2009, മേയ് 27, ബുധനാഴ്‌ച

ഒടിയൻ (പഴങ്കഥ-5)

അതീതവും അതീന്ദ്രിയവുമായ ഒരു ലോകത്തിന്റെ സ്മരണകൾ ,തേങക്കുള്ളിൽ പൊങെന്ന പോലെ
(ഈ കുരുത്തം കെട്ട ഉപമകൾ ഒരു കരിങ്കണ്ണായി തിരിഞ്ഞു കൊത്താതിരിക്കട്ടെ!)
എന്റെ മനസ്സിൽ തിങിവിങുമ്പോൾ..ക്ലാസിൽ കുട്ടികൾ ഹാജർ കുറവാണെന്നറിഞ്ഞിട്ടും പഠിപ്പിക്കലിന്റെ
ആനന്ദത്തിൽ മുഴുകിയ ഒരു മലയാളം വാധ്യാരെ പോലെ ,ശുഷ്കമായ സദസ്സിനെ നോക്കി ഘോര ഘോരം
പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാവിനെ പോലെ ,പ്രേക്ഷകരില്ലാഞ്ഞിട്ടും പ്രദർശനം തുടരുന്ന ഇന്ദ്രജാലക്കാരനെ പോലെ
ഞാൻ എഴുത്തുതുടരുമ്പോൾ...ഒരു മിനുട്ട് ഒന്നുശ്വാസമെടുക്കട്ടെ..ശരി..ഞാൻ എഴുത്തു തുടരുമ്പോൾ എന്റെ കീബോർഡിൽ
പിറവിയെടുക്കുന്ന അക്ഷരങളെല്ലാം ഒരു നൂറ്റാണ്ടിനു മുൻപുള്ളരാത്രിയിലേക്ക് പറന്നു പറന്നു പോകുകയാണ്‌-
നക്ഷത്ര പൂത്തഴപ്പുകൾ കാഴ്ചവച്ചു നിൽക്കുന്ന കൃഷ്ണ പക്ഷത്തിലെ ഒരു രാത്രിയിലേക്ക്....

