പഴങ്കഥകൾ കേൾക്കണൊ?
പിള്ളാരെ ,നിങളൊന്നും അന്നു ജനിച്ചിട്ടില്ല.
എന്തിന് നിങളുടെ അപ്പൂപ്പനമ്മാമമാർ വരെ മുട്ടിലിഴഞ്ഞു
കളിക്കുകയായിരിക്കും.കാലം തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം.....
.നാട് സ്വാതന്ത്ര്യം നേടുവാൻ ഇനിയും പത്തെൺപത്
വർഷങൾ കഴിയെണമെന്നോർക്കണം .എങും ദാരിദ്ര്യം .!നിങൾക്കറിയുന്ന
വിഷയ ദാരിദ്ര്യമല്ല. സാക്ഷാൽ ദാരിദ്ര്യം..ഉടുതുണിക്ക്മറുതുണിയില്ലാതെയും
ഒരു നേരം വയറുനിറച്ചുണ്ണാനില്ലാതെയും ജനങൾ വലയുന്ന ആ മോഹനസുന്ദര കാലം.
അതൊക്കെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യമൊക്കെ ഒരു മാന്ദ്യമാണോ കുട്ടികളേ.. ?
നാട്ടിലെ പണക്കാരുടെ കൂട്ടത്തിലാണ് ഞങൾ ..കഷ്ടി രണ്ടു നേരമാണെങ്കിലും
അവിടെ ഉണ്ണാനും ഉടുക്കാനുമൊക്കെയുണ്ട്.മാത്രമല്ല ഞാനന്ന് കുടിപ്പള്ളി കൂടത്തിലും
പോകുന്നുണ്ട്. കുട്ടികുപ്പായമൊക്കെയിട്ട് ടൈയും കെട്ടി ഗമയിൽ തന്നെയാണ് പോക്ക്.
ഉവ്വ്,അന്നും ടൈയ്യൊക്കെയുണ്ട്.പക്ഷെ കെട്ടുന്നത് അരയിലാണെന്നു മാത്രം.അടിവസ്ത്രത്തിനു
പകരം.
പിന്നെ പിതാമഹൻ കൊളമ്പിലായതു കൊണ്ട് വർഷത്തിൽ വല്ലപ്പോഴുമാണെങ്കിലും
വെള്ളി കാശിന്റെരൂപത്തിൽ വിദേശനാണ്യവും വീട്ടിലെത്താറുണ്ട്. ആ ദിവസങളിൽ വീട്ടിൽ
സദ്യയായിരിക്കും..എന്നു വച്ചാൽ സ്ഥിരമായുള്ള മാമ്പൂ ചമ്മന്തിയും,ചീരതോരനും കൂടാതെ
ഊണിന് ഒരു പപ്പടവും വച്ചു കാച്ചുമെന്നർഥം.മൂന്നു പൂങ്കുലകൊണ്ട് മൂന്നാലുപേർക്ക് നല്ല ചമ്മന്തിയുണ്ടാക്കാം
മാമ്പൂവിന്റെ കറപോകാൻ ഒരു ദിവസം പൂക്കളൊക്കെ നേർപ്പിച്ച ചുണ്ണാമ്പു ലായനിയിൽ ഇട്ടുവെക്കണം.
ഒരിക്കൽ ബന്ധു വീട്ടിൽ വിരുന്നു പോയപ്പോൾ അമ്മപഠിച്ചെടുത്തവിദ്യയാണ്. വിരുന്നു പോക്ക് അന്നത്തെ
പ്രധാന ഹോബി തന്നെയായിരുന്നു..
ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് ആയിടക്കാണ് ആരാണ്ട് പറഞ്ഞത്.അന്നത്തെ മുഖ്യപ്രശ്നം
ദാരിദ്ര്യമായിരുന്നു .ആവശ്യം ഭക്ഷണവും.ലോക്കലി ലഭ്യമായിട്ടുള്ള ഫ്ലോറയും ഫോണയുമൊക്കെ (flora&fauna)
എങിനെ ഭക്ഷ്യയോഗ്യമാക്കാമെന്നായിരുന്നു ചിന്ത..ഈ മേഖലയിൽ കൂട്ടായും ഒറ്റക്കും ധാരാളം പരീക്ഷണങൾ
നടക്കുന്ന സമയമാണ്.മുളയരി കൊണ്ടുള്ള വിഭവങളായ മുളയരികഞ്ഞി,പൂട്ട്,പായസം മുതലായവയൊക്കെ
പ്രചാരത്തിലായികഴിഞ്ഞു.പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന മുളകൾ ക്ഷാമകാലമെത്തിയതിനാൽ
നിയമം തെറ്റിച്ചു നേരത്തെ തന്നെ പൂത്തിരുന്നു..തൃണമാണെങ്കിലും അതിന് മനുഷ്യകുലത്തിനോട് സ്നേഹമുണ്ട്!
