‍ളുകൾ കാരറ്റ് തൊട്ടു പോകെരുതെന്ന
ഉപദേശമേ ഈ കുട്ടിക്ക് കൊടുക്കാനുള്ളൂ. വനിതാ മാസികകളിലെ സൌന്ദര്യ വർധന യ്ക്കുള്ള
ഉപദേശങൾ കണ്ണു മടച്ച് അനു സരിക്കരുതെന്ന നിർദ്ദേശവും..
അതിനു ശേഷം അദ്ദേഹം കണ്ണടച്ച് അല്പ നേരമിരുന്നു..
പിന്നെ ശിഷ്യന്മാരോടായി ചോദിച്ചു. “അപ്പോൾ..ഇന്നത്തെ ക്ലാസ്സിലെ ഗുണപാഠമെന്താണ്?
“മഞ്ഞച്ചെതെല്ലാം .. മഞ്ഞപിത്തമല്ല..” വിദ്യാർഥികളിലാരുടെയോകമന്റ് ക്ലാസ്സിൽ ചിരിയുടെ
ഒരു അലയിളക്കം തന്നെ ഉണ്ടാക്കി...
എക്സാക്റ്റ്ലി..ഒന്നുകൂടെ ജനറലൈസ് ചെയ്ത് പറഞ്ഞാൽ ..നെവർ റ്റേക് എനിതിംഗ്ഫൊർ ഗ്രാന്റ്ഡ് ഇൻ
മെഡിസിൻ... അതായത് വഴിമാറിചിന്തിക്കാനുള്ള കഴിവ്നിങൾ ഇവിടെ ഒരിക്കലും നഷ്ടപെടുത്തരുത്.
അന്നത്തെ ക്ലാസ് അങിനെ അവസാനിച്ചു.വസ്ത്രധാരണം കൊണ്ട് തന്നെ തെറ്റിദ് ധരിപ്പിച്ച ഈ
രോഗിയെ കണ്ടപ്പോൾ അതെല്ലാം ഓർത്ത് പോയി.
ആത്മാ‍റാം അപ്പോഴും നിശ്ശബ്ദനായി ഇരിക്കുകയാണ്.
“പറയൂ .താങ്കളുടെ പ്രശ്നങൾ എന്തൊക്കെയാണ്?”രോഗിയെ പ്രോത്സാഹിപ്പിച്ച് കൊണ്ട് ജീവൻ ചോദിച്ചു.
“അതെ ഡോക്ടർ ,എന്റെ പ്രശ്നങൾ എവിടെനിന്നു തുടങണമെന്ന ആലോചിക്കുകകയായിരുന്നു ഞാൻ.
ഡോക്ടർക്കാണെങ്കിൽ സമയം വിലപ്പെട്ടതു മാണല്ലൊ..”
അതു പ്രശ്നമാക്കണ്ട. ജീവചരിത്രം തന്നെ തുടങാം. വേണമെങ്കിൽ ഈരാവു മുഴുവൻ എടുത്തു കൊള്ളൂ..“
“അതിനു മുമ്പ് വിരോധമില്ലെങ്കിൽ ഞാനീ മെഴുകുതിരി ഒന്നു കത്തിച്ചു കൊള്ളട്ടെ...“ . രോഗിയുടെ ആവശ്യം വിചിത്രമായിതോന്നി ജീവന്.
മനോവിദളനത്തിന്റെ ചിലലക്ഷണങളാണ് രോഗിയിൽ കാണുന്നതെന്ന് മനസ്സിൽ കുറിച്ചിടുകയും ചെയ്തു.
ഇത്തരം സന്ദർഭങളിൽ രോഗിയുടെ മാ‍നസികാവസ്ഥയുമായി താദാത്മ്യം പ്രാപിക്കുകയാണ് അദ്ദേഹത്തിന്റെ നയം
“അതിനെന്താ‍ ആത്മാറാം അങിനെ ആയികൊള്ളട്ടെ.“ ജീവൻ ഗൌരവംവിടാതെ പറഞ്ഞു...
ബുർഖയുടെ പോക്കറ്റിൽ നിന്ന് ഒരുമെഴുകുതിരിയെടുത്ത്ആത്മാ‍റാം ശ്രദ് ധാപൂർവ്വം മേശപുറത്ത്കത്തിച്ചുവച്ചു.
“എന്റെ ചരിത്രം ഇവിടെതുടങുന്നു...“ആദീപത്തിനെ സാക്ഷിയാക്കിയെന്നപോലെ ആ‍ത്മാറാം പറഞ്ഞു.
പെട്ടെന്ന് മുറിയിലെ വൈദ്യുതവെളിച്ചം അണഞ്ഞു .മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ മുന്നിലിരിക്കുന്ന രൂപം മറ്റേതോ
ലോകത്താണെന്നു തോന്നിച്ചു.(തുടരും)

2008, ഡിസംബർ 20, ശനിയാഴ്‌ച

ആത്മായനം-1(അവസാനത്തെ രോഗി‌)