(ഹേ ശേഷിക്കുന്നവരെ , നിങളും മണ്ടുകയാണോ.പക്ഷെ എനിക്കു തുടരാതെ വയ്യ.. )
തേക്കും മൂലയിൽ നേരമല്ലാനേരത്ത് കാളവണ്ടിയിറങി കമ്പിളി കണ്ടത്തിൽ കാരണവർ,മാനത്ത്
താരാകദംബങളെല്ല്ലാം തെളിഞ്ഞിരിക്കുന്നുവെങ്കിലും നക്ഷത്രവെളിച്ചവും നാട്ടു വെളിച്ചവും എത്തിനോക്കാത്ത
ഊട് വഴികളിലൂടെ കല്ലുകളിൽ തട്ടി തെന്നുന്ന മെതിയടിപുറത്ത് പ്രയാസപെട്ട് നടന്നു. കൂടൽ മാണിക്യം
കോവിലിൽ പൂരവും കഴിഞ്ഞാണ് മൂപ്പരുടെ വരവ്.ചുമലിലെ കൈതോല വട്ടീയിൽ ആനയടിവലുപ്പത്തിലുള്ള
ചിറ്റു മുറുക്ക്,അറബി നാട്ടിൽ നിന്ന് പത്തേമാരികളിൽ വന്നിറങുന്ന കളിയടക്കയുടെ വലുപ്പമുള്ള ഈത്ത
പഴങൾ..,ഈറ്റതണ്ടുകൊണ്ടുള്ളപീപ്പികൾ, പമ്പരങൾ,മരപ്പാവകൾ ...മുതലായവ ഉണ്ട്.. ഇരുണ്ട് കിടക്കുന്ന നാട്ട് വഴികൾ
താണ്ടി ഇടത്തിരുത്തി പാടത്തേക്കിറങിയതോടെ കണ്ണിൽ ഒരു നീല വെളിച്ചമുദിച്ചതു പോലെ തോന്നി കാരണവർക്ക്.
മാണിക്യകവിടികൾ നിരത്തി ഒരു മഹാജ്യോതിഷിയായി, ധ്യാനിച്ച് നിൽക്കുന്ന മറയില്ലാത്ത വേനലാകാശം മുകളിൽ..
പ്രശ്നവിധിയെന്തെന്നറിയാൻ ഒരു കൃഷീവലനെ പോലെ കാത്തു നിൽക്കുകയാണ് താഴെ വരണ്ട്കിടക്കുന്ന
വയൽ പരപ്പ്.. മഴപെയ്യുവാൻ ഇനി എത്രനാൾ.?
ആയില്ല്യന്റെ വാലിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന അത്തകാക്ക പടിഞ്ഞാറ് ചായുന്നു.
( ഹൈഡ്ര, കോർവസ് - മാനത്തെ രണ്ട് താരാഗണങള് ) പാതിര കഴിഞ്ഞു.
പക്ഷെ പുലരുവാനിനിയും എത്രവിനാഴികകൾ..താരങളുടെ സ്ഥാനം നൊക്കി കാരണവർ മനസ്സിൽ കണക്കു കൂട്ടുവാൻ
തുടങി..അന്യദേശത്തായിരുന്നകാലത്ത് കാരണവർ അൽ‌പ്പം ജ്യോതിഷവും ജ്യോതിശാസ്ത്രവും പഠിച്ചിട്ടുണ്ട്.
നക്ഷത്രരാശികളൊക്കെ മൂപ്പർക്ക് തിരിച്ചറിയാം.. അതുപോലെ ഒരു വിധം കാളീകൂളി പ്രേതാദികളൊന്നും മൂപ്പരുടെ അടുത്ത്
അടുക്കുകയില്ല..അത്യാവശ്യം മാന്ത്രികവിദ്യകളും കൈവശമുണ്ട്. അതുകൊണ്ടാണ് വയൽ വരമ്പിലൂടെ നടന്നു പോകുമ്പോള്
പെട്ടന്ന് മുമ്പിൽ മാർഗ്ഗം തടഞ്ഞു കൊണ്ട് പ്രത്യക്ഷപെട്ട ,വെളുത്ത കൂറ്റൻ കാള ഒരു സാധാരണകാളയല്ലെന്ന് അദ്ദേഹത്തിന്
ഒറ്റനോട്ടത്തിൽ മനസ്സിലായത്. അദ്ദേഹം വഴി മാ‍റാൻ മിനക്കെടാതെ നടന്നത് നേരെ കാളയുടെ നേർക്കാണ്..
അപ്പോ‍ള്, അതൊന്ന് മുക്രയിട്ടു, മരണം ഒരു വലിയ ബ്രാക്കറ്റിനുള്ളിലാക്കിയതു പോലുള്ളവലിയ കൊമ്പുകൾ കുലുക്കി.ആരും പേടിച്ച്
ഉടുതുണി നനക്കുന്ന സന്ദർഭം. പക്ഷെ കാരണവർ ഇടത്തുകാൽ പിൻ മടക്കി ഒരൊറ്റ തൊഴിയായിരുന്നു.ഉടനെ കാരണവരുടെ
കാൽക്കൽ വീണ് തൊഴുതു..കാളയല്ല ,പഴയ സതീർഥ്യൻ പാണൻ കണാരൻ!
“അടിയനു ആളു തെറ്റി ..പൊറുക്കണം”.കാരണവർ പക്ഷെ ,കാൽക്കൽ വീണു കിടക്കുന്ന പഴയ കൂട്ടുകാരനെ
സ്നേഹത്തൊടെ എണീപ്പിച്ച് നിറുത്തി. “അപ്പോൾ ,ഒടുവിൽ ഒടി വിദ്യകളൊക്കെ നീ പഠിച്ചു അല്ലേ?”
കാരണവർ ,കണാരനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു..പഠിക്കുന്ന കാലത്ത് വളരെ മോശം സ്റ്റുഡന്റായിരുന്നു പാണൻകണാരൻ.ഒരു
കൈ വിഷത്തിന്റെ കൂട്ടുകൾ പോലും ഓർത്ത് വക്കുവാൻ അവനെ കൊണ്ടാവില്ലായിരുന്നു.
എന്തായാലും ഒന്നുമിണ്ടാനും പറയാനും ഒരാളെ കൂട്ടു കിട്ടിയതിൽ,അതും പഴയകളികൂട്ടുകാരനെ, അതീവസന്തുഷ്ടനായിരുന്നു കാരണവര്.
ദീർഘനാളായി അന്യദേശത്തായിരുന്നതിനാൽ പലദേശവിശേഷങളും പാണനിൽ നിന്ന് അറിയാനുണ്ടായിരുന്നു കാരണവർക്ക്.
പക്ഷെ പാണനു പറയുനുള്ളതേറെയും ദുരിതവിശേഷങളായിരുന്നു.കഴിഞ്ഞ കർക്കിടകത്തിലെ വെള്ള പൊക്കത്തിന്റെ വിശേഷങൾ...
വെള്ള പൊക്കത്തിൽ പലരേയും കാണായതായതും,ഇട്ട്യാതിയെ പോലെ ചിലർ വിശപ്പുസഹിക്കാൻ വയ്യാതെ ഒതളങ എടുത്തു തിന്നതും
ശുനകന്മാരു ടെ വരിയുടക്കുക(castration) , വീട്ടു മൃഗങൾക്കു മൂക്കു തുളച്ച് കയറിടുക,പനയോലകുട ഉണ്ടാ‍ക്കുക
തുടങിയ തന്റെ ജീവനോപായ മാർഗ്ഗങൾ വഴിമുട്ടിയതും..
അങിനെ വർത്തമാനം പറഞ്ഞ് കാരണവർ വീടെത്തി.. പാണന്റെ കുടിലിലേക്ക് ഇനിയും രണ്ട് നാഴികദൂരമുണ്ട്..
യാത്ര പറയാൻ നേരം പാണൻ കാരണവരെ പിറ്റേന്ന് ത ന്റെ കുടിയിലേക്ക് ക്ഷണിച്ചു.ഒരു കുപ്പി റാക്കും നെല്ലി കോഴിയെ ചുട്ടതും അയാൾ
വാഗ്ദാനം ചെയ്തു..
പിറ്റെന്നു.വട്ടിയിലെ സാമാനങളെല്ലാം വീട്ടിലെല്ലാവർക്കുമായി വിതരണം ചെയ്ത്.
ഒരു രാത്രി ഉറക്കൊഴിച്ചതിന്റെ ക്ഷീണം നെല്ലിട്ട് വച്ചിരിക്കുന്ന പത്തായപുറത്ത് കിടന്ന് ഉറങി തീർത്ത്,വെയിലു ചാഞ്ഞതോടെ കാരണവർ
മേലുതേക്കാനുള്ള ഇഞ്ചയും ഒരു ഈരെഴ തോർത്തുമായി വീടിനു വടക്കുള്ള, ശാപം
കിട്ടിയ ഗന്ധർവരും ചിലമായാവിനികളും മത്സ്യ മണ്ഡൂകാദികളായി പാർത്തു വരുന്ന മാനസസരസ്സിന്റെ പടവുകളിറങി.സരസ്സിൽ
ഇവർക്കെല്ലാം വിശ്രമിക്കാനുള്ള കേളീഗൃഹങൾ പോലെ വലിയവെള്ളതാമരകളും വിടർന്നു നിന്നിരുന്നു. (അക്കാലത്ത്,ഇതിൽ
വർഷങൾ കൂടുമ്പോൾ ഒരു ജലപിശാച് വിരുന്നു പാർക്കാൻ വരുമായിരുന്നു. അപ്പോൾ ഇതിലെ കണ്ണീരു പോലെ തെളിഞ്ഞ
വെള്ളം കടുത്ത പച്ച നിറമാകും. ഈ സരസ്സ് ഇന്ന് കരിപ്പിടീ കാരാമകൾ പുളക്കുന്ന ഒരു പൊട്ടകുളമായി കോലം കെട്ട് പോയിരിക്കുന്നു)