ഒരു മുളംകുറ്റിയിൽ ചെറുതേൻ നിറച്ച് അതിൽ മുളയരി ഇട്ട് വച്ച്
വായ വാഴയില കൊണ്ടു കെട്ടി കളിമണ്ണിൽ വർഷങളോളം കുഴിച്ചിട്ട് ഒരു സുപ്രഭാതത്തിൽ കെട്ടുപൊട്ടിച്ച് പിന്നെയും
ചിലസൂത്രപണികളൊക്കെ കാണിച്ച് വാറ്റിയെടുക്കുന്ന ...സോറി ഞാൻ വല്ലാതെ വാചാലനാവുന്നു അല്ലെ ?
മദ്യത്തിന്റെ കാര്യം പറയുമ്പോൾ അന്നുമിന്നും അങിനെ തന്നെ...
(നിയമപരമായ മുന്നറിയിപ്പ്:ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന റെസിപ്പികൾ പരീക്ഷിച്ച് ആരെങ്കിലും
വയറിളക്കം ക്ഷണിച്ച് വരുത്തിയാൽ...എന്റെ കയ്യിൽ കുറ്റമില്ല)
.വീട്ടു പറമ്പിൽ ധാരാളം പ്ലാവുകളുണ്ടായിരുന്നു. പഞ്ഞം മൂക്കുന്ന
കർക്കിടകം എത്തുന്നതിന് വളരെ മുന്നെ അതെല്ലാം കായ്ക്കും.പിന്നെ സർവ്വം ചക്കമയമായിരിക്കും .
അമ്മ സ്വന്തം നിലക്ക് പലചക്കവിഭവങളും കണ്ട് പിടിച്ചിരുന്നു.\ഇടിയൻ ചക്കമുതൽ ...ഇളം ചക്കകൊണ്ടുള്ള
അച്ചാറു വരെ .
.അമ്മയുടെ ചെറുപ്പത്തിൽ ,ചക്ക പഴുത്തു തിന്നാനല്ലാതെ പച്ച ചക്ക ആരും ഉപയോഗിച്ചിരുന്നില്ല പോലും.
ഇപ്പോൾ, ഉച്ചയൂണിന്റെ കച്ചേരിക്ക് ആവർത്തന വിരസമായ ചക്കരാഗത്തിൽനിന്ന് മോചനം കിട്ടണമെങ്കിൽ
കൊളമ്പിലിരിക്കുന്ന പിതാമഹാൻ വിചാരിക്കണം. ഇങനെ പ്ലാവുകൾ നിറയെ കായ്ച്ച് കിടക്കുന്ന കാലത്താണ് കുട്ടപ്പനാശ്ശാരി
ഞങളുടെ വീട്ടിൽ പണിക്ക് വന്നത്. പുരയുടെ വടക്കു പുറത്തുള്ള മോന്തായ ത്തിൽ പട്ടികകൾ ദ്രവിച്ചത് മാറ്റിവച്ച് വർഷകാലത്ത്
അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അയ്യാൾ എത്തിയത്.അന്ന് ആശാരിക്ക് നാലണയും ,നാലഞ്ച് വിഭവങൾ കൂട്ടി
ഒരൂണു മാണ് കൂലി. വലിയതറവാടുകളിലൊക്കെ ഇതിന്ന് പുറമെ നീലകരിമ്പിന്റെ തുണ്ടും കൽക്കണ്ട തരികളും വിളമ്പും
അത്തരംവിശേഷവസരങളിൽ ഞാൻ പള്ളികൂടത്തിൽ
പോകാറില്ല .ഉളിയും വടിയും കൊട്ടിപാടുന്നതും കേട്ട് അതെന്താ ഇതെന്താ എന്നൊക്കെ ചോദിച്ച് കരിശു മരത്തിന്റെ താഴെ ചുറ്റിപറ്റി
നിന്ന എന്നൊട് നാട്ട് വർത്തമാനങൾക്കിടയിൽ
ആശാരി ഒരു കടംങ്കഥ ചോദിച്ചു..” കൊമ്പ് വിളി, കുഴലു വിളി ,വെള്ളംതളി , , മനക്കലെ തമ്പ്രാന്റെ എഴുന്നള്ളത്ത്..” .തമ്പ്രാൻ ആരെന്നു
പറ അല്ലെങ്കിൽ നൂറുകടം “ കുറച്ചുനേരം ആലോചിച്ച് നിന്നതിന് ശേഷം
മഞ്ചൽക്കാരൻ..അഞ്ചൽ കാരൻ ...അങിനെ പല ഉത്തരങളും ഞാൻ പറഞ്ഞെങ്കിലും ആശാരി അതൊന്നും സമ്മതിച്ചില്ല.