അധ്യായം-1
നഗരത്തിലെ ശബ്ദവീചികൾ എത്താതെ ഉൾമാറികിടക്കുന്ന ഒരു പ്രദേശത്താണ് ഡോ:ജീവൻസ് ക്ലിനിക്.
വെളുത്തചായം തേച്ച ഒരു കെട്ടിടം..ചുറ്റും കരിങ്കൽ മതിലും മുറ്റത്ത് ഔഷധ സസ്യങളുടെ ഒരു തോട്ടവും.
പത്തിരുപത് വർഷങളായിഇവിടെ പ്രാക്ടീസ് നടത്തുന്ന ജീവൻ ഇതിനകം കൈ പുണ്യമുള്ള ഡോക്ടർ
എന്നപേരെടുത്ത് കഴിഞ്ഞിരുന്നു.MBBSകഴിഞ്ഞതിനുശേഷം സമയം കിട്ടാ‍ത്തതു കൊണ്ടോ,അതിന്റെ ആവ
ശ്യമില്ലെന്ന് തോന്നിയത് കൊണ്ടൊ അദ്ദേഹം സ്പെഷ്യലൈസ് ചെയ്തിരുന്നില്ല.അത്കൊണ്ട് എല്ലാതരം
കെയ്സുകളും ക്ലിനിക്കിൽ എത്തുന്നു; മഞ്ഞപിത്തം മുതൽ മനോരോഗം വരെ.നേരം പുലർന്നാൽ ദു:ഖദുരിത
ങളുടെ ഇരു മുടികെട്ടുകളുമായി തീർഥാടകരെ പോലെ രോഗികൾ എത്തിതുടങുകയായി.എത്രരോഗികളെ വേ
ണമെങ്കിലും മടുപ്പില്ലാതെ ഡോക്ടർ നോക്കികൊള്ളും.അതു കൊണ്ട് ജനസമ്മതനായ ഒരു ഡോക്ടർ തന്നെ
യായിരുന്നു അദ്ദേഹം.
നവയൌവനത്തിൽ തന്നെ ജീവൻ ഡോക്ടറായി ജീവിതം ആരംഭിച്ചു.സുന്ദരമായ മുഖവും ചടുലമായ
പെരുമാറ്റവും ആദ്യകാലത്ത് അദ്ദേഹത്തിന്റെ പ്രാക്റ്റീസ് എസ്റ്റാബ്ലിഷ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്.രോഗികളും ആശുപ
ത്രിയുമായി ജീവിതത്തിന്റെ നല്ലൊരു കാലം കടന്നു പോയി.പോകുന്നപോക്കിൽ സൌന്ദര്യവും ആരോഗ്യവുമൊക്കെ
കാലം അപഹരിച്ചുവെങ്കിലും,പകരം വലിയൊരു അനുഭവസമ്പത്ത് തന്നെ പകരം നൽകി.ഇന്ന് ഡോർ കർട്ടൻ
നീക്കി അകത്തു പ്രവേശിക്കുന്നഒരു രോഗി നടന്ന് എതിരെയുള്ളകസേരയിൽ ഇരിക്കുന്നസമയത്തിനകം
മിക്കവാറും രോഗനിർണ്ണയം അദ്ദേഹം നടത്തിയിരിക്കും.
ഇന്ന് പതിവിലേറെ തിരക്കുള്ളദിവസമായിരുന്നു.രോഗികളെയെല്ലാം നോക്കി കഴിയുമ്പോഴെക്കും രാവേറെ
ആയി.ക്ലിനികിലെ മറ്റ് സറ്റാഫിനെയെല്ലാം പറഞ്ഞയിച്ചിരുന്നു.ഇത്തരം സന്ദർഭങളിൽ രോഗിക്ക് മരുന്ന് എടുത്ത് കൊടുക്കുന്ന
തും ഇഞ്ച്ക്ഷൻ നൽകുന്നതും,രോഗിയെങാൻ ഛർദ്ദിച്ചാൽ അതു വൃത്തിയാക്കുന്നതു പോലും ജീവൻ ആയിരിക്കും.അല്ലാത്ത
പ്പോൾ ഇതിനെല്ലാം പ്രത്യേകം സ്റ്റാഫ് ഉണ്ട്. രോഗികൾ പോയ്കഴിഞ്ഞിട്ടും ഇന്ന് അദ്ദേഹം തന്റെ
കസേരയിൽ തന്നെ ഇരിക്കുകയാണ്:ഒരു ധ്യാനത്തിൽ എന്ന പോലെ കണ്ണുമടച്ച്.
അപ്പോഴാ‍ണ് അവർ കടന്നു വന്നത് അവസാനത്തെ രോഗി.ടോക്കൺ വിളിക്കുന്നസമയത്ത് അവർ അവിടെ
ഉണ്ടായിരുന്നില്ല.ധൃതിയിൽ എവിടെ നിന്നോ ഓടി വന്നതു പോലെ നിന്ന് കിതക്കു കയാണ്.രോഗിയുടെ കണ്ണുകൾ
മാത്ര മെ പുറത്ത് കാണുന്നുള്ളൂ.ശരീരം മുഴുവനും കറുത്ത ബുർഖയാൽ മൂടപെട്ടിരിക്കുന്നു.
“ഇരിക്കൂ... " അപ്പോഴും ശങ്കിച്ചു നിൽക്കുന്ന അവരോടായി ഡോക്റ്റർ പറഞ്ഞു.
അവർ ഇരുന്നു ,ഒരു തൂവൽ വന്നു വീഴുന്ന ലാഘവത്തോടെ.
“പേര്..?”
“ആത്മാ റാം..”.അല്പം പതറിയ പുരുഷശബ്ദത്തിലുള്ള മറുപടി കേട്ട് ജീവൻ ഒന്ന് അന്ധാളിച്ചു.
അദ്ദേഹം പ്രതീക്ഷിച്ചത് ഒരു മുസ്ലിം സ്ത്രീ നാമമായിരുന്നു. താൻ കബളിക്കപെട്ടുവെന്ന്
മനസ്സിലായി.പക്ഷെ സ്വതസിദ് ധ് മായ പുഞ്ചിരി യോടെ അദ്ദേഹം തുടർന്നു.ഒരു കുട്ടിയോടെന്ന പോലെ.
“ആതമാ റാമിന് എന്താണസുഖം“ .മുന്നിലിരിക്കുന്നത് സങ്കീർണ്ണമായഒരു കെയ്സ് ആ‍ണെന്നും തന്റെ ഒരുപാട്
സമയം അപഹരിക്കപെടാൻ പോകുന്നു വെന്നു മുള്ള സൂചനകൾ കിട്ടി കഴിഞ്ഞിരുന്നു. തുടക്കത്തിൽ തന്നെ തനിക്ക്
തെറ്റി.ഇന്നത്തെ അവസാനത്തെ രോഗി എന്ത് കൊണ്ടോ കരിയറിൽ ആദ്യം കണ്ട രോഗിയെ ഓർമ്മിപ്പിക്കുന്നു.
ഗുരു നാഥന്റെ ശബ്ദം വീണ്ടും കേൾക്കുന്നതു പോലെ.”നെവർ റ്റേക് എനിതിംഗ് ഫൊർ ഗ്രാന്റ്ഡ് ഇൻ മെഡിസിൻ..”
മെഡിസിനു പഠിക്കുന്നസമയം . ആ‍ദ്യത്തെ ക്ലിനിക്കൽ ക്ലാസ്സാണ്.ക്ലാസ്സെടുക്കുന്നത് പ്രഗൽഭനായ ഹരിഹരൻ സാർ.
കടുത്ത മഞ്ഞപിത്തത്തിന്റെ ലക്ഷണങൾകാണിക്കുന്ന പതിനാലു വയസ്സുള്ള ഒരു സ്കൂൾകുട്ടിയാണ് രോഗി.കുട്ടിയുടെ
കണ്ണുകളും ഉള്ളം കൈയുമെല്ലാം മഞ്ഞ്ച്ചിരിക്കുന്നു.രോഗലക്ഷണങൾ,കരളിന്റെ സങ്കീർണ്ണമായ ബയോകെമിസ്ട്രി ഇതിനെ
കുറിച്ചെല്ലാം സാർ സംസാരിച്ചു കഴിഞ്ഞു.അവസാനം എല്ലാവരോടുമായി അദ്ദേഹം ചോദിച്ചു.
“സോ, വാട്സ് യുവർ ഡൈഗ്നൊസിസ്”
"ജോണ്ടിസ് " .
“ജോണ്ടിസ് എന്നത് ഒരു രോഗലക്ഷണം മാത്രമാണ്. രോഗനിർണ്ണയമല്ല.”
“ഹെപറ്റൈറ്റിസ്”.
ഗുഡ്.കുറച്ച് കൂടെ നല്ല ഉത്തരം. അപ്പോൾ കഠിനമായ മഞ്ഞപിത്തം ബാധിച്ച രോഗിയാണ് നമ്മുടെമുന്നിലിരിക്കുന്നത്.
രോഗലക്ഷണംവച്ച്
ഈ രോഗിയു ടെ രക്തത്തിൽ ബിലിറൂബിന്റെ അളവ് പത്ത് മില്ലി ഗ്രാമിലെങ്കിലുംകൂടുതൽ ആയിരിക്കണം.
അതാ‍യത് സാധാരണ ഒരാളിൽ കാണുന്നതിന്റെ പത്തിരട്ടി.ശരി,നമുക്കു നോക്കാം..” അദ്ദേഹം ഓവർകോട്ടിന്റെ
പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ലാബ് റിസൾട്ട് എടുത്ത് എല്ലാവർക്കും കാണുവാൻ വേണ്ടി മേശപുറത്ത് വച്ചു.
രണ്ട് വ്യത്യസ്തലാബുകളിൽ ആവർത്തിച്ച് ചെയ്ത ഒരേ റിസൾട്ടുകൾ.തികച്ചും നോർമൽ!
ഇതെങിനെ സംഭവിച്ചു? കണ്ണുകളുരുട്ടി അത്ഭുതത്തോടെ ,തികഞ്ഞ അജ്ഞത ഭാവിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു..
മഹാനായഒരുനടൻ കൂടിയാണ് അദ്ദേഹം ,അതുകൊണ്ട് അദ്ദേഹത്തിന്റെ ക്ലാസ്സുകളിൽ ഇത്തരം നാടകീയമുഹൂർത്ത്ങൾ
ഉണ്ടായികൊണ്ടിരിക്കും.എല്ലാവരും വീർപ്പടക്കി നിൽക്കുകയാണ് .കുട്ടി കൈയിൽ മഞ്ഞൾ പുരട്ടിയതാണൊ? പ്ക്ഷെ
കണ്ണുകൾക്കെങിനെ മഞ്ഞനിറം വന്നു? പലർക്കും പല സംശയങളും തോന്നുന്നുണ്ട്. പക്ഷെ ആരും ഒന്നും മിണ്ടുന്നില്ല.
ഡോക്ടർ ഹരിഹരന്റെഅടുത്തനീക്കത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഗുരുനാഥന്റെ കണ്ണുകളിൽ കുസൃതി
യുടെ നക്ഷത്രങൾ ഒളിമിന്നുന്നത് അവർകണ്ടു.