കുളി കഴിഞ്ഞ കാരണവർ പാണനു കാഴ്ചവെക്കാൻ ഏതാനും അണകളും ,വിലപിടിച്ച ഏലസ്സുകളും ,വിശെഷപെട്ട മരുന്നു കളുണ്ടാക്കാൻ
കുളത്തിൽ നിന്ന് പറിച്ചെടുത്ത താമരകിഴങും,പൂമൊട്ടുകളും മൊക്കെയായി തെക്കോട്ട്
രണ്ട് നാഴികനടന്ന് താഴെ ചിത്രകൂടകല്ലുകൾ പ്രതിഷ്ഠിച്ചിട്ടുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചോട്ടിലെത്തി.ഇതിലെ പടിഞ്ഞാട്ടിറങി
പോകുന്ന ഊടുവഴിയിലൂടെ വേണം പാണന്റെ കുടിലിലേക്ക് പോകുവാൻ .പക്ഷെ വഴിയെവിടെ ? ആളുയരത്തിൽ വളർന്നു നിൽക്കുന്ന
കാട്ടുപുല്ലുകൾ മാത്രം .ഇതിലെ ആൾ സഞ്ചാരമുണ്ടായിട്ട് എത്രയോനാളുകളായിക്കാണും.!! വളർന്നു നിൽക്കുന്നപുല്ലുകൾ വകഞ്ഞു മാറ്റി
കാരണവർ പാണന്റെ കുടിലു ലക്ഷ്യമാക്കി നടന്നു. ഒടുവിൽ ആൾ താമസമില്ലാതെ ചിതലെടുത്ത് നിലത്തോടമ്പി കിടക്കുന്ന കുടിലിനു
മുന്നിലെത്തിനിന്നപ്പോ‍ൾ കാരണവർ വിചാരിച്ചു..” ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒടിവിദ്യപഠിക്കാനാവില്ലെന്നെനിക്കറിയാമായിരുന്നു..എന്നിട്ടും
പാണാ നിന്റെ യീ കളി ഞാൻ നിനച്ചതല്ല.” അപ്പോൾ കുടിലിന്റെ ഉടഞ്ഞ കളിമൺകട്ടകൾ ക്കിടയിലൂടെ ഒരു വലിയ കൃഷ്ണസർപ്പം ഇഴഞ്ഞു വന്നു.
അത് തലയുയർത്തി അല്പനേരം നിന്നതിനു ശേഷം കാരണവരെ താണു വണങി അടുത്തുള്ള കുറ്റി കാട്ടിലേക്ക് ഇഴഞ്ഞുപോയി......