അപ്പോഴേക്കും ഊണിന് സമയമായിരുന്നു .പിന്നെയും കടംങ്കഥയുടെ ഉത്തരം ചോദിച്ച് ആശാരിയുടെ പിന്നാലെ
കൂടിയ എന്നെ അമ്മ ഈർക്കിലി എടുത്ത് തല്ലാനോടിച്ചു.
ആശാരി പടിഞ്ഞാറേ ഇറയത്ത് ഒരു മുട്ടിപലകമേൽ ഊണിനിരുന്നു.കഴുകിവെടുപ്പാക്കി വച്ചിരിക്കുന്ന നാക്കിലയിലേക്ക്
അമ്മ ആദ്യം പൊടിയരി ചോറ് കോരിയിട്ടു.പിന്നെ വിഭവങൾ ഒന്നിനു പുറകെ ഒന്നായി വിളമ്പാൻ തുടങി.ആദ്യം
ഇടിയൻ ചക്ക ,പിന്നെ, ചക്കയെലിശ്ശേരി,ചക്കകുരുമെഴുക്കുപുരട്ടി.. ഇതെല്ലാം വിളമ്പുമ്പോൾ ആശാരിയുടെ മുഖം ഇരുണ്ട് വന്നു
താൻ വഞ്ചിക്കപെട്ടതായി അദ്ദേഹം മനസ്സിലാക്കി.അവസാനം ഇളം ചക്കകൊണ്ടുള്ള അച്ചാറ് ഇലയിലിടുമ്പോഴേക്കും
അയ്യാളുടെ മുഖം ഗൌരവം കൊണ്ട് കല്ലു പോലെയായിരുന്നു..ആശാരിയുടെ അപ്രസന്നമായ മുഖം കണ്ട് അമ്മ ഒരു ചീന
ഭരണിയുടെ അഗാധതയിൽ ഉറയൊഴിക്കാൻ സൂക്ഷിച്ച് വച്ചിരുന്ന മോര് എടുക്കാൻ തന്നെ ഉറച്ചു.
പാകത്തിന് ഉപ്പ് ചേർത്ത് നാരകത്തിന്റെ കൂമ്പിലയും ഞരടിയിട്ട് സംഭാരം തയ്യാറാക്കിയതിന്ന് ശേഷം
ആശാരിക്കൊരു സർപ്രൈസായിക്കോട്ടെ എന്നുവിചാരിച്ച് ചോദിച്ചു: “ആശാരിക്കല്പം മോരെടുക്കട്ടേ?”
ആശാരി ആദ്യം കേൾക്കാത്തപോലെയിരുന്നു.
“അല്പം മോരെടുക്കെട്ടെ?” അമ്മ ചോദ്യം ആവർത്തിച്ചു.
“അതും ചക്ക കൊണ്ടാണെങ്കിൽ അടിയനു വേണ്ട” ആശാരിയുടെ ഉത്തരം എല്ലാവരെയും ചിരിപ്പിച്ചു.
ആശാരിയും ചിരിയിൽ പങ്ക് ചേർന്നു.അങനെ അയ്യാളുടെ പിണക്കം തീർന്നു.
പക്ഷെ എന്റെ മനസ്സ് ഉത്തരം കിട്ടാത്ത ഒരു കടം കഥയുടെ പുറകെ ആയിരുന്നു..
അപ്പോൾ വീടിന്റെ പുറകിലുള്ള ഇടവഴിയിൽ ഒരു കുഴൽ വിളി കേൾക്കുന്നു.
നോക്കുമ്പോൾ, പാടത്തേക്ക് തീറ്റാൻ എഴുന്നള്ളിച്ച് കൊണ്ട് പോകുന്ന ചേന്ദന്റെ പോത്ത് മുക്രയിടുകയാണ്.
വീടിനടുത്തെത്തിയപ്പോൾ അതൊന്ന് മൂത്രമൊഴിച്ചു.പിന്നെ അത് അതിന്റെ പാട്ടിനു പോകുകയും ചെയ്തു.
കുഴലുവിളി..വെള്ളംതളി.. കണ്ട കാഴ്ചകൾ ഒരു ജിഗ്സോ പസിലിലെന്നതു പോലെ ചേരും പടിചേർന്നപ്പോൾ ഞാൻ
ആശാരിയുടെ മുഖത്ത് നോക്കി ആവേശത്തോടെ ഉറക്കെ വിളിച്ചു.