2008, ഡിസംബർ 16, ചൊവ്വാഴ്ച

താൻസനോ താങ്കൾ....

സന്ധ്യയായ് സംഗീതത്തിൻ
സാന്ദ്രമാം രൂപം പോലെ
വേദിയിൽ വെൺപീഠത്തിൽ
ഗായകനിരിക്കുന്നു..
മടിയിൽ മന്ദം മൂളും
സഖിയാം സാരംഗിയും
ചൊടിയിൽ മന്ത്രം പോലെ
ഉണരും സ്വരങളും.
.
ഗാഢമാം കണ്ണീരല്ലോ
ഗസലായ് ഒഴുകുന്നൂ..
ആത്മാവിൻ തീരങളിൽ
ആലോലം തഴുകുന്നൂ..
മരുകാറ്റിരമ്പമായ്
ഉലഞ്ഞേൻ മനസ്സുകൾ
പിറന്നനാടും തേടി
പറന്നേൻ സ്മരണകൾ

തന്ത്രി തൻ താന്തസ്വരം
പാട്ടിതിൽ അലിയവെ
സദസ്സിൽ പ്രവാസികൾ
കണ്ണുകൾതുടക്കുന്നൂ.
മരുഭൂ ഹൃദയത്തിൽ
കണ്ണീരിൻ മഴ തീർത്ത
താൻസനോതാങ്കൾ താനെ
പാടുന്നസാരംഗിയോ..