7 അഭിപ്രായങ്ങൾ:

VEERU പറഞ്ഞു...

thudarnnu vaayikkaan kaathirikkunnu...

VEERU പറഞ്ഞു...

മരണം ഒരു വലിയ ബ്രാക്കറ്റിനുള്ളിലാക്കിയതു പോലുള്ളവലിയ കൊമ്പുകൾ കുലുക്കി.ee varikal valare nannaayi thonni...

VEERU പറഞ്ഞു...

ohh ..really sorry...I was littlebit confused..got it only after when i read it again..i mean the ending..ok ok very very good..!!(For the first time I didn't get it...” ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒടിവിദ്യപഠിക്കാനാവില്ലെന്നെനിക്കറിയാമായിരുന്നു..എന്നിട്ടും
പാണാ നിന്റെ യീ കളി ഞാൻ നിനച്ചതല്ല.” earlier I thought it will continue..good ending !!
)

അരുണ്‍ കരിമുട്ടം പറഞ്ഞു...

മാഷേ ഇത് വായിച്ചെടുക്കാന്‍ പാട് പെട്ടു.
എനിക്ക് അങ്ങോട്ട് ഉള്‍ കൊള്ളാന്‍ പറ്റിയില്ല, ഒരു പക്ഷേ എന്‍റെ മനസ്സ് ശരിയല്ലാത്തതാവാം കാരണം

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

varamozhi font side baril upload cheithu vachukoode chetta
nettilonnu enikku aafont kittiyilla
athukondaa....
please
allenkil mail cheithu thannaal mathi id prsanthosh1@gmail.com

athinusesham visadamaayi camantaam

aasamsakal

വശംവദൻ പറഞ്ഞു...

നല്ല ഒഴുക്കുള്ള എഴുത്ത്. ഊടുവഴികളും വളർന്ന്‌ നിൽക്കുന്ന പുല്ലുകളും മനൻസിനെ എങ്ങോടട്ടൊക്കെയോ കൂട്ടിക്കൊണ്ട് പോകുന്നു.

ആശംസകൾ

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

തുടക്കം മടുപ്പിച്ചുവെങ്കിലും
അവസാനം വരെ വായിച്ചു..

ആദ്യ ഭാഗം ഒഴിച്ച് നിറുത്തിയാല്‍ നല്ല എഴുത്ത്..
ആസ്വദിച്ചു..