“ പോത്ത്...പോത്ത്..” അടുത്തനിമിഷം ഈർക്കിലിയല്ല ,ഒരു ഈർക്കിലികെട്ടുതന്നെ (ചൂലെന്നും പറയാം)കൈയ്യിലെടുത്ത് ഓടി വരുന്ന
മാതാശ്രീയെയാണ് കണ്ടത്.സ്വതവെ കറമ്പനായ കുട്ടനാശ്ശാരി ആനന്ദതുന്ദിലനായി ആഹാരം ചവച്ചു കൊണ്ടിരിക്കുന്ന
ആ സമയത്ത് ഒരു പോത്തിന്റെ മുഖഛായുണ്ടെന്ന സത്യം എന്റെ സിറ്റ്വേഷൻ കൂടുതൽ പരുങലിലാക്കി.അരുമസന്താനമെങ്കിലും
മുതിർന്ന ഒരാളെ മുഖത്ത് നോക്കി പോത്തെന്ന് വിളിക്കുമ്പോൾ ശിക്ഷിക്കാതിരിക്കാൻ രക്ഷിതാക്കൾക്കാവില്ല...
.കാലത്തിന്റെ സ്ക്രിപ്റ്റിൽ എനിക്കുവേണ്ടി ഓങി വച്ചിരുന്ന രണ്ട്
പ്രഹരങൾഞാൻ വിനീതനായി ഏറ്റ് വാങിയതിനു ശേഷമാണ് കുട്ടപ്പനാശ്ശാരിക്ക് ബോധോദയമുണ്ടായതും തെറ്റിധാരണകളൊക്കെ നീങി
കാര്യങളൊക്കെ കലങി തെളിഞ്ഞതും...പക്ഷെ എന്റെ കണ്ണുകൾ അപ്പൊഴേക്കും കലങി ചുവന്നിരുന്നു.
ഉത്തരം തെറ്റിപോയെന്ന അറിവും എന്റെ കണ്ണീരൊഴുക്കിന്റെ അളവു കൂട്ടി...
(തുടരും)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
പഴങ്കഥ ഇഷ്ടമായി കെ കെ എസ് .. തുടരൂ..
:)
ഹ ഹ. കൊള്ളാം. ഇഷ്ടമായീട്ടോ, പഴയ കഥകൾ
kollaam!
Hi KKS ,
Manoharamaayirikkunnu...
താൻ വഞ്ചിക്കപെട്ടതായി അദ്ദേഹം മനസ്സിലാക്കി. ee varikalil purathu kaanan pattaththa oru comedy undu...valare ishta pettu katha.
ഹ ഹ ചക്കപുരാണം കലക്കി. ഞങ്ങളുടെയൊക്കെ വീടുകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇപ്പോഴും സീസണായാല്‍ "ചക്കയെ പേടിച്ചാരും ഈ വഴി നടപ്പീല" എന്ന മട്ട് തന്നെ.
"(തുടരും)" എന്നു കണ്ടു. അതും ചക്കകൊണ്ടാണെങ്കി... :)
അതും ചക്ക കൊണ്ടാണെങ്കില്‍ അടിയനു വേണ്ട
ചിരിച്ചു പോയി, ധൈര്യത്തെ തുടരുക
ചക്ക കൊണ്ടാണോ.. ന്നാ ആയിക്കോട്ടേ ന്നാവും ഞാന്‍.
പഴയ കാലത്തെ പറ്റി പറഞ്ഞതിന് നന്ദി.. മാമ്പൂ ചമ്മന്തിയും മുളയരി കഞ്ഞിയും....
തുടരുമല്ലോ...
ചക്കപുരാണം കലക്കീ. ഇനിയും കാണണം കേട്ടോ, ഇങ്ങോട്ട് പോന്നോട്ടെ ഈ കുലയില്‍ നിന്ന് തന്നെ!
ഹ ഹ ഹ...നന്നായി പറഞ്ഞു...
തുടരൂ..
ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു..
ഡിയർ വീരു,
അതിൽ കോമഡി മാത്രമല്ല ...അല്പം കണ്ണീരുമുണ്ട്
ഒരു നേരത്തെ നല്ല ഊണിന് വേണ്ടി പകലന്തി പണിയെടുക്കുന്ന
പാവപെട്ടവന്റെ ഒരു തുള്ളി കൊതി- കണ്ണീര്..ആ കണ്ണീരിനെയും
ചിരിയാക്കി മാറ്റുന്ന അവന്റെ ഫലിത ബോധം..
ഈ കഥവായിക്കാൻ മെനകെട്ട എല്ലാവർക്കും നന്ദി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