2008, ഡിസംബർ 14, ഞായറാഴ്‌ച

കാണാത്ത സിനിമയിലെ മായാത്ത ഒരു ദ് റ്ശ്യം


പണ്ട്,പത്ത്മുപ്പത് വർഷങൾക്ക് മുൻപ് കേട്ടഒരു കഥയാണ്.സിനിമയുമായി ബന്ധപെട്ട് സിനിമാകഥ പറച്ചിൽ
എന്ന ഒരു കലാ രൂപവും പുഷ്കലമായിരുന്ന കാലം.കഥ പറയുന്നവർ പലപ്പോഴുംഒരു സിനിമ കാണുന്ന അതേ
ഉദ്ദ്വേഗവും അനുഭൂതിയും കേൾവിക്കാർക്ക് പകർന്നു തന്നു.ചിലപ്പോൾസ്വന്തം മനോധർമ്മങളും ചേർത്ത് ഇവർ കഥ
ഒന്ന്പൊലിപ്പിക്കുകയും ചെയ്തു. അങിനെ കാണാതെ കണ്ട ഒരു സിനിമയുടെ കഥ യാണ് ഇത്.സിനിമയുടെ പേര്
ഓർമ്മയില്ല.ഏതെങ്കിലും ഒരു സാധാരണപേരായിരിക്കാം .കഥയിലുമില്ല അസാധാരണത്വം.എന്നിട്ടും ആകഥ ഇന്നും
ഓർത്തിരിക്കുന്നതിനു കാരണം കുടുംബം-പ്രണയം-പിണക്കം എന്നൊക്കെ അന്നത്തെ ചിട്ട വട്ടങൾക്കനുസരിച്ച്
തുടങിയ കഥ പെട്ടെന്ന് മുന്നറിയിപ്പൊന്നു മില്ലാതെ ഭ്രമാത്മകമായൊരു നിമിഷത്തിലേക്ക് തെന്നി തെറിച്ചതായിരിക്കണം.
ഇനി കഥയിലേക്ക് കടക്കാം.
പ്രതാപിയായ അച്ഛ്നും ഹ് റ്ദയവതിയായ അമ്മയും സുന്ദരിയായ മകളും അടങിയ ഒരു കുടുംബം. മകൾക്ക്
കോളേജിലെ സഹപാഠിയുമായി പ്രണയം. നായികാ നായകന്മാരെ തത്കാലം ലക്ഷ്മിയെന്നും പ്രകാശ് എന്നും വിളിക്കാം.
സുന്ദരനും ബുദ് ധിമാനുമെങ്കിലും സോഷ്യൽ സ്റ്റാറ്റസിൽ ലക്ഷ്മിയെക്കാൾ വളരെ താഴെ യാണ് പ്രകാശ്.അതുകൊണ്ട് , ഈ
വിവരം ലക്ഷ്മിയുടെ വീട്ടിൽ ഒരുകൊടുങ്കാറ്റ് തന്നെ അഴിച്ച് വിടുന്നു.പ്രതാപിയായ അച്ചന്റെ അഭിമാനത്തിനു മുറിവേൽക്കുന്നു.
ഹ് റ്ദയവതിയായ അമ്മയുടെ മനസ്സ് തകരുന്നു..വെല്ലുവിളികൾക്കും കോലാഹലങൾക്കു മിടയിൽ ഒരു സുപ്രഭാതത്തിൽ ലക്ഷ്മി
പ്രകാശിന്റെ കൂടെ ഇറങി പോകുന്നു..അച്ഛ്ൻകൂടുതൽ രോഷാകുലനാകുന്നു.അമ്മയാകട്ടെ കൂടുതൽ ദു:ഖിതയും.തനിക്ക് അങിനെയൊരു
മകൾ ഇല്ലെന്ന് അയ്യാൾ തീർത്ത് പറയുന്നു.മകളെ തള്ളിപറയാൻ അമ്മയ്ക്കാവുന്നില്ല.ഭർത്താവിനെ ധിക്കരിക്കാനും.അതുകൊണ്ട്
അവർ ശരിക്കും ധർമ്മസങ്കടത്തിലാകുന്നു.താമസിയാതെ ഹ് റ്ദയവേദന മൂലം അമ്മ ശയ്യാവലംബിയാകുന്നു.കാലങൾ കഴിയുന്നു.
.ലക്ഷ്മി പ്രകാശുമൊത്ത് ദൂരെ ടൌണിലാണ് താമസം..ഇന്നവളുടെ ജന്മദിനമാണ്.നേരത്തെയെഴുന്നേറ്റ് അമ്പലത്തി
ൽ പോയി തൊഴുതു. അമ്മയ്ക്ക് വേണ്ടി പ്രത്യകം പ്രാർഥിച്ചു. വീട്ടിലെ വിശേഷങൾ പഴയ കാര്യസ്ഥന്റെ ഭാര്യ വഴി വല്ലപ്പോഴും
അവളറിയാറുണ്ട്.അമ്മയെ ഒന്ന് ചെന്ന് കാണണമെന്ന് അവൾക്കു തോന്നിയിരുന്നു.പക്ഷെ പ്രകാശും വാശിയിലായിരുന്നു.അച്ച്ഛൻ
വന്നു വിളിക്കാതെ അങോട്ടില്ലെന്ന് അയ്യാ‍ളും ഉറച്ച് നിന്നു.ഇന്ന് വിശേഷദിവസമായതിനാൽ പ്രകാശ് ഓഫീസിൽ നിന്ന് നേരത്തെയെ
ത്തും.അവൾ വേഗം അടുക്കളയിൽ കയറി ഒരു ചെറിയ സദ്യയ്ക്കുള്ള ഒരുക്കങൾ തുടങി..നേരം ഉച്ചയാവാറായി..ചോറും കറികളുമെല്ലാം
കാലമായി കഴിഞ്ഞു. അവൾ ഭർത്താവിനെയും പ്രതീക്ഷിച്ചിരിപ്പാണ്.വാതിലിൽ മെല്ലെ ഒരു മുട്ട് കേൾക്കുന്നു..
അവൾ ചെന്ന് വാതിൽ തുറന്നു..വാതിൽക്കൽ“ ഒരു നിറകൺ ചിരി യുമായി നിൽക്കുന്നത് അവളുടെ അമ്മ ! പഴയ അതേ പ്രസരിപ്പോടെ..
ഒരുപുതിയചൈതന്യത്തോടെ..എന്തെന്നറിയാത്ത ആഹ്ലാദത്തോടെ വാക്കുകൾ പോലും നഷ്ട്ടപെട്ട് കുറച്ച് നിമിഷങൾ അവൾ നിന്നു.പിന്നെ
അമ്മയെ അകത്തേക്ക് ക്ഷണിച്ചിരുത്തി..അമ്മ എങിനെ അവിടെ എത്തി? കൂടെ ആരും വന്നില്ലെ?അച്ചനു തന്നോട് ഇപ്പോഴും വെറുപ്പാണൊ?
അവളുടെ ഉള്ളിൽ ഒരു പാട് ചോദ്യങൾ വിങി നില്ക്കുന്നുണ്ട്..അമ്മ ഇത്രദൂരവും ഈ വെയിലത്ത് വന്നതല്ലെ. ഭക്ഷണം കഴിച്ച് ഒന്ന്
വിശ്രമിക്കട്ടെ.എന്നിട്ടാവാം വർത്തമാനമൊക്കെ..അവൾ അമ്മയ്ക്ക് കൈ കഴുകാൻ കിണ്ടിയിൽനിന്ന വെള്ളമൊഴിച്ചു കൊടുത്തു.നടുമുറിയിൽ
പലകയിട്ട് അമ്മയെ ഇരു ത്തി. തൂശനിലയിൽ ചോറും കറികളും വിളമ്പി.തന്റെകൈകൊണ്ട് ഉണ്ടാക്കിയ കറികളും കൂട്ടി അമ്മ ചോറുണ്ണാൻ
തുടങുന്നത് അവൾ ഒരു നിർവ് റ് തി യോടെ നോക്കി നിന്നു. വീ‍ണ്ടും പുറത്ത് വാതിലിൽ മുട്ട് കേൾക്കുന്നു.
“പ്രകാ‍ശേട്ടനായിരിക്കും...” അവൾ എഴുന്നേറ്റുകൊണ്ട് അമ്മയോടു പറഞ്ഞു. അപ്പോൾ അമ്മയുടെ മുഖത്ത് നിഗൂഡമായ ഒരു പുഞ്ചിരി വിടർന്നു.
അവൾ വാതിൽ തുറന്നു:മുന്നിൽനിൽക്കുന്നത് പഴയകാര്യസ്ഥൻ ശങ്കരപിള്ള! അയ്യാൾ ക്ഷീണിതനും ദു:ഖിതനും ആയികാണപെട്ടു.
“എന്താ ശങ്കരമ്മാവാ..” അവൾ ആ‍കാംക്ഷയോടെ ചോദിച്ചു.”കുഞ്ഞിനേയും പ്രകാശനേയും കൂട്ടി കൊണ്ട് പോകാൻ വന്നതാണ് ഞാൻ . അച്ഛൻ
പറഞ്ഞിട്ട്. കുഞ്ഞിനറിയാമല്ലൊ .അമ്മകിടപ്പിലായിരുന്നുകുറെനാളായിട്ട്.ഇന്നലെ സന്ധ്യയ്ക്ക് അസുഖം കൂടി . മോളെ കാണണമെന്ന ഒരേ വാശി
തന്നെ.ഇന്നുകാലത്ത് അച്ഛൻ എന്നെ വിളിപ്പിച്ചു.എത്രയും പെട്ടെന്ന്മോളെയും പ്രകാശനെയും കൂട്ടി ചെല്ലാൻ ഏൽ‌പ്പിച്ചു.. “ ഒരുൾക്കിടിലത്തോടെ
യാണ് അവൾ അയ്യാൾ പറയുന്നത് കേട്ടു നിന്നത്.ഒരു വെളിപാട് പോലെ അവൾക്കെല്ലാം മനസ്സിലായി.. അവൾ ഒരു തേങലോടെ തിരിഞ്ഞ് മുറിയി
ലേക്കോടി.അവിടെ ഇലയിൽ വിളമ്പിയ ചോറും കറികളും അതേപോലെ ഇരിക്കുന്നു.അമ്മയില്ല.!ആരുമില്ല..!
തൂശനിലയുടെ കീറിയ തുമ്പ് മാത്രം കാറ്റിൽ പിടച്ച് കൊണ്ടിരുന്നു.....
മിതത്വം ആവശ്യ പെടുന്ന കഥയുടെ പരിണാമഗുപ്തി സംവിധായകൻ എങിനെയാണ് കൈകാര്യം ചെയ്തത്?അത് അന്നത്തെ പ്രേക്ഷകർ
എങിനെ സ്വീകരിച്ചു? നടീനടന്മാർ ആരൊക്കെ? അതിനെ കുറിച്ചൊന്നും ധാരണയില്ല.
പക്ഷെ ചോറുംകറികളും വിളമ്പിവച്ച തൂശനിലയുടെ തുമ്പ് കാറ്റിൽ പാറുന്ന ആ‍ ഫ്രെയിം മനസ്സിൽ ഇന്നും പതിഞ്ഞ് നിൽക്കുന്നു.;മണ്ണിലെ
മനുഷ്യബന്ധങൾക്ക് അഭൌമ മായൊരു അർത്ഥതലം നൽകികൊണ്ട്......

2008, ഡിസംബർ 3, ബുധനാഴ്‌ച

ഗ്രഹസംഗമം

മാനത്ത് ,ഗ്രീഷ്മത്രികോണത്തിനു മിടത്ത്
രണ്ടു ഗ്രഹങൾ അടുത്തത്ത്..
ശുക്രനും വ്യാഴവും..
കാലമെന്ന കണിയാന്റെ തിളങുന്ന
കണ്ണുകൾ പോലെ..
താഴെ അമ്പിളി കല അവന്റെ
സ്വർണ്ണം കെട്ടിയ പുഞ്ചിരി..
ചുമലിലെ മേഘ മാറാപ്പിൽനിറയെ
മാണിക്യകവിടികൾ..
ആതിരു മിഴിതിളക്കത്തിൻ കാര്യമെന്താവാം.?
ആ പൊൻ ചിരി യുടെ പൊരുളെന്താവാം?
.പ്രളയമോ കെടുതിയോ..
സമ`റ്ദ്ധിയോ സന്തോഷമോ..
യുദ്ധമോ ശാന്തിയോ..
ഒരു രാവുറങാതെ പുലരുമ്പോൾ
എന്റെ തോട്ടം നിറയെ പനി നീർ പൂ‍വുകൾ...
സിൽ വർ ഓക്കിന്റെ ചില്ലയിൽ ഒരു കുഞ്ഞു പ്രാവ്..

2008, നവംബർ 25, ചൊവ്വാഴ്ച

ഹൃദ് രോഗി

കടുത്തവേദന നെഞ്ചിൽ,ഡോക്ടർ
ഇടത്തു ഭാഗത്തായി..
ഇടക്കു കൂടും കുറയും,പക്ഷെ
ഒഴിഞ്ഞു പോകുന്നില്ല
അടുത്ത കാലത്താണീ രോഗം
വളർന്നു വന്നെന്നുള്ളിൽ
അടുപ്പമേറെതോന്നിയൊരാളെന്ന
കന്നു പോയന്നാളിൽ.
കറുത്തകുഴലീനെഞ്ചിൽചേർത്തെൻ
ഹൃദന്ത താളം കേൾക്കൂ..
പതിഞ്ഞതാണീ സ്പന്ദനമെന്നോ
തളരുകയാണെന്നുള്ളം..
ഇടയ്ക്കിരമ്പം കേൾക്കാമെന്നോ
അതെന്റെ നോവിൻ നാദം..
ഇപ്പോഴൊന്നുംകേൾക്കുന്നില്ലേ ?
നിലച്ചുപോയീഹൃദയം......

2008, നവംബർ 19, ബുധനാഴ്‌ച

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വീണ്ടും കാണുമ്പോൾ.....

മലയാള സിനിമയുടെ ശൈത്യകാലത്ത് ഒരു പനിനീർ പൂവുപോലെ വിരിഞ്ഞസിനിമയാണു്“’മഞ്ഞിൽ വിരിഞ്ഞപൂക്കൾ”.കാൽ
നൂറ്റാണ്ടിനു ശേഷം ആസിനിമ വീണ്ടും കാണുമ്പോൾ ഒരുപാട് ഗ് റ്ഹാതുരസ്മരണകൾ ഉണരുകയാണ്.പുതുമുഖങളായപൂർണ്ണി
മയും ശങ്കറും,അണിയറശില്പികളായ ഫാസിൽ,ജെറിഅമൽദേവ് ,ബിച്ചുതിരുമല തുടങിയ നവാഗതരും ആ സിനിമയ്ക്കു നൽകിയ‘
ഫ്രഷ്നസ്സ് ‘ഇപ്പോഴും ചോർന്നു പോയിട്ടില്ലെന്ന് തോന്നി.ഈ സിനിമ എന്തുകൊണ്ടോ സിന്ധു ഡിക്രൂസിനെ ഓർമ്മിപ്പിക്കുന്നു.നാട്ടിൻപുറത്തെ
സ്കൂളിൽ ബർത്ത്ഡേയ്ക്ക് ഭംഗിയുള്ള ചോക്ലേറ്റ് പെട്ടികൾ കൊണ്ടു വന്നിരുന്ന ഒരാളയിരുന്നല്ലോ സിന്ധു.പച്ച നിറമുള്ള ഡെക്കാനും
പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ന്യൂട്രീനു മൊക്കെയായിരുന്നു അന്നത്തെ മിഠായികൾ..വരാന്തയിൽ പല വർണ്ണത്തിലുള്ള മിഠായി
കടലാസുകൊണ്ട് തീർത്ത പാവകൾ ചിതറി കിടന്നിരുന്നു....ക്ലാസ്സിലെപെൺകുട്ടികളുടെ വിരൽ തുമ്പിൽ വിരിഞ്ഞവ....
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ക്ലാസ്സിലെ ചർച്ചാവിഷയമായിരുന്നു.അതിലെ പാട്ടുകൾ എല്ലാവരുടെയുംചുണ്ടിൽ തത്തികളിക്കുന്ന
കാലം..
ക്യാമറ മിഴി തുറക്കുന്നത് ഒരു ഹിൽ സ്റ്റേഷന്റെ ഹരിതാഭമായ ദ് റശ്യത്തിലേക്കാണ്.നേർത്തമഞ്ഞും നനുത്ത സംഗീതവും.
നായകൻ അവിടെ ആദ്യമായി വരികയാണ്.ജീപ്പിൽനിന്നിറങിയശേഷംപ്രക് റ് തി ദ് റ്ശ്യം ആസ്വദിച്ചു കൊന്ട് അയ്യാൾ
ഒരു ചോക്ലേറ്റ് വായിലിടുന്നു.കഥയിലുടനീളം കാല്പനിക മധുരം പകർന്നുകൊണ്ട് ഗ്രീൻ ഫോയിലിൽ പൊതിഞ്ഞ
ഈ മിഠായിയുടെ സാന്നിധ്യമുണ്ട്.പണിക്കരുമായും വഞ്ചിയിൽ ശീതള പാനീയങൾ
വിൽക്കുന്നഹമീദിന്റെ ഉപ്പയുമായും അയ്യാൾ സൌ ഹ് റ് ദ മാരംഭിക്കുന്നത് ഒരു പിടി ചോക്ലേറ്റ് നൽകി കൊണ്ടാണ്.അയ്യാളുടെ
സഞ്ചാര പഥങളിലുടനീളം ഈ പച്ച നിറമുള്ളകടലാസുകൾ ചിതറി കിടക്കും;
ഒരു ചെയിൻ സ്മോക്കർ പോകുന്നിടത്തെല്ലാം സിഗരറ്റു കുറ്റികൾ ഇടുന്നതു പോലെ.നായകന്റെ മാധുര്യമുള്ള ഈ ദുശ്ശീലം നായിക
ക്ക് അപൂ‍ർവ്വ മായൊരു ഹോബിക്ക് വക നൽകുന്നു.അയ്യാൾ വന്നു പോകുമ്പോഴെല്ലാം അവളു ടെ തോട്ടത്തിൽ ദേശാടന പക്ഷിയു
ടെ തൂവലുകൾ പോലെ ചോക്ലേറ്റ് ഫോയിലുകൾ ചിതറി കിടന്നു.അവളുടെ വിരൽ തുമ്പിൽ അവ കൊച്ചു കടലാസു പാവകളായി.
അയ്യാളുടെ ഓരോ സന്ദർശനവും ആ പാവകളുടെ എണ്ണം കൂട്ടി..അവ മാലയും തോരണവും ഒക്കെആയി...കഥാന്ത്യത്തിൽ കൊല്ലപെ
ടുന്ന അവളുടെ ഉലഞ്ഞമുടിയിഴകളിൽ പച്ചതുമ്പികൾ പോലെയുള്ള ആ പാവകൾ കുടുങികിടക്കുന്നുണ്ട്...
സിനിമയിൽ നമ്മൾ കാണാത്ത രണ്ടു കഥാപാത്രങൾ ഉണ്ട്.ഒന്ന് നായകന്റെഅമ്മയാണ്. അയ്യാളുടെ കഴുത്തിലെ തൂവെള്ള മഫ്ലറാ
യും ഒരു നേർത്ത കോറസ്സായും നമ്മൾ അമ്മയുടെ സാന്നിധ്യം അറിയുന്നു.പിന്നെയൊന്ന് മഞ്ഞിൻ കുട്ടി പക്ഷിയാണ്..ദാമ്പത്യം ഒരു
ദുരന്തമായപ്പോൾ വിഷാദത്തിനടിമപെട്ട അവളെയും കൂട്ടി നടക്കാനിറങുമ്പോൾ ഒറ്റയ്ക്കിരിക്കുന്ന പക്ഷിയെ ചൂണ്ടി അഛൻ
പറയുന്നു:“അതാണ് മഞ്ഞിൻ കുട്ടി പക്ഷി..ജന്മങൾക്കു മുമ്പ് ഇണയെ നഷ്ടപെട്ട ആപക്ഷിയുടെ വിലാപമാണ് ഈ കാടിന്റെ സംഗീതം.“
അപ്പോൾ അടക്കിപിടിച്ചതേങൽ പോലെ ഉയരുന്ന കോറസ്സ് ....പിന്നീടൊരിക്കൽ മഞ്ഞിൻ കുട്ടി പക്ഷിയ്ക്കു നേരെ തോക്കു
ചൂണ്ടുന്ന പ്രേം ക് റ്ഷ്ണനെ തടഞ്ഞുകൊണ്ടവൾ പറയുന്നു: “ അരുത് ഇണ പക്ഷിയെ വെടിവെക്കരുത്...” പക്ഷെ ഈ പക്ഷിയെ
നമ്മൾ കാണുന്നതേയില്ല..എങ്കിലും അത് നമ്മുടെ സങ്കല്പശാഖിയിൽ എവിടെയോ ചേക്കേറുന്നു.....
പ്രഭയുടെ ലോകം: നിഗൂഡമായ ഏതോ വിഷാദങളുടെ തടവുകാരിയാണ് പ്രഭ.താമസിക്കാൻ വലിയബംഗ്ലാവ്.
സ്വന്തം മുറിയിൽ ഒതുങികൂടുന്ന അഛൻ.അവളുടെ ഏകാന്തതയിൽ കൂട്ടിനായെത്തുന്നത്പുസ്തകങളും പൂക്കളും പാട്ടിന്റെശീലുകളും..
അവളുടെ പൂന്തോട്ടത്തിലില്ലാത്തചെടികളില്ല.ഒന്നൊഴിച്ച്.”ഡൊവ് ഓർക്കിഡ്” .”ഞാൻ കുറെ നട്ടുനോക്കി അതിവിടെ വളരില്ലെന്ന്
അവൾ ദു:ഖത്തോടെ ഒരിക്കൽ പറയുന്നുണ്ട്..പൂക്കൾക്കിടയിലൂടെ പുസ്തകങളും വായിച്ച് വിഷാദഗാനങളും മൂളി നടക്കുന്ന പ്രഭയുടെ
ജീവിതത്തിലേക്ക്പ്രേം ക് റ് ഷ്ണൻ കടന്നു വരുന്നു,പ്രണയനിലാവു പരത്തി കൊണ്ട്..പക്ഷെ അവളുടെ ദു:ഖങൾ എന്തു തന്നെയായാലും
അതെല്ലാം തനിക്കു വേണമെന്ന പറയുന്ന അയ്യാൾക്ക് അപ്രതീക്ഷിതമായി വെളിപെടുന്നചില സത്യങൾഉൾക്കൊള്ളാനാവുന്നില്ല.
‘“കവിളത്തുകണ്ണീർകണ്ട്മണിമുത്താണെന്ന്കരുതിവിലപേശാനോടിയെത്തിയ വഴിയാത്രക്കാരൻ‘“ ആണ് അയ്യാൾ...
അവൾ വീണ്ടും ഒറ്റപെടുകയാണ്...കഥ തുടരവെ പ്രധാനകഥാപാത്രങളെല്ലാം ജീവിതത്തിൽനിന്ന് അരങൊഴിയുന്നു.....
iഇനി സിന്ധു ഡിക്രൂസിന്റെ കഥതുടരാം..

2008, നവംബർ 4, ചൊവ്വാഴ്ച

യൂത്തനേഷ്യ


കണ്ണൻ വീണ്ടും വൃന്ദാവനത്തിൽ എത്തിയിരിക്കുന്നു.തെറ്റിദ്ധരിക്കരുത്!
കണ്ണൻ രോഗിയും,വൃന്ദാവൻ ഹോസ്പിറ്റലുമാകുന്നു.
മുൻപ് അയ്യാൾ ഇവിടെ വന്നത് നെഞ്ചു വേദനയുമായിട്ടായിരുന്നു.
എക്സ് റേ ഉൾപ്പെടെ അടിസ്ഥാന പരിശോധനകളെല്ലാം കഴിഞ്ഞ്,തൊണ്ടിയോടെ
ന്യായാധിപനു മുന്നിൽ ഹാജരാക്കപെട്ട പ്രതിയായി അന്നയാൾ ഡോ:മൂർത്തി
ക്കു മുന്നിലിരുന്നു.ഡോ; ഒരു ഗവേഷണവിദ്യാർത്ഥിയുടെ അവധാനതയോടെ എക്സ് റെ ലോബിയി
ലിരിക്കുന്ന അയ്യാളുടെ നെഞ്ചിന്റെ ഭൂപടം പരിശോധിച്ച്പ്രവാചകനായ ഒരു
കവിയെ പോലെ പറഞ്ഞു തുടങുകയുണ്ടായി:“ രോഗം മൊട്ടിട്ടു കഴിഞ്ഞു. ഇനി അത് ഒരു പൂവായി
വിടരും.പിന്നെ വസന്തമാകും.അതു വരെ കാത്തിരിക്കാം.
“അപ്പോൾ ചികിത്സ”? അയ്യാൾ ഇടർച്ചയോടെ ചോദിച്ചു..
മൂന്ന് മാസം കഴിഞ്ഞു വരൂ ... അപ്പോൾ നിശ്ചയിക്കാം.ഡോ: മൂർത്തിയുടെ സ്വരം ഉറ
ച്ചതായിരുന്നു.വ്ര്ന്ദാവൻ ക്ലിനിക്കിലെ പ്രഗൽഭനായ ഡോക്ടറുടേത് അവസാന വാക്കായിരുന്നു.
അങിനെ വേദനയുടെ വസന്തോത്സവം മൂന്നു മാസം ആഘോഷിച്ചതിനു ശേഷം
അയ്യാൾ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു .വീര്യം കൂടിയ വീഞ്ഞു സേവിച്ചതു പോലെ
വേദനയുടെ ലഹരിയിൽ അയ്യാളുടെ കണ്ണുകൾ കൂമ്പിയിരുന്നു.ഡോക്ടർ അയ്യാളെ ഹ്റദയപൂർവ്വം സ്വീകരിച്ചു
ചികിത്സാമുറിയിലേക്ക് കൊണ്ടു പോയി.അയ്യാ‍ളെ അവിടെ എത്തിച്ചഅപരിചിതൻ
വരാന്തയിലെ തിരക്കിലെവിടെയോ അപ്രത്യക്ഷനായിരുന്നു....
ഡോമൂർത്തിയും അയ്യാളും ഒരു കട്ടിലും മാത്രം.ഡോക്ടറുടെ കണ്ണിൽ
പിതൃവാത്സല്ല്യം അയ്യാൾ കണ്ടു.പക്ഷെ അദ്ദേഹത്തിന്റെ കരങൾക്ക് ശിശിരത്തിന്റെ
തണു പ്പായിരുന്നു.ഒരു വലിയ സിറിഞ്ചിൽ മരുന്നു മായി സിസ്റ്റർ എത്തി.ഡോക്ടർ അതേറ്റുവാങികണ്ണന്റെ
കൈതണ്ടയിലെ നീല ഞരമ്പിൽകുത്തിവക്കുവാൻ തുടങി.കണ്ണൻ ഒരു മയക്കത്തിലേക്കു വീണു
കൊണ്ടിരിക്കുകയാണ്...ഡോക്ടറുടെ സ്വരം അപ്പോഴും അയ്യാൾ കേൾക്കുന്നുണ്ട്.
“ഈ മരുന്നിന്റെ തുള്ളികൾ നിന്റെ വേദനയെ നിർവീര്യമാക്കും.പിന്നെവേദനകൊണ്ടു മുറുകിയ
പേശികളെ ഒന്നന്നായി തളർത്തും..ആദ്യം കൈകാലുകൾ..പിന്നെ ഉടൽ..” ഡോക്ടറുടെ സ്വരം
ചക്രവാള ത്തിനപ്പുറം മറഞ്ഞു കഴിഞ്ഞു.....
ഉറങി എണീക്കുമ്പോൾ വേദനയെല്ലാം പൊയ്പോയിരുന്നു..മുറിയിലാകട്ടെ ആരുമില്ല!
അപ്പോൾ കണ്ണനു എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു തോന്നി.
അങിനെ അയ്യാൾ ആരോടും പറയാതെ അവിടെ നിന്നെഴുന്നേറ്റ് പുറത്തു കടന്നു.തോട്ടത്തിൽ
സ്പൈഡർ ലില്ലികൾ പൂത്തു നിൽക്കുന്നു..വൃന്ദാവനത്തിൽനിന്ന്
രക്ഷപെട്ട കണ്ണൻ അമ്പാടി ലക്ഷ്യമാക്കിനടന്നു.‘അമ്പാടി’അയ്യാളുടെ വീടിന്റെ പേരാണ്.ഒരേയൊരു
മകന്റെ പേരും അതു തന്നെ.
സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ സന്ധ്യയായി.മഴതോർന്ന പാടത്ത് മിന്നാമിനുങുകളുടെ
പാനീസു വിളക്കുകൾ പാറി നടക്കുന്നു.എതിരെ ആരോ വരുന്നുണ്ട്.അടുത്തെത്തിയപ്പോഴാണ്
ആളെ മനസ്സിലായത്.അടുത്ത വീട്ടിലെ ജൊസഫ്.! ജൊസ്ഫ് കണ്ണനോട് അസുഖ വിവരങൾ
ചോദിച്ചു.ക്ഷണനേരത്തെ കുശലാന്വേഷണത്തിനുശേഷം അയ്യാൾ ഇരുളിൽമറഞ്ഞു.തനിച്ചായപ്പൊഴാണു
ഒരു ഞെട്ടലോടെ ഓർത്തത്.ആദ്യമായി നെഞ്ചു വേദന അനുഭവപെട്ടത് ജൊസ്ഫിന്റെ
വീട്ടിൽ വെച്ചായിരുന്നു. അന്നയാളുടെ മരണാനന്തര ചടങുകൾ നടക്കുകകായിരുന്നു.
മൂന്നു മാസം മുമ്പു മരിച്ച് ജൊസഫിനെയാണ് താനിപ്പോൾ കണ്ടത്!
ഒരു പക്ഷെ മരുന്നിന്റെ സെഡേഷൻ വിടുന്നതായിരിക്കാം..അല്ലെങ്കിൽ ഇതൊരു സ്വപ്നാടനമാകാം..
എന്തായാലും വല്ല്ലാത്തഒരു ലാഘവത്വം അനുഭവപെടുന്നുണ്ട്.വീണ്ടും മുന്നോട്ടു നടന്നു..
വർഷങൾ ക്കപ്പുറത്തു നിന്നെന്നപോലെ ഒരു സ്വരം കേൾക്കുന്നു!ചേന്ദന്റെകുടിലിൽനിന്നാ‍ണ്.
വരാന്തയിലിരുന്ന്പാഠ പുസ്തകത്തിലെ കവിത ഉറക്കെ ചൊല്ലുകയാണ് അയ്യാളുടെ മൂത്തമകൾ.
മുപ്പത് വർഷം മുമ്പ് പാമ്പുകടിയേറ്റു മരിച്ചു പോയ സരള.!അവൾ തന്റെ ക്ലാസ്സ്മേറ്റായിരുന്നു.മതിഭ്രമ
ങളിൽ നിന്ന് രക്ഷപെടാനെന്നപോലെ അയ്യാൾ നടത്തത്തിന് വേഗം കൂട്ടി.
വീട്ടിലെത്തിയപ്പോൾ രാധിക വാതിൽ ചാരാതെ തന്നെ കാത്തിരിക്കുകയാണ്.അയ്യാൾവാതിൽക്കൽ
നിറഞ്ഞു നിന്ന് മെല്ലെ ചുമച്ചു.അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം അയ്യാളെയുംകടന്ന്
പടിപ്പുരയിലേക്ക്നീണ്ടു.അപ്പോൾ മാത്രമാണ് താൻ കഥാവശേഷ നായെന്ന് അയ്യാൾക്ക് പൂർണ്ണബോധ്യം
വന്നുള്ളൂ.
`

2008, നവംബർ 1, ശനിയാഴ്‌ച

രാധയിന്നും പാടുന്നു.....

കല്പാന്ത കാലമായ് കാളിന്ദി തീരത്തു
കാത്തിരിപ്പാ‍ണു ഞാൻ നിന്നെ കണ്ണാ
കണ്ണിൽ കിനാവിൻ ചിരാതു മായെത്രയോ
ജന്മാന്തരങൾ കടന്നു പോയി...
കാനനത്തിൽ നിന്റെകാൽ‌പ്പാടു തേടി ഞാൻ
കാതങളേറെ നടന്നിടുമ്പോൾ
കാൽ മുറിഞോ എന്റെ ചേലയൂ‍ർന്നോ
ഏതു മേതും ഞാനറിഞ്ഞതില്ല
വിണ്ണിൻ വിദൂരമാം തീരത്തു നീയൊരു
സ്നേഹാർദ്ര ചന്ദ്രനായ് വന്നുദിക്കെ
നീയാംനിലാമഴ മെല്ലെ തഴുകുന്ന
നീലകടമ്പായി പൂത്തു ഞാനും
കുളിരിളം കാറ്റിന്റെ കൂട്ടുകൂടി നിന്റെ
കോല കുഴൽ നാ‍ദമൊഴുകിയെത്തെ
കാതോർത്തിരിക്കുമെൻ കാതോരമാ സ്വരം
തേൻ മഴ തുള്ളിയായിറ്റു വീണു.
കല്പാന്ത കാലമായ്കാളിന്ദി തീരത്തു
കാത്തിരിപ്പാണു ഞാൻ നിന്റെ രാധ
ജന്മാന്തരങൾ കഴിഞ്ഞുവെന്നാകിലും
കരളിൽ കിനാവുകൾ കാക്കുന്നവൾ

2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ആകാശം


അന്നൊക്കെ, ആകാശം അറബിക്കഥകളിലെ പറക്കും പരവതാനിയായിരുന്നു.
ചിത്രലിപികൾ തെളിയുകയും മായുകയും ചെയ്യുന്ന മാന്ത്രിക പരവതാനി..
അവിടെ എത്രയോ ഇതി ഹാസകഥകൾ മേഘചുരുളഴിയുന്നത് ഞാൻ കണ്ടു.
യവനരും യാദവരും അവിടെ നടക്കുവാനിറങി.
സന്ധ്യയുടെ കുരുക്ഷേത്ര ഭൂമിയിൽമുറിവേറ്റ അശ്വങളും ഉടഞ്ഞ തേരുകളും ചിതറി.
കടൽ കരയിൽ കൂട്ടു കാരൊത്ത് കാറ്റു കൊണ്ടിരിക്കുമ്പോൾ
ആരോ പറഞ്ഞു , ആകാശം ഒരു തിയ്യറ്ററാണെന്ന്-
ഷേക്സ്പീരിയൻ ഡ്രാമ കളിയ്ക്കുന്ന ഗ്ലോബൽ തിയ്യറ്റർ.
“ കൈ കോർത്തു പിടിച്ച മേഘങൾ, അവർ ഒഥല്ലോയും ഡെസ്ഡിമോണയും...
കറുപ്പു രാശി കലർന്ന് ഒറ്റപെട്ടു നിൽക്കുന്നത്..ഇയാഗൊ.
ഒരിക്കൽ കിളി വാതിൽ തുറന്ന് പുറത്തേക്കു നോക്കി..
നിലാവുള്ള രാത്രി യായിരുന്നു...
അപ്പോൾ ആകാശം നീല ശിലാതലത്തിൽ മിഴിവുറ്റ രതിബിംബങൾ കൊത്തിയ
അമ്പല ചുമരായിരുന്നു.........
മനസ്സു പോലെ പ്രക്ഷുബ്ധമാകുകയും ,ചിലപ്പോൾ പ്രശാന്തമാകുകയും ചെയ്യുന്ന
ആകാശം നോക്കി ഞാൻ ചോദിച്ചു : വാനമേ നമ്മൾ തമ്മിലെന്ത്?
മണി വിത്തിനുള്ളിൽ മഹാവ്റ്ക്ഷ മെന്നതുപോലെ,പിന്നെയത് പൂവായും വേരായും
വേർ പിരിയുന്നതു പോലെ,ആദിമ അണ്ഡത്തിൽ നമ്മൊളൊന്നായിരുന്നു
ഞാനിന്ന് നക്ഷത്ര പൊരുൾ തിരയുന്ന നക്ഷത്ര രേണു..
കാലം ബോധം ഊതിതന്ന്
പ്രപഞ്ച പൊരുൾ തിരയുവാൻ നിയോഗിച്ച പ്രകാശ രേണു...
ആഹ്ലാദകിരണങൾ അസ്തമിച്ച് ശ്യാമദു:ഖത്തിന്റെ ഇരുൾ പരക്കുമീ ദശാസന്ധിയിൽ
നക്ഷത്രക്കവിടി നിരത്തി മഹാജ്യോതിഷി യെ പോൽ ആകാശം ചൊല്ലുന്നൂ..
നല്ലതേ വരൂ....

യാത്ര

വിഷാദ രാവിതിൽ വിരുന്നിനെത്തിയോ
വിടർന്നതാരവും വിലോല ഗീതവും
കരിഞ്ഞ ചില്ലയിൽ കസവു ചാർത്തിയോ
കണിമലരുകൾകിനാവിലെന്നപോൽ
വിജന പാതയിൽ വിദൂര ദീപകം
പഥികനേകിയോ പ്രകാശസുസ്മിതം
അഴിഞ്ഞ പാദുകം വഴിയിലിട്ടു ഞാൻ
അനന്ത യാത്രകൾ തുടർന്നിടാമിനി
കഴിഞ്ഞകാലങൾ ഇരുളിലാണ്ടുപോയ്
വിരിഞ്ഞ സ്വപ്നങൾ കൊഴിഞ്ഞു വീണുപോയ്
എരിഞ്ഞു തീർന്നുവോ മറിഞ്ഞ താളുകൾ
തിരിഞ്ഞു നോക്കുവാൻ തുനിഞ്ഞതില്ല ഞാൻ
നിതാന്ത സങ്കട കടലിതെങ്കിലും
നിലാവിൻ തോണിയിൽ തുഴഞ്ഞു നീങിടാം
വിമൂക വേദന മനസ്സിലെങ്കിലും
വിളർത്ത പുഞ്ചിരി മുഖത്തണിഞ്ഞിടാം

2008, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

കാല്പനികം

മഴക്കാലസന്ധ്യയുടെ മരതക വെളിച്ചം മാഞ്ഞു തുടങിയ മട്ടു പ്പാവിൽ
കൈയിലൊരു തൂവൽ തൂലികയും തൂവെൺ താളു മായ് ഞാനിരുന്നു.
എണ്ണവറ്റാറായ മൺ വിളക്കു പോലെ മാനത്തൊരമ്പിളി നാളം മുനിഞ്ഞു കത്തി.
ഭൂമിയാം ഭൂർജ്ജപത്രതാളിൽ നിലാവിന്റെ സ്വർണ്ണ ലിപികളാൽ
പ്രണയ സന്ദേശം വിരചിക്കുകയാണ് രാത്രി..
അപ്പോൾ........അപ്പോൾ..........
അനന്തമായ ബ്രഹ്മസമുദ്രത്തിന്റെ അതി വിദൂരസ്ഥമായ ഏതോ തീരത്തു നിന്ന്
അവർ ഒഴുകിയെത്തി; അനുഭൂതികൾ ........ആശയങൾ...........
വാക്കിൻ വല വീശിയപ്പോൾ ചിലതു സ്വർണ്ണമത്സ്യങളെപോലെ ഊർന്നു പോയി.
മറ്റു ചിലതു പുകമഞ്ഞ് പോലെ മാഞ്ഞു പോയി..
ശേഷിച്ചതെല്ലാം മൌനത്തിന്റെ നീല ചില്ല്ലു പാത്രത്തിൽ ഞാൻ സൂക്ഷിച്ചു വച്ചു
പിന്നെ ഓരോന്നായി തൂലികതുമ്പാൽ ഒപ്പിയെടുത്ത് , സ്വഛമായൊരീ താളിൽ നിരത്തവെ..
ചിലതു നീരവം സ്പന്ദിയ്ക്കുന്ന നീല നക്ഷത്രങളായി..
മറ്റു ചിലത് കറുത്ത പർദ്ദയണിഞ്ഞ വിഷാദങളായി..
പിന്നെയും ചിലത് സദാരൂപം മാറുന്ന മേഘ രൂപികളായി.
അങനെ എന്റെ ആദ്യത്തെ കാല്പനിക കവിത പിറന്നു.